ന്യൂഡൽഹി:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം മൂന്നുമണി വരെയാണ് ബന്ദ്.ബന്ധുമായി സഹകരിക്കുമെന്ന് മറ്റ് പ്രതിപക്ഷ പാർട്ടികൾ ഉറപ്പുനല്കിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.ഡീസല്‍, പെട്രോള്‍ എന്നിവയുടെ കേന്ദ്ര എക്സൈസ് തീരുവ കുറക്കുക, സംസ്ഥാന വാറ്റ് നികുതി കുറക്കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബന്ദ്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണയായി സിപിഎം തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ധന വില നിയന്ത്രണം വിട്ട് കുതിക്കുമ്പോഴും നികുതി വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു.ബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിനത്തില്‍ പതിനൊന്ന് ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. നാലര വര്‍ഷത്തില്‍ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരവയില്‍ 211 ശതമാനവും, ഡീസലിന്റെ തീരുവയില്‍ 443 ശതമാനവും വര്‍ധനവുണ്ടായി. ഇന്ധന വില റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് കുതിക്കുമ്പോഴും ഈ കൊള്ള തുടരുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽ മോചിതരാക്കണമെന്ന് സുപ്രീം കോടതി
ദില്ലി: സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ ചരിത്രപരമായ വിധിക്ക് ശേഷം സുപ്രീം കോടതിയില്‍ നിന്ന് മറ്റൊരു നിര്‍ണായക വിധി കൂടി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധി പ്രകാരം പേരറിവാളന്‍ അടക്കമുള്ളവര്‍ നീണ്ട നാളത്തെ ജയില്‍വാസത്തിന് ശേഷം മോചിതരാകും. പ്രതികളെ മോചിതരാക്കാം എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം.പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, മുരുഗന്‍, ശാന്തന്‍ എന്നിവരാണ് 27 വര്‍ഷമായി രാജീവ് ഗാന്ധി കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.2014ല്‍ ആണ് കേസിലെ മുഴുവന്‍ പ്രതികളേയും വിട്ടയയ്ക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിന് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഏകപക്ഷീയമായി പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം സംസ്ഥാനത്തിന് എടുക്കാനാവില്ലെന്നും പ്രധാനമന്ത്രിയെ വധിച്ച കേസാണെന്നും കേന്ദ്രം വാദിച്ചു.പ്രതികളുടെ ദയാഹര്‍ജി തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രതികളില്‍ ഒരാളായ പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാള്‍ മകന് വേണ്ടി വര്‍ഷങ്ങളായി നടത്തുന്ന നിയമപോരാട്ടം രാജ്യശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാനെത്തിയ സംഘത്തിന് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍ എത്തിച്ച് കൊടുത്തു എന്ന കുറ്റത്തിനാണ് പേരറിവാളനെ അറസ്റ്റ് ചെയ്തത്.
സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല;സുപ്രീം കോടതിയുടെ ചരിത്ര വിധി
ന്യൂഡൽഹി:സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നു.ലോകം ഉറ്റുനോക്കുന്ന വിധിയിലൂടെ 157 വർഷം പഴക്കമുള്ള വിധിയാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്.സ്വവർഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഭരണഘടനയിലെ 377 ആം വകുപ്പ് ഇതോടെ ഇല്ലാതാകും.ജീവിക്കാനുള്ള സ്വാതന്ത്രമാണ് പ്രധാനമെന്നും ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുതെന്നും കോടതി പറഞ്ഞു. വൈവിധ്യത്തിന്റെ ശക്തിയെ മാനിക്കണമെന്നും എല്‍ജിബിറ്റി സമൂഹത്തിന് മറ്റെല്ലാവര്‍ക്കും ഉള്ളതുപോലെ അവകാശമുണ്ടെന്നും വിധിയില്‍ വ്യക്തമാക്കുന്നു. അഞ്ചംഗ ബെഞ്ച് ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്.സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഇന്ന് നിര്‍ണ്ണായക വിധി എത്തിയിരിക്കുന്നത്.സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത് ക്രൈസ്തവ സംഘനകള്‍ വാദിച്ചു. നാല് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കഴിഞ്ഞ ജൂലായ് 17നാണ് കേസ് വിധി പറയാന്‍ മാറ്റിവെച്ചത്. ലിംഗവ്യത്യാസമില്ലാതെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്.
കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ
കണ്ണൂർ:കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ.തലശ്ശേരി തിരുവങ്ങാട് സ്വദേശി ആർ.വിനോദ് കുമാർ(45) ആണ് അറസ്റ്റിലായത്.കണ്ണൂർ ഡിടിപിസി കെട്ടിടത്തിന് മുന്നിൽ വെച്ച് പരാതിക്കാരനായ അനീഷ് താമരശ്ശേരി എന്നയാളിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. താമരശ്ശേരിൽ നിന്നും ജില്ലിപ്പൊടിയുമായി വന്ന ലോറിയുടെ ഡ്രൈവറാണ് അനീഷ്.ഈ മാസം ഒന്നാം തീയതിയാണ് അനീഷ് ജില്ലിപ്പൊടിയുമായി കണ്ണൂരിലെത്തിയത്. കേസെടുക്കാതിരിക്കാൻ 10000 രൂപയാണ് കൈക്കൂലിയായി വിനോദ് അനീഷിനോട് ആവശ്യപ്പെട്ടത്.അല്ലാത്ത പക്ഷം 25000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്നും അറിയിച്ചു.ഒടുവിൽ 5000 രൂപ മതിയെന്ന് വിനോദ് സമ്മതിച്ചു.ഇതനുസരിച്ച് ഒന്നാം തീയതി അനീഷ് 4000 രൂപ വിനോദിന് നൽകി.അനീഷ് വിവരം നല്കിയതനുസരിച്ച് ബുധനാഴ്ച ബാക്കി തുകയായ 1000 രൂപ കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം വിനോദിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഡിവൈഎസ്പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ കളവുകേസ് പ്രതി 21 വർഷത്തിന് ശേഷം പിടിയിൽ
കണ്ണൂർ:ജാമ്യത്തിലിറങ്ങി മുങ്ങിയ കളവുകേസ് പ്രതി 21 വർഷത്തിന് ശേഷം പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി സാജിദാണ് അറസ്റ്റിലായത്.1997 ഇൽ വളപ്പട്ടണം പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കളവുകേസിലെ പ്രതിയാണിയാൾ.കേസിൽ ജാമ്യത്തിലിറങ്ങിയ സാജിദ് പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നും തിരികെയെത്തിയ ശേഷം എറണാകുളത്തും മറ്റും ഒളിവിൽ കഴിഞ്ഞു.കഴിഞ്ഞ ദിവസം ഇയാൾ പാപ്പിനിശ്ശേരിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇല്ലിപ്പുറത്തുവെച്ച് ഇയാൾ അറസ്റ്റിലാകുന്നത്.വളപട്ടണം സിഐ എം.കൃഷ്ണന്റെ നിർദേശപ്രകാരം എസ്‌ഐ സി.സി ലതീഷ്,എഎസ്ഐ പ്രസാദ്,സിവിൽ പോലീസ് ഓഫീസർമാരായ മനേഷ്,വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തീവണ്ടിയിലെത്തിയ യാത്രക്കാരനെ വഴിയിലൂടെ നടന്നുപോകുമ്പോൾ ആക്രമിച്ച് സ്വർണ്ണമാല തട്ടിയ സംഘം അറസ്റ്റിൽ
കണ്ണൂർ:തീവണ്ടിയിറങ്ങി നഗരത്തിലൂടെ നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച് സ്വർണ്ണമാല തട്ടിയ നാലംഗ സംഘത്തെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.ഏച്ചൂർ ദാവത്ത് ഹൗസിൽ ദിൽഷാദ്(23),കാഞ്ഞിരോട് കാരക്കാട് ആനിയത്ത് ഹൗസിൽ ജുനൈസ്(29),കാഞ്ഞിരോട് ഹാജിമെട്ട ക്വാർട്ടേഴ്സിൽ കെ.ഇർഷാദ്(25),കാഞ്ഞിരോട് സ്വദേശി ഇ.കെ അബ്ദുൽ നസീർ(34) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ഓമ്നി വാനും പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം നടന്നത്. മെഡിക്കൽ റെപ്രെസെന്ററ്റീവ് ചാലോട് ജയന്തി നിവാസിൽ മഹേഷ് എം നായരാണ് കവർച്ചയ്ക്കിരയായത്. രാത്രിയിൽ തീവണ്ടി ഇറങ്ങി നടന്നുപോവുകയായിരുന്ന മഹേഷ് തളിക്കാവിനു സമീപം ഒരു സുഹൃത്തുമായി സംസാരിച്ചു നിൽക്കവേ വാനിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ മഹേഷിന്റെ മാലയുമായി സംഘം കടന്നുകളഞ്ഞു. സംഭവത്തിന് ശേഷം പോലീസ് പിടിച്ചേക്കുമെന്ന ഭീതിയിൽ നാലുപേരും കുറച്ചു ദിവസം കണ്ണൂരിലുണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം കണ്ണൂരിൽ ഇവരെ കണ്ട മഹേഷ് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.ടൌൺ സിഐ രത്നകുമാറിന്റെ നിർദേശപ്രകാരം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവുമെത്തി നാലുപേരെയും പിടികൂടുകയായിരുന്നു.
എലിപ്പനി പ്രതിരോധം;ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കി
കണ്ണൂർ:ജില്ലയിൽ ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇന്നലെ 1177 പേർക്കുകൂടി എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നൽകി. പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നവർ,തൊഴിലുറപ്പ് പദ്ധതിക്കാർ,കർഷകർ എന്നിവർക്കാണ് പ്രധാനമായും പ്രതിരോധ ഗുളികകൾ നൽകുന്നത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ ഗുളികയായ 200 mg ഡോക്സിസൈക്ലിൻ ലഭ്യമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും സന്നദ്ധപ്രവർത്തകരും വീട് വൃത്തിയാക്കാൻ പോയവരും നിർബന്ധമായും ആഴ്ചയിൽ ഒരുക്കാൻ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ഡിഎംഒ അറിയിച്ചു.പ്രളയബാധിത പ്രദേശങ്ങളിൽ സേവന പ്രവർത്തനം നടത്തിയശേഷം ഡോക്റ്ററെ കാണാൻ കഴിയാത്തരും എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
കണ്ണൂർ:പ്രമുഖ പത്രങ്ങളിലൂടെ പരസ്യം നൽകി കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ.കൊല്ലം തലക്കോട് വിള സ്വദേശി സായ്നിവാസിൽ വിശാഖ് ചന്ദ്രൻ (25)നെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ പന്നേൻപാറ റോഡിലെ ഒരു കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇക്കുമ്പൂസ് (IKKUMBOOS) എജുക്കേഷൻ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ഇയാൾ.പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയാണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.പരസ്യം കണ്ട് എത്തുന്നവരോട് തങ്ങൾക്ക് നാലോളം സ്വകാര്യ വിമാന കമ്പനിയുമായി കരാർ ഉണ്ടെന്നും തങ്ങളുടെ സ്ഥാപനത്തിൽ പരിശീലനം നേടിയാൽ ഉറപ്പായും ജോലി ലഭിക്കുമെന്നും വിശ്വസിപ്പിക്കും.തുടർന്ന് 3500 രൂപ ഈടാക്കി ഒരു ദിവസത്തെ പരിശീലനം നൽകും.ഇത്തരത്തിൽ നൂറുകണക്കിന് പേരെയാണ് വിശാഖും സംഘവും പറ്റിച്ചിട്ടുള്ളത്.ഇത്തരത്തിൽ തട്ടിപ്പിനിരയായ വടകര സ്വദേശിനി സോണിയ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച
കണ്ണൂർ:കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച.മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ കണ്ണൂര്‍ താഴെ ചൊവ്വയിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 25 പവന്‍ സ്വര്‍ണ്ണവും പണവും എ.ടി.എമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നു.മോഷണ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.നിസ്സാര പരിക്കുകളോടെ ഇവരെ രണ്ടുപേരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ നാല് സ്വാശ്രയ മെഡി.കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. വയനാട് ഡി.എം. എഡ്യൂക്കേഷണല്‍ ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ മെഡിക്കല്‍ കോളേജ്, വര്‍ക്കല എസ്.ആര്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ മെഡിക്കല്‍ കോളേജ്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ.ദാസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് സ്റ്റേ ചെയ്തത്. നാല് കോളേജുകളിലും മതിയായ അടിസ്ഥാനസൗകര്യം ഇല്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. എന്നാല്‍ മതിയായ അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്ചൂണ്ടിക്കാട്ടി കോളേജുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രവേശനം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.