തിരുവനന്തപുരം:ഇന്ധന വിലവർധനയ്‌ക്കെതിരെയും പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ആദ്യ മണിക്കൂറില്‍ ഹർത്താൽ പൂര്‍ണമാണ്. പലയിടങ്ങളിലും പുലര്‍ച്ചെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് വാഹന ഗതാഗതത്തില്‍ കുറവുണ്ടായിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഹര്‍ത്താല്‍ തടസം ഉണ്ടാക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, വിവാഹം, ആശുപത്രി, എയര്‍ പോര്‍ട്ട്, വിദേശ വിനോദസഞ്ചാരികള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ജനജീവിതം സ്തംഭിക്കും;ഭാരത് ബന്ദിന് പിന്തുണയുമായി നിരവധി സംഘടനകൾ കൂടി രംഗത്ത്
തിരുവനന്തപുരം:സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പടെ വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഭാരത് ബന്ദ് ജനജീവിതത്തെ ബാധിക്കുമെന്ന് ഉറപ്പായി. ഇരു ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കെഎസ്‌ആര്‍ടിസി, ഓട്ടോറിക്ഷ സര്‍വീസുകള്‍ പ്രതിസന്ധിയിലാകും. ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഏറ്റവും ദോഷകരമായി ബാധിക്കുന്നത് വ്യാപാരി സമൂഹത്തെയായതിനാലാണ് ഹോട്ടലുകള്‍ അടച്ചിടുന്നതെന്നാണ് സംഘടനയുടെ വാദം. ഹര്‍ത്താലിന് ഔദ്യോഗികമായി പിന്തുണയില്ലെന്നാണ് കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നിലപാട്. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യാപാരശാലകള്‍ തുറന്നിട്ടും കാര്യമില്ലെന്നും അടച്ചിടാനുമാണ് സംഘടനയുടെ തീരുമാനമെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം ഹര്‍ത്താല്‍ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി ബിഎംഎസ് രംഗത്തെത്തിയിട്ടുണ്ട്.
തന്നെ മനപ്പൂർവ്വം അപകടത്തിൽപ്പെടുത്തിയതാണോ എന്ന് സംശയമുള്ളതായി ഹനാൻ
കൊച്ചി: തന്നെ മന:പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായി കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന പല കാര്യങ്ങളും തമ്മില്‍ പൊരുത്തമില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിക്കുമെന്നാണ് ഹനാന്‍ പറയുന്നത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് പറന്നെത്തി. ഞാനതിന്‍റെ പേരു പോലും കേട്ടിട്ടില്ലായിരുന്നു, എക്സ്ക്ലൂസിവാണെന്ന് പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് കിടക്കുന്ന എന്‍റെ വീഡിയോ എടുത്തു. ആരാണ് അവരെ വിവരം അറിയിച്ചതെന്ന് പോലും അറിയില്ല.അപകടം നടന്നത് രാവിലെ ആറുമണിക്കു ശേഷമാണ്. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ പേരുപോലും കേള്‍ക്കാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തി. പിന്നീട് എക്‌സ്‌ക്ലൂസിവ് എന്നു പറഞ്ഞ് സമ്മതമില്ലാതെ ഇവര്‍ ഫേസ്ബുക്ക് ലൈവ് ചെയ്തു. അപകടം നടന്ന ഉടന്‍ ഇവര്‍ എങ്ങനെ അവിടെയെത്തിയെന്ന് അറിയില്ല. ഇപ്പോഴും ഇവര്‍ ശല്യം ചെയ്യുകയാണ്. ഈ കാര്യങ്ങളെല്ലാം ദുരൂഹത ഉണര്‍ത്തുന്നതാണെന്നും ഹനാന്‍ അറിയിച്ചു.തിങ്കളാഴ്ചയാണ് കൊടുങ്ങല്ലൂര്‍ കോതപറമ്ബില്‍ വച്ചു ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നട്ടെല്ലിനു സാരമായി പരിക്കേറ്റ ഹനാനെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.അതേസമയം ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാന്‍ ചിരിച്ചു. ഒന്നരവര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാറപകടത്തില്‍ പരിക്കേറ്റ ഹനാനെ കാണാന്‍ ബാപ്പ ഹമീദും അനിയനും എത്തി. ഹനാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ പോലും മകളെ കാണാന്‍ ഹമീദ് എത്തിയിരുന്നില്ല. ഇതേക്കുറിച്ച് നിറകണ്ണുകളോടെയാണ് ഹനാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്.ബാപ്പ എത്തിയതോടെ ഇനി താന്‍ അനാഥയായിരിക്കില്ലെന്നുള്ള പ്രതീക്ഷ ഹനാന്‍ മാധ്യമങ്ങളോടു പങ്കുവച്ചു.
മാധ്യമ പ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ചതിന് പിന്നിൽ ബംഗ്ലാദേശി കവർച്ചാ സംഘമെന്ന് സൂചന
കണ്ണൂര്‍: കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയത് ബംഗ്ലാദേശികളടങ്ങുന്ന ബംഗ്ലാ ഗ്യാങ് ആണെന്ന് പോലീസ്. 50 പേരിലേറെയുള്ള വന്‍ സംഘമാണിത്. ഇവരില്‍ പലരും കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരം പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ വിലാസം നല്‍കുകയും പലയിടത്തായി കവര്‍ച്ച നടത്താന്‍ കറങ്ങുകയും ചെയ്യുന്ന ബംഗ്ലാദേശികളാണ് ഇതിലുള്ളത്. ഈ സംഘത്തിലുള്‍പ്പെട്ടവരാണ് കണ്ണൂരില്‍ കൊള്ള നടത്തിയതെന്നാണ് നിഗമനം.വ്യാഴാഴ്ച പുലര്‍ച്ചെയാണു മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യ പി.സരിതയെയും താഴെചൊവ്വയിലെ വീട്ടില്‍ മര്‍ദിച്ചു കെട്ടിയിട്ടു നാലംഗ സംഘം 30 പവന്‍ സ്വര്‍ണ്ണവും 15000 രൂപയും മൊബൈൽ ഫോണുകളും എ ടി എം കാർഡുകളും വീട്ടുപകരണങ്ങളും കവര്‍ന്നത്.അക്രമത്തിൽ പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്.ആക്രമിച്ച് കീഴടക്കുകയും കൊള്ളനടത്തുകയും ചെയ്യുന്ന രീതി ഏതൊക്കെ സംഘങ്ങള്‍ക്കുണ്ടെന്ന പരിശോധനയാണ് അന്വേഷണസംഘത്തെ ബംഗ്ലാദേശികളിലെത്തിച്ചത്. തമിഴ്‌നാട്ടിലെ അയ്യനാര്‍ ഗാങ്, മഹാരാഷ്ട്രയിലെ ശ്രീകാമ്ബൂര് ടീം എന്നിവരൊക്കെയാണ് ബംഗ്ലാദേശിസംഘത്തിനു പുറമെ ഈ രീതിയിൽ കവര്‍ച്ച നടത്തുന്ന സംഘങ്ങൾ. തിരുവനന്തപുരം, എറണാകുളം, കണ്ണൂരിലെ പള്ളിക്കുന്ന് എന്നിവിടങ്ങളിലൊക്കെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവമുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ശ്രീകാമ്ബൂര്‍ ടീമായിരുന്നു ഇതിനുപിന്നില്‍. ഇവരാകാം വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ചതും കെട്ടിയിട്ട് കവര്‍ച്ച നടത്തിയതെന്നുമുള്ള സംശയം പോലീസിനുണ്ടായിരുന്നു. പക്ഷേ, മോഷണം നടത്തുന്ന വീട്ടിലെ കാറുപയോഗിച്ച് പാതിവഴിയെങ്കിലും രക്ഷപ്പെടുകയെന്ന രീതി ഇവര്‍ക്കുണ്ടെന്നാണ് മഹാരാഷ്ട്രയിലെ പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ വിവരം. വിനോദ് ചന്ദ്രന്റെ കാർ നഷ്ടപ്പെട്ടിട്ടില്ല. അത് മോഷ്ടിക്കാനുള്ള ശ്രമം നടന്നിട്ടുമില്ല.ഇതോടെയാണ് ബംഗ്ലാദേശി സംഘത്തിലേക്ക് അന്വേഷണം നീങ്ങിയത്. ഈ സംഘത്തിലെ ഒരുവിഭാഗം കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. മൂന്നോ നാലോ കവർച്ചകൾ നടത്തി മടങ്ങുന്ന രീതിയാണ് ഇവർക്കുള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലെ പോലീസുദ്യോഗസ്ഥരില്‍നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാൽ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും കണ്ണൂരിലേതിന് സമാനമായ കവര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സംശയവും പോലീസിനുണ്ട്.ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നുസംഘമായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവയിലുള്ള സാങ്കേതിക പരിശോധന, പ്രതികളെന്ന് സംശയിക്കുന്നവര്‍ രക്ഷപ്പെടാനുള്ള ശ്രമം തടയലും പിടിക്കാനുള്ള ഇടപെടലും, മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം എന്നിങ്ങനെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ധനവില:ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയും വര്‍ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിനത്തില്‍ 2,29,019 കോടി രൂപയാണ് കേന്ദ്രത്തിനു ലഭിച്ചത്. 2014-15 ല്‍ ഇതു 99,184 കോടി മാത്രമായിരുന്നു.
കണ്ണൂർ ചെറുകുന്നിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
കണ്ണൂര്‍: കണ്ണപുരം ചെറുകുന്ന് വെള്ളറങ്ങലില്‍ നിയന്ത്രണംവിട്ട സ്കൂട്ടര്‍ ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.തലശേരി ഇല്ലിക്കുന്ന് ഷാജിറ മന്‍സിലില്‍ റഫീഖിന്‍റെ മകന്‍ റസ്മില്‍ (28) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഇല്ലിക്കുന്നിലെ സജീറി(23)നാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ 5.15 ഓടെയായിരുന്നു അപകടം. പയ്യന്നൂരിലെ ഗൃഹപ്രവേശനം നടക്കുന്ന പുതിയ വീടിന്‍റെ പണികഴിഞ്ഞ് തലശേരിയിലേക്ക് വരികയായിരുന്നു. നിയന്ത്രണംവിട്ടു മറിഞ്ഞ സ്കൂട്ടര്‍ നിരങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നു. തലശേരി ഗ്രേറ്റ് ബില്‍ഡേഴ്സിലെ ജീവനക്കാരാണ് ഇരുവരും.
ഭാരത് ബന്ദ്;കേരളത്തെ ഒഴിവാക്കില്ലെന്ന് എം.എം ഹസൻ
തിരുവനന്തപുരം:പെട്രോൾ,ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് രാജ്യത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിൽ നിന്നും കേരളത്തെ ഒഴിവാക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസൻ.പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ഭാരത ബന്ദില്‍ നിന്നും ഒഴിവാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തെ ഒഴിവാക്കണമെന്ന് വലിയ തോതില്‍ ആവശ്യവും ഉയര്‍ന്നിരുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഹര്‍ത്താല്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നുമാണ് വാദങ്ങള്‍ ഉയര്‍ന്നത്.കേരളത്തെ ഒഴിവാക്കുന്നില്ലെന്നും പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ഹര്‍ത്താലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്നും കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനാണെന്നും രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഇന്ധന വിലവര്‍ധനവിനെതിരായ പ്രതിഷേധത്തില്‍ നിന്ന് കേരളത്തിന് മാത്രമായി ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്നും എംഎം ഹസ്സന്‍ പറഞ്ഞു.ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു തിങ്കളാഴ്ച രാവിലെ ഒന്‍പതുമുതല്‍ മൂന്നുവരെയാണ് കോണ്‍ഗ്രസിന്റെ ഭാരത ബന്ദ്.അന്നു ദേശീയതലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചിരിക്കുകയാണ്. മുഴുവന്‍ ഇടതുകക്ഷികളും സഹകരിക്കും.വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്ബുകള്‍ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നുമാണു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം:വൈദ്യുതി ലഭ്യതക്കുറവിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത.വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെയുള്ള സമയങ്ങളിൽ ചെറിയ തോതിൽ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ താൽച്ചറിൽ നിന്നുള്ള 200 മെഗാവാട്ടിന്റെയും കൂടംകുളത്ത് നിന്നുള്ള 266 മെഗാവാട്ടിന്റെയും കുറവുണ്ട്.വെള്ളപ്പൊക്കം കാരണം വൈദ്യുതി നിലയങ്ങളിൽ ചിലത് തകരാറിലുമാണ്.വൈദ്യുതി ലഭ്യതയിലുള്ള കുറവ് കമ്ബോളത്തിൽ നിന്നും വാങ്ങി പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകന്റെ വീട്ടിലെ കവർച്ച; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
കണ്ണൂർ:മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടിൽ കവർച്ച നടത്തിയ സംഘത്തെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കവർച്ചയ്ക്ക് പിന്നിൽ മറുനാട്ടുകാരായ വൻ സംഘമാണെന്നാണ് സൂചന.ഡിവൈഎസ്പി സദാന്ദന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.കണ്ണൂർ ടൌൺ,സിറ്റി സിഐ മാറും മൂന്നു എസ്‌ഐമാരും സംഘത്തിലുണ്ട്.ഇവർ ചെറുഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക.മറുനാടൻ തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ പ്രത്യേക പരിശോധന നടത്തും.ജില്ലയിലെ ലോഡ്ജുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ താമസിച്ചവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കും.കവർച്ച നടന്ന വീടിനു 100 മീറ്റർ അകലെ റോഡിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഒരു ഇൻഡിക്ക കാർ പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.മോഷ്ട്ടാക്കൾ രക്ഷപെടാൻ ഉപയോഗിച്ച കാറാണിതെന്നാണ് പ്രാഥമിക നിഗമനം.
വിനോദ് ചന്ദ്രൻ താമസിക്കുന്ന വീടിന്റെ വാതിൽ വലിയ മരക്കഷ്ണം ഉപയോഗിച്ച് അടിച്ചു തകർത്താണ് മോഷ്ട്ടാക്കൾ അകത്തുകടന്നത്.കവർച്ചയ്ക്ക് മുൻപേ ഇവർ വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു.ആയുധങ്ങളുമായാണ് ഇവരെത്തിയത്.കണ്ണൂരിൽ അധികം പരിചയമില്ലാത്ത കവർച്ചാരീതിയാണിത്.ഇതാണ് മോഷണത്തിന് പിന്നിൽ മറുനാടൻ സംഘമാണെന്ന് സംശയിക്കാൻ കാരണം.മോഷ്ട്ടാക്കൾ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് വിനോദ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.വീട്ടിലെ അലമാരകളെല്ലാം തകർത്ത് കവർച്ച നടത്തിയ സംഘം പേഴ്സിലും ബാഗിലുമുണ്ടായിരുന്ന പണവും മൂന്നു മൊബൈൽ ഫോണുകൾ, എടിഎം കാർഡുകൾ എന്നിവയും കൊണ്ടുപോയി.രണ്ടുമണിക്കൂറോളം നേരം ഇവർ വീട്ടിലുണ്ടായിരുന്നു. ഭാര്യയെ കൊല്ലാതെ വിടണമെങ്കിൽ പത്തുലക്ഷം രൂപ നൽകണമെന്ന് മോഷ്ട്ടാക്കൾ ആവശ്യപ്പെട്ടിരുന്നതായി വിനോദ് ചന്ദ്രൻ പറഞ്ഞു.മോഷണത്തിന് ശേഷം കാർ വിളിച്ചുവരുത്തി അതിലാണ് ഇവർ രക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ പുറത്തും ഇവരുടെ സംഘം ഉണ്ടായിരുന്നതായാണ് സംശയം.മോഷ്ട്ടാക്കൾ പോയതിനു ശേഷം ഏറെപണിപ്പെട്ട് തന്റെ കയ്യിലെ കെട്ടഴിക്കാൻ വിനോദിന് സാധിച്ചത് കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്.കയ്യിലെ കെട്ടഴിച്ച വിനോദ് മോഷണ വിവരം പോലീസിലും മാതൃഭൂമി ഓഫീസിലും അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ വിനോദിനെയും ഭാര്യയെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു
അൽമോറ:ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഉത്താരാഖണ്ഡിലെ മോഹൻറിക്ക് അടുത്ത് 50 അടി താഴ്ച്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. മുപ്പത് പേരോളം ബസ്സില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഘാര്‍വാള്‍ മോട്ടോര്‍ ഓണേര്‍സ് യൂണിയന്റെ ബസാണ് ഭട്ട്‌റോജ്ഖാന്‍- ഭിക്കിയാസന്‍ പാതയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.