ദുരിതാശ്വാസ നിധി;വിദ്യാർത്ഥികളിൽ നിന്നുള്ള സംഭാവനകൾ ബുധനാഴ്ച വരെ സ്വീകരിക്കും

keralanews flood relief fund donation from students will collect till wednesday

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രളയ  ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്നുള്ള സംഭാവനകൾ ബുധനാഴ്ച്ച വരെ നടത്താമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രെട്ടറി എ.ഷാജഹാൻ അറിയിച്ചു.നേരത്തെ ഇത് ഇന്ന് പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ലഭിച്ച തുകയുടെ വിശദാംശങ്ങൾ എല്ലാ സ്കൂളുകളും www.education.kerala.gov.in എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

തെലങ്കാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 45 പേർ മരിച്ചു

keralanews 45 died and many injured when a bus carrying pilgrims fell into a gorge in thelangana

ഹൈദരാബാദ്:തെലങ്കാനയിലെ കൊണ്ടഗാട്ടിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 45 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. സമീപത്തെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് 62 തീര്‍ഥാടകര്‍ തെലങ്കാന സര്‍ക്കാരിന്റെ ബസില്‍ ഉണ്ടായിരുന്നു.നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവില്‍ നിന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു എന്നാണ് വിവരം. നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയില്‍ വീണത്.അപകടം നടന്ന ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരുടെ ശരീരങ്ങള്‍ സംഭവസ്ഥലത്തുനിന്നും നീക്കം ചെയ്യുകയും പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രികളിലേക്ക് എത്തിക്കുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു. ബസ്സിന്‍റെ ബ്രേക്ക് തകരാറാണ്‌ അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.28 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.

തലശ്ശേരിൽ ആയിരത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

keralanews hundreds of packets banned tobacco products seized from thalasseri

തലശ്ശേരി:തലശ്ശേരിയിൽ നിന്നും ആയിരത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി അക്തർ ജമാൽ പ്രാമാണിക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.തലശ്ശേരി എസ്.ഐ സി.എം സുരേഷ്ബാബുവിന്‍രെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് പുതിയ ബസ്റ്റാന്റിലെ പാസഞ്ചര്‍ ലോബിക്ക് സമീപം വെച്ച് ലഹരി വസ്തുക്കളുമായി ഇയാളെ പിടികൂടിയത്.ഹന്‍സ്, കൂള്‍ലിപ്, ചൈനി കൈനി ഫില്‍ട്ടര്‍ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടികൂടിയത്.. തലശ്ശേരിയിലെ കടകളിലും മറ്റും വിൽപ്പനയ്ക്കായി മംഗലാപുരത്ത് നിന്ന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. തലശ്ശേരി നഗരത്തില്‍ വ്യാപകമായ തോതില്‍ ലഹരി  വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പരാതിയുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്ന് 75 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളാണ് തലശ്ശേരി നഗരത്തില്‍ വ്യാപകമായ തോതില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നതെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

അവിഹിത ബന്ധമുണ്ടെന്ന് സംശയം;യുവാവ് ഭാര്യയുടെ തലയറുത്തു;അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

keralanews man beheaded his wife and surrentered in the police station with that head

ബെംഗളൂരു:ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തി. പിന്നീട് അറിത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കര്‍ണാടകയിലെ ചിക്കമംഗളൂരാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.ചിക്കമംഗളൂര്‍ സ്വദേശിയായ സതീഷ് ആണ് തന്നെ ചതിച്ച ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ചിക്കമംഗളൂര്‍ സ്വദേശിയായ സതീഷും രൂപയും ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവിവാഹം ആയിരുന്നു.രണ്ടുപേരും വ്യത്യസ്ത ജാതിക്കാരായിരുന്നതിനാൽ ബന്ധുക്കൾ ഇവരുടെ വിവാഹം അംഗീകരിച്ചില്ല.പിന്നീട് ടാക്സി ഡ്രൈവറായ സതീഷ് രൂപയുമായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ വിവാഹം കഴിഞ്ഞ രണ്ടാമത്തെ വര്‍ഷം രണ്ടുപേരുടെയും വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പായി. കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുമ്പോഴായിരുന്നു രൂപയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പം തുടങ്ങിയത്.ദിവസ വേതനത്തില്‍ പ്ലാന്‍റേഷനില്‍ ജോലി ചെയ്യുന്ന സുനില്‍ എന്ന യുവാവുമായാണ് രൂപയ്ക്ക് അടുപ്പം ഉണ്ടായിരുന്നത്.ഇത് സതീഷ് വൈകിയാണ് അറിഞ്ഞത്. ഇതോടെ രൂപയും സതീഷും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായി.സുനിലിന് കൊടുക്കാന്‍ ഒരിക്കല്‍ രൂപ മൂന്ന് ലക്ഷം രൂപ ലോണെടുത്തെന്നും സതീഷ് ആരോപിച്ചു. ഇതോടെ അസ്വസ്ഥനായ സതീഷ് ഇരുവരേയും വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.ഭാര്യയുടെ തല അറുത്ത് മാറ്റിയശേഷം ഇയാള്‍ ആ തലയുമായി റോഡിലിറങ്ങി. ഭാര്യയെ താന്‍ കൊന്നതിന്‍റെ കാരണം വെളിപ്പെടത്തി. പിന്നീട് അറുത്ത് മാറ്റിയ തലയുമായി നേരെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.തെറ്റ് ഏറ്റു പറഞ്ഞ സതീഷ് രൂപയുടെ മൃതദേഹം കിടക്കുന്ന സ്ഥലം പോലീസിന് കാണിച്ച് കൊടുത്തു. ഭാര്യയാണ് തെറ്റ് ചെയ്തതെന്നും അതിന് പ്രതികാരമായി അവളുടെ ജീവനെടുത്തതില്‍ തെറ്റൊന്നുമില്ലെന്നുമാണ് സതീഷിന്റെ വാദം.

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരം ശക്തമാക്കുന്നു

keralanews nuns strengthen the strike demanding the arrestt of jalandhar bishop

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച്‌ സമരം ചെയ്ത കന്യാസ്ത്രീകള്‍. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് ജനപിന്തുണയും ലഭിച്ചു.അതിനിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കി. ബിഷപ്പിനെ അറസ്റ്റ് ചെയ്താലും സമരം അവസാനിപ്പിക്കില്ലെന്നും സമരത്തിനിറങ്ങിയ ആറ് കന്യാസ്ത്രീകളുടേയും മുന്നോട്ടുള്ള ജീവിതത്തിന് സന്യാസസഭ പൂര്‍ണമായ സുരക്ഷ ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.യുവാക്കളേയും സാഹിത്യകാരന്മാരേയും അമ്മമാരേയും ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള സന്ന്യാസിവര്യന്മാരേയും പങ്കെടുപ്പിച്ച്‌ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു.

ഇന്ധന വില കുറയ്ക്കാൻ കഴിയില്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ

keralanews the central government has argued that fuel prices could not be reduced

ന്യൂഡൽഹി:രാജ്യത്ത് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഇന്ധന വില കുറയ്ക്കാൻ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത്.ഇന്ധന വില കുറയ്ക്കുന്നത് ധനക്കമ്മി ഉയരാൻ കാരണമാകുമെന്നും ഇത് രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നുമാണ് സർക്കാരിന്റെ വിശദീകരണം.നിലവിൽ രൂപയുടെ മൂല്യത്തിൽ റൊക്കോഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്.ഈ സാഹചര്യത്തിൽ വില കുറയ്ക്കുന്നത് പ്രയോഗികമല്ലെന്നും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു.തുടർച്ചയായ നാല്പത്തിയെട്ടാം ദിവസവും ഇന്ധന വില കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരിൽ രാജ്യമൊട്ടാകെ പ്രതിഷേധം കണക്കുന്നതിനിടെയാണ് വിലകുറയ്ക്കാനാകില്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി; അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു;പശുവിനെ കുത്തിക്കൊന്നു

keralanews wild elepthant in muzhakkunnu one injured in the attack and killed a cow

ഇരിട്ടി:ഭീതിപരത്തി ജനവാസ കേന്ദ്രത്തിൽ കാട്ടാനയുടെ വിളയാട്ടം.മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയുടെ അക്രമത്തിൽ പരിക്കേറ്റ ചാക്കാട് സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ നടക്കാനിറങ്ങിയ വലിയ പറമ്പിൽ പുരുഷോത്തമനാണ് കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റത്. ഇയാൾ നിത്യേനയുള്ള വ്യായാമത്തിന്റെ ഭാഗമായി ചാക്കാടുനിന്നും ഹാജിറോഡിലേക്ക് നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു ഒരു പശുവിനെ കുത്തിക്കൊല്ലുകയും വനം വകുപ്പിന്റെ ജീപ്പ് ആക്രമിക്കുകയും ചെയ്തു.ജീപ്പ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ആനയുടെ അക്രമത്തിൽ നിന്നും രണ്ട് ഫോറസ്റ്റ് വാച്ചർമാർ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെവി 6 മണിയോടെയാണ് മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡിന് സമീപം കാട്ടാനയെ നാട്ടുകാർ കാണുന്നത്.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുഴക്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ബാബുജോസഫും മുഴക്കുന്ന് എസ് ഐ വിജേസിന്റെ നേതൃത്വത്തിലുള്ള പോലീസും ആറളം വൈൽഡ് ലൈഫ് വാർഡൻ പി.കെ. അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും സ്ഥലത്തെത്തി.പ്രദേശത്തെ ജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകുകയും വീടുകളിൽ നിന്നു പുറത്തിറങ്ങുന്നതിനെ വിലക്കുകയും ചെയ്തു. ഇതിനിടയിൽ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും റോഡിലേക്ക് പലപ്രാവശ്യം കയറുകയും വീണ്ടും മുൻപത്തെ സ്ഥാനത്തു തന്നെ നിലയുറപ്പിക്കുകയും ചെയ്തു. ഒരു തവണ റോഡിലുണ്ടായിരുന്ന പോലീസ് ജീപ്പ് അക്രമിക്കാനായി ഓടി അടുക്കുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തു.ഉച്ചയോടെ ഹാജിറോഡ് – അയ്യപ്പൻ കാവ് റോഡിൽ ഇറങ്ങിയ കാട്ടാന വനം വകുപ്പിലെ രണ്ട് വാച്ചർമാർക്ക് നേരെ ഓടിയടുത്തത് ആശങ്കക്ക് ഇടയാക്കി.ഇതേസമയം റോഡിൽ നിർത്തിയിട്ടിരുന്ന വനം വകുപ്പിന്റെ ജീപ്പ് ആനയുടെ മുന്നിലേക്ക് എടുത്ത് ഡ്രൈവർ ഇവരെ രണ്ടുപേരെയും ആനയിൽ നിന്നും അകറ്റിയതുകാരണം വൻ ദുരന്തം ഒഴിവാക്കാനായി. എന്നാൽ വാച്ചർമാരെ കിട്ടാത്തതിലുള്ള അരിശം ആന ജീപ്പിനോട് തീർത്തു. കൊമ്പുകൊണ്ടു ജീപ്പിൽ ആഞ്ഞു കുത്തുകയും ജീപ്പ് തിരിച്ചിടുകയും ചെയ്തശേഷം ആന മാറിപ്പോകുകയായിരുന്നു. ചാക്കാട് ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയ ആന അവിടെ മമ്മാലി റിജേഷ് എന്നയാളുടെ പശുവിനെ ആക്രമിച്ചു കൊല്ലുകയും ചെയ്തു. ആനയുടെ കുത്തേറ്റ് പശുവിന്റെ കുടൽ പിളരുകയും കുടൽമാല പുറത്താവുകയും ചെയ്തു.ഇതിനു മുൻപും നിരവധി തവണ മുഴക്കുന്നിന്റെ ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. രണ്ടു മാസം മുൻപ് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനടുത്തുവരെ ആന എത്തുകയും ഒരു ബൈക്ക് യാത്രികനെ ആക്രമിക്കുകയും ചെയ്തിരുന്നു. ആറളം വനത്തിൽ നിന്നും ആറളം ഫാമിലൂടെയാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം ഫാമിൽ നിന്നും തുരത്തിയ കാട്ടാനക്കൂട്ടത്തിൽ നിന്നും കൂട്ടം തെറ്റി എത്തിയ കാട്ടാനയാണ് ഇതെന്നാണ് സംശയിക്കുന്നത്.തിങ്കളാഴ്ച രാത്രിയോടെ തന്നെ ആനയെ വനത്തിലേക്ക് കയറ്റിവിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

വിമാനത്താവളത്തോടൊപ്പം കണ്ണൂരിൽ കിൻഫ്ര പാർക്കും യാഥാർഥ്യമാകുന്നു

keralanews kinfra park become true in kannur with international airport

മട്ടന്നൂർ:വിമാനത്താവളത്തോടൊപ്പം കണ്ണൂരിൽ കിൻഫ്ര പാർക്കും യാഥാർഥ്യമാകുന്നു. മട്ടന്നൂരിനടുത്ത കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പിൽ ഏറ്റെടുത്ത 140 ഏക്കർ സ്ഥലത്താണ് പാർക്ക് വരുന്നത്.ഇവിടേക്കുള്ള കോടികൾ ചിലവിട്ട് നിർമിക്കുന്ന റോഡിന്റെ മെക്കാഡം ടാറിങ് പുരോഗമിക്കുകയാണ്. പാർക്കിന്റെ ചുറ്റുമതിലും പ്രവേശന കവാടവും നിർമ്മിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും പ്രാരംഭ പ്രവൃത്തികൾ എന്ന നിലയ്ക്കാണ് റോഡ് പണി ആരംഭിക്കുന്നത്.കണ്ണൂർ വിമാനത്താവളത്തിന്റെ വ്യവസായ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വൻകിട വ്യവസായ പദ്ധതികൾക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് വ്യവസായ പാർക്കിന്റെ ലക്‌ഷ്യം.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമാണ് വെള്ളിയാംപറമ്പിൽ വ്യവസായ പാർക്കിനു തറക്കല്ലിട്ടത്.എന്നാൽ പദ്ധതി എങ്ങുമെത്താതെ കിടക്കുകയായിരുന്നു. പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തു നിന്നും മരംകൊള്ളയും മറ്റും വ്യാപകമായതോടെയാണ് നാല് വർഷം മുൻപ് സ്ഥലത്തിന് ചുറ്റും മതിൽ കെട്ടുകയും പ്രവേശന കവാടം നിർമിക്കുകയും ചെയ്തത്. പദ്ധതിയുടെ ആദ്യപടി എന്ന നിലയിൽ 13 കോടി രൂപ ചിലവിട്ട് അഞ്ചു കിലോമീറ്ററോളം നീളത്തിലുള്ള റോഡാണ് ഇപ്പോൾ നിർമിക്കുന്നത്.ഇത് പൂർത്തിയാകുന്നതോടെ അനുബന്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.നവംബർ ആദ്യവാരത്തോടെ റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാക്കി നൽകാനാണ് തീരുമാനം.

കാസർകോട് വീട്ടുമുറ്റത്ത് കഴുത്തറുത്ത നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി;മരണത്തിൽ ദുരൂഹത

keralanews the deadbody of the householder found infront of the house in kasargod

കാസർകോഡ്:വീട്ടുമുറ്റത്ത് കഴുത്തറുത്ത നിലയിൽ ഗൃഹനാഥന്റെ മൃതദേഹം  കണ്ടെത്തി.ചിറ്റാരിക്കാൽ പാറയ്ക്കൽ വർഗ്ഗീസ്( 65)നെയാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കറിക്കത്തി കൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.തിങ്കളാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.. മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയതാണ് വർഗീസ്. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്നാണ് ഭാര്യ ഗ്രേസി വർഗീസിനെ നോക്കാനായി പുറത്തിറങ്ങിയത്.വീടിന് പുറത്തെത്തിയ ഗ്രേസി കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന വർഗീസിനെയാണ്. രക്തം ഛർദ്ദിക്കുകയാണെന്നാണ് ആദ്യം കരുതി. പിന്നീടാണ് കഴുത്തിൽ നിന്നും രക്തം ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടത്.വീടിന്റെ പടിയിലായിരുന്നു വർഗീസ് കിടന്നത്. ഇവിടെ നിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. ഉടൻ തന്നെ ഗ്രേസി അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചു കൂട്ടി വിവരം അറിയിക്കുകയായിരുന്നു. അയൽവാസികളും ഗ്രേസിയും ചേർന്ന് വർഗീസിനെ ഉടൻ തന്നെ വെള്ളരിക്കുണ്ട് ആശുപത്രിയിലും അവിടെ നിന്ന് കാഞ്ഞങ്ങാട് ആശുപത്രിയിലേക്കും മാറ്റി.പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വർഗീസ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു. ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് ഡോഗ് സ്ക്വഡെത്തി പരിശോധന നടത്തിയിരുന്നു. വീടും മുറിയും വിട്ട് പോലീസ് നായ പുറത്തേയ്ക്ക് പോയിരുന്നില്ല.ചുമട്ടുതൊഴിലാളിയായിരുന്നു വർഗീസ്.

സ്കൂൾ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം പിൻവലിച്ചു;പകരം ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തും

keralanews the decision to cancel school festival withdrawn

തിരുവനന്തപുരം: പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്തും.  ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്കാരിക പ്രവർത്തകരുമായും ചർച്ച നടത്തി. മാനുവല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്.  മാനുവല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. സ്‌കൂള്‍ കലോത്സവം ഒഴിവാക്കിയാല്‍ കലാകാരന്‍മാരായ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചു. അങ്ങനെ സംഭവിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.നടപടികള്‍ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി.കേരളത്തിൽ വൻ‌ദുരിതം സൃഷ്ടിച്ച പ്രളയത്തിൽ നിന്നു കരകയറുന്നതിന്‍റെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആഘോഷങ്ങൾ ഒഴിവാക്കി കലോത്സവം നടത്തണമെന്ന് പല മേഖലകളിൽ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.അതേസമയം ചലച്ചിത്രമേള സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. നടത്താന്‍ തീരുമാനിച്ചാലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇല്ലാതെയാവും ചലച്ചിത്രമേള നടത്തുക.