ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവം ഈടാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത്

keralanews opposition parties against imposing a monthly salary of state employees to the relief fund

തിരുവനന്തപുരം:ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവം ഈടാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത്.യു.ഡി.എഫ് അനുകൂല ജീവക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങാനും വിസമ്മത പത്രം എഴുതി നല്‍കാനും തീരുമാനിച്ചു.പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒരു മാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ആശയത്തോടെ പൊതുവെ അനുകൂല നിലപാടാണ് ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമാക്കി ഉത്തരവിറക്കുകയും അതില്‍ കുറഞ്ഞ തുക നല്‍കേണ്ടതില്ലെന്ന നിലപാട് എടുക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാന്‍ അവസരം വേണമെന്നാണ് ആവശ്യം. നിലവിലെ അവസ്ഥയില്‍ വിസമ്മത പത്രം നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

ജലന്ധർ ബിഷപ്പിനെതിരായുള്ള അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

keralanews the high court said the investigation against jalandhar bishop is satisfactory

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടക്കുന്ന പോലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അന്വേഷണസംഘമാണെന്നും വ്യക്തമാക്കി.ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സാക്ഷിമൊഴികൾ മാത്രം പോര. തെളിവുകൾ കൂടി ശേഖരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ ഹൈക്കോടതി ആരോപണ വിധേയൻ കോടതിയ്ക്ക് അതീതനല്ലെന്നും വ്യക്തമാക്കി. അ‍ഞ്ചു സംസ്ഥാനങ്ങളിലായി ഏഴു ജില്ലകളില്‍ തെളിവെടുപ്പും അന്വേഷണവും നടന്നുവെന്ന് പൊലീസ് സംഘം കോടതിയെ അറിയിച്ചു. സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെങ്കിൽ വിശദമായി ചോദ്യം ചെയ്യണം.കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതിൽ പരാതിയുണ്ടെങ്കിൽ കന്യാസ്ത്രീക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 19 ന് ചോദ്യം ചെയ്തതിന് ശേഷം ഹരജികൾ 24ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

keralanews k s r t c employees to indefinite strike

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മാനേജ്‌മെന്റിന്‍റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.ഈ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്. സംഘടനകളുമായി കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരി വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചു.

കൊല്ലത്ത് കാർ മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു

keralanews brothers died in an accident in kollam

കൊല്ലം:തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ യാത്രയാക്കി മടങ്ങിയ യുവാക്കള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കരിക്കോട് ചാത്തിനാംകുളം അംബേദ്കര്‍ കോളനി എസ്.കെ ഭവനില്‍ രാജുവിന്റെ മക്കളായ കിരണ്‍ലാല്‍ (20), ശരത്ത് ലാല്‍ (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ വിശാഖ് (21), മണികണ്ഠന്‍ (22), വിഷ്ണുരാജ് (23), ശ്രീരാജ് (22) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ദേശീയപാതയില്‍ പാരിപ്പള്ളി ശ്രീരാമപുരം പെട്രോള്‍ പമ്ബിന് സമീപം ഇന്ന് വെളുപ്പിന് 3.45 ഓടെയായിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ മറിഞ്ഞ് മരത്തിലിടിച്ചാണ് അപകടം. വിവരം അറിഞ്ഞ് ഹൈവേ പട്രോളിംഗ് സംഘം എത്തിയപ്പോഴേക്കും കിരണ്‍ മരിച്ചിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ അടിയന്തര ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ശ്രീരാജിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഏഴോടെയാണ് ശരത്ത് ലാല്‍ മരിച്ചത്.

ഡ്യൂവൽ സിമ്മിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ പുതിയ മൂന്നു ഐ ഫോൺ മോഡലുകൾ പുറത്തിറക്കി

keralanews apple launches three new iphone models with duel sim

ന്യൂഡൽഹി:ഡ്യൂവൽ സിമ്മിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ പുതിയ മൂന്നു ഐ ഫോൺ മോഡലുകൾ പുറത്തിറക്കി.ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഐഫോണ്‍ സീരിസിലെ പുതിയ അതിഥിയെ കഴിഞ്ഞ ദിവസം ആപ്പിള്‍ കമ്പനി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ബഡ്ജറ്റ് വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഐഫോണ്‍ ടെണ്‍ ആര്‍ ഉള്‍പ്പെടെ മൂന്ന് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഡ്യൂവല്‍ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ടെണ്‍ എസ്, ഐഫോണ്‍ ടെണ്‍ എസ് മാക്‌സ് എന്നിവയ്‌ക്കൊപ്പം അടുത്ത തലമുറയില്‍ പെട്ട ആപ്പിള്‍ വാച്ചും കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച 10.30ന് കമ്പനി സി.ഇ.ഒ. ടിം കുക്ക്, സി.ഒ.ഒ. ജെഫ് വില്യംസ് എന്നിവര്‍ ചേര്‍ന്നാണ് പരിചയപ്പെടുത്തിയത്.

ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍

മൂന്നു മോഡലുകളില്‍ ഏറ്റവും പുതിയ ഐഫോണ്‍. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ. ഐഫോണ്‍ എക്‌സിന്റെ മുന്‍ഭാഗവും ഐഫോണ്‍ 8ന്റെ പുറകുവശവും ചേര്‍ന്ന തരത്തിലുള്ളതാണ് പുതിയ മോഡല്‍. വലിയ ഫോണുകള്‍ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടുകൊണ്ടുകൂടിയാണിത്.ഫോണ്‍ എക്‌സ് എസ് സീരീസുകളില്‍ നിന്നും വ്യത്യസ്തമായ അലൂമിനിയം കോട്ടിങ്ങാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ ആകര്‍ഷകമായ വിവിധ നിറങ്ങളിലും ലഭ്യമാണ്. കടും മഞ്ഞനിറം തൊട്ട് ഇളം പീച്ച്‌ നിറം വരെ ഈ നിരയില്‍ ലഭിക്കും. ഗോള്‍ഡ്, വെളുപ്പ്, കറുപ്പ്, നീല, കോറല്‍, മഞ്ഞ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഐഫോണ്‍ എക്സ് ആര്‍ അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ ഇതിന് കൂടുതല്‍ സ്വീകാര്യത നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പവര്‍ ബാക്കപ്പില്‍ കോംപ്രമൈസ് ചെയ്യാതെയാണ് ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍ വില കുറച്ചിരിക്കുന്നത് എന്നത് വളരെ ആശ്വാസകരമായൊരു കാര്യമാണ്. ഇന്ത്യയില്‍ 76,900 രൂപയാണ് ഇതിന്റെ വില. അതേസമയം യുഎസില്‍ കാര്യമായ വിലക്കുറവ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ആപ്പിള്‍ എക്‌സ് എസ്

ഐഫോണ്‍ എക്‌സിന്റെ നൂതന മോഡലാണ് ഐഫോണ്‍ എക്‌സ് എസ്. കാഴ്ചയിലും ഐഫോണ്‍ എക്‌സിനോട് അത്രമേല്‍ സാമ്യമുണ്ട് എക്‌സ് എസിന്. ഡിസൈനില്‍ പോലും പറയത്തക്ക മാറ്റങ്ങള്‍ വരുത്താത്ത എസ് സീരീസ് ഫോണ്‍ തന്നെയാണിത്. റെറ്റിനാ ഡിസ്‌പ്ലേയിലും സ്പീക്കറിന്റെ ക്വാളിറ്റിയിലും കൂടുതല്‍ മികച്ച മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 12 മെഗാപിക്‌സല്‍ ഡുവല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. ന്യൂട്രല്‍ എഞ്ചിനുമായി ചേര്‍ന്ന് ചിത്രങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട തലത്തിലേക്ക് ഉയര്‍ത്താന്‍ ഇതിന് സാധിക്കും. പോര്‍ട്രെയ്റ്റ് മോഡിലെടുത്ത ചിത്രത്തിനെ അസാധ്യമാം തരത്തില്‍ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇതിലുണ്ട്.

ഐഫോണ്‍ എക്‌സ് എസ് മാക്‌സ്

ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ ഐഫോണാണിത്. 6.5 ഇഞ്ച് സ്‌ക്രീനാണിതിന്. 208 ഗ്രാം ഭാരമുണ്ട്. അതായത് ഐഫോണ്‍ എക്‌സ്‌എസിനെക്കാള്‍ 31 ഗ്രാം കൂടുതല്‍. വലുപ്പക്കൂടുതലുണ്ടെങ്കിലും ഉപയോഗിക്കാന്‍ പ്രയാസം അനുഭവപ്പെടില്ല.ഐഫോണ്‍ എക്‌സ് എസിന്റെ എക്‌സ്‌റ്റേണല്‍ ഫീച്ചേഴ്‌സ് തന്നെയാണ് എക്‌സ് എസ് മാക്‌സിനുമുള്ളത്. എന്നാല്‍ വീഡിയോ കാണുമ്ബോഴോ വെബ്‌സൈറ്റുകള്‍ തുറന്നു വായിക്കുമ്ബോഴോ ഇതിന്റെ ക്വാളിറ്റിയിലും സ്‌ക്രീനിന്റെ വലുപ്പത്തിലുമുള്ള വ്യത്യാസം അനുഭവപ്പെടും.മാത്രമല്ല, മറ്റ് ഐഫോണുകളെ അപേക്ഷിച്ച്‌ ബാറ്ററി ക്വാളിറ്റിയും ഒരുപാട് കൂടുതലാണ്. ഐഫോണ്‍ എക്‌സിനെക്കാള്‍ 90 മിനിറ്റ് കൂടുതലാണ് ബാറ്ററി ടൈം എന്നാണ് കമ്പനിയുടെ  അവകാശവാദം.

 

കാസർകോഡ് ബന്തടുക്കയിൽ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു

keralanews the young man who was working in the garden had sunburn in kasargod banthadukka

കാസർഗോഡ്:കാസർഗോഡ് ബന്തടുക്കയിൽ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു.വീട്ടിയായി പള്ളിക്ക് സമീപം താമസിക്കുന്ന പടിഞ്ഞാറേവീട്ടില്‍ ജിയോ പി ജോര്‍ജിനാണ് സൂര്യാഘാതം മൂലം പൊള്ളലേറ്റത്.ചൊവ്വാഴ്ചയാണ് സംഭവം. വാഴത്തോട്ടില്‍ പണിചെയ്യുന്ന സമയത്ത് പുകച്ചില്‍ അനുഭവപ്പെട്ടതായി യുവാവ് പറഞ്ഞു. പിറ്റേദിവസം രാവിലെ നോക്കിയപ്പോഴാണ് പുറത്തുനിന്നും തൊലി ഇളകിപ്പോകുന്നതായി ശ്രദ്ധയില്‍പെട്ടത്.ജിജോയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിലെ കവർച്ച;പരിശോധനയ്ക്കായി സൈബർ വിദഗ്‌ദ്ധരെത്തി

keralanews robbery in kannur cyber experts reached in kannur for investigation

കണ്ണൂർ:മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി സൈബർ പോലീസ് വിദഗ്ദ്ധർ കണ്ണൂരിലെത്തി.ടവർഡംപ് ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം ആരംഭിച്ചു.സംഭവം നടക്കുന്ന സമയത്തും അതിനു മുൻപും ശേഷവും നിശ്ചിത ടവർ പരിധിയിൽ വന്ന എല്ലാ ഫോൺ കോളുകളും പരിശോധിക്കും.പ്രതികൾ വിനോദ് ചന്ദ്രന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ ഉപയോഗിച്ചതായ വിവരങ്ങൾ ഇല്ലെങ്കിലും ഇവർ സ്വന്തം ഫോണുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്.സംഭവം നടന്ന ദിവസം കവർച്ചക്കാരിലൊരാൾ വണ്ടി വിളിച്ചതായും സംശയമുണ്ട്.അങ്ങനെയെങ്കിൽ ഈ നമ്പർ ടവർ ലൊക്കേഷനിൽ അറിയാൻ സാധിക്കും.കുറച്ചു നാളുകൾക്ക് മുൻപ് എറണാകുളത്ത് ബംഗ്ലാദേശ് സ്വദേശികൾ നടത്തിയ കവർച്ചയുടെ വിവരങ്ങൾ ഫോൺ ഡാറ്റ പരിശോധന വഴിയാണ് കണ്ടെത്തിയത്.ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയ സൈബർ പോലീസ് വിദഗ്ദ്ധർ തന്നെയാണ് കണ്ണൂരിലും എത്തിയിട്ടുള്ളത്.ചേലബ്ര ബാങ്ക് കവർച്ച കേസിൽ തുമ്പുണ്ടാക്കിയതും സൈബർ അന്വേഷണത്തിലൂടെയാണ്. കണ്ണൂരിലെ കവർച്ചയ്ക്ക് പിന്നിൽ ബംഗ്ലാദേശ് സംഘമാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.തൃപ്പൂണിത്തുറയിൽ നടന്ന കവർച്ചയ്ക്ക് സമാനമായ രീതിയിലാണ് കണ്ണൂരിലും കവർച്ച നടത്തിയിരിക്കുന്നത്.

ദേശീയപാതയിൽ കല്യാശ്ശേരി വയക്കര പാലത്തിനു സമീപം ചരക്കുലോറിക്ക് തീപിടിച്ചു

keralanews fire broke out in goods lorry in kalyasseri vayakkara bridge

കണ്ണൂർ:ദേശീയപാതയിൽ കല്യാശ്ശേരി വയക്കര പാലത്തിനു സമീപം ചരക്കുലോറിക്ക് തീപിടിച്ചു.ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് സൈക്കിൾ സ്പെയർപാർട്സുമായി പോവുകയായിരുന്ന ലോറിയിൽ നിന്നും രാത്രി പത്തുമണിയോടുകൂടിയാണ് പുക ഉയരുന്നത് കണ്ടത്.ലോറിക്ക് പുറകിൽ ബൈക്കിൽ സഞ്ചരിക്കുന്നവരാണ് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.ഉടൻതന്നെ സമീപത്തുണ്ടായിരുന്ന തട്ടുകടക്കാരൻ കണ്ണപുരം പോലീസിൽ വിവരം അറിയിച്ചു.അപ്പോഴേക്കും സമീപത്താകമാനം പുക പടർന്നിരുന്നു. അരമണിക്കൂറിനുള്ളിൽ കണ്ണൂരിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നിശമനസേനയെത്തി പുക നിയന്ത്രണവിധേയമാക്കി.ബസ്സിന്‌ സൈഡ് കൊടുക്കുന്നതിനിടയിൽ ലോറി തെന്നുകയും ബാറ്ററിയിൽ നിന്നും ഷോർട് സർക്യൂട്ട് ആയതുമാണ് പുക ഉയരാൻ കാരണമെന്നാണ് നിഗമനം.

പയ്യാമ്പലത്ത് കടൽ ഉൾവലിയുന്നത്‌ ആശങ്കയ്ക്കിടയാക്കുന്നു

keralanews sea recedes in payyamabalam causing fear

കണ്ണൂർ:പയ്യാമ്പലത്ത് കടൽ ഉൾവലിയുന്നത്‌ ആശങ്കയ്ക്കിടയാക്കുന്നു.ഇന്നലെ വൈകുന്നേരം വേലിയിറക്ക സമയത്താണ് കടൽ 50 മുതൽ 75 മീറ്ററോളം ഉള്ളിലേക്ക് പോയത്.മുൻ വർഷങ്ങളിൽ നവംബര്,ഡിസംബർ,ജനുവരി മാസങ്ങളിൽ കടൽ ഉൾവലിയുന്നത്‌ സാധാരണ കാണാറുണ്ട്.എന്നാൽ സെപ്റ്റംബർ മാസത്തിൽ ഇങ്ങനെ സംഭവിക്കാറില്ല. സാധാരണയുള്ളതിന്റെ ഇരട്ടിയോളമാണ് കടലിന്റെ ഉൾവലിവെന്ന് പയ്യാമ്പലത്തെ ലൈഫ് ഗാർഡ് ഇ.ശ്രീജിത്ത് പറഞ്ഞു.കഴിഞ്ഞ ദിവസം ആലുവയിലും ഈ പ്രതിഭാസം ഉണ്ടായിരുന്നു.കടലിൽ കാലാവസ്ഥയിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും കടുത്ത വേനൽക്കാലത്തെ ചൂടാണ് അനുഭവപ്പെടുന്നതെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു.ചൂടുകാരണം മൽസ്യങ്ങൾ കരഭാഗത്തേക്ക് വരാത്ത സ്ഥിതിയാണ്.സാധാരണ നിലയിൽ മിഥുനവും കർക്കിടകവും കഴിഞ്ഞാൽ കടലിന്റെ ഇളക്കം കുറയാറുണ്ട്.എന്നാൽ ഇപ്പോൾ ചിങ്ങമാസമായിട്ടുകൂടി കടൽകോൾ കുറഞ്ഞിട്ടില്ലെന്നും മൽസ്യത്തൊഴിലാളികൾ പറഞ്ഞു.ഇതിന്റെയൊക്കെ ഭാഗമായിരിക്കും കടൽ ഉൾവലിയുന്ന പ്രതിഭാസമെന്നും ഇവർ പറഞ്ഞു.

പാരസെറ്റമോൾ സംയുക്തം ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ 328 മരുന്ന് സംയുക്തങ്ങൾ കേന്ദ്രം നിരോധിച്ചു

keralanews the center has banned 328 drugs that are harmful to health including paracetamol compounds

ന്യൂഡൽഹി:പാരസെറ്റമോൾ സംയുക്തം ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ 328 മരുന്നുകൾ കേന്ദ്രം നിരോധിച്ചു.ഈ ബ്രാന്‍ഡുകള്‍ ഉള്‍പ്പടേ പതിനായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി നിര്‍മിക്കാനോ വിപണയിലെത്തിക്കാനോ സാധിക്കില്ല.ഇത്തരം മരുന്നുകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രമുഖ മരുന്ന് ബ്രാന്‍ഡുകളായ സറിഡോന്‍(പിറമോള്‍), ടാക്‌സിം എം ഇസഡ് (അല്‍ക്കം ലബോറട്ടറീസ്, പാന്‍ഡേം പ്ലസ് ക്രീം (മക്ലിയോസ് ഫാര്‍മ) എന്നിവയുടേത് ഉള്‍പ്പടേ 328 മരുന്ന് സംയുക്തങ്ങളാണ് നിരോധിച്ചിരിക്കുന്നത്.പാരസെറ്റമേള്‍+ പ്രോക്ലോപെറാസിന്‍, ബെന്‍സോക്‌സോണിയം ക്ലോറൈഡ്+ ലൈഡോകെയ്ന്‍, ഗൈബെന്‍ക്ലാമെഡ്+ മെറ്റ്‌ഫോര്‍മിന്‍(എസ്.ആര്‍)+ പയോഗ്ലിറ്റസോണ്‍, ഗ്ലിമെപിറൈഡ്+ പയോഗ്ലിറ്റസോണ്‍+മെറ്റ്‌ഫോര്‍മിന്‍, അമലോക്‌സിലിന്‍250 എംജി+ പൊട്ടാസ്യം ക്ലാവുലനേറ്റ് ഡൈലേറ്റഡ് 62.5 എംജി എന്നിവയാണ് നിയന്ത്രണമേര്‍പ്പെടുത്തിയ മരുന്നുസംയുക്തങ്ങള്‍.പ്രൊഫ്. ചന്ദ്രകാന്ത് കോകാടെ സമിതിയുടെ പഠനറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം 2016 ല്‍ 349 മരുന്നുസംയുക്തങ്ങല്‍ നിരോധിച്ചിരുന്നു. ഇവയില്‍ 1988 നു മുന്‍പ് അംഗികാരം ലഭിച്ച 15 മരുന്ന് സംയുക്തങ്ങളും നിയന്ത്രമേര്‍പ്പെടുത്തിയ ആറു മരുന്നുസംയുക്തങ്ങളും ഒഴികെ എല്ലാ മരുന്നുകള്‍ക്കും നിരോധനം ബാധകമാണ്. പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന ഗ്ലൂക്കോനോ-പിജി, ബഹുരാഷ്ട്ര മുരുന്ന് കമ്പനിയായ അബോട്ടിന്റെ ട്രൈബെറ്റ്, ലുപിന്റെ ടൈപ്രൈഡ് തുടങ്ങിയ ആറ് മരുന്ന് സംയുക്തങ്ങളുടെ നിര്‍മാണത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.ചുമ, പനി എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഫെന്‍സെഡില്‍, ഡി-കോള്‍ഡ് ടോട്ടല്‍, ഗ്രിലിന്‍ക്റ്റസ്, തുടങ്ങിയവയ്‌ക്കെതിരെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇവയെ നിരോധിച്ചിട്ടില്ല.