കൊച്ചി:ബാങ്ക് ഓഫ് ബറോഡ,വിജയ,ദേന ബാങ്കുകൾ തമ്മിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം.ലയനം സാധ്യമാകുന്നതോടെ ഇത് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക് ആകുമെന്ന് കേന്ദ്ര ധനകാര്യ സേവന സെക്രെട്ടറി രാജീവ് കുമാർ വ്യക്തമാക്കി.മൂന്നു ബാങ്കുകളുടെയും ഡയറക്റ്റർ ബോർഡിനോട് ലയന നീക്കം ചർച്ച ചെയ്യാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ലയനത്തിൽ മൂന്നു ബാങ്കുകളിലെയും ജീവനക്കാരെ സംരക്ഷിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉറപ്പു നൽകി.എസ്ബിടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യിൽ ലയിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വരും വർഷങ്ങളിൽ പൊതു മേഖലയിൽ കൂടുതൽ ബാങ്ക് ലയനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
മലയാളി താരം ജിൻസൺ ജോൺസന് അർജുന അവാർഡ് ശുപാർശ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്നയ്ക്കും മലയാളി അത്‌ലറ്റ് ജിന്‍സന്‍ ജോണ്‍സണ്‍ ഉള്‍പ്പടെ 20 കായിക താരങ്ങള്‍ക്കു അര്‍ജുന അവാര്‍ഡിനും ശുപാർശ.ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്റര്‍ വെള്ളിയും നേടിയ ജിന്‍സന്‍റെ മികവ് കണക്കിലെടുത്താണ് പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ.ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്‍റെ പരിശീലകന്‍ വിജയ് ശര്‍മ, ക്രിക്കറ്റ് പരിശീലകന്‍ തരക് സിന്‍ഹ എന്നിവരുള്‍പ്പടെ ഏഴു പേരെ ദ്രോണാചാര്യ പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചാല്‍ ബാഡ്മിന്‍റണ്‍ താരം കെ. ശ്രീകാന്തിനെ കൂടി ഖേല്‍ രത്ന പുരസ്കാരത്തിന് പരിഗണിക്കുമെന്നാണ് വിവരം. 7.5 ലക്ഷം രൂപയാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌ക്കാര തുക. മലയാളിയായ ബോബി അലോഷ്യസ്, ഭരത് ഛേത്രി (ഹോക്കി), സത്യ ദേവ പ്രസാദ് (ആര്‍ച്ചറി), ദാദു ചൗഗുലേ (ഗുസ്തി) എന്നിവരെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. റിട്ടയേര്‍ഡ് ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ പട്ടിക തയാറാക്കിയത്.
സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ തന്നെ നടത്തും
തിരുവനന്തപുരം:ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് നടത്താൻ തീരുമാനം.ദിവസം കുറച്ച് ചിലവ് ചുരുക്കിയായിരിക്കും കലോത്സവം നടത്തപ്പെടുക.ഗ്രേസ് മാർക്കിന്റെ പ്രയോജനം ലഭിക്കുന്ന ഹൈ സ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗക്കാർക്ക് മാത്രമേ സംസ്ഥാന തലത്തിൽ മത്സരം ഉണ്ടാവുകയുള്ളൂ.എൽ.പി,യു.പി തല മത്സരം സ്കൂൾ തലത്തിൽ അവസാനിപ്പിക്കും.പ്രളയബാധിത മേഖലയായ ആലപ്പുഴയിൽ കലോത്സവം നടത്തുന്നത് ജില്ലയ്ക്കും ദുരിതബാധിതർക്കും ആത്മവിശ്വാസം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.കായിക,ശാസ്ത്രമേളകളും മുൻനിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനും വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കലോത്സവ മാനുവൽ പരിഷ്‌ക്കരണ സമിതി തീരുമാനിച്ചു.മത്സരയിനങ്ങൾ കുറയ്ക്കാതെ ദിവസം കഴിയുന്നത്ര ചുരുക്കി ചിലവുകുറച്ചായിരിക്കും കലോത്സവം നടത്തുക.ഉൽഘാടന,സമാപന സമ്മേളനങ്ങൾ,പന്തൽ,ഘോഷയാത്ര എന്നിവ ഉണ്ടാകില്ല.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ മാത്രമേ നൽകുകയുള്ളൂ.വിഭവസമൃദ്ധമായ സദ്യയും ഒഴിവാക്കും.കുടുംബശ്രീക്കായിരിക്കും ഭക്ഷണത്തിന്റെ ചുമതല.കായികമേള ഒക്ടോബർ അവസാനവാരം തിരുവനന്തപുരത്തും ശാസ്ത്രമേള നവംബറിൽ കണ്ണൂരിലും സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബറിൽ കൊല്ലത്തും നടത്തും.ഇന്ന് ചേരുന്ന ഗുണനിലവാര സമിതിയോഗത്തിൽ കലോത്സവത്തിന്റെ തീയതി,സമയക്രമം എന്നിവ സംബന്ധിച്ച തീരുമാനമുണ്ടാകും.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
കൊച്ചി:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.ഇന്നുതന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നില്‍ ആവശ്യപ്പെട്ടു.ബുധനാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞതെങ്കിലും ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടതുണ്ടെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.45 ന് തന്നെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍ വാക്കാല്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ജാമ്യഹര്‍ജി പ്രത്യേകാനുമതിയോടെ ഫയല്‍ ചെയ്തു. തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ പറയുന്നത്. മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കേസിന് കാരണമായെന്നും ബിഷപ്പ് ഹര്‍ജിയില്‍ പറയുന്നു. പരാതിയില്‍ പറയുന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്നാണ് ബിഷപ്പിന്റെ വാദം.
ബാർ കോഴക്കേസ്;മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളി
തിരുവനന്തപുരം:ബാർ കോഴക്കേസിൽ കെ.എം മാണിക്ക് തിരിച്ചടി.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.കേസിന്റെ അന്വേഷണം പൂര്‍ണമല്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട് തള്ളുന്നതായും കോടതി വ്യക്തമാക്കി. കേസില്‍ സര്‍ക്കാരിന്റെ അനുമതിയോടെ തുടരന്വേഷണം നടത്താനും കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കക്ഷികള്‍ കൊടുത്ത തടസവാദത്തിന്‍ മേല്‍ വാദം പൂര്‍ത്തിയായ ശേഷമാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിധി പറഞ്ഞത്. നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതിന് വേണ്ടി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈപറ്റിയെന്നാണ് കേസിൽ പരാതിക്കാരനായ ബിജു രമേശിന്‍റെ ആരോപണം. കെഎം മാണി നിയമകാര്യ മന്ത്രിയായിരിക്കെ ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് ഘട്ടം ഘട്ടമായി ഒരു കോടി രൂപ മന്ത്രി മന്ദിരമായ പ്രശാന്തിലും, പാലയിലെ സ്വന്തം വസതിയിലും വെച്ച് വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.ഇതേ തുടര്‍ന്ന് 2015ല്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് കെഎം മാണിയെ പ്രതിയാക്കി എഫ് ഐആര്‍ രജിസ്ട്രര്‍ ചെയ്തത്.യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നുവെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം;സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം;സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി.ഫീസ് വിവരങ്ങള്‍ അടങ്ങിയ ഫയല്‍ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്രവേശന മേൽനോട്ട സമിതിക്കാണ് കോടതി ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.അതേസമയം കോടതി ഉത്തരവ് അംഗീകരിക്കാതെ 2016, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.ഇത് നടപ്പാക്കിയ ശേഷമേ ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നല്‍കൂവെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കർഷകനെ കഞ്ചാവ് കേസിൽ കുടുക്കിയ വൈദികൻ അറസ്റ്റിൽ
കണ്ണൂർ:കർഷകനെ കഞ്ചാവ് കേസിൽ കുടുക്കിയ വൈദികൻ അറസ്റ്റിൽ.കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്‌സൈസിന്റെ പിടിയിലായത്.കർഷകന്റെ സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ചു വെച്ച ശേഷം എക്‌സൈസിനെക്കൊണ്ട് പിടിപ്പിയ്ക്കുകയായിരുന്നു.കര്‍ഷകന്റെ വൈദിക വിദ്യാര്‍ഥിയായ മകന്‍ ഫാ.ജയിംസിനെതിരെ പ്രകൃതിവിരുദ്ധ പീഡന പരാതി നല്‍കിയതാണ് പ്രകോപനത്തിനു കാരണം. എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന് ജോസഫും കുടുംബവും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ജോസഫും നാട്ടുകാരും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് തളിപ്പറമ്ബ് ഡിവൈഎസ്‌പിയെ അന്വേഷണത്തിന് നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സണ്ണി വര്‍ഗ്ഗീസ്, റോയി എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് വൈദികന്റെ പങ്കും പുറത്തായത്.സെമിനാരിയിലെ പീഡന കേസൊതുക്കാന്‍ അണിയറില്‍ ശ്രമം നടന്നെങ്കിലും ഫലിക്കാതെ വന്നപ്പോള്‍ ജയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ സഭയില്‍നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കഞ്ചാവ് കേസ്.ഹൈദരാബാദില്‍ ജോലിചെയ്യുന്ന കന്യാസ്ത്രീയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയാഗിച്ചാണ് ഇവര്‍ എക്‌സൈസിന് ഫോണ്‍ ചെയ്തത്. ഇവര്‍ നാട്ടില്‍ വന്ന് തിരിച്ചുപോകുമ്ബോള്‍ സിം കാർഡ് ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനെ ഏല്‍പ്പിച്ചിരുന്നു. ഇയാളില്‍നിന്നും ഇത് കൈക്കലാക്കിയാണ് ഇവര്‍ എക്‌സൈസിന് ഫോണ്‍ ചെയ്തത്. ഫാ.ജയിംസും സണ്ണിയും ഗൂഢാലോചന നടത്തിയാണ് ജോസഫിനെ കഞ്ചാവ്‌കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. അറസ്റ്റിലായ സണ്ണിവര്‍ഗ്ഗീസ് പോസ്റ്റ് മാസ്റ്ററാണ്. റോയി മെഡിക്കല്‍ സ്റ്റോര്‍ ജിവനക്കാരനാണ്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം. മണി
തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വലിയ വില കൊടുത്താണെങ്കിലും വൈദ്യുതി വാങ്ങും. 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രളയത്തെ തുടര്‍ന്നു സംസ്ഥാനത്തെ ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനമാണ് തടസപ്പെട്ടിരിക്കുന്നത്. കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്.
കർണാടക സർക്കാർ പെട്രോൾ,ഡീസൽ വില കുറച്ചു;ജനങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസമാകട്ടെയെന്ന് മുഖ്യമന്ത്രി കുമാരസ്വാമി
ബെംഗളുരൂ: കര്‍ണാടകയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കല്‍ബുര്‍ഗിയില്‍ നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ‘ഇന്ധനവില എല്ലാദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നികുതി കുറയ്ക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് ഇന്ധനവിലയില്‍ കുറവു വരുത്താനാകുമെന്നാണ് കര്‍ണാടകയിലെ ജനങ്ങള്‍ വിചാരിക്കുന്നത്.കര്‍ണാടകയിലെ സഖ്യകക്ഷി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപവീതം കുറയ്ക്കാന്‍ തീരുമാനിച്ചതായി ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. സര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് കരുതുന്നു- കുമാരസ്വാമി പറഞ്ഞു.ആന്ധ്രാപ്രദേശും, പശ്ചിം ബംഗാളും രാജസ്ഥാനും നേരത്തെ ഇന്ധനവില കുറച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഇന്ധനവില 90 കടന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം.
കന്യാസ്ത്രീകൾ നടത്തുന്ന ഉപവാസ സമരം കൂടുതൽ ശക്തമാക്കുന്നു;ബിഷപ്പിനെ അറസ്റ്റ് ചെയ്യന്നതുവരെ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരത്തിന്
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു.ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പീഡിപ്പിക്കപ്പെട്ട കന്യാത്രീയുടെ സഹായദാരി ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാര സമരമിരിക്കാൻ തീരുമാനിച്ചു.സമരം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും സമരനേതാക്കൾ അറിയിച്ചു.ഇതിന്റെ ഭാഗമായി ഇന്ന് കുറവിലങ്ങാട്ട് ബഹുജന കൂട്ടായ്മയ്ക്കും കോഴിക്കോട് പ്രൊഫ.എം.എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉണർന്നിരിപ്പ് സമരവും നടത്തും.നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി സമരവും സംഘടിപ്പിക്കും.ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ഹൈകോർട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് സമരം നടക്കുന്നത്.സമരപന്തലിൽ നിരാഹാരം അനുഷ്ഠിച്ചു വരുന്ന സ്റ്റീഫൻ മാത്യുവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് സമരസമിതിയിലെ അലോഷ്യ ജോസഫ് നിരാഹാര സമരം ഏറ്റെടുത്തു.