തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.തുടര്‍നടപടികള്‍ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവിനെ കുറിച്ച് തനിക്ക് അഭിപ്രായമുണ്ട്. എന്നാല്‍, ഏകപക്ഷീയമായ തീരുമാനം എടുക്കാനാകില്ല. തന്ത്രി കുടുംബവുമൊക്കെ ആയി ആലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറുമെന്ന് തോന്നുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾ കൂടി ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ കൂടുതല്‍ സൗകര്യങ്ങള്‍ ഇപ്പോള്‍ ഒരുക്കാനാവില്ല.കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇനി 100 ഏക്കര്‍ കൂടി വേണ്ടിവരുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെ ധരിപ്പിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍, നിലയ്ക്കലില്‍ 100 ഹെക്ടര്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി എട്ടുപേർ മരിച്ചു
തിരുച്ചിറപ്പള്ളി:തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 2 കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെ 8 പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈ ബൈപ്പാസ് റോഡില്‍ സമയപുരത്താണ് അപകടമുണ്ടായത്.ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം സംബന്ധിച്ച് സമയപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു
തിരുവനന്തപുരം:ശബരിമയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന സംസ്ഥാനത്ത് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന് ശിവസേന പറഞ്ഞു മാത്രമല്ല പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനും കൂടിയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നാണ് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ അറിയിച്ചത്.
ഇന്തോനേഷ്യയിൽ സുനാമി;മരണസംഘ്യ 384 ആയി
ജക്കാർത്ത:ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച സുനാമിയിൽ മരിച്ചവരുടെ എണ്ണം 384 ആയി.350ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. ദുരന്തത്തില്‍ എത്ര പേര്‍ അകപ്പെട്ടു എന്ന് ഇപ്പോഴും വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇന്തോനേഷ്യയിലെ സുലവോസി ദ്വീപിലാണ് ഭൂചലനവും തുടര്‍ന്ന് സുനാമിയും ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചക്ക് ശേഷം 3.30 ഓടെയാണ് ആദ്യ ചലനമുണ്ടായത്. തുടര്‍ചലനങ്ങളുടെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് സുനാമിയുണ്ടായത്. കടലില്‍ നിന്ന് മൂന്ന് മീറ്ററോളം ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ തീരങ്ങള്‍ കടലെടുത്തു. സുനാമിയില്‍പ്പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ശബരിമലയിലെ സ്ത്രീപ്രവേശനം;തിങ്കളാഴ്ച സംസ്ഥാനത്ത് ശിവസേന ഹർത്താൽ
തിരുവനന്തപുരം:ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താലിന് ശിവസേന ആഹ്വാനം ചെയ്തു.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ പഴയതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്.മറ്റു മതസംഘടനകളുമായി ചേർന്ന് വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ശിവസേന വ്യക്തമാക്കി.ശബരിമല വിവിധമതസ്ഥരുടെ ആരാധനാ കേന്ദ്രമാണെന്നും സ്ത്രീപ്രവേശന വിഷയത്തിൽ ഭക്തരുടെ പ്രതിഷേധം കാണാതെപോകരുതെന്നും ശിവസേന ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് യാത്രാബസുകളുടെ കാലാവധി 20 വർഷമായി ഉയർത്തി
തിരുവനന്തപുരം:സംസ്ഥാനത്ത് യാത്രാബസുകളുടെ ഉപയോഗ കാലാവധി 20 വർഷമായി ഉയർത്തി.ഇത്രയും നാളും 15 വര്‍ഷമായിരുന്ന കാലപരിധിയാണ് 20 വര്‍ഷത്തിലേക്ക് മാറ്റിയത്. സ്വകാര്യ ബസ് സഘടനകളുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അപകടങ്ങള്‍ കൂടുന്നതിനെത്തുടര്‍ന്ന് 2004 ലാണ് കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയത്. അപ്പോള്‍ ബസുടമകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് കോടതി സര്‍ക്കാര്‍ തീരുമാനം ശരിവെക്കുകയായിരുന്നു.ആ നിയമമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡികോഡ് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ കാലദൈര്‍ഘ്യം 15 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും, കേരള മോട്ടോര്‍ വാഹനചട്ടങ്ങളില്‍ ഇതു സംബന്ധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. അതേസമയം 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിക്കും ഈ നിയമം ബാധകമാകുമെങ്കിലും അത് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ നിഗമനം.
പ്രണയാഭ്യർത്ഥന നിരസിച്ച പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു
മലപ്പുറം:തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനഞ്ചു വയസ്സുകാരിയെ ബംഗാളി യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു.പശ്ചിമ ബംഗാൾ സ്വദേശിനി ഫാത്തിബിയുടെ മകൾ സമീന കാത്തൂമാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ കന്ന സ്വദേശി സാദത്ത് ഹുസൈനെ(25) തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമ്നിയോടെയാണ് സംഭവം.മറുനാടൻ തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ രണ്ടിടത്തായാണ് സമീനയുടെ കുടുംബവും സാദത്തും താമസിക്കുന്നത്. സമീനയുടെ കൂടെയുള്ളവർ ജോലിക്ക് പോയ സമയത്താണ് യുവാവ് ഇവിടെയെത്തിയത്. അടുക്കളയിലെത്തിയ യുവാവ് ഇവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സമീനയെ കുത്തുകയായിരുന്നു.വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സമീനയെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമീനയെ കുത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച സാദത്ത് ഹുസൈനെ നാട്ടുകാർ പിടിക്കൂടി കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചു. സമീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കെഎസ്ആർടിസി പണിമുടക്ക്;ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ചർച്ച നടത്തും
തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർ ഒക്ടോബർ രണ്ടുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രിയുടെയും എംഡിയുടെയും നേതൃത്വത്തില്‍ തൊഴിലാളി സംഘടന നേതാക്കളുമായി നാളെ ചര്‍ച്ച നടക്കും.ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.പ്രളയശേഷം പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്ന വേളയില്‍ പണിമുടക്ക് അനുവദിക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു. കെഎസ്‌ആര്‍ടിസി സര്‍വീസ് നിശ്ചലമാകുന്നതു പൊതുജനങ്ങളെ ബാധിക്കുമെന്നു കാണിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചത്.
ഏഷ്യാകപ്പ് ക്രിക്കറ്റ്;ബംഗ്ലാദേശിനെ മൂന്നു വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം
ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ മൂന്നു വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം.ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിലാണ് നേടിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യയെ മധ്യനിരയുടെ പ്രതിരോധവും വാലറ്റക്കാരുടെ മികവുമാണ് വിജയതീരത്തെത്തിച്ചത്. 48 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ സെഞ്ചുറിക്കരുത്തില്‍ 48.3 ഓവറില്‍ 222 റണ്‍സെടുത്തു. ആദ്യ ഏകദിന സെഞ്ചുറി നേടിയ ലിറ്റണ്‍ 117 പന്തില്‍ 121 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഒരു ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു ബംഗ്ലാദേശ്. എന്നാല്‍ വമ്ബന്‍ തിരിച്ചുവരവിലൂടെ കടുവകളെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ തടുത്തിട്ടു. ഇന്ത്യക്കായി കുല്‍ദീപ് മൂന്നും കേദാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.ഇന്ത്യയുടെ മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍- രോഹിത് സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാമിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. തൊട്ടുപിന്നാലെ മികച്ച ഫോമിലുളള അംബാട്ടി റായിഡുവിനെ മടക്കി മഷ്‌റഫി മൊര്‍ത്താസ ഇന്ത്യയെ ഞെട്ടിച്ചു. നാലാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് രോഹിത്ത് മുന്നേറുന്നതിനിടെയാണ് റൂബല്‍ ഹൊസൈന്‍ ഇന്ത്യയെ ഞെട്ടിച്ചത്. റൂബലിന്റെ ഷോട്ട് ബോളില്‍ നേരത്തെ സിക്‌സറടിച്ച രോഹിത്തിനെ മറ്റൊരു ഷോട്ട് ബോളില്‍ റൂബല്‍ വീഴ്ത്തി. 55 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തി രോഹിത് 48 റണ്‍സെടുത്തു. ധോണിയും കാര്‍ത്തിക്കും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്‌കോര്‍ 137ല്‍ നില്‍ക്കെ കാര്‍ത്തിക്കും വീണു. മെഹ്മദുള്ളക്കായിരുന്നു വിക്കറ്റ്. ഇഴഞ്ഞുനീങ്ങിയ ധോണി 67 പന്തില്‍ 36 റണ്‍സുമായി മുസ്താഫിസറിന് കീഴടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പരിക്കേറ്റ കേദാര്‍ ജാദവ് പിന്നാലെ 19ല്‍ നില്‍ക്കേ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാതെ മടങ്ങി. ഭുവിയെ കൂട്ടുപിടിച്ച് ജഡേജ രക്ഷാദൗത്യം ഏറ്റെടുത്തപ്പോള്‍ ഇന്ത്യ പ്രതീക്ഷ തിരിച്ചുപിടിച്ചു. എന്നാല്‍ 48 ആം ഓവറിലെ ആദ്യ പന്തില്‍ ജഡേജയെ(23) റൂബേല്‍ മടക്കി. കേദാര്‍ തിരിച്ചെത്തിയെങ്കിലും അടുത്ത ഓവറില്‍ ഭുവിയെ(21) മുസ്താഫിസര്‍ പറഞ്ഞയച്ചത് വീണ്ടും തിരിച്ചടിയായി. എന്നാല്‍ അവസാന ഓവറില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ അവസാന പന്തില്‍ കേദാര്‍ വിജയിപ്പിച്ചു.
ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാക്കും
തിരുവനന്തപുരം:വിരലടയാളം, കൃഷ്ണമണി ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാര്‍ റദ്ദാക്കാൻ നീക്കം.ആധാര്‍ നമ്പർ ഉണ്ടായിട്ടും ഭൂരിഭാഗം കുട്ടികളും അപ്‌ഡേറ്റ് ചെയ്യുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് യുഐഡിഎഐയുടെ തീരുമാനം.അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്ക് ആധാര്‍ എടുക്കുമ്പോൾ ബയോമെട്രിക്‌സ് എടുക്കാറില്ല.എന്നാല്‍ അഞ്ചു വയസ്സ് കഴിയുമ്ബോഴും 15 വയസ്സ് കഴിയുമ്പോഴും ബയോമെട്രിക്‌സ് രേഖകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിയമം.ഏഴു വയസ്സ് കഴിഞ്ഞിട്ടും ബയോമെട്രിക്‌സ് നല്‍കാത്ത കുട്ടികളുടെ ആധാര്‍ താല്‍ക്കാലികമായി പിന്‍വലിക്കുമെന്ന് അറിയിച്ച് അക്ഷയ സംസ്ഥാന ഓഫീസിന് കത്ത് ലഭിച്ചു. ഇവര്‍ക്ക് ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്താല്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ 15 വയസ്സ് കഴിഞ്ഞിട്ടും ഒരിക്കല്‍പോലും അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ആധാര്‍ റദ്ദാകും.സംസ്ഥാനത്ത് ആധാര്‍ മെഷീനുള്ള 800 അക്ഷയ കേന്ദ്രങ്ങളില്‍ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അഞ്ചു വയസ്സിന് ശേഷമുള്ള ആദ്യ അപ്‌ഡേഷന്‍ സൗജന്യമാണ്. രണ്ടാമത്തെ അപ്‌ഡേഷന് 25 രൂപ ഫീസ് നല്‍കണം.