തിരുവനന്തപുരം:സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു.ഇതോടെ എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു.എന്നാല്‍ 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.മഴ കുറഞ്ഞതോടെ വിവിധയിടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചു. ചാലക്കുടി ദേശീയപാത, വയനാട്-താമരശ്ശേരി ചുരം, എറണാകുളം-തൃശൂര്‍ ദേശീയപാത എന്നിവിടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ളവ സര്‍വീസ് നടത്തുണ്ട്.അതേസമയം ഏഴ് ജില്ലകളില്‍ വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനായി പോയ ബോട്ട് കാണാതായി
ചെങ്ങന്നൂർ:ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തതിനായി പോയ മൽസ്യബന്ധന ബോട്ട് കാണാതായി.കൊല്ലത്തു നിന്നുമുള്ള മൂന്നു മൽസ്യത്തൊഴിലാളികളടക്കം ആറുപേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടാണ് കാണാതായത്. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് വിവ രങ്ങളൊന്നും ലഭ്യമല്ല.മറ്റു വള്ളങ്ങള്‍ ഉപയോഗിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ പലസ്ഥലങ്ങളിലും വെള്ളമിറങ്ങിയതിനാല്‍ തിരച്ചില്‍ ദുര്‍ഘടമാകുന്നുണ്ട്.ബോട്ട് കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ വലിയ വിഭാഗം വരാന്‍ കൂട്ടാക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. അവര്‍ ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് വീടിന്റെ രണ്ടാംനിലയില്‍ കഴിയുകയാണ്.പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്.ജലനിരപ്പ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് സഹായമായിട്ടുണ്ട്. ഇനി ആവശ്യം ചെറിയ വള്ളങ്ങളാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വലിയ വള്ളങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഭൂരിപക്ഷം ആളുകളെയും തിരിച്ചെത്തിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു
ബേണ്‍:യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാനജേതാവുമായ ജേതാവുമായ കോഫി അന്നാന്‍ (80) അന്തരിച്ചു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നാന്‍ യു എന്നിന്റെ ഏഴാമത് സെക്രട്ടറി ജനറലായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ചായിരുന്നു മരണം.1997 ജനുവരി മുതല്‍ 2006 ഡിസംബര്‍ വരെയാണ് കോഫി അന്നാന്‍ യു എന്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. 2001ലാണ് അദ്ദേഹം നോബല്‍ സമ്മാനത്തിന് അര്‍ഹനായത്.
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത;11 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്.ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ് എന്നിവ ഒഴികെയുള്ള ബാക്കി എല്ലാം ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിചിട്ടുണ്ട്.ഒഡീഷ തീരത്ത് രൂപപ്പെട്ട പുതിയ നൃൂനമര്‍ദ്ദമൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
പ്രളയക്കെടുതിയിൽ നിന്നും രക്ഷപ്പെടുന്നതിനായി പറവൂർ പള്ളിയിൽ അഭയം പ്രാപിച്ച ആറുപേർ പള്ളിയിടിഞ്ഞു വീണു മരിച്ചു
പറവൂര്‍:വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പറവൂരിലെ പള്ളിയില്‍ അഭയം തേടിയ അറൂപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. സ്ഥലം എം.എല്‍.എ വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്. നോര്‍ത്ത് കുത്തിയത്തോട് പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്.മഴയെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ അതിനടിയില്‍ ഇവര്‍ പെട്ടുപോകുകയായിരുന്നു. പലതവണ സഹായം അഭ്യര്‍ത്ഥിച്ച് പലരെയും വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് പള്ളിയില്‍ രക്ഷതേടി എത്തിയവര്‍ പറയുന്നു. നിരവധി പേരാണ് ഇപ്പോഴും പള്ളിയില്‍ കുടുങ്ങിക്കിടക്കുന്നത്.ഇന്നലെ രാവിലെ മുതല്‍ ഭക്ഷണത്തിനും മരുന്നിനുമായി പലരെയും വിളിച്ചെങ്കിലും ആരും പള്ളിയില്‍ എത്തിയില്ല. രക്ഷാപ്രവര്‍ത്തകര്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കോട്ടയത്ത് കനത്ത മഴ;മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു
കോട്ടയം:കോട്ടയം ജില്ലയിൽ വീണ്ടും കനത്ത മഴ.നേരത്തെ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലായി.മീനച്ചിലാർ കരകവിഞ്ഞു. നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.നാഗമ്പടം,ഇറഞ്ഞാല്‍,നട്ടാശ്ശേരി, കാരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ഈ ഭാഗത്തുള്ളവര്‍ പ്രളയക്കെടുതികള്‍ അതിജീവിച്ച് തിരികെ വീടുകളില്‍ എത്തിയത്. എംസി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം പാലാ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു.
കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടി രൂപ നൽകുമെന്ന് പ്രധാനമന്ത്രി;വ്യോമനിരീക്ഷണം പുനരാരംഭിച്ചു
കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.2000 കോടി രൂപയാണ് ഇടക്കാല ആശ്വാസമായി കേരളം ആവശ്യപ്പെട്ടിരുന്നത്. പ്രളയ മേഖലകളില്‍ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിക്കുകയും ചെയ്തു. നേരത്തേ, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചറിക്കിയിരുന്നു. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ , കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം , റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
ചാലക്കുടിയിൽ വെള്ളം താഴുന്നു;മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു
തൃശൂർ:മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് ചാലക്കുടിയിൽ വെള്ളം താഴുന്നു.ഇതോടെ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമാക്കി. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാം ദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിയിലും ആയിരങ്ങൾ കുടുങ്ങിക്കിടപ്പുണ്ട്. അതേസമയം മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടന്നവരില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് പുലർച്ചെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികൂല കാലാവസ്ഥ;പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ തിരിച്ചിറക്കി
കൊച്ചി:പ്രളയബാധിത പ്രാദേശിക സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സബചരിച്ച ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചിറക്കി.കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ കൊച്ചി നാവിക വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്.കൊച്ചി നേവല്‍ ബേസിലടക്കം കനത്ത മഴയാണ്. പ്രധാനമന്ത്രി ഇപ്പോള്‍ നേവി ആസ്ഥാനത്ത് തങ്ങുകയാണ്. ഇവിടെ അവലോകനയോഗം ചേര്‍ന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ട്.
‘ കനിവോടെ കാസർകോട് ‘ സേവന പ്രവർത്തനങ്ങൾക്കായി നമുക്കും കൈകോർക്കാം
കാസർകോഡ്: കാസറകോഡ് ജില്ലയുടെ വിവിധ മേഖലയിൽ നിന്നുള്ള “കനിവോടെ കാസറകോഡ് ” എന്ന സുമനസ്സുകളുടെ കൂട്ടായമയിൽ സ്വന്തമായും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷ്യ വിഭവങ്ങൾ ,കുടിവെളളം, പായ, അത്യാവശ്യമരുന്നുകൾ തുടങ്ങിയവ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകാനായി രണ്ട് ട്രക്കുകളിൽ സംഭരിച്ച് ഇന്ന് ഉച്ചക്ക് പുറപ്പെട്ടു. നാളെ വയനാട് ജില്ലാ കലക്ടർ വഴി ക്യാമ്പുകളിൽ എത്തിക്കാനാണുദ്ദേശിക്കുന്നത്. പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കാസർകോഡ് ജില്ലയിൽ തുടങ്ങിയ ‘കനിവോടെ കാസർകോഡ്’ പദ്ധതിയിൽ നമുക്കും പങ്കാളികളാകാം.ഇന്നലെ ആരംഭിച്ച പദ്ധതി വളരെ ചുരുങ്ങിയ നേരം കൊണ്ടുതന്നെ കാസർകോഡ് ജില്ല ഒന്നടംഗം ഏറ്റെടുത്തിരിക്കുകയാണ്. കാസർകോഡ്, ഒടയംചാൽ,കാഞ്ഞങ്ങാട്,നീലേശ്വരം,ചെറുവത്തൂർ,തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് കളക്ഷൻ പോയിന്റുകൾ ഒരുക്കിയിരിക്കുന്നത്. സഹായം എത്തിക്കാൻ തുടർന്നും ആഗ്രഹക്കുന്നവർക്ക് സാധനങ്ങൾ ഇനിയും എത്തിക്കാവുന്നതാണ്.
കനത്ത മഴയും തുടർന്നുണ്ടായ പ്രളയവും മിക്ക ജില്ലകളെയും വളരെ മോശമായ രീതിയിൽ ബാധിച്ചിരിക്കുന്ന ഈ അവസരത്തിൽ സുരക്ഷിത്വം അനുഭവിക്കുന്നവർ എന്ന നിലയിൽ ദുരിതത്തിലകപ്പെട്ടവർക്ക് വേണ്ടി സഹായം എത്തിക്കുക എന്ന ഉത്തരവാദിത്വമാണ് ഒരു കൂട്ടം യുവതി യുവാക്കൾ യാഥാത്ഥ്യമാക്കിയത്. വ്യക്തികളുടെയോ ജാതി മത രാഷ്ട്രീയ സംഘടകൾ വഴി അല്ലാതെ ആരുടെയും പേരോ ഫോട്ടോയോ നൽകാതെ തികച്ചും മാതൃകാപരമായാണ് ഗ്രൂപ്പിലെ അംഗങ്ങൾ ഒറ്റക്കെട്ടായാണ് അർഹിക്കുന്ന കൈകളിലേക്ക് സഹായം എത്തിക്കുന്നത്.
ആവശ്യമായ സാധനങ്ങൾ: ഭക്ഷ്യവസ്തുക്കൾ,ബക്കറ്റ്,കപ്പ്,പ്ലേറ്റുകൾ,സാനിറ്ററി നാപ്കിൻ, സോപ്പ്,സോപ്പുപൊടി,മുണ്ട്,മാക്സി,ചുരിദാർ,കുട്ടിയുടുപ്പുകൾ(ഉപയോഗിക്കുവാൻ പറ്റുന്നവയായിരിക്കണം),ബേബി ടവ്വൽ,വെള്ളം ശേഖരിക്കാനുള്ള പാത്രങ്ങൾ, മെഴുകുതിരികൾ,പായ,പുതപ്പ് തുടങ്ങിയവ.