ചലച്ചിത്ര നടനും ടിഡിപി മുന്‍ എംപിയുമായിരുന്ന നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു

keralanews former m p and actor nandamuri hariksrishana died in an accident

ഹൈദരാബാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റ ഭാര്യ സഹോദരനുമായ നന്ദമൂരി ഹരികൃഷ്ണ(61) അന്തരിച്ചു.മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) സ്ഥാപകനുമായ എന്‍ടി രാമ റാവുവിന്റെ മകനാണ്. 2008 മുതല്‍ 2014 വരെ ടിഡിപിയുടെ രാജ്യസഭ എംപിയായിരുന്നു. ഹൈദരാബാദില്‍നിന്നു നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗോണ്ടയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നന്ദമുരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ഡിവൈഡറില്‍ ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. ലക്ഷ്മിയാണ് ഭാര്യ. രണ്ട് വിവാഹങ്ങളില്‍ നിന്നായി പ്രശസ്ത തെലുങ്ക് നടന്‍ എന്‍ടിആര്‍ ജൂനിയര്‍ അടക്കം അഞ്ച് മക്കളാണുള്ളത്. മറ്റൊരു മകന്‍ കല്യാണ്‍ റാമും നടനാണ്. മറ്റൊരു അറിയപ്പെടുന്ന തെലുങ്ക് നടന്‍ ബാലകൃഷ്ണ സഹോദരനാണ്.

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

keralanews schools in the state open today after onam vacation

തിരുവനന്തപുരം: ഓണാവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ 270 സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌ക്കൂളുകളാണ് ഇന്ന് തുറക്കുന്നത്. ദുരിതാശ്വാസ ക്യാമ്ബുകളായിരുന്ന ആലപ്പുഴ ജില്ലയിലെയും എറണാകുളത്തെ പറവൂര്‍, ആലുവ എന്നിവിടങ്ങളിലെയും ഏതാനും സ്‌കൂളുകള്‍ തുറക്കില്ല. ഇവിടെ രണ്ടുമൂന്നു ദിവസത്തിനകം ക്യാമ്ബുകള്‍ പിരിച്ചുവിടാനാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നല്ല ഉത്സാഹത്തോടെ തന്നെ എല്ലാവരും സ്‌കൂളുകളിലേക്ക് പോകണമെന്നും പാഠപുസ്തകങ്ങളും, യൂണിഫോം എന്നിവ നഷ്ടമായവര്‍ അതോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും പുതിയവ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ 217 സ്‌കൂളുകളാണ് തുറക്കാന്‍ കഴിയാത്തത്. കുട്ടനാട് മേഖലയില്‍ നൂറോളം സ്‌കൂളുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. അടുത്ത മാസത്തോടെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് അധികൃതരുടെ നിലവിലെ ശ്രമം.അധ്യയനം തുടങ്ങാന്‍ കഴിയാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പിടിഎ എന്നിവക്ക് നിര്‍ദേശമുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കു പകരം മറ്റു സൗകര്യങ്ങള്‍ കണ്ടെത്തി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണു ആലോചന.

ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം

keralanews blast in building near iritty busstand

ഇരിട്ടി:ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം.ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടത്തിൽ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആളപായമോ പരിക്കുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉടന്‍ തന്നെ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ചില കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസ് നാളെ മുതൽ പുനരാരംഭിക്കും

keralanews the service from nedumbassery airport will resume from tomorrow

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും.പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.കനത്ത മഴയില്‍ റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ 15 നാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിരുന്നു. കനത്ത മഴയില്‍ എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, വിമാനത്താവളത്തിനു ചുറ്റുമുള്ള 2300 മീറ്റര്‍ ചുറ്റുമതില്‍ തകരുകയും ചെയ്തിരുന്നു. അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളം പ്രവര്‍ത്തന സജ്ജമായെന്ന് വിമാന കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ടെന്നും സിയാല്‍ അറിയിച്ചു. ഇതോടെ കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും താത്കാലികമായി ആരംഭിച്ച വിമാന സര്‍വീസുകള്‍ ബുധനാഴ്ചയോടെ അവസാനിപ്പിക്കും.

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ;പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

keralanews rahul gandhi visit flood affected areas in kerala today

തിരുവനന്തപുരം:പ്രളയക്കെടുതി വിലയിരുത്തുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും.കേരളത്തോളെത്തുന്ന അദ്ദേഹം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.ചെങ്ങനൂരിലാണ് അദ്ദേഹം ആദ്യം എത്തുക.തുടര്‍ന്ന് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മല്‍സ്യ തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.കൊച്ചി,ആലുവ,ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്യാമ്പുകളിൽ അദ്ദേഹം ഇന്ന് സന്ദര്‍ശനം നടത്തും .നാളെ രാവിലെ കോഴിക്കോടും ,വയനാടും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ക്യാമ്ബുകളില്‍ സന്ദര്‍ശിച്ചതിന് ശേഷം തിരികെ ഡൽഹിയിലേക്ക് മടങ്ങും.

കുട്ടനാട്ടിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി;കൈകോർക്കുന്നത് അരലക്ഷം പേർ

keralanews cleaning campaign in kuttanad started 50000 will participate

ആലപ്പുഴ: പ്രളയം നാശം വിതച്ച കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രക്രിയകളില്‍ അരലക്ഷത്തിലധികം പേര്‍ പങ്കാളികളാകും.ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പ്രളയക്കെടുതിയില്‍ കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ബൃഹത്തായ ശുചീകരണ യജ്ഞത്തിനാണ് ഇന്ന് തുടക്കമാകുന്നത്.  മൂന്നു ദിവസത്തിനുള്ളില്‍ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.കേരളംകണ്ട ഏറ്റവും വലിയ പുനരധിവാസ ക്യാമ്ബയിനാണിത്.30-ന് സമാപിക്കുന്ന യജ്ഞത്തില്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ളവരും പങ്കെടുക്കും. ക്യാമ്ബില്‍ കഴിയുന്ന കുട്ടനാട്ടുകാരില്‍ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്നങ്ങളില്ലാത്ത മുഴുവന്‍ പേരും പങ്കാളികളാകും.സമൂഹ മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യജ്ഞത്തില്‍ പങ്കാളികളാകാന്‍ പതിനായിരക്കണക്കിന് പേരാണ് രാവിലെയോടെ ആലപ്പുഴയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.ഇലക്‌ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, കാര്‍പ്പെന്റര്‍മാര്‍ എന്നിവരുടെ സംഘവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടാകും. ചെളിനീക്കം ചെയ്യല്‍, ഫര്‍ണീച്ചര്‍ ശരിയാക്കല്‍, വൈദ്യുതോപകരണങ്ങള്‍ പരിശോധിക്കല്‍ എന്നിവയെല്ലാം വീട്ടുകാരുടെ സഹായത്തോടെ ചെയ്യും. പാമ്പുകളെ പിടികൂടുന്നതിന് വിദഗ്ധസംഘവും ഉണ്ടാകും. വീട് ശുചിയാക്കുന്നതിനൊപ്പം റവന്യൂ ജീവനക്കാര്‍ നഷ്ടം വിലയിരുത്തുന്നതിനുള്ള ശ്രമവും നടത്തും. വെള്ളമിറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ വീടുകള്‍ വൃത്തിയാക്കല്‍ തുടങ്ങി. ഇതിനായി ജലഗാതഗതവകുപ്പ സൗജന്യ ബോട്ട് സര്‍വീസും നടത്തുന്നുണ്ട്. 50000 പേര്‍ യജ്ഞത്തിന്റെ ഭാഗമാകുമെന്നാണ് കണക്കുകൂട്ടിയതെങ്കിലും ജനപിന്തുണ കണക്കിലെടുക്കുമ്ബോള്‍ ഒരുലക്ഷത്തോളം പേര്‍ പങ്കാളികളാകുന്ന പുനരധിവാസ യജ്ഞത്തിനാണ് കുട്ടനാട് വേദിയാകാന്‍ തയ്യാറെടുക്കുന്നത്.

മഞ്ചേശ്വരം താലൂക്കിന്റെ പേരുമാറ്റം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ധർണയും ഒപ്പു ശേഖരണവും നടത്തുന്നു

keralanews dharna and signature collection will conduct demanding not to change the name of manjeswaram thaluk

കാസർകോഡ്:മഞ്ചേശ്വരം താലൂക്കിന്റെ പേരുമാറ്റം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് ഓഫീസിനു മുൻപിൽ ധർണയും ഒപ്പു ശേഖരണവും നടത്തുന്നു.മഞ്ചേശ്വരം താലൂക്കിന്റെ പേര് തുളുനാട് താലൂക്ക് എന്നാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ വകുപ്പ് തലത്തിൽ നടന്നു വരുന്നുണ്ട്. ഇക്കാര്യത്തിൽ കേരള സർക്കാരിന് ലഭിച്ച നിവേദനം റെവന്യൂ F1/390/17 തീയതി 08.12.2017 എന്ന ഫയൽ നമ്പറിൽ റെവന്യൂ സെക്രെട്ടറിയേറ്റിലും LR/M2/16583/17 എന്ന നമ്പറിൽ ലാൻഡ് റെവന്യൂ കമ്മീഷണറേറ്റിലും H2/52628/17 എന്ന നമ്പറിൽ കാസർകോഡ് കളക്റ്ററേറ്റിലും A1/433/18 എന്ന നമ്പറിൽ കാസർകോഡ് RDO ഓഫീസിലും B1/11270/18 എന്ന നമ്പറിൽ മഞ്ചേശ്വരം താലൂക്ക് ഓഫീസിലും നിലവിലുണ്ട്.ഈ വിഷയത്തിൽ മഞ്ചേശ്വരം താലൂക്ക് ഓഫീസിൽ ചർച്ച നടക്കുന്നതാണ്.മഞ്ചേശ്വരം താലൂക്കിനെ ഭാഷാടിസ്ഥാനത്തിൽ അപഗ്രഥിച്ചാൽ ഇവിടെ 58 ശതമാനവും മലയാളികളാണ്.എന്നിട്ടും മലയാളം പഠിപ്പിക്കാത്ത 53 വിദ്യാലയങ്ങൾ ഇവിടെ നിലനിൽക്കെയാണ് പുതിയ നീക്കം.ഇതിൽ പ്രതിഷേധിച്ചാണ് സെപ്റ്റംബർ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുൻപിൽ ധർണ നടത്താനും പഞ്ചായത്ത് ആസ്ഥാനങ്ങളിൽ ഒപ്പുമരചുവട്ടിൽവെച്ച് ഒപ്പു ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കാനും മഞ്ചേശ്വരം താലൂക്ക് കേരള ഭരണഭാഷ വികസന സമിതി തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂരിനെ ഞെട്ടിച്ച് തിരുവോണനാളിൽ വീണ്ടും ടാങ്കർ അപകടം;വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

keralanews tanker lorry accident in kannur again in thiruvonam day

കണ്ണൂർ:കണ്ണൂരിനെ ആശങ്കയിലാഴ്ത്തി വീണ്ടും ടാങ്കർ അപകടം.പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് സമീപം തിരുവോണനാളിൽ പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.മംഗളൂരുവിൽ നിന്നും മലപ്പുറം ജില്ലയിലെ ചേളാരിയിലെ ഡിപ്പോയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്.പള്ളിക്കുന്ന് കുന്നിറങ്ങിവരികയായിരുന്ന ടാങ്കറിന്‌ മുന്നിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു.18 ടൺ പാചകവാതകമായിരുന്നു ടാങ്കറിൽ ഉണ്ടായിരുന്നത്.അപകടത്തിൽ നിന്നും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ട ലോറി ഡ്രൈവറും ക്‌ളീനറും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും ചേർന്ന് വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട പ്രദേശത്തെ വൈദ്യുത ബന്ധം ഉടൻ തന്നെ വിച്ഛേദിച്ചു.അതിനിടെ വാതകചോർച്ച ഉണ്ടെന്ന അഭ്യൂഹം ആശങ്ക പരത്തി.സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാതകചോർച്ച ഇല്ലെന്ന് സ്ഥിതീകരിച്ചതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.അപകടത്തെ തുടർന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടു.അപകട വിവരമറിഞ്ഞ് മംഗളൂരുവിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥരും കോഴിക്കോട്,ചേളാരി എന്നിവിടങ്ങളിൽ നിന്നും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ടാങ്കർ ഉയർത്താനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.വളപട്ടണത്തു നിന്നും എത്തിയ ഖലാസികളുടെ സഹായത്തോടെ ടാങ്കർ ഉയർത്തി.പിന്നീട് ഇത് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലേക്ക് മാറ്റി.പിന്നീട് മൂന്നു ടാങ്കറുകൾ കൊണ്ടുവന്ന് രാത്രി പതിനൊന്നു മണിയോടെ വാതകം പൂർണ്ണമായും ഇതിലേക്ക് മാറ്റി. ഈ സമയത്തൊക്കെ എന്തെങ്കിലും അപകടം ഉണ്ടായാൽ ഉടൻ തന്നെ പരിഹരിക്കുന്നതിനുള്ള സംവിധാനം ജില്ലാ ഭരണകൂടവും പോലീസും ഫയർഫോഴ്സും ചേർന്ന് നഗരത്തിലും ജവഹർ സ്റ്റേഡിയത്തിലും ഒരുക്കിയിരുന്നു.ജില്ലാ കലക്റ്റർ മിർ മുഹമ്മദലി,ഡിവൈഎസ്പി പി.പി സദാനന്ദൻ,സിഐ ടി.കെ രത്‌നകുമാർ,എസ്‌ഐ ശ്രീജിത്ത് കോടേരി,കണ്ണൂർ ഫയർ സ്റ്റേഷൻ ഇൻചാർജ് കെ.വി ലക്ഷ്മണൻ,ലീഡിങ് ഫയർമാൻ വിനോദ് കുമാർ,ഫയർമാന്മാരായ സൂരജ്,നിജിൽ,ധനേഷ്,സുബൈർ എന്നിവരാണ് രക്ഷ പ്രവർത്തനങ്ങൾക്കും സുരക്ഷയൊരുക്കുന്നതിനും നേതൃത്വം നൽകിയത്.

സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല; ഇന്ന് സംസ്ക്കരിക്കുമെന്ന് പോലീസ്

keralanews relatives not ready to accept the body of pinarayi murder case accused soumya police say the body will be cremated today
കണ്ണൂർ:ജെയിലിൽ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ.സൗമ്യയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.ആത്മഹത്യയിൽ മറ്റുള്ളവർക്ക് പങ്കുള്ളതായും സൗമ്യയുടെ ഫോണും സിം കാർഡുകളും പരിശോധിച്ചിട്ടും കൊലപാതകത്തിൽ പങ്കുള്ള കൂട്ടുപ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഇതിനാലാണ് മൃതദേഹം ഏറ്റുവാങ്ങാത്തതെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസിന് വിട്ടുകൊടുത്തു.മൃതദേഹം ഏറ്റുവാങ്ങണമെന്ന് സൗമയുടെ ബന്ധുക്കളോട് ജയിലധികൃതർ ആവശ്യപ്പെട്ടിരുന്നുവങ്കിലും ആരും തയ്യാറായില്ല.ഇതേതുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഏറ്റെടുക്കാൻ ആരും എത്താത്ത സാഹചര്യത്തിൽ മൃതദേഹം ഇന്ന് പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്ക്കരിക്കുമെന്നും കണ്ണൂർ ടൌൺ പോലീസ് അറിയിച്ചു.

ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 29 നു തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

SONY DSC

തൃശൂർ:ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 29 നു തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി  സി.രവീന്ദ്രനാഥ്.ഓണപരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 31 നുള്ളില്‍ അവരവരുടെ സ്കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അടുത്ത ദിവസങ്ങളില്‍ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.