കൊച്ചി:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുവാനുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്റെ ശുപാര്‍ശ ശരിവെച്ച് ഹൈക്കോടതി.കുട്ടികളെ കോളേജിനായി അനുവദിക്കേണ്ടെന്ന് എന്‍ട്രന്‍സ് കമ്മീഷണറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോളേജില്‍ കഴിഞ്ഞ വര്‍ഷം നടന്നത് ക്രമവിരുദ്ധമായ പ്രവേശനമാണെന്നും കോടതി കണ്ടെത്തിയിരുന്നു. ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് കണ്ട് ആരോഗ്യ സര്‍വ്വകലാശാല മുൻപും ഈ കോളേജിലെ പ്രവേശനം തടഞ്ഞിരുന്നു. ഇതിനെതിരെ കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
നിയന്ത്രണംവിട്ട ആഡംബര കാർ ഓട്ടോയിലിടിച്ച് ആറുപേർ മരിച്ചു
കോയമ്പത്തൂർ:നിയന്ത്രണംവിട്ട ആഡംബര കാർ ഓട്ടോയിലും ബസ് കാത്തുനിന്നവരെയും ഇടിച്ച് ആറുപേർ മരിച്ചു.കോയമ്പത്തൂരിലെ സുന്ദരാപുരത്താണ് അപകടം നടന്നത്.സോമു(55), സുരേഷ് (43), അംശവേണി(30), സുഭാഷിണി(20), ശ്രീരംഗദാസ്(75), കുപ്പമ്മല്‍(60) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ഓഡി കാറാണ് അപകടത്തിൽപ്പെട്ടത്.ബസ് കാത്ത് നിന്ന രണ്ടുപേരെ ഇടിച്ച് പാര്‍ക്ക് ചെയ്ത ഓട്ടോയിലുമിടിച്ച കാര്‍ തൊട്ടടുത്ത പൂക്കടയിലും ഇലക്‌ട്രിക് പോസ്റ്റിലുമിടിച്ചാണ് നിന്നത്. ആറുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു
കൊച്ചി:പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു.ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.40 നാണ് അന്ത്യം സംഭവിച്ചത്. 68 വയസായിരുന്നു.അര്‍ബുദബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്പായിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.കേരളത്തിലെ ഗസല്‍ ഗായകരില്‍ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി.നിരവധി ഗസല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നല്‍കിയ ആല്‍ബം പാടുക സൈഗാള്‍ പാടുക ഇന്നും ഹിറ്റ്ലിസ്റ്റിലുണ്ട്. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്.
ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് കാറിലിടിച്ച് 16 പേർക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം
മംഗളൂരു:ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് കാറിൽ ഇടിച്ചു കയറി 16 പേർക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബുധനാഴ്ച അഡ്യാറില്‍ വെച്ചാണ് അപകടമുണ്ടായത്. ബി സി റോഡില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് ആദ്യം ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയും പിന്നാലെ കാറിലിടിക്കുകയുമായിരുന്നു. കാറോടിച്ചിരുന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റുള്ളവര്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിവമരറിഞ്ഞ് കങ്കനാടി പോലീസ് സ്ഥലത്തെത്തി.
കണ്ണൂര്‍ വിമാനത്താവളത്തിന് സെപ്റ്റംബര്‍ പതിനഞ്ചിനകം അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറി
കണ്ണൂര്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സെപ്റ്റംബര്‍ പതിനഞ്ചിനകം അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ ഉറപ്പ്. വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെയും അനുമതികള്‍ ലഭ്യമാക്കാനും ഓരോ ലൈസന്‍സുകളും ലഭ്യമാക്കേണ്ട തീയതികളും യോഗത്തില്‍ ധാരണയായി. വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബേ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, മിനിസ്ട്രി ഓഫ് ഡിഫന്‍സ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കസ്റ്റംസ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.രാജ്യത്തിനകത്തെ സര്‍വീസുകള്‍ക്കും വിദേശത്തേക്കു പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്കും അനുമതി നല്‍കി. വിദേശ കമ്പനികളുടെ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണ്. ഉഡാന്‍ പദ്ധതിയുടെ പരിമിതികള്‍ മനസ്സിലാക്കി പുതുക്കിയ വ്യവസ്ഥകളും വ്യോമയാന മന്ത്രാലയം യോഗത്തില്‍ അവതരിപ്പിച്ചു.സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ്, ഡല്‍ഹിയിലെ സ്‌പെഷല്‍ ഓഫിസര്‍ എ.കെ.വിജയകുമാര്‍, ചീഫ് പ്രൊജക്‌ട് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് കെ.എസ്.ഷിബുകുമാര്‍, കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ പുനിത് കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ഇടുക്കിയിൽ ഒരു കുടുംബത്തിൽ നിന്നും കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.വീടിനു സമീപം കണ്ട കുഴിയിൽ കുഴിച്ചു മൂടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ നാല് ദിവസമായി ഇവരെ കാണാതായിട്ടെന്ന് നാട്ടുകാർ പറഞ്ഞു.തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ രക്തക്കറയും വീടിനു സമീപത്തായി സംശയാസ്പദമായ രീതിൽ കുഴി മൂടിയതായും കണ്ടെത്തിയിരുന്നു.ഈ കുഴിയിലെ മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കിട്ടിയത്. കാളിയാര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണമെന്ന് അമിക്കസ് ക്യൂറി
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ എതിർപ്പുമായി അമിക്കസ് ക്യൂറി രംഗത്ത്.ആചാരങ്ങളേയും വിശ്വാസങ്ങളേയും കോടതി മാനിക്കുകയാണ് വേണ്ടെതെന്ന് അമിക്കസ് ക്യൂറി രാമമൂര്‍ത്തി പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസത്തിന്റെ ഭാഗമാണ്. അത്തരം കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ഉചിതമല്ല. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയെ അറിയിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു.അതേസമയം മറ്റൊരു അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രന്‍, നേരത്തെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നു.
ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായി;പോലീസ് പരിശോധനയിൽ വീടിനുള്ളിൽ രക്തക്കറയും സമീപത്തായി സംശയകരമായ നിലയിൽ മൂടിയ കുഴിയും കണ്ടെത്തി
ഇടുക്കി:ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് ഒരു വീട്ടിലെ നാലുപേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായി.കാനാട്ട് കൃഷ്ണന്‍(54), ഭാര്യ സുശീല(50), മക്കള്‍ ആശ(21), അര്‍ജുന്‍(17) എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാളിയാര്‍ പൊലീസെത്തി വീട് തുറന്നു പരിശോധിച്ചപ്പോൾ വീടിനുള്ളിലും ഭിത്തിയിലും രക്തക്കറ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത്കൂടാതെ വീടിനടുത്ത് സംശയകരമായി രീതിൽ മൂടിയ നിലയിൽ കുഴിയും കണ്ടെത്തി.വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആടിന്‍കൂടിന് സമീപത്തായി കാണപ്പെട്ട കുഴി ആർ ഡി ഓ യുടെ നേതൃത്വത്തിൽ തുറന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ്.
ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറക്കുമെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയത്.ഡാം തുറക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ക്കുമായി മന്ത്രി മണിയെ യോഗം ചുമതലപ്പെടുത്തി.അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 2,395.88 അടിയാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,395 അടി ആയപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഡാം തുറക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും അധികൃതര്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. കഴിഞ്ഞ തവണ 2,401 അടി ആയപ്പോഴാണ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ ഇത്തവണ അത്രയും കാത്തിരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.ഡാമിലേക്കുള്ള നീരൊഴുക്ക് മുമ്പത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ ജലനിരപ്പ് 2400 അടിയിലെത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടിയില്‍ മഴ കുറഞ്ഞാല്‍ ജലനിരപ്പ് കുറയാനും ഇടയുണ്ട്. അങ്ങനെയെങ്കില്‍ ഡാം തുറക്കേണ്ടി വരില്ല.
മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
ശ്രീകണ്ഠാപുരം:മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിലായി.കോഴിക്കോട് ഫറോക് കുന്നത്തുവീട്ടിൽ വാസിക്(24),രാമനാട്ടുകര പുതിയപറമ്പത്ത് വീട്ടിൽ ദിൽഷാദ്(24) എന്നിവരാണ് ശ്രീകണ്ഠാപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ പക്കൽ നിന്നും മൂന്നു ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.ചെറിയ ഗുളികയുടെ രൂപത്തിലാണ് ഇവർ ഇത് സൂക്ഷിച്ചിരുന്നത്. ഇവരുടെ കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങിയ ഇവർ വഴിതെറ്റിയാണ് ശ്രീകണ്ഠപുരത്ത് എത്തിയത്.ഒരു ഗ്രാം കൈവശം വെച്ചാൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ലഹരി വസ്തുവാണ് എംഡിഎംഎ.പ്രതികളെ വടകര നാർക്കോട്ടിക് പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദനൻ,പ്രിവന്റീവ് ഓഫീസർമാരായ പി.ടി യേശുദാസ്,പി.ആർ സജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.വി അഷ്‌റഫ്, പി.വി പ്രകാശൻ,അബ്ദുൽ ലത്തീഫ്,എം.രമേശൻ,ഡ്രൈവർ കേശവൻ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.