ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ ഇന്നലെ പോലീസ് കസ്റ്റഡിയിലായ ഷാജിയിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.മന്ത്രവാദ ക്രിയാകര്‍മങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉന്നതരുമായി കൃഷ്ണന് ബന്ധമുള്ളതായി പൊലീസിന് വിവിരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബുവിനെ ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതില്‍ കൃഷ്ണനുമായി അടുത്ത ബന്ധം ഷിബുവിന് ഉണ്ടായിരുന്നതായാണ് സൂചന. ഷിബുവിന്‍റെ ഫോണ്‍ സംഭാഷണത്തിലെ കോടികളുടെ ഇടപാട് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പോയിട്ടുള്ള കൃഷ്ണന്‍റെ സാമ്ബത്തിക ഇടപാടുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കൃഷ്ണന്‍റെ കുടുംബത്തില്‍ വന്‍ തുക അടുത്തുതന്നെ വന്നുചേരുമെന്ന് സുശീല പറഞ്ഞതായി സഹോദരി ഓമന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കേസില്‍ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കണ്ണൂർ പേരാവൂരിൽ മുക്കുപണ്ടം പണയം വെച്ച് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ
കണ്ണൂര്‍ : കണ്ണൂര്‍ പേരാവൂരില്‍ മുക്കുപണ്ടം പണയം വെച്ച് അരക്കോടിയോളം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. പുതുശ്ശേരി സ്വദേശി എടപ്പാറ അഷറഫ്(35)നെയാണ് പേരാവൂര്‍ സി.ഐ കെ.വി പ്രമോദന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്‌ഐ കെ.വി സ്മിതേഷ് അറസ്റ്റു ചെയ്ത്.പേരാവൂരിലെ അര്‍ബന്‍ ബാങ്കില്‍ നിന്ന് വിവിധ സമയങ്ങളിലായി എട്ടര ലക്ഷം രൂപയാണ് മുക്കു പണ്ടം പണയം വെച്ച് തട്ടിയത്. ഇതു കൂടാതെ ജില്ലാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, പെരുന്തോടി ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും ചുങ്കക്കുന്ന്, പേരാവൂര്‍, പയ്യാവൂര്‍, നിലമ്പൂർ എന്നിവിടങ്ങളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞത്.തമിഴ്‌നാട് തേവര എന്ന സ്ഥലത്ത് നിന്നാണ് സ്വര്‍ണ്ണം മിക്‌സ് ചെയ്ത മുക്ക് പണ്ടങ്ങള്‍ കേരളത്തിലെത്തിക്കുന്നത്. ഈ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായാണ് സംശയമെന്ന് പോലീസ് പറഞ്ഞു. പേരാവൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പരസ്യചിത്രത്തിൽ ചർക്കയിൽ നൂൽനൂൽക്കുന്നതായി അഭിനയിച്ചു;നടൻ മോഹൻലാലിന് വക്കീൽ നോട്ടീസ്
മലപ്പുറം:പ്രമുഖ കമ്പനിയുടെ പരസ്യചിത്രത്തിൽ ചർക്കയിൽ നൂൽനൂൽക്കുന്നതായി അഭിനയിച്ചതിന് നടൻ മോഹൻലാലിന് വക്കീൽ നോട്ടീസ് അയച്ചതായി സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്. പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്ക് കത്തയച്ചതായും അവര്‍ പറഞ്ഞു.ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്ന് മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരും. ഖാദിയെന്ന പേരില്‍ വ്യാജ തുണിത്തരങ്ങള്‍ വ്യാപകമാണെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. ഖാദി ബോര്‍ഡ് ഓണം-ബക്രീദ് മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു ശോഭന ജോർജ്.
ഇടുക്കി കൂട്ടക്കൊലപാതകം;മൂന്നുപേർ കസ്റ്റഡിയിൽ;ലഭിച്ചിരിക്കുന്നത് നിർണായക വിവരങ്ങൾ
ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ.ലീഗ് പ്രാദേശിക നേതാവ്, തിരുവനന്തപുരം എആര്‍ ക്യാമ്പിലെ മുന്‍ അസിസ്റ്റന്റ് കമിഷണര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഫോണ്‍ലിസ്റ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്.കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അർജുൻ എന്നിവരുടെ മൃതദേഹങ്ങള്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ചിട്ടുള്ളത്.കൃഷ്ണനെ നിരന്തരം ഫോണ്‍ ചെയ്ത പതിനഞ്ചോളം പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. മന്ത്രവാദികള്‍ അടക്കമുള്ളവരാണ് ഇവര്‍. കൃഷ്ണന്റെ പല ഇടപാടുകളിലെയും സഹായിയാണ് കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശി.അടുത്ത നാളുകളില്‍ ഇയാളുടെ ഫോണില്‍ നിന്നാണ് കൃഷ്ണനെ ഏറ്റവും കൂടുതല്‍ വിളിച്ചിട്ടുള്ളത്. നിരവധി തവണ ഫോണ്‍ചെയ്ത ദിവസങ്ങളുണ്ട്.മരിച്ച നാലുപേരുടെയും ദേഹത്ത് മാരകമായ നിരവധി മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ട്. മോഷ്ടാക്കള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഇങ്ങനെ സംഭവിക്കാറില്ലെന്ന് പോലീസ് പറയുന്നു.ഇതുകൊണ്ടു തന്നെ കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാകാനുള്ള സാധ്യത പോലീസ് ആദ്യംതന്നെ തള്ളിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. കൃത്യം നടത്തിയത് കുടുംബവുമായി പരിചയമുള്ളവാരാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിനിടെ, ഒന്നിലധികം പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടെന്ന് വ്യക്തമാക്കുന്ന വിരലടയാള റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. വീട്ടുകാരുടേതല്ലാത്ത 20 വിരലടയാളങ്ങളാണ് കൊലനടന്ന വീട്ടില്‍ വ്യക്തമായി പതിഞ്ഞിട്ടുള്ളത്.
താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചു
കോഴിക്കോട്:താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചു.വയനാട് ചുരത്തിലൂടെയുള്ള ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ് ബസുകളുടെയും നിരോധനമാണ് പിന്‍വലിച്ചത്. 15 ടണ്‍ ഭാരമുള്ളതും ആറു ചക്രങ്ങളോ അതില്‍ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങള്‍ക്കായിരിക്കും ഇത് വഴി സഞ്ചരിക്കാന്‍ അനുമതി ലഭിക്കുക.ജൂണില്‍ ശക്തമായ മഴയെ തുടര്‍ന്നു റോഡ് തകര്‍ന്നതോടെയാണ് ചുരത്തിലൂടെയുള്ളഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചെറിയ വാഹനങ്ങളും കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും താല്‍ക്കാലികമായി നന്നാക്കിയ റോഡിലൂടെ സര്‍വീസ് നടത്തിയിരുന്നു.
ഇരിട്ടി കൂട്ടുപുഴയിൽ കഞ്ചാവുമായി വിദ്യാർഥികളടക്കം അഞ്ചംഗസംഘം പിടിയിലായി
ഇരിട്ടി:ഇരിട്ടി കൂട്ടുപുഴയിൽ കഞ്ചാവുമായി വിദ്യാർഥികളടക്കം അഞ്ചുപേർ പോലീസ് പിടിയിലായി.തലശേരി, മുഴപ്പിലങ്ങാട് സ്വദേശികളായ എഞ്ചിനിയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ ഇരിട്ടി എസ്‌ഐ പി.സുനില്‍കുമാറും സംഘവുമാണ് കഞ്ചാവ് സഹിതം ഇവരെ പിടികൂടിയത്.ബംഗളൂരു ചിത്രുദുര്‍ഗയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പോയി കാറില്‍ മടങ്ങുകയായിരുന്നു ഇവർ.കാറിലെ സീറ്റിനടിയില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇടുക്കി കൂട്ടക്കൊലപാതകം;പോലീസ് അന്വേഷണം ഊർജിതമാക്കി;നിർണായക വിവരങ്ങൾ ലഭിച്ചു
ഇടുക്കി:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു.ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് പോലീസ് ഉറപ്പിക്കുന്നു.താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് കൃഷ്ണന് മുന്‍കൂട്ടി ഭയമുണ്ടായിരുന്നതായും വിവരമുണ്ട്. എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക് കയറി വന്നേക്കാവുന്ന കൊലയാളികളെ നേരിടാന്‍ വീട് നിറയെ കൃഷ്ണന്‍ ആയുധങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നു.കൃഷ്ണന്റെ വീട്ടിലെ ഓരോ മുറിയില്‍ നിന്നും പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് കൊലയാളികള്‍ കൃഷ്ണനേയും ഭാര്യയേയും മക്കളേയും അതിക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഈ സംഘത്തില്‍ അഞ്ച് പേരോളം ഉണ്ടായിരുന്നിരിക്കണമെന്നും പോലീസ് കരുതുന്നു.കൊല നടത്തിയ ശേഷം കുളിയും കഴിഞ്ഞാണ് കൊലയാളി സംഘം കൃഷ്ണന്റെ വീട്ടില്‍ നിന്ന് മടങ്ങിയതെന്നാണ് സൂചന. ഭിത്തിയില്‍ പുരണ്ട രക്തക്കറ കഴുകി വൃത്തിയാക്കിയിരുന്നു. വീടിനുള്ളിലും സമീപത്തുമായി 20 വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 120പ്പരം ആളുകളെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ തൊടുപുഴ, നെടുങ്കണ്ടം സ്വദേശികളാണ് എന്നാണ് സൂചന. തൊടുപുഴ സ്വദേശിയായ വ്യക്തി കൃഷ്ണന്റെ സഹായിയാണ്. നെടുങ്കണ്ടം സ്വദേശി കൃഷ്ണന്റെ സുഹൃത്താണ്. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.അതിനിടെ കൊലയാളികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ഒരു വാഹനം പരിസരത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൊല നടന്ന ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയും കൃഷ്ണന്റെ വീടിന് പരിസരം കേന്ദ്രീകരിച്ച് നടന്ന മുഴുവന്‍ ഫോണ്‍ വിളികളുടേയും വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൃഷ്ണന്‍ പതിവായി സിമ്മും ഫോണും മാറ്റിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാറിയ ഓരൊ നമ്ബറുകളിലേക്കും വിളിച്ചിരുന്നവരാണ് പോലീസ് സംശയിക്കുന്നവരുടെ പട്ടികയില്‍ പ്രധാനമായും ചോദ്യം ചെയ്തത്.
കേരളാഹൗസിൽ സുരക്ഷാ വീഴ്ച;കത്തിയുമായി മുഖ്യമന്ത്രിയുടെ താമസസ്ഥലത്ത് മലയാളിയുടെ പ്രതിഷേധം
ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന കേരളാ ഹൗസിൽ വൻ സുരക്ഷാ വീഴ്ച.കത്തിയുമായി മുഖ്യമന്ത്രിയുടെ താമസസ്ഥലത്തെത്തിയ മലയാളി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർത്തി. സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി താമസിക്കുന്ന കേരളഹൗസിലെ കൊച്ചിന്‍ ഹൗസിന് മുന്നിലായിരുന്നു വിമല്‍രാജിന്റെ പ്രതിഷേധം. തൊഴില്‍ സംബന്ധമായ തന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു വിമല്‍രാജിന്റെ പ്രതിഷേധം. പോക്കറ്റില്‍ ദേശീയപതാകയും കൈയില്‍ കത്തിയുമായി കേരളാ ഹൗസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച വിമല്‍രാജിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും കീഴ്‌പ്പെടുത്തി കത്തി പിടിച്ചു വാങ്ങുകയുമായിരുന്നു. നാല് ജില്ലകളിലായി മുഖ്യമന്ത്രിയെ കാണുന്നതിന് ശ്രമിച്ചു. എന്നാല്‍, നടന്നില്ല. അതിനാലാണ താന്‍ ഡല്‍ഹിയിലെത്തിയതെന്ന് വിമല്‍കുമാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.ഗതികേടു കൊണ്ടാണ് താന്‍ ഇത്തരമൊരു പ്രതിഷേധത്തിന് മുതിർന്നതെന്നും തന്നെ വേണമെങ്കില്‍ തല്ലിക്കൊന്നോളൂവെന്നും വിമല്‍ പറഞ്ഞു.
ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും;വിജ്ഞാപനം പുറത്തിറങ്ങി
ന്യൂഡൽഹി:ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഇന്നലെ രാവിലെ തന്നെ കെ എം ജോസഫിന്റെ നിയമനം കേന്ദ്രം അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമനം രാഷ്ട്രപതി അംഗീകരിച്ചതോടെ കേന്ദ്ര നിയമമന്ത്രാലയം ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറത്തിറക്കുകയായിരുന്നു.കെ എം ജോസഫിനെ കൂടാതെ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജിയേയും ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണിനേയും മറ്റ് രണ്ട് പുതിയ ജഡ്ജിമാരായി സുപ്രീംകോടതിയിലേക്ക് നിയമിക്കുന്നുണ്ട്. ഇവരുടെ നിയമന ഉത്തരവുകളും കേന്ദ്ര നിയമമനന്ത്രാലയം ഇറക്കിയിട്ടുണ്ട്. കെ എം ജോസഫിനൊപ്പം തന്നെ കേരള ഹൈക്കോടതിയിലെ നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും നിയമമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യവുമായി അമ്മ സംഘടനയിലെ നടിമാർ;വേണ്ടെന്ന് ആക്രമണത്തിനിരയായ നടി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ തുടങ്ങാനിരിക്കെ സർക്കാർ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യവുമായി അമ്മ സംഘടനയിലെ രണ്ടു നടിമാർ.അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍ കുട്ടി ഹർജിയുമായി കോടതിയെ സമീപിച്ചത്.25 വര്‍ഷമെങ്കിലും അനുഭവ പരിചയുമള്ള ആളാകണം കേസില്‍ പ്രോസിക്യൂട്ടര്‍. സഹായിയായി യുവഅഭിഭാഷകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ച ഇവർ കോടതിയിൽ കക്ഷി ചേരുകയായിരുന്നു.എന്നാൽ കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി രംഗത്തെത്തി.കേസ് നടത്തിപ്പിന് പുറമെ നിന്നുള്ള സഹായം ആവശ്യമില്ലെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.നടിയോട് ആലോചിച്ചാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. പ്രോസിക്യൂട്ടര്‍ കേസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി.കേസ് നടത്തിപ്പിന്റെ കാര്യങ്ങള്‍ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തനിക്ക് അറിയാം.താന്‍ നിലവില്‍ അമ്മയില്‍ അംഗമല്ല. കേസ് നടത്തിപ്പിന് തനിക്ക് പുറത്ത് നിന്ന് സഹായം ആവശ്യമില്ലെന്ന് നടി അറിയിച്ചു.