തിരുവനന്തപുരം:അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈ ആസ്ഥാനമായ ‘ടൈംപാസ് ലോലിപോപ്സ്’ എന്ന കമ്പനിയുടെ ലോലിപോപ്പ് കേരളത്തിൽ നിരോധിച്ചു.ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. ഇത് കഴിക്കുന്നത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം ജി രാജമാണിക്യം അറിയിച്ചു. ഇവയുടെ ഉല്‍പ്പാദകരുടെയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടിയെടുക്കും. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദകരും മധുര പലഹാരങ്ങള്‍ വില്‍ക്കുന്നവരും ബേക്കറി ഉടമകളും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. കുട്ടികളും രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.
കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അതുകൂടാതെ ചികിത്സ വേണ്ടത്ര ഫലം കാണുന്നില്ലെന്നും ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറിലാണ് ആരോഗ്യസ്ഥിതി മോശമായതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കരുണാനിധിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായെന്ന് പ്രചരിച്ചതോടെ നിരവധി ഡിഎംകെ പ്രവര്‍ത്തകരാണ് ആശുപത്രി പരിസരത്തേക്ക് എത്തുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വന്‍പൊലീസ് സന്നാഹത്തെയാണ് ആശുപത്രി പരിസരത്ത് നിയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ കുറെ ദിവസങ്ങളായി കരുണാനിധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലേക്ക് മാറുകയായിരുന്നു.
തളിപ്പറമ്പിൽ ആംബുലൻസ് ഓട്ടോയുമായി കൂട്ടിയിടിച്ച് രോഗിയായ സ്ത്രീ മരിച്ചു
തളിപ്പറമ്പ്:അത്യാസന്ന നിലയിലുള്ള വയോധികയുമായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഓട്ടോറിക്ഷയുമായി കുട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗിയായ സ്ത്രീ മരിച്ചു.ആലക്കോട് ചന്ദ്ര വിലാസം ഹൗസില്‍ കാര്‍ത്യായനി (90) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടി തളിപ്പറമ്പ്-ആലക്കോട് റോഡില്‍ കാഞ്ഞിരങ്ങാട് കള്ള് ഷാപ്പിന് സമീപത്തായിരുന്നു അപകടം.ആലക്കോട് പി.ആര്‍.രാമവര്‍മ്മ രാജ സഹകരണ ആശുപത്രിയില്‍ നിന്നും രോഗിയുമായി വന്ന ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചു.നിയന്ത്രണംവിട്ട ആംബുലൻസ് തൊട്ടടുത്ത പറമ്പിന്റെ മതിലിടിച്ച് തകര്‍ത്ത ശേഷം റോഡരികിലെ താഴ്ച്ചയിലേക്കിറങ്ങി നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയും സേനയുടെ ആംബുലൻസിൽ കാർത്യായനിയെയും മക്കളായ ഉഷ, ഷീല എന്നിവരേയും പരിയാരം മെഡിക്കല്‍ കോളേജിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ അപ്പോഴേക്കും അവശനിലയിലായ കാര്‍ത്യായനി മരിച്ചിരുന്നു.
സീനിയോറിറ്റി വിവാദത്തിനിടെ സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി:സീനിയോറിറ്റി വിവാദത്തിനിടെ സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു.ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ജഡ്ജുമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.15 മിനിട്ട് മാത്രം നീണ്ടുനിന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിര്‍ന്ന അഭിഭാഷകരും ജഡ്ജുമാരും പങ്കെടുത്തു.ചീഫ് ജസ്റ്റിസിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ചുമതലപ്പെടുത്തിയ രാഷ്ട്രപതിയുടെ അറിയിപ്പ് വായിച്ചതോടെയാണ് സത്യപ്രതിജ്ഞയുടെ നടപടികള്‍ക്ക് തുടക്കമായത്. മുന്‍ നിശ്ചയിച്ച സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍, ജസ്റ്റിസ് കെ എം ജോസഫ് എന്ന ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.7 മാസത്തെ വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതി ജഡ്ജിയായുള്ള കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. 4 വര്‍ഷവും 10 മാസവും സുപ്രീംകോടതി ജഡ്ജിയായി കെ എം ജോസഫിന് സേവനമനുഷ്ഠിക്കാനാകും. 7 മാസം കൊളീജിയം അംഗമായും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാം.ജഡ്ജിയായി കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഏറെ ചര്‍ച്ചയായ സീനിയോറിറ്റി പ്രശ്‌നം സത്യപ്രതിജ്ഞയ്ക്ക് ശേഷവും സുപ്രീംകോടതിയില്‍ അവസാനിക്കില്ലെന്ന സൂചനയാണ് നിലവിലുള്ളത്.
വയനാട്ടിൽ ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചു
വയനാട്:ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. മീനങ്ങാടി സ്വദേശികളായ രാഹുല്‍ (22), അനസ് (18) എന്നിവരാണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഷാഹിലിനാണ് പരിക്കേറ്റത്.പരിക്കേറ്റയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറ്റ-ബത്തേരി റോഡില്‍ താഴെമുട്ടിലിലാണ് അപകടം നടന്നത്.മഴയിൽ നനഞ്ഞ റോഡിൽ ബൈക്ക് തെന്നിവീണാണ് അപകടമുണ്ടായത്.
കാറിൽ കടത്തുകയായിരുന്ന ആറുലക്ഷം രൂപ വിലവരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി
ഇരിട്ടി:ആഡംബര കാറിൽ കടത്തുകയായിരുന്ന ആറുലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി.കിളിയന്തറ ചെക്ക് പോസ്റ്റിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.വീരാജ്പേട്ടയിൽ നിന്നും ചാക്കുകളിലാക്കിയാണ് ഇവ കടത്തിയത്.കാറിന്റെ ഡിക്കിയിലും പിറകുവശത്തെ സീറ്റ് അഴിച്ചുവെച്ച് അവിടെയുമായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ കെ.കെ ഫൈസൽ,സൈനൂൽ ആബിദ് എന്നിവരെയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.ഓണം,പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കൾ കേരളത്തിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് എക്‌സൈസും പോലീസും പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.സംസ്ഥാനത്ത് പാൻ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ കർണാടകയിൽ നിന്നാണ് ഇവ വ്യാപകമായി കടത്തിക്കൊണ്ടുവരുന്നത്.എക്‌സൈസ് ഇൻസ്പെക്റ്റർ ഇ.ഐ ടൈറ്റസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പ്രിവന്റീവ് ഓഫീസർമാരായ ഇ.ജിമ്മി,എം.കെ സതീഷ്,വിപിൻ ഐസക്,പി.സുരേഷ്,വി.എൻ സതീഷ് തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
കൊച്ചി മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ച് മൂന്നു മൽസ്യത്തൊഴിലാളികൾ മരിച്ചു;12 പേരെ രക്ഷപ്പെടുത്തി
കൊച്ചി:മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു മൽസ്യത്തൊഴിലാളികൾ മരിച്ചു.12 പേരെ രക്ഷപ്പെടുത്തി.ഇന്ന് പുലര്‍ച്ചെയാണ് അപകടം.മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ പതിനഞ്ച് മത്സ്യത്തൊഴിലാളികള്‍ അടങ്ങിയ ഓഷ്യാനമിക് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകട വിവരം അറിഞ്ഞ സമീപത്തുള്ള ബോട്ടിലെ മത്സ്യതൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകട വിവരമറിഞ്ഞെത്തിയ നേവിയുടെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം നടന്നു.അപകടമുണ്ടാക്കിയ കപ്പൽ തിരിച്ചറിഞ്ഞിട്ടില്ല.
അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക് പുരോഗമിക്കുന്നു
തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാമോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ വാഹനപണിമുടക്ക് പുരോഗമിക്കുന്നു. തൊഴിലാളികളും ഉടമകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്‌സി, ചരക്കു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങി പൊതുഗതാഗത ചരക്കുകടത്തു വാഹനങ്ങള്‍ ഒന്നാകെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസിയിലെ സംയുക്ത തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി നിയമം പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള മറ്റ് തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ്‌ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. വാടകയ്ക്ക് ബസ് എടുത്ത് സര്‍വീസ് നടത്താനുള്ള തീരുമാനം, ഷെഡ്യൂള്‍ പരിഷ്‌കാരം, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ നടപടികള്‍ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്തോനേഷ്യയിൽ ഭൂചലനം;മരണസംഖ്യ 91 ആയി
ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളും വാഹനങ്ങളും വ്യാപകമായി തകര്‍ന്നു. ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്ന പ്രദേശങ്ങളിലും, ഭൂചലനം സംഭവിച്ച സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഇനിയും മരണസംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. ലോംബോക്കില്‍ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും , രക്ഷാപ്രവര്‍ത്തനവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.
മോട്ടോർ വാഹന പണിമുടക്ക്;വിവിധ സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം:അഖിലേന്ത്യ തലത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടർന്ന് വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്.ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും പരീക്ഷ ബോര്‍ഡ് മാറ്റിവച്ചിട്ടുണ്ട്.