തിരുവനന്തപുരം:പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചു.ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് സംഘം വെള്ളപ്പൊപ്പ ദുരിതം നേരിടുന്ന ജില്ലകളിലെത്തുന്നത്. രാവിലെ 7.45നാണ് സംഘം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്.റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.ഇടുക്കി മേഖലയിൽ ആദ്യം സന്ദർശനം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല. മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ കട്ടപ്പനയില്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു.തുടര്‍ന്ന് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു.വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങുന്ന സംഘം ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. തുടർന്ന് കോഴിക്കോട്ടേക്ക് പോകും.4.45 ഓടെ കൊച്ചിയിലേക്ക് തിരിക്കുന്ന സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആറരയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും. മറ്റിടങ്ങളിൽ ആകാശ നിരീക്ഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്
ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി.2401.10 ആണ് ഇപ്പോള്‍ നിലവിലുള്ള ജലനിരപ്പ്. എന്നാല്‍ ഷട്ടറുകളിലൂടെ പുറക്കേത്ത് ഒഴുകി വരുന്ന ജലത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. ചെറുതോണി പാലം ഇപ്പോഴും വെള്ളത്തിന്റെ അടിയിലാണ്. ചെറുതോണി ടൗണിന് സമീപമുള്ള ബസ്‌സ്റ്റാന്‍ഡിന്റെ പകുതിയിലേറെ ഭാഗം തകര്‍ന്നിട്ടുണ്ട്. അണക്കെട്ട് തുറന്നിട്ടും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാത്തത് ആശ്വാസമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി പറഞ്ഞു. നടപടികളെല്ലാം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നു. എവിടെയും കുഴപ്പങ്ങളില്ല, മുന്നോട്ടുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയും വെള്ളപ്പൊക്കവും;ബാങ്കുകൾ എടിഎമ്മുകൾ അടച്ചിടും
കൊച്ചി:ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെ ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളില്‍ ഗ്രൗണ്ട് ഫ്‌ലോറുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും ഉടന്‍ പൂട്ടിയേക്കും. ഇതു സംബന്ധിച്ച് ചില ബാങ്കുകള്‍ ശാഖകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.എടിഎമ്മുകളില്‍ ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവന്‍ സമീപത്തെ കറന്‍സ് ചെസ്റ്റുകളിലേക്ക് മാറ്റാനാണ് ശാഖകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എത് അടിയന്തരഘട്ടത്തിലും പണം മാറ്റാന്‍ ശാഖകല്‍ തയ്യാറായിരിക്കണം. ചെസ്റ്റുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ തുകകള്‍ സേഫുകളിലെ ഏറ്റവും ഉയര്‍ന്ന റാക്കുകളിലേക്കു മാറ്റണമെന്നും നിര്‍ദേശമുണ്ട്. എടിഎം കൗണ്ടറിലെ പവര്‍ സപ്ലൈ പൂര്‍ണമായും ഓഫ് ചെയ്ത ശേഷം ഷട്ടറുകള്‍ അടയ്ക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കും. ബാങ്കിലെ സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റണം. ബാങ്കുകളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് നിര്‍ദേശം.
പ്രളയം;എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപരം:കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 13 വരെയും. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോടും മത്സ്യബന്ധന തൊഴിലാളികളോടും കാറ്റും മഴയും ശമിക്കുന്നതുവരെ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചു. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതിനാലും അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ജനങ്ങള്‍ പുഴയിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്ലാന്റിൽ ചെളിവെള്ളം കയറിയതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു
കണ്ണൂര്‍: പ്ലാന്റില്‍ ചെളിവെള്ളം കയറിയതിനെ തുടര്‍ന്നു കുടിവെള്ള വിതരണ പമ്പിങ് നിര്‍ത്തിവച്ചു. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ കുടിവെള്ള വിതരണം തടസപ്പെട്ടു. ഞായറാഴ്ച വരെ കുടിവെള്ളം വിതരണം മുടങ്ങുമെന്നാണ് അറിയുന്നത്. പഴശി ഡാമിലെ പമ്പ് ഹൗസിലും ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റിലും ചെളിയോടെയുള്ള വെള്ളം കയറിയതിനെ തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിവച്ചത്.മലയോര മേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നു പഴശി ഡാമിലേക്ക് ചെളിയോടെയുള്ള വെള്ളം കുത്തിയൊഴുകിയതാണ് കുടിവെള്ള പ്ലാന്റിലും ചെളി കയറാനിടയായത്. ഡാമിലെ പമ്പ് ഹൗസില്‍ നിന്നു ശേഖരിക്കുന്ന വെള്ളം ചാവശേരി പറമ്പിലേയും മറ്റും പ്ലാന്റിലേക്ക് പമ്പ് ചെയ്താണ് ശുചീകരിക്കുന്നത്.ശുചീകരണ പ്ലാന്റില്‍ ചെളി അടിഞ്ഞുകൂടിയതോടെ ശുചീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പമ്പിങ് നിര്‍ത്തിവച്ചത്. പ്ലാന്റിലെ ചെളി നീക്കി ശുചീകരിച്ചതിനു ശേഷമേ പമ്പിങ് പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്നു അധികൃതര്‍ അറിയിച്ചു.കണ്ണൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് തടസപ്പെട്ടതിനാല്‍ കണ്ണൂര്‍ കോര്‍പറേഷനിലും സമീപ പഞ്ചായത്തുകളിലുമാണ് കുടിവെള്ളം മുടങ്ങിയത്. പെരളശേരി പദ്ധതിയില്‍ നിന്നു 11 പഞ്ചായത്തുകളിലും കൊളച്ചേരി പദ്ധതിയുടെ മട്ടന്നൂര്‍ നഗരസഭയിലും കീഴല്ലൂര്‍, കൂടാളി, നാറാത്ത്, കുറ്റ്യാട്ടൂര്‍, കൊളച്ചേരി തുടങ്ങിയ പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണം മുടങ്ങിയത്.
ഇടുക്കി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു;ജലനിരപ്പ് 2401.50 അടിയായി
ഇടുക്കി:ജലനിരപ്പ് 2401.50 അടിയായി ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു.അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ കെഎസ്‌ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചിരുന്നു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു.2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 300 ക്യൂമെക്‌സ് വെള്ളമാണ് പുറത്തുവിടുന്നത്. ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളം കുത്തിയൊലിച്ച് എത്തുക പെരിയാറിലേക്ക് ആണ്. പെരിയാറില്‍ അനിയന്ത്രിതമായി വെള്ളം ഉയര്‍ന്നാല്‍ അത് കൊച്ചിയിലും വെള്ളപ്പൊക്കത്തിന് ഇടയാക്കും. ആലുവ പുഴ ഇപ്പോള്‍ തന്നെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴ;കക്കാട്,വളപട്ടണം പുഴകൾ കരകവിഞ്ഞു;റോഡുകൾ വെള്ളത്തിനടിയിലായി
കണ്ണൂർ:കനത്ത മഴയെ തുടർന്ന് കക്കാട്,വളപട്ടണം പുഴകൾ കരകവിഞ്ഞു.മിക്ക റോഡുകളും വെള്ളത്തിനടിയിലായി.വ്യാപക കൃഷിനാശവുമുണ്ടായി. വാഹനഗതാഗതവും ഭാഗികമായി മുടങ്ങി.കക്കാട് പുഴ കരകവിഞ്ഞൊഴുകി കക്കാട്-പള്ളിപ്രം റോഡ്,പള്ളിപ്രം-കരിക്കൻകണ്ടിച്ചിറ റോഡ്,കക്കാട്-കുഞ്ഞിപ്പള്ളി റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. തുടർന്ന് ഇതുവഴിയുള്ള ചെറിയ വാഹനങ്ങളെല്ലാം വഴിതിരിച്ചു വിടുകയായിരുന്നു. പുഴയും റോഡും തിരിച്ചറിയാനാകാത്ത വിധം വെള്ളം കയറിയതിനാൽ കാൽനട യാത്രയും ദുഷ്ക്കരമായി.വളപട്ടണം പുഴ കരകവിഞ്ഞൊഴുകി പാവന്നൂർ കടവ് റോഡിൽ വെള്ളം കയറി.ഇതോടെ ചൂളിയാട്,ഇരിക്കൂർ ഭാഗത്തേക്കുള്ള വാഹനഗതാഗതം നിലച്ചു.ഈ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശവുമുണ്ടായി.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും;കണ്ണൂരിൽ ഇരുനൂറിലേറെ വീടുകളിൽ വെള്ളം കയറി;ഒരുകോടിയിലേറെ രൂപയുടെ കൃഷി നാശം
കണ്ണൂർ:കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും വെള്ളപ്പൊക്കത്തിലും കണ്ണൂർ ജില്ലയിൽ കനത്ത നാശനഷ്ടം.ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. അയ്യങ്കുന്ന്, നുച്യാട്, വയത്തൂര്‍, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂര്‍, കൊട്ടിയൂര്‍, എരിവേശ്ശി, ചെങ്ങളായി, ഉളിക്കല്‍ വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഇരിട്ടി താലൂക്കില്‍ ആറും തളിപ്പറമ്പ് താലൂക്കില്‍ മൂന്നും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതിനിടെ, വയനാട് വഴിയുള്ള പാതകള്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം ക്രമീകരണങ്ങള്‍ ഒരുക്കി.വയനാട് ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായി എഡിഎം ഇ മുഹമ്മദ് യൂസഫ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ട ബസ് യാത്രക്കാരാണ് വയനാട് തലപ്പുഴ ഭാഗത്ത് കുടുങ്ങിയത്.കനത്ത മഴയിലും ഉരുൾപൊട്ടലിലും ഇരിട്ടി മേഖലയിൽ മാത്രം 75 വീടുകളാണ് നശിച്ചത്.ബുധനാഴ്ച പത്തിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനു പുറമെ വ്യാഴാഴ്ച നാലിടങ്ങളിൽ കൂടി ഉരുൾപൊട്ടി.മേഖലയിൽ നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.നൂറുകണക്കിന് ഏക്കറിലെ കൃഷിയും നശിച്ചു.ആറളം,അയ്യങ്കുന്ന് പഞ്ചായത്തുകളിലായി ഇരുപത്തഞ്ചോളം റോഡുകൾ തകർന്നു. ദുരന്തനിവാരണത്തിനായി സൈന്യവും രംഗത്തിറങ്ങി.ഡി എസ് സി ബറ്റാലിയൻ ജെ.സി.ഒ വിനോദ് കണ്ണോത്തിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘത്തെയും 122 ടി.എ ബറ്റാലിയനിലെ കമാൻഡൻറ് കെ.കെ സിംഹയുടെയും നേതൃത്വത്തിലുള്ള 25 പേരെയുമാണ് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്.
കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി
കണ്ണൂർ:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്,ഇരിട്ടി താലൂക്കുകളിൽ പെടുന്ന പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ ഇന്നും അവധി പ്രഖ്യാപിച്ചു.അങ്കണവാടികൾക്കും അവധിയായിരിക്കുമെന്ന് കലക്റ്റർ അറിയിച്ചു.
കണ്ണൂർ വിമാനത്താവളം ഒക്ടോബറിൽ പ്രവർത്തന സജ്ജമാകും;ഇനി ബാക്കിയുള്ളത് കാലിബ്രേഷൻ മാത്രം
കണ്ണൂർ:കണ്ണനൂർ അന്തരാഷ്ട്ര വിമാനത്താവളം ഒക്ടോബറിൽ പ്രവർത്തന സജ്ജമാകും. അത്യാധുനിക സംവിധാനങ്ങളോടെ നിർമാണം പൂർത്തിയായ വിമാനത്താവളത്തിൽ ഇനി ബാക്കിയുള്ളത് കാലിബ്രേഷൻ മാത്രമാണ്.മഴ രണ്ടു ദിവസമെങ്കിലും വിട്ടു നിന്നാൽ അതിനും സൗകര്യമൊരുങ്ങും.ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ വിമാനത്താവളം ഉൽഘാടനം ചെയ്യും.ഉൽഘാടന തീയതി സംസ്ഥാന സർക്കാരും ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷനും ചേർന്നാണ് തീരുമാനിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു വാർത്ത സമ്മേളനത്തിൽ പറഞ്ഞു.തുടക്കത്തിൽ തന്നെ മൂന്നു അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാകും.കണ്ണൂർ-അബുദാബി ജെറ്റ് എയർവെയ്‌സ്,കണ്ണൂർ-ദമാം ഗോ എയർ,കണ്ണൂർ-ദോഹ ഇൻഡിഗോ എന്നീ അന്താരാഷ്ട്ര സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.കൂടുതൽ വിമാനകമ്പനികൾ വൈകാതെ തന്നെ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ എത്തുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിനെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ ഉഡാൻ സർവീസ് തുടങ്ങുമെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു.എയർ ഇന്ത്യ,ഗോ എയർ,ഇൻഡിഗോ എന്നീ വിമാന കമ്പനികളാണ് ഉഡാൻ പത്തയിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ തയ്യാറായിരിക്കുന്നത്.വിദേശത്തുനിന്നുള്ള വിമാനകമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യം വൈകാതെ അംഗീകരിക്കപ്പെടുമെന്നാണ് കിയാലിന്റെ പ്രതീക്ഷ.