തിരുവനന്തപുരം:കാലവര്‍ഷക്കെടുതിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെട്ടെ സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ മരിച്ചു. മലപ്പുറംകൊണ്ടോട്ടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ഇവരുടെ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.ഇടുക്കി മൂന്നാറില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ജീവനക്കാരനായ തമിഴ്നാട് സ്വദേശി മദന്‍ മരിച്ചു. മൂന്നാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആടിയാനിക്കല്‍ ത്രേസ്യാമ്മ മരിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ ഇവരുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രന്‍ മരിച്ചു.പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയില്‍ വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്ന് ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി മരിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി;കനത്ത ജാഗ്രത നിർദേശം
ഇടുക്കി:കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി.ഇത് ആദ്യമായാണ് മുല്ലപ്പെയ്യാറിലെ ജലനിരപ്പ് ൧൪൨ അടിയാകുന്നത്.ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം തുറന്നു വിട്ടത്. 4,489 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്.പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തേണ്ടി വരുമെന്നുമാണ് വിവരം. നിലവില്‍ രണ്ടു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.50 സെന്റീമീറ്റര്‍ വീതമാണ് ഈ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഇനി തുറക്കുന്ന ഷട്ടറും 50 സെന്റീ മീറ്റര്‍ തന്നെയാകും ഉയര്‍ത്തുകയെന്നാണ് വിവരം.പമ്പ അണക്കെട്ടിലെ ജലനിരപ്പും അനുനിമിഷം ഉയരുകയാണ്. പുലര്‍ച്ചെ അഞ്ചിന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 985.80 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒന്നും ആറും ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും രണ്ട്, മൂന്ന്, നാല്, അഞ്ച് ഷട്ടറുകള്‍ 105 സെന്റീമീറ്റര്‍ വീതവുമാണ് ഇവിടെ ഉയര്‍ത്തിയിരിക്കുന്നത്.
പരിയാരം ദേശീയപാതയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് ഇരുപതുപേർക്ക് പരിക്ക്
പരിയാരം:പരിയാരം ദേശീയപാതയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് ഇരുപതുപേർക്ക് പരിക്ക്.പരിയാരം നന്മടം ക്ഷേത്രത്തിനു സമീപം ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്.കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന എ.ജി ബസ് പയ്യന്നൂർ ഭാഗത്തു നിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസ്സ് മറ്റൊരു ബസ്സിനെ മറികടക്കുമ്പോളുണ്ടാകുന്ന അപകടം ഒഴിവാക്കാനായി വെട്ടിച്ചപ്പോഴാണ് തോട്ടിലേക്ക് മറിഞ്ഞത്.യാത്രക്കാരെയും ബസ് ജീവനക്കാരെയും നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്.പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ മഴ തുടരുന്നു;റെഡ് അലർട്ട് ഇന്ന് കൂടി തുടരും
:ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് മഴ തുടരുന്നു.എന്നാൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസം മഴമൂലം ജില്ലയിൽ നാശനഷ്ട്ടങ്ങൾ ഒന്നും ഉണ്ടായില്ല.24 മില്ലീമീറ്റർ മഴയാണ് ഇന്നലെ ജില്ലയിൽ ലഭിച്ചത്.കനത്ത മഴയും ഉരുൾപൊട്ടലും കാരണം ജില്ലയിൽ പ്രഖ്യാപിച്ച റെഡ് അലർട് ഇന്ന് കൂടി തുടരും.എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ നേരിടാൻ സന്യവും സജീവമായി രംഗത്തുണ്ട്.മഴ കുറഞ്ഞതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങിയവർക്ക് 25 കിലോ അരി ഉൾപ്പെടെയുള്ള കിറ്റുകൾ റെവന്യൂ ഉദ്യോഗസ്ഥർ കൈമാറി. 450 ലേറെ ആളുകൾ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ഇപ്പോഴും കഴിയുന്നുണ്ട്.ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കലക്റ്റർ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി നിരവധി സഹായങ്ങളാണ് ലഭിക്കുന്നത്.വ്യക്തികളും സംഘടനകളും അടക്കം സഹായഹസ്തവുമായി മുന്നിട്ടിറങ്ങി. ജില്ലയിലെ ദുരിതബാധിതർക്കൊപ്പം മറ്റു കോളനികളിൽ കഴിയുന്നവർക്കും മറ്റ് ജില്ലകളിൽ ദുരിതമനുഭവിക്കുന്നവർക്കും സഹായം എത്തിക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
പ്രളയം;കേന്ദ്രം 100 കോടി അനുവദിച്ചു;കൂടുതൽ തുക അനുവദിക്കുമെന്ന് രാജ്‌നാഥ് സിംഗ്
തിരുവനന്തപുരം:സംസ്ഥാനത്തിന് കാലവര്‍ഷക്കെടുതിയില്‍ 8316 കോടി രൂപയുടെ നാശനഷ്ടമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപ അനുവദിച്ചു. കൂടുതല്‍ തുക അനുവദിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അടിയന്തിര സഹായമായി 1220 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും, സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. എന്നാല്‍ ഒരേ സീസണില്‍ രണ്ടാമതും കേരളം ഗുരുതരമായ പ്രളയഭീഷണി നേരിടുകയാണ്. ഇത് കണക്കിലെടുത്ത് വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണം. കേന്ദ്രത്തിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സ്വാതന്ത്ര്യത്തിന് ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണ് ഇപ്പോഴത്തേതെന്ന് മാധ്യമങ്ങളെ കണ്ട ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. അതേസമയം, മികച്ച രീതിയിലാണ് സംസ്ഥാനം ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു . കേരളത്തിലെ പ്രളയക്കെടുതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു .കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേരളത്തിനുണ്ടാകും.മുഖ്യമന്ത്രി പിണറായി വിജയൻ,കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ദുരന്ത ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയ അദ്ദേഹം പറവൂർ എളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു.ഡൽഹിയിലേക്ക് മടങ്ങി പോകും വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അദ്ദേഹം മാധ്യമങ്ങളെ കണ്ടു.ഇതിനു മുൻപ് മുഖ്യമന്ത്രി, മന്ത്രിമാർ,പ്രതിപക്ഷ നേതാക്കൾ,മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
വയനാട്:സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ഏതാനും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചില താലൂക്കുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഫ്രൊഫണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍, പുളിങ്കുന്ന്, കൈനകരി എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി, ഉടുമ്ബന്‍ചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി നല്‍കിയിരിക്കുകയാണ്. എറണാകുളം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു
കൊൽക്കത്ത:മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായിരുന്നു.ജൂണ്‍ അവസാനവാരം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു.എന്നാൽ സ്ഥിതി മെച്ചപ്പെട്ടതിനെ തുര്‍ന്ന് 40 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി.എന്നാല്‍ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇദ്ദേഹം ലോക്സഭാ സ്പീക്കറായിരുന്നത്.
ഇ.പി ജയരാജൻ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമനായി ഇപി ജയരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.വ്യവസായ മന്ത്രിയായാണ് ഇപി ജയരാജന്‍ ചുമതലയേല്‍ക്കുന്നത്. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലാണ് ചടങ്ങ് നടക്കുക.രാവിലെ 10 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം 11 മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ജയരാജന്‍ പങ്കെടുക്കും.ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച ശേഷം അദ്ദേഹത്തിന്‌റെ വകുപ്പുകള്‍ പകരം ചുമതലയേറ്റ എസി മൊയ്തീനാണ് കൈകാര്യം ചെയ്തിരുന്നത്. കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമ്പോൾ പഴയ വകുപ്പുകള്‍ എല്ലാം ജയരാജന് തിരികെ നല്‍കും. എസി മൊയ്തീന് തദ്ദേശഭരണവകുപ്പ് മാത്രമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. ന്യൂനപക്ഷം, വഖഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടങ്ങി വലിയ ചുമതലകള്‍ കെടി ജലീലിനെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊല്ലം: കൊല്ലം കൊട്ടിയത്ത് ഇത്തിക്കര പാലത്തില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബസ് കണ്ടക്ടര്‍ താമരശേരി സ്വദേശി ടി.പി.സുഭാഷും ബസ് ഡ്രൈവറുമാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവറെ ഒന്നര മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്കും കൊണ്ടുപോയി.മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് ലോറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു
അഹമ്മദാബാദ്: കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു. അഹമ്മദാബാദില്‍നിന്നും 180 കിലോമീറ്റര്‍ അകലെ ജംബുഗോഡയിലെ ഭാട്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. പത്ത് പേര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ് ബിലാല്‍ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുല്‍ അഫ്റോസ് (13), അസീന ബാനു (11), മുഹമ്മദ് താഹിര്‍ (11), മുഹമ്മദ് യൂസഫ് (ഏഴ്) എന്നിവരാണ് മരിച്ചത്.റോഡിലെ വളവ് തിരിയുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്നയുടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരാണ് മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ചത്.