ലോറി സമരം;സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

keralanews lorry strike the vegetable price incerasing in the state

പാലക്കാട്:ലോറി സമരം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് പച്ചക്കറി വില ഉയരുന്നത്. ഇതിനിടെ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും വ്യാപാരികള്‍ നടത്തുന്നതായാണ് വിവരം. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികള്‍ എത്തുന്നത് കുറഞ്ഞത് തൊഴിലാളികളെയും ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ലോറികള്‍ സംസ്ഥാനത്ത് എത്തിയിട്ടില്ല.തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും 20 രൂപയോളം വിലവര്‍ധിച്ചിട്ടുണ്ട്. പ്രധാനമായും സവാള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വില കുതിച്ചുയരുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റ്, തിരുവനന്തപുരം ചാല കമ്പോളം,പാളയം മാര്‍ക്കറ്റ്, എറണാകുറം, കലൂര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പച്ചക്കറികളില്‍ ഭൂരിഭാഗവും എത്തുന്നത്. ഇവിടെ നിന്നാണ് മറ്റിടങ്ങളിലേക്ക് പച്ചക്കറികള്‍ കൊണ്ടുപോകുന്നത്.

കോഴിക്കോട് രണ്ടുവയസ്സുകാരൻ മരിച്ചത് ഷിഗെല്ല ബാധമൂലമല്ലെന്ന് റിപ്പോർട്ട്

keralanews the death of two year old child in kozhikkode was not due to shigella virus infection

കോഴിക്കോട്:കോഴിക്കോട് രണ്ടുവയസ്സുകാരൻ മരിച്ചത് ഷിഗെല്ല വൈറസ് ബാധമൂലമല്ലെന്ന് റിപ്പോർട്ട്.മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഷിഗല്ലെ ബാധ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദ് ഇന്നലെയാണ് മരിച്ചത്. ഷിഗല്ലെ ബാധിച്ചാണ് കുട്ടി മരിച്ചത് എന്ന റിപ്പോര്‍ട്ടുള്‍ പുറത്തുവന്നിരുന്നു. തുര്‍ന്നാണ് കുട്ടിയുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികത്സയില്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ് കുട്ടി മരിച്ചത്.

നടിയെ ആക്രമിച്ച കേസ്;വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് സർക്കാർ

keralanews need special court and woman judge in the trial of actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തിലുള്ള നിലപാടും സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിയായ ദിലീപിന്റെ ആവശ്യത്തിലുള്ള നിലപാടും വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.കേസുമായി ബന്ധപ്പെട്ട രേഖകൾ ദിലീപിന് നൽകിയിട്ടും വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ച കേസ് വൈകിപ്പിക്കാൻ ദിലീപ് ശ്രമിക്കുകയാണെന്നും സർക്കാർ പറഞ്ഞു.അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.

എബിവിപി കണ്ണൂർ കളക്റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ കല്ലേറും സംഘർഷവും

keralanews conflict in a b v p kannur collectorate march

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എ.ബി.വി.പി. ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവും. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വിശീ.തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറും നടത്തി. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എ.ബി.വി.പി. ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ അൻപതോളംപേർ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാവിലെ പഴയ ബസ്സ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച്‌ 12 മണിയോടെയാണ് കലക്ട്രേറ്റ് പടിക്കലെത്തിയത്. ഇവിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ അല്‍പസമയത്തിനകം ശാന്തരായി. തുടര്‍ന്ന് നേതാക്കള്‍ ചിലര്‍ സംസാരിച്ചു കഴിഞ്ഞശേഷം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി. ഇതോടെയാണ് പൊലീസ് ലാത്തി വീശി പ്രവര്‍ത്തകരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചത്. നാലുഭാഗത്തേക്കും ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറ് ശക്തമായതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ റോഡിലൂടെ ഓടിയതോടെ കാല്‍ടെക്സ് സര്‍ക്കിളില്‍ അല്‍പനേരം ഗതാഗതം സ്തംഭിച്ചു.

കാസർകോഡ് അടുക്കത്ത്ബയലിൽ കൂട്ടവാഹനാപകടം;രണ്ടു കുട്ടികൾ മരിച്ചു

keralanews two children died in an accident in kasarkode adukkathbayal

കാസർകോഡ്:കാസർകോഡ് അടുക്കത്ത്ബയലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു.ചൗക്കി അൽജർ റോഡിലെ റെജീസ്-മസൂമ ദമ്പതികളുടെ മക്കളായ മിൽഹാജ്(5), ഇബ്രാഹിം ഷാസിൽ(7)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റെജീസ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ്സ് ഇവർ സഞ്ചരിച്ച ബുള്ളറ്റിലും, ബൈക്കിലും രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിൽ നിന്നും ബസ്സിനടിയിലേക്ക് തെറിച്ചു വീണ കുട്ടികളെ നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ബസിടിച്ച കാറിലുണ്ടായിരുന്ന മേല്പറമ്പിലെ അബ്ദുൽ റഹ്മാന്റെ മകൻ റിസ്‌വാൻ(24),ബന്ധു പെർവാഡിലെ ഇസ്മയിലിന്റെ മകൻ റഫീക്ക്(38),റിസ്വാന്റെ സഹോദരി റുക്‌സാന(28),റുക്‌സാനയുടെ മക്കളായ ജുമാന(4),ആഷിഫത്ത് ഷംന(2),എന്നിവർക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാൽ അഹമ്മദിനും പരിക്കേറ്റു.ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് ലോറിക്ക് നേരെ നടന്ന കല്ലേറിൽ ക്ളീനർ മരിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ

keralanews three under custody in the incident of lorry cleaner killed in stone pelting

പാലക്കാട് :വാളയാര്‍ ചെക്ക് പോസ്റ്റില്‍ സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍.കസബ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മേട്ടുപ്പാളയം സ്വദേശി മുബാറക്ക് ബാഷയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കഞ്ചിക്കോട് ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ മുബാറക് ബാഷ മരിച്ചത്. കോയമ്ബത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകര്‍ന്ന് പരുക്കേറ്റാണ് മുബാറക് ബാഷ മരിച്ചത്.കല്ലേറിൽ പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. അതിനിടെ ഇതരസംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. ഡീസല്‍ വില വര്‍ധനയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.

ലോറി സമരം;പാലക്കാട് ലോറിക്ക് നേരെ നടന്ന കല്ലേറിൽ ക്‌ളീനർ മരിച്ചു

keralanews lorry strike the cleaner of a lorry was killed in stone pelting towards the lorry

പാലക്കാട്: ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ ലോറി ക്ലീനര്‍ മരിച്ചു.കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ ആണ് മരിച്ചത്. കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. കഞ്ചിക്കോട് വെച്ചാണ് ലോറിക്ക് നേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്.ലോറി സമരത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുദിവസമായി തമിഴ്‌നാട്ടില്‍ നിന്നുവരുന്ന ചരക്കുലോറികള്‍ വാളയാറില്‍ തടയുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറി തടയാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനെത്തുടര്‍ന്നാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ക്ലീനര്‍ മുബാറകിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നില്‍ സമരാനുകൂലികളാണെന്നാണ് വിവരം.

സംസ്ഥാനത്ത് ‘ഷിഗെല്ല’ വൈറസ് ബാധ ആശങ്ക പരത്തുന്നു;കോഴിക്കോട് രണ്ടു വയസ്സുകാരൻ മരിച്ചു

keralanews shigella virus infection spreading in the state two year old boy died of shigella infection in kozhikkode

കോഴിക്കോട്:സംസ്ഥാനത്ത് ഷിഗല്ലെ വൈറസ് ബാധ ആശങ്ക പരത്തുന്നു.ഷിഗല്ലെ ബാധയെ തുടര്‍ന്ന് കോഴിക്കോട് പുതുപ്പാടിയില്‍ രണ്ട് വയസുകാരന്‍ മരിച്ചു.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദാണ് മരിച്ചത്.സിയാദിന്റെ ഇരട്ടസഹോദരന്‍ സയാന്‍ ഇതേ രോഗം ബാധിച്ച്‌ മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടിയ്ക്ക് ഷിഗല്ലെ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം നാലുപേര്‍ക്കാണ് ഷിഗല്ലെ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.

പ്രത്യേകതരം വയറിളക്ക രോഗമാണ് ഷിഗല്ലെ. മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയാണ് രോഗഹേതു. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് രോഗം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും മാത്രമെ രോഗത്തെ പ്രതിരോധിക്കാനാകൂ. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗെല്ല അറിയപ്പെടുന്നത്. രൂക്ഷമായ വയറിളക്കമാണ് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. മലത്തിനൊപ്പം രക്തവും പുറത്തേക്ക് പോകും. മലം കലര്‍ന്ന വെള്ളമോ ഭക്ഷണമോ സ്പര്‍ശിക്കുന്നതിലൂടെയാണ് പ്രധാനമായും ഷിഗെല്ല മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. 2 മുതല്‍ 4 വയസുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതലായും ബാക്ടിരിയ ബാധ കണ്ടുവരുന്നത്.ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച്‌ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ഒരാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്ബോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി,ഛര്‍ദ്ദി , നിര്‍ജ്ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഭക്ഷണത്തിന് മുന്‍പ് വൃത്തിയായി കൈകള്‍ കഴുകുക,ചെറിയ കുട്ടികളുടെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക,ഡയപ്പറുകള്‍ തുറസായ സ്ഥലത്ത് ഉപേക്ഷിക്കാതിരിക്കുക,ഇവ കത്തിച്ച്‌ കളയുക,വയറിളക്കം അനുഭവപ്പെടുന്നവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക, വയറിളക്കമുളള കുട്ടികളെ സ്കൂളിലോ ഡേ കെയറിലോ വിടാതിരിക്കുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,ശുചി മുറി ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക, ചൂടുള്ളതും നന്നായി വേവിച്ചതുമായ ഭക്ഷണം കഴിക്കുക ,‌ഭക്ഷണവും കുടിവെള്ളവും തുറന്ന് വെയ്ക്കാതിരിക്കുക,ഈച്ച പോലുള്ള പ്രാണികള്‍ ഭക്ഷണത്തില്‍ വന്നിരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് രോഗം വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ.

ചക്കരക്കല്ലിൽ പ്ലസ് ടു വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

 

കണ്ണൂർ:ചക്കരക്കല്ലിൽ പ്ലസ് ടു വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു.ചക്കരക്കല്‍ പള്ളിപൊയില്‍ സ്വദേശി പരേതനായ കെകെ കുമാരന്റെ ഭാര്യ പി സാവിത്രി (64) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 8.45 ഓടെ ആയിരുന്നു സംഭവം. അസുഖ ബാധിതയായ അമ്മയെ കാണാന്‍ മുഴപ്പിലങ്ങാട്ടേക്ക് പോകാന്‍ പള്ളിപൊയില്‍ മഹാത്മ മന്ദിരത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് സാവിത്രിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാവിത്രിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന പ്ലസ് ടു വിദ്യാർത്ഥി ചക്കരക്കല്‍ മൗവ്വഞ്ചേരി മാച്ചേരിയിലെ പി സാരംഗ് (17) ഇയാളുടെ പിതാവ് പി ചന്ദ്രന്‍ എന്നിവര്‍ക്ക് എതിരെ ചക്കരക്കല്‍ എസ്‌ഐ പി ബിജു കേസെടുത്തു.പരിക്കേറ്റ സാരംഗ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. മുഴപ്പിലങ്ങാട്ടെ പരേതനായ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകളാണ് സാവിത്രി. മക്കള്‍: വി ഷിതി , വി ഷിബി.ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് സാരംഗ് ഓടിച്ചിരുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കൊടുത്താല്‍ രക്ഷിതാക്കള്‍ക്കെതിരെയാണ് കേസെടുക്കുക. ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ച്‌ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികൾ നഷ്ടപരിഹാരം നല്‍കില്ലെന്നു മാത്രമല്ല കോടതി വിധിക്കുന്ന നഷ്ടപരിഹാര തുക രക്ഷിതാക്കളില്‍ നിന്ന് ഈടാക്കും.

സഞ്ചാരികളുടെ മനം കവർന്ന് കാനായി കാനം വെള്ളച്ചാട്ടം

keralanews catch the minds of trevellers kanayi kanam waterfalls

കണ്ണൂർ:സഞ്ചാരികളുടെ മനം കവർന്ന് കാനായി കാനം വെള്ളച്ചാട്ടം.കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ഏകദേശം പത്തുകിലോമീറ്റർ ദൂരത്തിലാണ് പ്രകൃതിരമണീയമായ കാനായി കാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസിനെ ആനന്ദഭരിതമാക്കുന്ന ഉല്ലാസകേന്ദ്രമാണിത്.ഒരു ചെറിയ വനപ്രദേശമാണ് കാനായി കാനം. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്തെ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ പ്രധാനമായും ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്.നിരവധി ഔഷധ സസ്യങ്ങളിൽ തഴുകിയെത്തുന്ന ജലത്തിൽ സ്നാനം ചെയ്യുമ്പോൾ ആരോഗ്യവും ഊർജവും കൂടാതെ മനസ്സിന് ഏറെ കുളിർമയും സന്തോഷവും ലഭിക്കുന്നു.വൃക്ഷങ്ങളും വള്ളികളും ഇഴചേർന്ന് ശുദ്ധവായു ലഭിക്കുന്ന ഈ സുന്ദരമായ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.അവധി ദിവസങ്ങൾ ആനന്ദകരമാക്കുവാൻ കണ്ണൂർ,കാസർകോഡ്,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.അപൂർവങ്ങളായ മൽസ്യസമ്പത്തും ഇവിടെ ഉണ്ട്.വേനൽക്കാലത്തും ഇവിടെ ജലം ലഭ്യമാണ്.എന്നാൽ മഴശക്തി പ്രാപിക്കുന്നതോടെ വെള്ളച്ചാട്ടം അതിന്റെ രൗദ്ര ഭാവത്തിലെത്തും.അതിനാൽ മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഇവിടുത്തെ നാട്ടുകാർ ചേർന്ന രണ്ട് ഏക്കർ ഭൂമി ഏറ്റെടുക്കുകയും പ്രത്യേക പരിഗണന നൽകി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ജലവിനിയോഗ സംരക്ഷണ സമിതി നിർദേശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.അവയിലെ നിർദേശങ്ങൾ താഴെ കൊടുക്കുന്നു:
1.മദ്യം,ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.
2.വന,ജൈവ,ജീവ,ജല സമ്പത്ത് നശിപ്പിക്കാതിരിക്കുക.
3.നിശബ്ദത പാലിക്കുക.
4.ഭക്ഷണ പദാർത്ഥങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്.
5.രണ്ടുമണിക്ക് ശേഷമുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.
6.കാനത്തിലും പരിസര പ്രദേശങ്ങളിലും മല-മൂത്ര വിസർജനം പാടില്ല.
7.സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മീൻ പിടിക്കാൻ പാടില്ല.
ലോക ഭൂപടത്തിൽ ഇടം നേടിയിട്ടില്ലെങ്കിലും സഞ്ചാരികളുടെ മനസ്സിൽ ഇടം കണ്ടെത്താൻ കാനായി കാനം എന്ന ഗ്രാമത്തിനും ഇവിടുത്തെ വെള്ളച്ചാട്ടത്തിനു സാധിച്ചിട്ടുണ്ട്.
keralanews catch the minds of travellers kanayi kanam waterfalls