ന്യൂഡല്‍ഹി:ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്നും തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും പന്തളം രാജകുടുംബം. ക്ഷേത്രത്തിന്റെ യശസ് തകര്‍ക്കാനുള്ള ശ്രമമാണ് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നിലെന്നും രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ സുപ്രീം കോടതിയിൽ അറിയിച്ചു. കേസിലെ ഹര്‍ജിക്കാരന്‍ വിശ്വാസിയല്ലെന്നും പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി മാത്രമാണിതെന്നും കെ. രാധാകൃഷ്ണന്‍ വാദിച്ചു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ലെന്നും 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയുമില്ല. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കോടതി തയാറാകണമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.ഭരണഘടനാ ധാര്‍മികതയെ പൊതു ധാര്‍മികതയെയും വ്യവസ്ഥാപിത ധാര്‍മികതയെയും അസാധുവാക്കുംവിധം വ്യാഖ്യാനിക്കരുതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.എന്നാല്‍ ഭരണഘടനയുടെ ഭാഷയില്‍ മാത്രമാണ് കോടതിക്കു സംസാരിക്കാനാവുകയെന്നും മറ്റൊന്നും പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു.
അഭിമന്യു വധം;ക്യാംപസ് ഫ്രന്റ് സംസ്ഥാന സെക്രെട്ടറി മുഹമ്മദ് റിഫ പിടിയിൽ
കൊച്ചി:മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിലായി. കാംപസ് ഫ്രണ്ട് നേതാവും എല്‍എല്‍ബി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിഫയാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.ബാംഗ്ലൂരില്‍ നിന്നാണ് റിഫയെ പൊലീസ് പിടികൂടിയത്. അഭിമന്യുവിനെ ആക്രമിക്കാന്‍ കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ മുഹമ്മദ് റിഫ കൊച്ചി പൂത്തോട്ട എല്‍എല്‍ബി കോളേജ് വിദ്യാര്‍ത്ഥിയാണ്. ചുവരെഴുത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുടെ തുടക്കം മുതല്‍ റിഫ ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും, കൃത്യ നിര്‍വണത്തിലും മുഹമ്മദ് റിഫയ്ക്ക് നിര്‍ണായ പങ്കാളിത്തം ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മഹാരാജാസ് കോളേജില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത ഉടന്‍ അക്രമി സംഘത്തെ കാംപസിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയും, ആരിഫ് ബിന്‍ സലിഹും ചേർന്നാണെന്നാണ് പോലീസ് കരുതുന്നത്.മുഹമ്മദ് റിഫയെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യുന്നതോടെ കുത്തിയ ആളെക്കുറിച്ചും അയാളുടെ ഒളിവിടത്തെക്കുറിച്ചും അറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
തലശ്ശേരി നഗരമധ്യത്തിലെ കടയിലെ തീപിടുത്തത്തിന്റെ കാരണം അവ്യക്തം
തലശ്ശേരി:തലശ്ശേരി നഗരമധ്യത്തിലെ കടയിലെ തീപിടുത്തത്തിന്റെ കാരണം അവ്യക്തം.കഴിഞ്ഞ ദിവസമാണ് ഓ.വി റോഡിലെ പരവതാനി എന്ന കടയുടെ സംഭരണശാലയിൽ തീപിടുത്തമുണ്ടായത്.ഷോർട് സർക്യൂട് ആണ് അപകടകാരണമെന്നായിരുന്നു ആദ്യ നിഗമനം.എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഷോർട് സർക്യൂട്ട് അല്ല അപകടകാരണമെന്ന് കണ്ടെത്തി.എന്നാൽ യഥാർത്ഥ കാരണം കണ്ടെത്താൻ അഗ്നിരക്ഷാ സേനയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.കടയുടെ പരിസരത്ത് എവിടെയെങ്കിലുമുള്ള അടുപ്പിൽ നിന്നും തീപടർന്നതാകാനാണ് ഒരു സാധ്യത.അല്ലെങ്കിൽ ജൈവവസ്തുക്കൾ കൂട്ടിയിട്ടാൽ ഉണ്ടാകാവുന്ന ഈർപ്പത്തിലൂടെ രൂപപ്പെടുന്ന ബാക്ടീരിയ വഴിയുണ്ടാകുന്ന ചൂട് വായുസഞ്ചാരമില്ലാത്ത അവസ്ഥയിൽ വർധിച്ച് അതിൽ നിന്നും തീപടരാനും സാധ്യതയുണ്ട്. എന്നാൽ കത്തിയത് ഉന്നം ആയതിനാൽ ഒന്നും അവശേഷിച്ചിട്ടില്ല.അതിനാൽ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ സൂക്ഷ്മമായ പരിശോധന ആവശ്യമാണെന്നും അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ പറഞ്ഞു.
തീവണ്ടിയിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പിടികൂടി
കണ്ണൂർ:തീവണ്ടിയിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പിടികൂടി.ബുധനാഴ്ച രാവിലെ പത്തരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ മംഗളൂരു-കോഴിക്കോട് പാസ്സന്ജർ ട്രെയിനിൽ നിന്നാണ് ഇവ പിടികൂടിയത്.ട്രെയിനിലെ ജനറൽ കമ്പാർട്മെന്റിൽ സീറ്റിനടിയിൽ രണ്ടു ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. റെയിൽവേ പോലീസിന്റെ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.എന്നാൽ ഇതിന്റെ ഉടമസ്ഥരെ കണ്ടെത്താനായില്ല.പോലീസ് പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലഹരിക്കടത്ഗുകാർ സാധനം ഉപേക്ഷിച്ച് മറ്റു കമ്പാർട്ടുമെന്റുകളിൽ കയറി രക്ഷപ്പെടാറാണ് പതിവ്.മംഗളൂരുവിൽ നിന്നും വൻതോതിൽ ലഹരി വസ്തുക്കൾ കടത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ ഭൂരിഭാഗവും മറുനാടൻ തൊഴിലാളികളെ ലക്ഷ്യമിട്ട് കണ്ണൂരിലേക്കാണ് എത്തുന്നത്.തുച്ഛമായ വിലയ്ക്ക് കൊണ്ടുവരുന്ന ഇവ നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നത്.കാര്യമായ ശിക്ഷ ലഭിക്കുന്നില്ല എന്നതാണ് ലഹരിക്കടത്ത് വ്യാപകമാകുന്നതിനുള്ള പ്രധാന കാരണമെന്നാണ് ആക്ഷേപം.എസ്‌ഐ സുരേന്ദ്രൻ കല്യാടൻ,എ.എസ്.ഐ മാരായ ഗോപിനാഥ്,ജയകൃഷ്ണൻ,സിവിൽ പോലീസ് ഓഫീസർമാരായ എൻ.പ്രകാശൻ,വി.പ്രദീപൻ, സന്തോഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
തളിപ്പറമ്പ്:തളിപ്പറമ്പിലെ സിഗ് ടെക് മാർക്കറ്റിങ് എന്ന സ്ഥാപനം വഴി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിലായി.കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപം കുളങ്ങര ഹൗസിൽ സന്ധ്യ രാജീവ് ആണ് പിടിയിലായത്.നിലവില്‍ തളിപ്പറമ്പ് സ്റ്റേഷനില്‍ 5 കേസുകളില്‍ പ്രതിയാണ് സന്ധ്യ. തലശ്ശേരി മട്ടന്നൂര്‍, പരിയാരം ,കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലും കോട്ടയത്തും ഇവര്‍ക്കെതിരെ കേസുണ്ട്.കമ്പനിയുടെ ഉടമകളില്‍ ഒരാളായ രാജീവിന്റെ ഭാര്യയാണ് സന്ധ്യ.രാജീവും നിക്ഷേപ തട്ടിപ്പുകേസിലെ പ്രതിയാണ്. ഇയാളും അടുത്ത ദിവസം പിടിയിലാകുമെന്നാണ് സൂചന. രാജീവിന്റെ സഹോദരന്‍ പരേതനായ രാജേഷിന്റെ ഭാര്യ ബൃന്ദയെയും പിടികൂടാനുണ്ട്.കമ്പനിയുടെ മേധാവിയായിരുന്ന രാജേഷിന്റെ മരണത്തിനു ശേഷമാണ് രാജീവ് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത്.2015ല്‍ കോട്ടയത്ത് സമാനമായ ഇരുപതോളം തട്ടിപ്പു കേസുകളില്‍ രാജീവ് ജയിലില്‍ കിടക്കുകയും കമ്പനിയുടെ ആസ്തികള്‍ കോടതി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സിഗ്ടെക്കിന്റെ ആസ്ഥാനം തളിപ്പറമ്പിലേക്ക് മാറ്റിയത്.ആയിരത്തോളം നിക്ഷേപകരില്‍ നിന്നായി 100കോടിയോളം രൂപയാണ് സിഗ്‌ടെക് മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ തട്ടിയത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ സ്ക്വാർഡംഗങ്ങളായ എസ്.ഐ പുരുഷോത്തമന്‍, എ.എസ്.ഐ മൊയ്തീന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ റൗഫ്, വനിത പോലീസ് ഓഫീസര്‍ സിന്ധു എന്നിവരടങ്ങുന്ന സംഘമാണ് സന്ധ്യയെ പിടികൂടിയത്.മെയ് രണ്ടിന് ഉടമകളിലൊരാളായ പാലക്കാട് ആലത്തൂര്‍ സ്വദേശിയും തളിപ്പറമ്പ് പുഴക്കുളങ്ങരയില്‍ താമസക്കാരനുമായ സുരേഷ് ബാബു ,ഡയറകടര്‍ കാസര്‍കോട് സ്വദേശി കുഞ്ഞിചന്തു എന്നിവരെ തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വി വേണുഗോപാല്‍ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. നിക്ഷേപിച്ച തുക അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിപ്പിച്ച് നല്‍കുമെന്നായിരുന്നു കമ്പനി ഇടപാടുകാർക്ക് വാഗ്ദാനം നൽകിയിരുന്നത്.അല്ലെങ്കില്‍ 13.5 ശതമാനം നിരക്കില്‍ വാര്‍ഷിക പലിശ നൽകും.ഈ മോഹന വാഗ്ദ്ധാനങ്ങളില്‍ വീണ ആളുകൾ പലരും ദേശസാല്‍കൃത ബാങ്കിലെ നിക്ഷേപം പോലും പിന്‍വലിച്ച് സിഗ്ടെക്കിൽ നിക്ഷേപിച്ചു.ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി ആദ്യകാലങ്ങളിൽ കൃത്യമായി പലിശ നൽകി.പിന്നീട് നിക്ഷേപകരെ വലിയ കമ്മീഷൻ വാഗ്ദാനം ചെയ്ത് ഇടനിലക്കാരാക്കി. ഇടനിലക്കാര്‍ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ച് കമ്പനിയിലേക്ക് പണം നിക്ഷേപിപ്പിച്ചു പലരും ഇടനിലക്കാരെ വിശ്വസിച്ചാണ് പണം കൊടുത്തത്.പതിനായിരം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉണ്ട്.മാസങ്ങള്‍ക്ക് മുൻപ് ശബളവും കമ്മിഷനും ലഭിക്കാത്ത അൻപതോളം ഏജന്റുമാർ കോട്ടയത്ത് നിന്നും എത്തി തളിപ്പറമ്പിലെ കമ്പനി ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
കണ്ണൂർ വാരത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു
കണ്ണൂർ:വാരത്ത് പതിമൂന്ന് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.വാരം തക്കാളിപ്പീടിക സ്വദേശി ബാസിത്ത് (13) ആണ് മുങ്ങി മരിച്ചത്.വാരം ശാസ്‌താംകോട്ട അമ്പല കുളത്തിലാണ് മുങ്ങി മരിച്ചത്. എളയാവൂർ സി എച് എം സ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിയായാണ് മരിച്ച ബാസിത്ത്.ബാസിത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് സ്കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് പ്രധാന അധ്യാപകൻ പി.പി.സുബൈർ അറിയിച്ചു.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ ശുപാർശ
കണ്ണൂര്‍: മെഡിക്കല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ജസ്റ്റിസ‌് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍നിന്ന‌് അനധികൃത ഫീസിനത്തില്‍ വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നല്‍കാന്‍ മാനേജ‌്മെന്റ‌് വിസമ്മതിക്കുകയും കമ്മിറ്റി നിശ്ചയിച്ച ഹിയറിങ്ങുകള്‍ക്ക‌് വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ‌് ഫീസ‌് നിര്‍ണയ കമ്മിറ്റിയുടെ ഉത്തരവ‌്. നടപടിക്രമം പാലിക്കാത്തതിനാല്‍ 2016﹣17ല്‍ 150 വിദ്യാര്‍ഥികളുടെ പ്രവേശനം കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്ത‌് മാനേജ‌്മെന്റ‌് ഹൈക്കോടതിയെയും പിന്നീട‌് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും കമ്മിറ്റി തീരുമാനം അംഗീകരിക്കുന്ന ഉത്തരവാണ‌് കോടതിയിൽ നിന്നും ഉണ്ടായത‌്. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പ്രവേശനം സാധൂകരിക്കുന്ന ഓര്‍ഡിനന്‍സും പിന്നീട‌് സുപ്രീംകോടതി സ‌്റ്റേ ചെയ്തു. ഈ സാഹചര്യത്തില്‍, മാനേജ‌്മെന്റ‌് വാങ്ങിയ ഫീസ‌് തിരികെ നല്‍കണമെന്ന‌് ആവശ്യപ്പെട്ട‌് ഒൻപത് വിദ്യാര്‍ഥികള്‍ കമ്മിറ്റിക്ക‌് പരാതി നല്‍കിയിരുന്നു. വാര്‍ഷിക ഫീസ‌് പത്തുലക്ഷം ആയിരിക്കെ, മാനേജ‌്മെന്റ‌് 22 മുതല്‍ 41.17 ലക്ഷംവരെ ഈടാക്കിയതായി കമ്മിറ്റി കണ്ടെത്തി. ഇത്രയും ഭീമമായ തുക തലവരിപ്പണമായി മാത്രമേ കണക്കാക്കാന്‍ കഴിയൂയെന്ന‌് നിരീക്ഷിച്ച കമ്മിറ്റി തുക തിരികെ നല്‍കാന്‍ നിര്‍ദേശിച്ചു. തലവരിക്ക‌് പുറമേ ചില വിദ്യാര്‍ഥികളില്‍നിന്ന‌് മാനേജ‌്മെന്റ‌് ബാങ്ക‌് ഗ്യാരന്റിയും വാങ്ങിയതായി കമ്മിറ്റി കണ്ടെത്തി. വിദ്യാര്‍ഥികളില്‍നിന്ന‌് ഈടാക്കിയ തുകയ്ക്ക‌് സമാനമായ ഡിഡി നല്‍കാന്‍ മാനേജ‌്മെന്റിന‌് നിര്‍ദേശം നല്‍കിയ കമ്മിറ്റി, തുടര്‍ ഹിയറിങ്ങുകള്‍ക്ക‌് ഹാജരാകാനും നിര്‍ദേശിച്ചു.കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ പലര്‍ക്കും മറ്റ‌് കോളേജുകളില്‍ മെഡിക്കല്‍ പ്രവേശനം ലഭിച്ചതായും ഫീസ‌് അടയ്ക്കുന്നതിന‌് തുക എത്രയുംവേഗം തിരികെനല്‍കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഫീസ‌് തുകയുടെ ഒരുഭാഗമെങ്കിലും തിരികെനല്‍കാന്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടും മാനേജ‌്മെന്റ‌് കൂട്ടാക്കിയില്ല. തുടര്‍ന്ന‌്, പകുതി തുക 27ന‌് തിരികെ നല്‍കണമെന്നും ഇതുസംബന്ധിച്ച സ‌്റ്റേറ്റ‌്മെന്റ‌് സമര്‍പ്പിക്കണമെന്നും കമ്മിറ്റി ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ‌് മാനേജ‌്മെന്റ‌് സ‌്റ്റേറ്റ‌്മെന്റ‌് നല്‍കിയില്ലെന്ന‌് മാത്രമല്ല, 27ന‌്നടത്താനിരുന്ന ഹിയറിങ‌് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ‌് അഫിലിയേഷന്‍ ഒരുവര്‍ഷത്തേക്ക‌് റദ്ദാക്കാന്‍ കമ്മിറ്റി ആരോഗ്യ സര്‍വകലാശാലയോട‌് ഉത്തരവിട്ടത‌്.
കണ്ണൂർ മാങ്ങാട്ട് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കണ്ണൂർ:കണ്ണൂർ മാങ്ങാട്ട് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ഇന്ന് രാവിലെ 8.30 ന് മാങ്ങാട്ട് ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ അബ്ദുള്‍ നാസര്‍ (39) ആണ് മരിച്ചത്. പെയ്ന്റിംഗ് തൊഴിലാളിയായ നാസർ ജോലിക്കായി തളിപ്പറമ്പിലേക്ക് പോകവേ മാങ്ങാട് ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണശാലക്ക് മുന്നില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. നാസര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിനിടയാക്കിയ ബസും സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
അഭിമന്യു കൊലക്കേസ്;ഒരാൾ കൂടി പിടിയിലായി
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ.കൊച്ചി സെന്‍ട്രല്‍ പോലീസാണ് പള്ളുരുത്തി സ്വദേശിയായ സനീഷ് എന്നയാളെ പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നയാളാണ് സനീഷ് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ചോദ്യംചെയ്തു വരികയാണ്.
കണ്ണൂർ ചക്കരക്കല്ലിൽ മദ്രസ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:കണ്ണൂർ ചക്കരക്കല്ലിൽ മദ്രസ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്യോട് പള്ളിയോട് ചേർന്ന മദ്രസയിൽ താമസിച്ച് പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥി പാതിരിയാട് സ്വദേശി സാജിദിന്‍റെ മകൻ മുഹമ്മദി(11)ന്‍റെ മൃതദേഹമാണ് പള്ളിയുടെ ചേർന്നുള്ള കുളത്തിൽ കണ്ടെത്തിയത്.മുഹമ്മദ് പതിവായി മദ്രസ്സയില്‍ എത്തുന്ന സമയത്ത് കാണാത്തതിനെ തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ഇവിടത്തെ കുളത്തിൽ കുട്ടി നീന്തൽ അഭ്യസിച്ച് വരുന്നതായും ഉമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നതായും സൂചനയുണ്ട്. ഇതേ തുടർന്ന് രാത്രി കൗതുകത്തിന് കുളത്തിൽ ഇറങ്ങിയതായാണ് സംശയിക്കുന്നത്.ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സൗദ-സിറാജ് ദമ്പതികളുടെ മകനാണ് മുഹമ്മദ്. സഹല, സംഹ എന്നിവര്‍ സഹോദരങ്ങളാണ്.