കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കായി നിർമിച്ച പുതിയ ബ്ലോക്കിന്റെയും അടുക്കളയുടെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.രണ്ടു നിലകളുള്ള പുതിയ ബ്ലോക്കിൽ 80 പേരെ വീതം പാർപ്പിക്കാനാകും.വാർദ്ധക്യത്തിലെത്തിയവരെയും അവശതകളുള്ളവരെയുമാണ് താഴത്തെ നിലയിൽ പാർപ്പിക്കുക.840 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ ഇപ്പോൾ 1100 പേരാണുള്ളത്.പുതിയ ബ്ലോക്ക് തുറന്നതോടെ ഇതിനു പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തേവാസികൾക്കായി കട്ടിൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.1.75 കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. ജയിൽ ഓഫീസ് 72 ലക്ഷം രൂപ ചിലവാക്കി നവീകരിച്ചിട്ടുണ്ട്.കൂടാതെ ജയിലിലെ അടുക്കളയും 65 ലക്ഷം രൂപ ചിലവാക്കി നവീകരിച്ചിട്ടുണ്ട്.20 ലക്ഷം രൂപ ചിലവാക്കി നിർമിച്ച കുടിവെള്ള പ്ലാന്റിന്റെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ജയിലിൽ തടവുകാർക്കായി 9 ലക്ഷം രൂപ ചിലവാക്കി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തടവുകാർക്കായി മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സാണ് ഇവിടെ നൽകുക.ഇഗ്നോ വടകര കേന്ദ്രമാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുക. കണ്ണൂർ സെൻട്രൽ ജയിലിനു മുൻപിലായി ഇപ്പോൾ ചപ്പാത്തി വിൽക്കുന്ന സ്ഥലത്തിനടുത്തായി ആരംഭിക്കുന്ന ജയിൽ വക ഹോട്ടലിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.തടവുകാർക്ക് യോഗ പരിശീലനത്തിനും കായിക പരിശീലനത്തിനുമായുള്ള യോഗ ഹാൾ കം ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.കൂടാതെ ചീമേനി തുറന്ന ജയിലിൽ നിർമിക്കുന്ന പുതിയ ബാരക്കിന്റെയും ജയിൽ ഓഫീസ് കോംപ്ലെക്സിന്റെയും നിർമാണോൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ജയിലിലെ അന്തേവാസികൾ നിർമിച്ച എ.ബി.സി.ഡി എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ജില്ലാടിസ്ഥാനത്തിൽ ഐസ് പ്ലാന്റുകളിൽ കർശന പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം
കണ്ണൂർ:മീനിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഐസ് പ്ലാന്റുകളിൽ കർശന പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം.ഇതിനായി പ്രത്യേക സംഘം രൂപീകരിച്ച് ജില്ലാടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് തീരുമാനം.ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലുമാണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുക്കാത്ത പ്ലാന്റുകൾക്കെതിരെ കർശന നടപടിയെടുക്കും.ഐസിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി മുൻ വർഷങ്ങളിലും പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് കണ്ണൂരിലെ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ടി.അജിത് കുമാർ പറഞ്ഞു. 2011 മുതൽ ഐസ് പ്ലാന്റുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് നിർബന്ധമാക്കിയിരുന്നെങ്കിലും ഭൂരിഭാഗം പ്ലാന്റുകളും ലൈസൻസ് ഇല്ലാതെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.ഭക്ഷണാവശ്യങ്ങൾക്കായി ഐസ് നല്കുന്നില്ലെന്ന വാദമാണ് ഇവർ ഇതിനായി ഉന്നയിക്കുന്നത്.ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി മീൻ മാർക്കറ്റുകൾക്ക് പുറമെ അതിർത്തികൾ കേന്ദ്രീകരിച്ചുള്ള ചെറിയ മീൻ ചന്തകളിലും പരിശോധന തുടങ്ങി.രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പേപ്പർ സ്ട്രിപ്പുകൾ എല്ലാ ജില്ലകളിലും ഉടൻ ലഭ്യമാക്കും.
ഇപ്പോൾ നിങ്ങൾക്ക് ആധാർ അടിസ്ഥാനമാക്കി ഇ-പാനിന് അപേക്ഷിക്കാം
ന്യൂഡൽഹി:ഇ-പാനിന് അപേക്ഷിക്കുന്നതിനായി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ഒരു പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നു.ഈ സൗകര്യം ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ പോർട്ടലിൽ പ്രവേശിച്ച് സൗജന്യമായി ഇ-പാൻ അപേക്ഷ സമർപ്പിക്കാം.ഇതിലൂടെ ഡിപ്പാർട്മെന്റുമായുള്ള ഇടപെടൽ കുറച്ചു കൊണ്ട് നികുതിദായകർക്ക് എളുപ്പത്തിൽ പാൻ നമ്പർ നേടിയെടുക്കാം.വ്യക്തിഗത നികുതിദായകർക്കാണ് ഈ സൗകര്യം ലഭ്യമാവുക.ഹിന്ദു കൂട്ടുകുടുംബങ്ങൾ,സ്ഥാപനങ്ങൾ,ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകില്ല.സാധുതയുള്ള ആധാർ കൈവശമുള്ളവർക്ക് പരിമിത കാലയളവിലേക്കാണ് ഈ സൗകര്യം ലഭ്യമാകുക.ഇ-പാൻ ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകളൊന്നും സമർപ്പിക്കേണ്ടതില്ല.നമ്മൾ നൽകുന്ന ആധാറിലെ വിവരങ്ങളാണ് പാൻ കാർഡിനായി ഉപയോഗിക്കുക.ആധാറിലുള്ള പേര്,ജനന തീയതി,ലിംഗം,മൊബൈൽ നമ്പർ,മേൽവിലാസം എന്നിവതന്നെയാകും പാൻ കാർഡിലും ഉണ്ടാകുക.അതുകൊണ്ടു തന്നെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് നമ്മൾ ഉറപ്പുവരുത്തണം.ഇതോടൊപ്പം ഇൻകം ടാക്സ് ഡിപ്പാർട്മെറ്റിന്റെ പോർട്ടലിൽ വെള്ളപേപ്പറിൽ നമ്മുടെ സിഗ്നേച്ചർ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യുകയും വേണം. അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ ഒരു 15 അക്ക അക്നൊളേജ്‌മെൻറ് നമ്പർ നമ്മൾ അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലോ ഇ മെയിൽ ഐഡിയിലേക്കോ അയക്കുകയും ചെയ്യും.www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പാൻ കാർഡിന് അപേക്ഷ സമർപ്പിക്കേണ്ടത്.
ലോകകപ്പ് ഫുട്ബോൾ;സ്പെയിനിനെ തകർത്ത് റഷ്യ ക്വാർട്ടറിൽ
റഷ്യ:അത്യന്തം ആവേശം നിറഞ്ഞ റഷ്യ-സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യക്ക് ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ആതിഥേയര്‍ വിജയക്കൊടിപ്പാറിച്ചത്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്.ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്.ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി(1-1). സെല്‍ഫ് ഗോളിലൂടെയാണ് സ്‌പെയിന് ഗോളെത്തിയത്. സ്‌പെയിന്‍ നായകന്‍ റാമോസിനെ മാര്‍ക്ക് ചെയ്യുന്നതിനിടെയുണ്ടായ വീഴ്ചയില്‍ വന്ന പന്ത് റഷ്യയുടെ സെര്‍ജി ഇഗ്നാസേവിച്ചിന്റെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.
മൂന്നു മാസം തുടർച്ചയായി സൗജന്യ റേഷൻ വാങ്ങിയില്ലെങ്കിൽ റേഷൻ റദ്ദ് ചെയ്യുമെന്ന് കേന്ദ്രസർക്കാർ
തിരുവനന്തപുരം: മുന്‍ഗണനപട്ടികക്കാര്‍ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹര്‍ക്ക് സൗജന്യറേഷന്‍ നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ നിര്‍ദേശം.തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത മുന്‍ഗണനാപട്ടികയിലുള്ളവരെ ഒഴിവാക്കി തൊട്ട് പിറകിലുള്ളവര്‍ പട്ടികയിലെത്തും. സംസ്ഥാന സര്‍ക്കാറിന്റെ കണക്കനുസരിച്ച് സൗജന്യറേഷന് അര്‍ഹതയുള്ളവരില്‍ 80 ശതമാനം മാത്രമാണ് റേഷന്‍ കൈപ്പറ്റുന്നത്. ബാക്കി 20 ശതമാനം അനര്‍ഹമായി റേഷന്‍ വാങ്ങാതെ ചികിത്സാസൗകര്യമടക്കം മറ്റ് ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ്. ഇവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.ഇവരെ പുറത്താക്കുന്നതോടെ അര്‍ഹരായ 20 ശതമാനം പേരും പട്ടികയില്‍ വരുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും റേഷന്‍ വാങ്ങാത്തവരാണെങ്കില്‍ ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല. പകരം ഇവരുടെ റേഷന്‍ അര്‍ഹര്‍ക്ക് വീതിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകം;എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
എറണാകുളം:മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ നേതാവിനെ എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) വാണ് കുത്തേറ്റ് മരിച്ചത്.കോട്ടയം സ്വദേശിയായ അര്‍ജുന്‍ (19)എന്ന വിദ്യാര്‍ഥിക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.ഇന്ന് കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ആരംഭിക്കുകയാണ്. നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിലാല്‍ (19), ഫാറൂഖ് (19),റിയാസ് (37) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി
എറണാകുളം:എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി.ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പന്ത്രണ്ടുമണിയോട് കൂടിയാണ് അഭിമന്യുവിനും ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അർജുനും കുത്തേറ്റത്.പരിക്കേറ്റ അർജുൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആന്തരികാവയവങ്ങള്‍ക്ക് സാരമായി പരുക്കേറ്റ അര്‍ജ്ജുനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അത്യാഹിത വിഭഗത്തില്‍ നിരീക്ഷണത്തിലാണു അര്‍ജ്ജുന്‍. സംഭവത്തില്‍ മൂന്ന് എന്‍.ഡി.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മരിച്ച അഭിമന്യു രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമാണ്.ക്യാമ്ബസിലെ ചുവരുകളില്‍ പോസ്റ്റര്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം കൂടിയായ അഭിമന്യുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ പോസ്റ്റര്‍ പതിപ്പിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.എസ്എഫ്ഐ ബുക്‌ഡ് എന്ന് എഴുതിയിരുന്ന ഒരു തൂണിൽ ക്യാമ്പസ് ഫ്രന്റ് പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചു.ഇതിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തു.എണ്ണത്തിൽ കുറവായിരുന്ന ക്യാംപസ് ഫ്രന്റ് പ്രവർത്തകർ പുറത്തുപോയി പോപ്പുലർ ഫ്രന്റ് പ്രവർത്തകരുമായി എത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി.പുറത്തുനിന്നുള്ള ആളുകള്‍ ക്യാമ്ബസില്‍ പ്രവേശിക്കരുതെന്ന് അഭിമന്യു പറഞ്ഞു.ഇതിനിടെ പോപ്പുലർ ഫ്രന്റ് പ്രവർത്തകർ കത്തിയെടുത്തു കുത്തി.അഭിമന്യുവിന്റെ വയറിലാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന അർജുനും കുത്തേറ്റു.രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിമന്യുവിനെ രക്ഷിക്കാനായില്ല.മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തി.മറ്റ് അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജ് രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോടിനേയും മലപ്പുറത്തെയും നിപ്പരഹിത ജില്ലകളായി പ്രഖ്യാപിച്ചു
കോഴിക്കോട്:കോഴിക്കോടിനേയും മലപ്പുറത്തെയും നിപ്പരഹിത ജില്ലകളായി പ്രഖ്യാപിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് പ്രഖ്യാപനം നടത്തിയത്.നിപ്പാ രോഗികളെ ചികിത്സിച്ചവര്‍ക്കുള്ള ആദരവും ചടങ്ങില്‍ വിതരണം ചെയ്തു. നിപ്പാ രോഗിയെ ചികിത്സിക്കുന്നതിനിടെ മരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്കുള്ള ആദരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാംപ് ചെയ്ത് മുഴുവന്‍ സമയവും തങ്ങളുടെ സേവനം നല്‍കിയ ഡോക്ടര്‍മാരെയും മറ്റ് പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
മട്ടന്നൂരിൽ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂർ:കണ്ണൂര്‍ മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ ടൗണിനടുത്ത് വെച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അക്രമം സംഭവം. സിപിഎം പ്രവര്‍ത്തകരായ ലതീഷ്, ലനീഷ്, ശരത്ത്, ഷായൂഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ബൈക്കിലെത്തിയ അക്രമികള്‍ വാഗണ്‍ ആര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീര്‍വേലിയില്‍ നിന്നുള്ള ആര്‍എസ്‌എസ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ മട്ടന്നൂരിൽ 3 ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സച്ചിന്‍, സുജിത്ത്, വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മട്ടന്നൂരിലെ ഒരു പെട്രോള്‍ പമ്പിൽ ഉണ്ടായിരുന്ന ഇവരെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു.പരിക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.നേരത്തെ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പ്രദേശത്ത് വെട്ടേറ്റിരുന്നു. ലതീഷ്, ലനീഷ്, ശരത്ത്, ഷായൂഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. വെട്ടാനുപയോഗിച്ച വാൾ ആശ്രയ ഹോസ്പിറ്റലിന് മുൻവശം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.