കണ്ണൂർ:ജില്ലാ കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ.തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി സജിത്താണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.ഇയാളുടെ പക്കൽ നിന്നും 89,400 രൂപയും പോലീസ് പിടിച്ചെടുത്തു. ഓൺലൈൻ ലോട്ടറി തട്ടിപ്പ് ജില്ലയിൽ വ്യാപകമാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്.കേരള ലോട്ടറിയുടെ ഓരോ ദിവസവും സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്കം മുൻകൂട്ടി പ്രവചിക്കുന്നവർക്കാണ് സമ്മാനം നൽകുക.10 രൂപയാണ് ഒരു നമ്പർ എഴുതിനൽകാൻ ഈടാക്കുന്നത്. ഫോണിലെ പ്രത്യേക ആപ്പ് ഉപയോഗിച്ച ഓൺലൈനിലൂടെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.ഒന്നാം സമ്മാനത്തിന്റെ അവസാനത്തെ മൂന്നക്കം എഴുതി നൽകുന്നവർക്ക് 25000 രൂപയും രണ്ടാം സമ്മാനത്തിന്റെ നമ്പർ എഴുതിനല്കുന്നവർക്ക് 2500 രൂപയും മൂന്നാം സമ്മാനം എഴുതി നൽകുന്നവർക്ക് 1000 രൂപയും നാലാം സമ്മാനത്തിന് 500 രൂപയും അഞ്ചാം സമ്മാനത്തിന് 100 രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്.ജില്ലയിലെ മിക്ക ടൗണുകൾ കേന്ദ്രീകരിച്ചും ഈ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ സൈബർ ക്രൈം പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു
തിരുവനന്തപുരം:കവടിയാർ സ്വദേശിനിയിൽ നിന്നും 25000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഡൽഹിയിൽ പിടിയിൽ.തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസിലെ പ്രതി തമിഴ്‌നാട് സ്വദേശിയും ഡൽഹിയിൽ സ്ഥിര താമസക്കാരനുമായ സുരേഷിനെയാണ് സൈബർ ക്രൈം പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.ബാങ്കിൽ നിന്നാണെന്നും ക്രെഡിറ്റ് കാർഡിന് 25000 രൂപ ബോണസ് പോയിന്റ് ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്നും ഒ ടി പി നമ്പർ കൈവശപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായ സൂചന ലഭിച്ച പോലീസ് ഡൽഹിയിലെത്തി.എന്നാൽ രണ്ടുലക്ഷത്തിലധികം പേർ താമസിക്കുന്ന കോളനിയിൽ നിന്നും പ്രതിയെ കണ്ടെത്തൽ ദുഷ്ക്കരമായിരുന്നു.പച്ചക്കറിക്കച്ചവടക്കാരായും സ്വകാര്യ ബാങ്കിന്റെ എടിഎം പ്രചാരകരായും വേഷംമാറിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥർ അവിടെ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.പിന്നീട് സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥർ ഡൽഹി പോലീസ് പോലും കയറിച്ചെല്ലാൻ മടിക്കുന്ന കോളനിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂർ എടക്കാട് വീട് തകർന്നു വീണ് ഒരാൾ മരിച്ചു;രണ്ടുപേർക്ക് പരിക്കേറ്റു
കണ്ണൂർ:കടമ്പൂർ കണ്ടോത്ത് എൽപി സ്കൂളിന് സമീപം വീടുതകർന്നു വീണ് വയോധിക മരിച്ചു.കടമ്പൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ദിനേശൻ നമ്പ്യാരുടെ വീടാണ് തകർന്നത്.അപകടത്തിൽ ദിനേഷ് നമ്പ്യാരുടെ അമ്മ എ.ലക്ഷ്മി(85) ആണ് മരിച്ചത്. അപകടസമയത്ത് ലക്ഷ്മിയമ്മയും ഇവരുടെ രണ്ടു മക്കളായ സതീശൻ,സുജാത എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്.ഇവരുടെ മേൽ ഇടിഞ്ഞവീടിന്റെ ഓടും ചുവരും വന്ന് പതിക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയമ്മയെ തലശ്ശേരി കോ- ഒപ്പററ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരിന്നു. പരിക്കേറ്റ സുജാതയും സതീശനും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വയനാട്ടിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്‌ക്ക് സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മക്കിയാട് 12 ആം മൈല്‍ മൊയ്തുവിന്‍റെ മകന്‍ ഉമ്മറിനെയും ഭാര്യയെയുമാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്മറിന്‍റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തലശ്ശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
തലശ്ശേരി:തലശ്ശേരി കുട്ടിമാക്കൂൽ പെരിങ്ങളത്ത് സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.സിപിഎം പ്രവർത്തകൻ ലിനീഷിന്റെ വീടിനു നേരെ ഇന്നലെ രാത്രിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ലിനേഷിന്റെ അമ്മ ഉഷയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്‌എസുകാരാണെന്ന് സിപിഎം ആരോപിച്ചു.
ജനപ്രിയ ബജറ്റുമായി കുമാരസ്വാമി സർക്കാർ;34000 കോടിയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളി
ബംഗളൂരു: സംസ്ഥാനത്തെ കര്‍ഷകരുടെ 34,000 കോടി രൂപയുടെ വായ്‌പ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എഴുതിത്തള്ളി. 2017 ഡിസംബര്‍ 31 വരെയുള്ള കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്‌പകളാണ് എഴുതിത്തള്ളിയത്. അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച ബഡ്ജറ്റിലാണ് കുമാരസ്വാമിയുടെ സുപ്രധാന പ്രഖ്യാപനം.ജെ.ഡി.എസ് സഖ്യസര്‍ക്കാരും വായ്പാ ഇളവ് പ്രഖ്യാപിക്കുക. 22 ലക്ഷത്തോളം കര്‍ഷകര്‍ സഹകരണ ബാങ്കില്‍ നിന്നെടുത്തിട്ടുള്ള വായ്പയില്‍ 50,000 രൂപ വീതമാണ് കഴിഞ്ഞ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. 8165 കോടി രൂപയാണ് ഇതിനു വേണ്ടി സര്‍ക്കാര്‍ അന്ന് ചെലവിട്ടത്.നിശ്ചിത സമയം വായ്പ തിരിച്ചടച്ച കര്‍ഷകര്‍ക്ക് തിരിച്ചടച്ച തുകയോ 25,000 രൂപയോ ഏതാണോ കുറഞ്ഞത് അത് തിരിച്ചു നല്‍കുമെന്നും കുമാരസ്വാമി പറഞ്ഞു.
പോലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി
കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റ് തടയണമെന്ന എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കോടതിയുടെ സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും അറസ്റ്റ് തടയാനാകില്ലെന്നും കോടതി പറഞ്ഞു. അറസ്റ്റ് തടയുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. അന്ന് ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കും. കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കും. കേസില്‍ വിശദമായി വാദം കേട്ട് തീരുമാനമെടുക്കുന്നതുവരെ അറസ്റ്റ് തടയണമെന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് കോടതി തയ്യാറായില്ല.അറസ്റ്റ് തടയാനാകില്ലെന്ന് കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ ഔദ്യോഗിക വാഹനത്തിന്റെ പിന്‍വാതില്‍ തുറന്ന് ഐപാഡ് എടുക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കഴുത്തിന് മര്‍ദിക്കുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗവാസ്‌കറിന്റെ കഴുത്തിന് ക്ഷതം ഏറ്റിട്ടുണ്ട്. ഇക്കാര്യം മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ അറസ്റ്റ് തടയണമെന്ന് എഡിജിപിയുടെ മകളുടെ അഭിഭാഷകന്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല
ഇരിട്ടി പാലത്തിൽ വീണ്ടും കണ്ടൈനർ ലോറി കുടുങ്ങി
ഇരിട്ടി:ഇരിട്ടി പാലത്തിൽ വീണ്ടും കണ്ടൈനർ ലോറി കുടുങ്ങി.ഗതാഗത നിയന്ത്രണം വകവെയ്ക്കാതെ പാലത്തിൽ കയറിയ ലോറി പാലത്തിന്റെ മേൽക്കൂരയിൽ ഇടിച്ചു ഒരു മണിക്കൂറോളം പാലത്തിൽ കുടുങ്ങുകയായിരുന്നു.ഇതോടെ ഇരിട്ടി പാലം വഴിയുള്ള ഗതാഗതം സ്തംഭിച്ചു.പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി നൂറോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഒരുമാസം മുൻപും ഇവിടെ ഇതേതരത്തിൽ കണ്ടൈനർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു.കാലപ്പഴക്കം കാരണം പാലത്തിലൂടെ 12 ടണ്ണിലധികം ഭാരമുള്ള വാഹനങ്ങൾ കടന്നു പോകുന്നത് നിരോധിച്ചിരുന്നു.ഇത് പരിശോധിക്കാനായി പാലത്തിന്റെ രണ്ടു ഭാഗങ്ങളിലും ഹോം ഗാർഡിനെയും നിയോഗിച്ചിട്ടുണ്ട്.എന്നാൽ പലപ്പോഴും ഹോം ഗാർഡിനെ അനുസരിക്കാൻ ഡ്രൈവർമാർ തയ്യാറാകുന്നില്ല.മാത്രമല്ല അന്തർസംസ്ഥാന പാതയായതിനാൽ ഇതരസംസ്ഥാനത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം മനസ്സിലാക്കാനുള്ള സിഗ്നൽ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയതോടെ പഴയപാലത്തിലൂടെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.ഇരിട്ടി അഗ്നിസാക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിലുള്ള സംഘമെത്തി ലോറി പതുക്കെ പിറകോട്ടെടുത്താണ് പാലത്തിൽ നിന്നും നീക്കിയത്.
അഭിമന്യുവിന്റെ കൊലപാതകിയെ തിരിച്ചറിഞ്ഞതായി പോലീസ്;നാലുപേർ കൂടി കസ്റ്റഡിയിൽ
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞതായി പൊലീസ്. മുഹമ്മദ് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. ഇയാളാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി കൊലയാളി സംഘത്തില്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണൽ കൊലയാളിയാലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന കത്തികൊണ്ടുള്ള മുറിവ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതായും ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യു തൽക്ഷണം മരിക്കാൻ കാരണമായതെന്നും പോലീസ് പറഞ്ഞു. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഉള്‍പ്പെടുന്നതായാണ് സൂചന. പ്രതികള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്.അഭിമന്യു വധക്കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ഫറൂഖ്, ബിലാല്‍, റിയാസ് എന്നിവരെ പൊലീസ് ഇന്ന് കസ്‌റ്റഡിയില്‍ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ ഗൂഢാലോചന കൂടുതല്‍ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു.
മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. എം.ബി.ബി.എസ്., ബി.ഡി.എസ്, മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയ്ക്കുള്ള പ്രവേശനനടപടികളാണ് ആരംഭിച്ചിരിക്കുന്നത്. www.cee.kerala.gov.in, www.ceekerala.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും അലോട്ട്‌മെന്റ് പട്ടിക ലഭ്യമാണ്.ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരം ലഭിക്കാത്ത നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളെയും രണ്ട് ഡെന്റല്‍ കോളേജുകളെയും ഒഴിവാക്കിക്കൊണ്ടാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പട്ടികയില്‍ റാങ്ക് ക്രമത്തിൽ അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, കാറ്റഗറി എന്നിവ വ്യക്താക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കേളേജുകളിലെ എന്‍.ആര്‍.ഐ. ക്വാട്ട, ന്യൂനപക്ഷ പദവിയുള്ള കോളേജുകളിലെ മൈനോറിറ്റി ക്വാട്ട സീറ്റുകളിലേക്കും ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഹോം പേജില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും ലഭ്യമാകുന്നതാണ്.അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഈ പ്രിന്റൗട്ട് സഹിതം ജൂലായ് ആറ് മുതല്‍ 12ന് വൈകിട്ട് അഞ്ച് മണി വരെ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്.