തിരുവനന്തപുരം:മെഡിക്കൽ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകൾക്ക് ആരോഗ്യ സർവകലാശാല ഏർപ്പെടുത്തിയ വിലക്ക് നീക്കി. കണ്ണൂര്‍, അസീസിയ, കാരക്കോണം, എസ്.യു.ടി എന്നീ മെഡിക്കല്‍ കോളേജുകളുടെ വിലക്കാണ് ആരോഗ്യ സര്‍വകലാശാല നീക്കിയത്. നാല് കോളേജുകളിലും ഈ വര്‍ഷം തന്നെ പ്രവേശനം നടത്താം.
അഭിമന്യുവിന്റെ കൊലപാതകം;ഒരാൾ കൂടി അറസ്റ്റിൽ; കൊലപ്പെടുത്താനായി വിളിച്ചുവരുത്തിയത് ഒന്നാം പ്രതി മുഹമ്മദെന്ന് സൂചന
കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.എസ്ഡിപിഐ നേതാവ് നവാസാണ് അറസ്റ്റിലായത്.അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇതിനിടെ അഭിമന്യുവിന്റെ കൊലപാതകം അക്രമിസംഘം വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് മുന്‍പ് നാട്ടിലായിരുന്ന അഭിമന്യുവിന് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് അഭിമന്യുവിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതു കേസില്‍ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നു സൂചന.മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷം അറബിക് വിദ്യാര്‍ഥിയാണു മുഹമ്മദ്. ഇയാളും കുടുംബവും കൊലപാതകത്തിനുശേഷം ഒളിവില്‍ പോയിരിക്കുകയാണ്. സഹോദരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഭിമന്യുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കൊലയാളി സംഘത്തിലെ പ്രതികള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്നു രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് കൈമാറി.
തായ് ഗുഹയിൽ നിന്നും കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പ് ചോദിച്ച് കോച്ചിന്റെ കത്ത്
ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ടിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പരിശീലകന്റെ എഴുതിയ കത്ത് തായ് നേവി പുറത്ത് വിട്ടു.കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമചോദിച്ചുകൊണ്ടുള്ള 25കാരന്‍ പരിശീലകന്റെ കത്താണ് പുറത്തെത്തിയത്. ‘എല്ലാ മാതാപിതാക്കളോടും, എല്ലാ കുട്ടികളും ഇപ്പോഴും സുരക്ഷിതരാണ്. ഇവര്‍ക്ക് കഴിയുന്നതില്‍ ഏറ്റവും നല്ല സുരക്ഷ താന്‍ ഒരുക്കും.എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, മാത്രമല്ല മാതാപിതാക്കളോട് താന്‍ ക്ഷമ ചോദിക്കുന്നു’. പരിശീലകനായ എക്കപോള്‍ ഛന്ദവോംഗ് കത്തില്‍ കുറിച്ചു. 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടിളാണ് പരിശീലകനൊപ്പം ഗുഹയില്‍ അകപ്പെട്ടിരിക്കുന്നത്.ഇവരെ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് തായ്‌ലണ്ട് സേന. ലോകം മുഴുവന്‍ ഇവര്‍ക്കായി പ്രാര്‍ത്ഥനയിലാണ്. കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നുവെന്നാണ് പുതിയ വിവരം.കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗുഹയിലെ ഓക്സിജന്റെ അളവ് കുറയാനുള്ള സാധ്യതയും അതിശക്തമായ മഴക്കുള്ള സാധ്യതയും രക്ഷാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ഗുഹയിെല വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ മഴ പെയ്യുന്നതു മൂലം ജലനിലരപ്പ് വീണ്ടും ഉയരുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
ഈ വർഷത്തെ ഓണപരീക്ഷ ഓണത്തിന് ശേഷം നടത്തും
ചങ്ങനാശ്ശേരിയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
കോട്ടയം:ചങ്ങനാശ്ശേരിയിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും മര്‍ദ്ദനത്തിന്‍റെ പാടുകളൊന്നും ശരീരത്തില്‍ ഇല്ലെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.ബുധനാഴ്ചയാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചെന്ന പരാതിയിൽ പോലീസ് സുനിലിനെയും രേഷ്മയേയും ചോദ്യം ചെയ്തു വിട്ടയച്ചത്.വീട്ടിലെത്തിയ ദമ്പതികൾ ഉച്ചയോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യ്യുകയായിരുന്നു.മരിച്ച സുനിലും ഭാര്യയും എഴുതിയ ആത്മഹത്യ കുറിപ്പിൽ പോലീസ് തങ്ങളെ ക്രൂരമായി മർദിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു.മരിച്ച സുനിലിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത രാജേഷും പൊലീസിന് അനുകൂലമായ മൊഴിയാണ് നൽകിയിരിക്കുന്നത്. രാജേഷിന്റെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും ആത്മഹത്യാ കുറിപ്പും ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിക്കുമെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട്.
അഭിമന്യു വധക്കേസ്;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
കൊച്ചി:അഭിമന്യു വധക്കേസിൽ അന്വേഷണ ഉദോഗസ്ഥനെ മാറ്റി.സെന്‍ട്രല്‍ സിഐ അനന്ത് ലാലിനെയാണ് മാറ്റിയത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീക്ഷണര്‍ എസ്.ടി. സുരേഷ് കുമാറിനാണ് പുതുതായി അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്‍റെ അന്വേഷണം ശരിയായദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രതികളേക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സിറ്റിപോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് വ്യക്തമാക്കിയതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
തായ്‌ലൻഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങല്‍ വിദഗ്ദന്‍ ശ്വാസം മുട്ടി മരിച്ചു
ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മുൻ നാവിക സേനാ ഉദ്യോഗസ്ഥനും മുങ്ങല്‍ വിദഗ്ദ്ധനുമായ സമാൻ ഗുണാൻ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി രക്ഷാ പ്രവര്‍ത്തനത്തിനിടെ ആണ് മരണം സംഭവിച്ചത്.ഗുഹയില്‍ ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ച് മടങ്ങുമ്ബോഴായിരുന്നു അപകടം .ഗുഹയ്ക്കുള്ളില്‍ ഓക്സിജന്‍ കുറഞ്ഞതുകൊണ്ടാണ് സമാന്‍ കുഴഞ്ഞുവീണത്. ഇതേതുടര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക് പുറത്ത് നിന്ന് ഓക്സിജന്‍ പമ്പ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഗുഹയ്ക്കുള്ളില്‍ വെള്ളവും ചെളിയും കയറിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും എത്തിച്ച് നല്‍കിയിട്ടുണ്ട്. കോച്ചിന്റെയും ചില കുട്ടികളുടെയും ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.നിലവിലെ സാഹചര്യം അനുസരിച്ച് ഗുഹയ്ക്കുള്ളിലെ വെള്ളം കുറയുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. കുട്ടികളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയിട്ടെ അവരെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുവെന്ന് തായ്‌ലൻഡ് ഭരണകൂടം അറിയിച്ചു. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ റിപ്പോർട്ട് രക്ഷാപ്രവർത്തകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.ഗുഹയിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ജലനിരപ്പോൾ ഇപ്പോൾ നാല്പതു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.എന്നാൽ മഴപെയ്താൽ ജലനിരപ്പ് വീണ്ടും കൂടും. ഗുഹാമുഖത്തു നിന്നും നാലര കിലോമീറ്റർ ഉള്ളിലാണ് കുട്ടികൾ ഇപ്പോൾ ഉള്ളത്.ഇവർക്കൊപ്പം മെഡിക്കൽ സംഘവും മുങ്ങൽ വിദഗ്ദ്ധരും കൗൺസിലർമാരും ഉണ്ട്.മഴപെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് സൂചന.ജൂൺ 23 നാണ് ഫുട്ബോൾ സംഘത്തിലെ പന്ത്രണ്ടുപേരും കോച്ചും ഗുഹയിൽ കുടുങ്ങിയത്.
ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം;അധ്യാപികയെ പുറത്താക്കി
ഇടുക്കി:വണ്ടിപ്പെരിയാറിൽ ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം.ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ വടികൊണ്ട് തല്ലിയ ഒരുപാട് പാടുകള്‍ കണ്ടതോടെയാണ് മാതാപിതാക്കള്‍ വിവരം തിരക്കിയത്. വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടിയ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ ശരീരത്ത് 12 പാടുകളുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാൻ അധ്യാപിക ശ്രമിച്ചതായി മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈനും പോലീസിനും പരാതി നല്‍കി. പോലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയെ ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ഒൻപതാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ലഹരിവസ്തുക്കളും ലഹരി വലിക്കാനുള്ള ഹുക്കയും പിടികൂടി
കാസർകോഡ്:ഒൻപതാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ലഹരിവസ്തുക്കളും ലഹരി വലിക്കാനുള്ള ഹുക്കയും പിടികൂടി.കുട്ടിയുടെ രക്ഷിതാവിന്റെ സഹകരണത്തോടെ ബേക്കൽ എസ്‌ഐ കെ.പി വിനോദ് കുമാറും സംഘവും ചേർന്നാണ് ഇവ പിടികൂടിയത്.പള്ളിക്കര പഞ്ചായത്തിലെ ഒരു സർക്കാർ സ്കൂളിലാണ് ഈ വിദ്യാർത്ഥി പഠിക്കുന്നത്.കുട്ടിക്കെതിരെ ജുവനൈൽ ആക്ട് അനുസരിച്ച് കേസെടുത്തതായി എസ്‌ഐ അറിയിച്ചു. പിടികൂടിയ വിദേശ നിർമിത ഹുക്ക ആര് നല്കിയതാണെന്ന് വിദ്യാർത്ഥി ഇനിയും പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ബേക്കൽ പോലീസ് കഞ്ചാവിനെതിരെ നടത്തുന്ന ശക്തമായ പരിശോധനയിൽ കഴിഞ്ഞ ദിവസം പള്ളിക്കര സ്കൂളിന് പിൻവശത്തു നിർമിക്കുന്ന ആശുപത്രികെട്ടിടത്തിന്റെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നും കഞ്ചാവും കഞ്ചാവ് നിറച്ച സിഗററ്റുമായി മുഹമ്മദ് ഹാരിസ് എന്നയാളെ പിടികൂടിയിരുന്നു.ഇവിടെ കഞ്ചാവുവലിക്കാരുടെ താവളമാണെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കണ്ണൂർ:കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയയാൾ കണ്ണൂർ പോലീസിന്റെ പിടിയിൽ.ചെറുകുന്ന് ആയിരം തെങ്ങിലെ മഠത്തിൽ ജിജേഷ്(37)ആണ് പിടിയിലായത്. ഇയാൾ കണ്ണൂർ എയർപോർട്ട് എഞ്ചിനീയറാണെന്ന് തെറ്റിദ്ധരിപ്പിച്ചു ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചു എന്ന മുഹമ്മദ് അനീസ് എന്നയാളുടെ പരാതി പ്രകാരമാണ് അറസ്റ്റ്.അനീസിനും ഭാര്യക്കും പിതാവിനും ജോലി നൽകാമെന്ന് പറഞ്ഞ് 90,000 രൂപ മുൻകൂറായി വാങ്ങി.ബാക്കി പണം പിന്നീട് നല്കണമെന്നും ആവശ്യപ്പെട്ടു.അനീസിന് സ്റ്റോർ കീപ്പറായും ഭാര്യയ്ക്ക് റിസപ്ഷനിസ്റ്റായും പിതാവിന് കഫ്റ്റീരിയയിലുമാണ് ജോലി വാഗ്ദാനം ചെയ്തത്.വിമാനത്താവളത്തിൽ എൻജിനീയറാണ് താനെന്നാണ് ജിജേഷ് എല്ലാവരോടും പറഞ്ഞിരിക്കുന്നത്. മൽസ്യവില്പനത്തൊഴിലാളിയായ അനീസിന്റെ പക്കൽ നിന്നും പതിവായി കാറിലെത്തി ജിജേഷ് മൽസ്യം വാങ്ങാറുണ്ടായിരുന്നു.ഇങ്ങനെയാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.അനീസ് വഴിയാണ് മറ്റു പരാതിക്കാരുമായും ജിജേഷ് പരിചയപ്പെടുന്നത്. കണ്ണൂർ എസ്‌ഐ ശ്രീജിത്ത് കോടേരി അനീസിനെ കൊണ്ട് ജിജേഷിനെ വിളിപ്പിച്ച് താൻ എംകോം ബിരുദധാരിയാണെന്നും എയർപോർട്ടിൽ ജോലി ലഭിക്കാൻ എന്ത് വേണമെന്നും ചോദിപ്പിക്കുകയായിരുന്നു.അനീസ് പറഞ്ഞതനുസരിച്ച് ജിജേഷ് കണ്ണൂർ മാർക്കറ്റിലെ ചെമ്പന്തൊട്ടി ബസാറിലെത്തി.ഇയാളോട് എസ്‌ഐ ആവശ്യം ഉന്നയിച്ചു.തനിക്ക് അക്കൗണ്ടന്റ് ജോലിയാണ് വേണ്ടതെന്നു പറഞ്ഞു. എന്നാൽ എയർക്രാഫ്റ്റ് കമ്പനിയിൽ ജോലി തരപ്പെടുത്തി തരാമെന്ന് ജിജേഷ് സമ്മതിനു.അതിനായി ഒരുലക്ഷം രൂപയും ആവശ്യപ്പെട്ടു.അൻപതിനായിരം അഡ്വാൻസായി തരണമെന്നും പറഞ്ഞു.ഇതനുസരിച്ച് പണമെടുക്കാനെന്ന വ്യാജേന ഇയാളെയും കൂട്ടി മടങ്ങാനൊരുങ്ങി.സിവിൽ പോലീസ് ഓഫീസറായ ലിജേഷ്,സ്നേഹേഷ് എന്നിവരും മഫ്തിയിൽ കൂടെയുണ്ടായിരുന്നു.തട്ടിപ്പാണെന്ന് ഉറപ്പിച്ചതോടെ ഇയാളോട് തങ്ങൾ പോലീസാണെന്ന് വെളിപ്പെടുത്തി സ്റ്റേഷനിൽ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇയാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.വിവിധ സംഭവങ്ങളിലായി ഇയാൾക്കെതിരെ ആറു സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.