കണ്ണൂർ:വിജ്ഞാപനം തിരുത്തി സിപിഎം എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനം നൽകിയതായി പരാതി.റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനമാണ് സിപിഎം നേതാവിന്റെ ഭാര്യയ്ക്കുള്ളത്.എന്നാൽ ഒന്നാം സ്ഥാനക്കാരിയെ മറികടന്ന് രണ്ടാം സ്ഥാനക്കാരിക്ക് നിയമനം നൽകിയത് സംവരണാടിസ്ഥാനത്തിലാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എം എഡ് വിഭാഗത്തിലാണ് എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം ലഭിച്ചത്. ജൂൺ 8നാണ് വിജ്ഞാപനം ഇറക്കിയത്. ജൂൺ 14 ന് അഭിമുഖവും നടന്നു. അഭിമുഖത്തിൽ ഇവർക്ക് രണ്ടാം റാങ്കായിരുന്നു. ഇതോടെ കരാർ നിയമനത്തിന് സംവരണം നടപ്പിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഒ ഇ സി സംവരണത്തിൽപെടുത്തി ഇവർക്ക് നിയമനവും നൽകി.എന്നാൽ ഈ തസ്തികയിലേക്ക് ഇറക്കിയ വിജ്ഞാപനത്തിൽ സംവരണകാര്യം സൂചിപ്പിരുന്നില്ല. പൊതു നിയമനത്തിന് വേണ്ടിയാണ് സർവകലാശാല വിജ്ഞാപനം ഇറക്കിയത്. ഒരു വിഷയത്തിന് മാത്രമായി അധ്യാപകരെ നിയമിക്കുമ്പോൾ വിജ്ഞാപനത്തിൽ റൊട്ടേഷൻ സംവരണം ഉണ്ടാകാറില്ല. ഇതോടെ സംവരണം അടിസ്ഥാനപ്പെടുത്തിയാണ് നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്ന സർവകലാശാലയുടെ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടു.അധ്യാപന പരിചയം, ദേശീയ-അന്തർ ദേശീയ തലങ്ങളിലുള്ള സെമിനാറിലെ പങ്കാളിത്തം, തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.അഭിമുഖത്തിൽ ഒന്നാമതെത്തിയത് മറ്റൊരു ഉദ്യോഗാർത്ഥിയായിരുന്നു. ഇവരെ ഒഴിവാക്കിയാണ് എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒന്നാം റാങ്കുകാരി.ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരിയും തമ്മിൽ അഞ്ച് മാർക്കിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്.