തിരുവനന്തപുരം:ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം.നേരത്തെയും കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പ് കാരണം നടപടി മന്ദഗതിയില്‍ ആവുകയായിരുന്നു.എന്നാൽ അഭിമന്യുവിന്റെ കൊലപാതകമടക്കം അടുത്തിടെ നടന്ന സംഭവങ്ങളുടെ കേന്ദ്രസർക്കാർ നടപടി ഊർജിതമാക്കാൻ തീരുമാനിച്ചു.നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിശദ വിവരങ്ങൾ തേടിയിരുന്നു. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് ഇവർ നൽകിയ റിപ്പോര്‍ട്ട്. അഭിമന്യുവിന്റെ കൊലപാതകം കൂടാതെ ഗോരക്ഷാ പ്രവര്‍ത്തനം ആരോപിച്ച് പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ച സംഭവം, ആര്‍.എസ്.എസ്- സി.പി.എം അക്രമം ലക്ഷ്യമിട്ട് ചവറയില്‍ സി.പി.എം കൊടിമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബി.ജെ.പി കൊടി കെട്ടിയ സംഭവം എന്നിവ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മത തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങൾ പങ്കുവെയ്ക്കാനും കേരളത്തിൽ തുടങ്ങിയ ഇരുനൂറിലേറെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളെ കുറിച്ചും റിപ്പോർട്ടിൽ ഉണ്ട്.കഴിഞ്ഞ മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. രാജ്യത്താകമാനം നിരോധിക്കുന്നതിന്റെ ഭാഗമായാണ് ജാര്‍ഖണ്ഡിലെ നിരോധനമെന്ന് അന്ന് തന്നെ വിലയിരുത്തിയിരുന്നു.
അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടിയില്ലെങ്കിൽ താനും ഭാര്യയും മരിക്കുമെന്ന് പിതാവ്
ഇടുക്കി:മകനെ കൊന്നവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിന്റെ പിതാവ്. അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളജില്‍ നിന്നും അപമന്യുവിന്റെ വീട്ടിലെത്തിയ അധ്യാപകരോടാണ് പിതാവ് മനോഹരന്‍ ഇങ്ങനെ പറഞ്ഞത്. ‘അവനെ കൊല്ലാന്‍ അവര്‍ക്ക് എങ്ങനെ കഴിഞ്ഞു, അവന്‍ പാവമായിരുന്നു, പാവങ്ങള്‍ക്കൊപ്പമായിരുന്നു അവന്‍, അവനെ കൊന്നവരോട് ക്ഷമിക്കില്ലെന്നും കരഞ്ഞുകൊണ്ട് മനോഹരന്‍ പറഞ്ഞു.ഇന്നലെയാണ് മഹാരാജാസിലെ അധ്യാപക സംഘം അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടിലെത്തിയത്.കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍. കൃഷ്ണകുമാര്‍, എം.എസ്. മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോര്‍ജ്, ജോര്‍ജ് എന്നിവരാണ് വട്ടവടയിലെ എത്തിയത്. മഹാരാജാസിലെ അധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും അവര്‍ മനോഹരന് കൈമാറി.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി ഈടാക്കരുതെന്ന് ഹൈക്കോടതി
കൊച്ചി:സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി ഈടാക്കരുതെന്ന് ഹൈക്കോടതി നിർദേശം.കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.എൻട്രൻസ് കമ്മീഷണർ നൽകിയ അലോട്ട്മെന്റ് ഉത്തരവിലും സർക്കാർ ഉത്തരവിലും മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി നല്കണമെന്നില്ല.അതുകൊണ്ടു തന്നെ ഒന്നാം വർഷ മെഡിക്കൽ പ്രവേശനത്തിന് നാലുവർഷത്തെ ബാങ്ക് ഗ്യാരന്റി നൽകണമെന്ന സ്വാശ്രയ മെഡിക്കൽ കോളേജിന്റെ ആവശ്യം നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് കനത്ത മഴ;അഞ്ചു ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. കനത്ത മഴയെതുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, എറണാകുളം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയാണ്.കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാല്‍ അണക്കെട്ടില്‍ ജലനിരപ്പ് 122 അടിയായി. ഇടുക്കി മലങ്കര ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. വയനാട് ജില്ലിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു
ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു. മനുഷ്യശക്‌തിയും ദൃഢനിശ്‌ചയവും കൈകോര്‍ത്ത അതിസാഹസിക ദൗത്യത്തിലൂടെ ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും കൊച്ചിനെയും ഇന്നലെ പുറത്തെത്തിച്ചു.കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയ പതിനെട്ടാം ദിവസമാണു രക്ഷാദൗത്യം പൂര്‍ത്തിയായത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെ പുറത്തെത്തിച്ചിരുന്നു.ഗുഹയിലെ വെള്ളംനിറഞ്ഞ ഇടുക്കുകളിലൂടെ ഓക്‌സിജന്‍ മാസ്‌ക് അടക്കമുള്ളവ ധരിപ്പിച്ചാണു കുട്ടികളെ പുറത്തെത്തിച്ചത്.പരിശീലകനെയാണ് ഒടുവില്‍ പുറത്തെത്തിച്ചത്. അതിനു പിന്നാലെ, ഗുഹയില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന ഡോക്‌ടറും മൂന്നു തായ് സീലുകളും സുരക്ഷിതരായി പുറത്തെത്തി. ഇന്നലെ രക്ഷിച്ചവരെയും പ്രഥമശുശ്രൂഷകള്‍ക്കും പരിശോധനയ്‌ക്കും ശേഷം ആശുപത്രിയിലേക്കു മാറ്റി. ആദ്യം രക്ഷപ്പെടുത്തിയ എട്ടുപേരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന് തായ്‌ലന്‍ഡ് പൊതുഭരണമന്ത്രി അറിയിച്ചു. രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയിരുന്നു.കുട്ടികള്‍ ഒരാഴ്‌ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരും. എല്ലാവരുടേയും ശരീരത്തില്‍ ശ്വേതരക്‌താണുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. അണുബാധയാണതു സൂചിപ്പിക്കുന്നത്. രണ്ടാഴ്‌ചയിലേറെയുള്ള ഗുഹാവാസമാകാം കാരണം. എല്ലാവര്‍ക്കും ആന്റിബയോട്ടിക് നല്‍കിയിട്ടുണ്ട്.കുട്ടികളുടെ മാതാപിതാക്കളെ നിരീക്ഷണമുറിയുടെ ജനലിലൂടെയാണ് കാണാന്‍ അനുവദിച്ചത്. ഞായറാഴ്‌ച റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാൻ കുട്ടികളെ ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരാഴ്‌ചയെങ്കിലും ആശുപത്രി നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ ആ കാഴ്‌ച നടക്കാനിടയില്ല.
നിങ്ങൾ നിങ്ങളുടെ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ,എങ്കിൽ അറിയാം നിയമവശങ്ങളെ പറ്റി
നിങ്ങളുടെ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്റെ നിയമവശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.വാഹനത്തിന്റെ നിറത്തിലോ ഘടനയിലോ മാറ്റം വരുത്തുന്നത് നിയമപരമായി തെറ്റാണ്.വാഹനത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റം അതിന്റെ ശക്തിയെ തന്നെ ബാധിക്കും.വാഹനം എപ്പോഴെങ്കിലും അപകടത്തിൽപെടുകയാണെങ്കിൽ വാഹനത്തിനും യാത്രക്കാർക്കും ഗുരുതരമായ പരിക്കേൽക്കാൻ സാധ്യതയുണ്ട്.നിയമപ്രകാരം വാഹനങ്ങൾ പരിഷ്‌ക്കരിക്കണമെങ്കിൽ അതിനായി ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങൾ ഓട്ടോമോട്ടീവ് റിസർച്ച് അതോറിറ്റി ഓഫ് ഇന്ത്യ(ARAI) അംഗീകരിച്ചവയായിരിക്കണം. മാത്രമല്ല മോഡിഫൈ ചെയ്ത ശേഷം ARAI അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നേടുകയും വേണം.കേരള, കർണാടക പോലീസ് ഇത്തരത്തിൽ ഇത്തരത്തിൽ നിയമപരമല്ലാത്ത രീതിയിൽ പരിഷ്‌ക്കരിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള കർശന പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു.അമിതമായ ശബ്ദമുണ്ടാക്കുന്ന ബൈക്കുകൾക്ക് സർട്ടിഫിക്കറ്റു നൽകുന്നത് പോലീസ് നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല ഇവ ഉടമസ്ഥരുടെ മുന്നിൽവെച്ചു തന്നെ എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.അതേസമയം വാഹനം നിയമപരമായി മോഡിഫൈ ചെയ്യുക എന്നത് വളരെ ദൈർഘ്യമേറിയ പ്രവൃത്തിയാണ്.മോഡിഫൈ ചെയ്യാനായി ARAI അംഗീകരിച്ച യന്ത്രഭാഗങ്ങൾ ഉപയോഗിക്കുകയും ശേഷം ARAI നൽകുന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും വേണം. വിനൈൽ റാപ്പിങ് മെത്തേഡ് ഉപയോഗിച്ച് വാഹനത്തിന്റെ നിറം മാറ്റം.എന്നാൽ വാഹനത്തിന്റെ നിറം പെയിന്റ് ചെയ്ത് മറ്റൊരു നിറമാക്കുന്നത് നിയമപരമായി തെറ്റാണ്.
തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മൂന്നു കുട്ടികളെ കൂടി പുറത്തെത്തിച്ചു;ഇനി ശേഷിക്കുന്നത് ഒരു കുട്ടിയും കോച്ചും മാത്രം
ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ മൂന്ന് കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടികളെ മുങ്ങല്‍ വിദ്ഗദ്ധര്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇനി ഒരു കുട്ടിയും ഫുട്ബോള്‍ പരിശീലകനും മാത്രമാണ് ഗുഹയിലുള്ളത്. ഇവരെയും ഉടന്‍ തന്നെ രക്ഷപ്പെടുത്തും. ഇന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ രക്ഷപ്പെടുത്തിയ കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അണുബാധയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടികളുടെ പേരുകളും ചിത്രങ്ങളും തായ് അധികൃതര്‍ പുറത്തുവിട്ടു.
വയനാട് ജില്ലയിൽ കനത്ത മഴ;താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിൽ;വ്യാപക നാശനഷ്ടം
വയനാട്:കനത്ത മഴയിൽ വയനാട് ജില്ലയിൽ വ്യാപകമായ നാശനഷ്ടം.ശക്തമായി പെയ്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. മണിയങ്കോട് കെ എസ് ഇ ബി സബ് സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ കുടുങ്ങി. കുടുങ്ങിക്കിടന്ന മൂന്ന് ജീവനക്കാരെ പോലീസും അഗ്‌നിരക്ഷാ സേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.അതിനിടെ കനത്ത മഴയില്‍ മേപ്പാടിയില്‍ ലത്തീഫിന്റേയും മറ്റൊരാളുടേയും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പനമരത്ത് പെട്രോള്‍ പമ്പിന് മുകളില്‍ മണ്ണിടിഞ്ഞ് വീണെങ്കിലും ആളപായമില്ല. മാനന്തവാടി വെള്ളിയൂര്‍ കാവും പരിസരങ്ങളും വെള്ളത്തില്‍ മുങ്ങി. വൈത്തിരി താലൂക്കിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്.ദുരിത ബാധിതരെ തിങ്കളാഴ്ച രാത്രി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നൂറോളം കുടുംബങ്ങളാണ് വിവിധ ക്യാമ്ബുകളിലായി കഴിയുന്നത്. ജില്ലയുടെ പല ഭാഗത്തും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മീനിലെ രാസവസ്തു;റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം മിന്നൽ പരിശോധന നടത്തി
തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം കണ്ടെത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് റെയിൽവേ സ്റ്റേഷനുകളിൽ മിന്നൽ പരിശോധന നടത്തി.തിരുവനന്തപുരം തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്സ് മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണര്‍ മിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്ന് രാവിലെ 8 നാണ് പരിശോധന തുടങ്ങിയത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമെത്തിയ മത്സ്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് പുലര്‍ച്ചെയെത്തിയ മംഗലപുരം തിരുവനന്തപുരം,മധുര പുനലൂര്‍ എക്സ് പ്രസ്, മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ കൂറ്റന്‍ തെര്‍മോകോള്‍ ബോക്സലുകളിലാക്കി കൊണ്ടുവന്ന മത്സ്യങ്ങളാണ് പരിശോധിച്ചത്. ശേഖരിച്ച സാമ്പിളുകളിൽ രാസവസ്തുക്കളൊന്നും പ്രയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.റെയില്‍വേ സ്റ്റേഷനിലെത്തിയ മുഴുവന്‍ മത്സ്യവും സാമ്പിൾ ശേഖരിച്ച് പരിശോധിച്ചശേഷം സുരക്ഷിതമാണെന്ന് കണ്ടെത്തിയാലേ വിട്ടുകൊടുക്കൂവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊല്ലം, കൊച്ചി, റെയില്‍വേ സ്റ്റേഷനുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി.കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ കെ.അജിത്ത് കുമാര്‍ നേതൃത്വം നല്‍കി. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച കരിമീനില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ച് പരിശോധിച്ചെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് സാമ്പിൾ തിരുവനന്തപുരത്തെ റിജിയണല്‍ അനലറ്റിക് ലാബിലേക്ക് അയച്ചു. ട്രോളിംഗ് നിരോധനം ലാക്കാക്കി കേരളത്തിലേക്ക് രാസവസ്തുക്കളും ഫോര്‍മാലിനും പ്രയോഗിച്ച മത്സ്യം വന്‍തോതില്‍ കടത്തിക്കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തിയത്.
ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒന്നരമണിക്കൂർ മണ്ണിനടിയിൽ കിടന്ന യുവതി രക്ഷപ്പെട്ടു
ഇടുക്കി:അടിമാലിയിലെ കുടുംബശ്രീ ഹോട്ടലിന്റെ മുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണു ജീവനക്കാരി ശ്വാസം കിട്ടാതെ കിടന്നത് ഒന്നരമണിക്കൂര്‍ മണ്ണിനടിയില്‍ കുടുങ്ങി.അടിമാലി വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത(30)യാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.മണ്ണ് വീണതോടെ ഭിത്തിക്കും സ്ലാബിനുമിടയിലായി പ്രമീത അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പ്രമീതയെ രക്ഷപ്പെടുത്തിയത്. ഹോട്ടലിനോട് ചേര്‍ന്നുണ്ടായിരുന്ന ശുചിമുറിയുടെ മുകളിലേക്കാണ് രാവിലെ 9.05-ന് കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞുവീണത്. പ്രമീതയുടെ കാലിലേക്ക് സ്‌ളാബ് വീണതോടെ ഇവര്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ശ്വാസം കിട്ടാതായതോടെ പ്രമീത അവശനിലയിലായിരുന്നു. മണ്ണുനീക്കിയ ഉടന്‍ പ്രമീതയ്ക്ക് പ്രാഥമിക ശിശ്രൂഷ നല്‍കി. പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ മാറ്റിയ പ്രമീത അപകടനില തരണം ചെയ്തതായി ഡോക്ടര്‍ അറിയിച്ചു.