കണ്ണൂർ താണയിൽ വാഹനാപകടത്തിൽ സുന്നി നേതാവ് മരിച്ചു

keralanews sunni leader died in an accident in kannur thana

കണ്ണൂർ:കണ്ണൂർ താണയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ സുന്നി നേതാവ് മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി പി അബ്ദുര്‍ റഊഫ് മുസ്‌ലിയാര്‍ (60) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മണിയോടെടെ കണ്ണൂര്‍ ക്യാപ്പിറ്റൽ മാളിന് സമീപത്താണ് അപകടം നടന്നത്.ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്.സാരമായ പരിക്കേറ്റ റഊഫ് മുസ്‌ലിയാരെ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായ മറ്റുളളവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സുന്നി സംഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാനിധ്യമായിരുന്ന റഊഫ് മുസ്‌ലിയാര്‍ തളിപ്പറമ്പ് അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ടായിരുന്നു. 1987-88 കാലഘട്ടത്തില്‍ കാസര്‍കോട് സഅദിയ്യ ബോഡിംഗ് മദ്രസ മാനേജറായിരുന്നു. പാനൂര്‍ മോന്താല്‍ ജുമുഅ മസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍ താഴെ ചൊവ്വ ജുമുഅ മസ്ജിദ്, ചപ്പാരപ്പടവ് ജുമുഅ മസ്ജിദ്, പട്ടുവം ജുമാമസ്ജിദ്, തളിപ്പറമ്ബ് ബാഫഖി മദ്‌റസ, ബെംഗളൂരു മര്‍കസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബും മുദരിസുമായി സേവനം ചെയ്തിരുന്നു.ഭാര്യ:സഫിയ.മക്കള്‍: മുഹമ്മദ് സുഹൈല്‍ (അല്‍മഖര്‍ ആര്‍ട്‌സ് ആന്‍ഡ് കോമേഴ്‌സ് കോളജ് അഡ്മിനിസ്‌ട്രേറ്റര്‍), മുഹമ്മദ് സുലൈം (അഡ്‌നോക്, അബുദാബി),സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്തര്‍), നുസൈബ, ജുമാന, ശുഐബ്, ശഹബാന (അല്‍മഖര്‍ ഇ എം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).

ഫോർമാലിൻ പരിശോധന ശക്തമാക്കിയതോടെ മീനിൽ പുതിയ രാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്

keralanews after making formalin inspection strict doubt that another chemical is mixed with fish

തിരുവനന്തപുരം:മീനിൽ ചേർക്കുന്ന ഫോർമാലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതോടെ മീൻ എളുപ്പത്തിൽ കേടാകാതിരിക്കാൻ പുതിയ തരം രാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്. മീന്‍ കേടാകാതിരിക്കാന്‍ സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധന തുടങ്ങി.സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് എളുപ്പത്തില്‍ കണ്ടെത്താന്‍ നിലവില്‍ മാര്‍ഗങ്ങളില്ല. ഈ സാഹചര്യത്തിലാണ് പഠനം. എറണാകുളത്തെ ചില രാസവസ്തു വില്‍പ്പനശാലകളില്‍ നിന്നും സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി ബോട്ടുകാര്‍ കൂടിയ അളവില്‍ നിരന്തരം വാങ്ങിപ്പോകുന്നുണ്ട്. ഇതാണ് സംശയത്തിനു കാരണം. അണുനാശിനിയായി ഉപയോഗിക്കുന്ന സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് മീനില്‍ ഉപയോഗിച്ചാല്‍ കേടാകാതിരിക്കുമോ എന്നതിലും വ്യക്തതയില്ല. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. 20 ലിറ്റര്‍ കന്നാസുകളിലാണ് എറണാകുളത്തെ കടകളില്‍നിന്ന് ബോട്ടുകാര്‍ ഇത് വാങ്ങിപ്പോകുന്നത്.വായു, വെള്ളം, മണ്ണ് എന്നിവയിലുള്‍പ്പെടെ രോഗാണുനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്. നിറമോ മണമോ ഇല്ല. നേര്‍പ്പിക്കാതെ ഉപയോഗിച്ചാല്‍ പൊള്ളലുണ്ടാക്കും. വെള്ളവുമായി ചേര്‍ത്ത് നേരിയ അളവില്‍ മീനില്‍ തളിക്കുന്നതായി സംശയിക്കുന്നു.മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മീനില്‍ ഫോര്‍മലിന്‍, അമോണിയ എന്നിവ ചേര്‍ക്കുന്നത് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) തയ്യാറാക്കിയ പേപ്പര്‍ ടെസ്റ്റിലൂടെ എളുപ്പത്തില്‍ കണ്ടെത്താനാകും. ഇതോടെ കേരളത്തിലേക്ക് അയക്കുന്ന മീനില്‍ ഇത്തരം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് കുറഞ്ഞിരുന്നു.സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കുന്നുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇതിന്റെ സാന്നിധ്യം എങ്ങനെ കണ്ടെത്താമെന്നതും പരിശോധിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എംജി രാജമാണിക്യം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ രാസവസ്തു ഉപയോഗിച്ചാല്‍ മീന്‍ കേടാകാതിരിക്കുമോ, ശരീരത്തിനുള്ളില്‍ ചെന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങളാണുണ്ടാകുക എന്നിവയും പരിശോധിക്കുന്നുണ്ട്.

കനത്ത മഴ;കണ്ണൂരിലെ ഏഴു പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

keralanews heavy rain leave for schools in seven panchayath of kannur district

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്റ്റർ ഇന്ന്  അവധി പ്രഖ്യാപിച്ചു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്നു, കോളയാട്,ചിറ്റാരിപ്പറമ്പ് എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പിഎസ് ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

keralanews p s sreedharan pillai appointed as b j p state president

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷനായി പിഎസ് ശ്രീധരന്‍പിള്ളയെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ഗ്രൂപ്പ് പോര് മുറുകിയ സാഹചര്യത്തിലാണ് ശ്രീധരന്‍പിള്ളയുടെ നിയമനം.ശ്രീധരന്‍ പിള്ള ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിയമനം. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ശ്രീധരന്‍ പിള്ളയെ ആകാനാണ് തീരുമാനം. എന്‍ഡിഎ കണ്‍വീനറായി കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരാനും നീക്കമുണ്ട്. കേരളത്തിലേക്കെത്തിക്കണമെന്ന ആര്‍എസ്‌എസ് ആവശ്യം ബിജെപിയുടെ കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് ലോകസഭയിലേക്ക് മത്സരിപ്പിക്കാനും സാധ്യതയുണ്ട്.കുമ്മനം രാജശേഖരനെ മാറ്റിയതിനെ തുടര്‍ന്ന് മൂന്നു മാസത്തോളം അദ്ധ്യക്ഷനില്ലാതെയിരുന്ന ബിജെപിയില്‍ വിഭാഗിയത രൂക്ഷമായിരുന്നു. അതേസമയം കെ. സുരേന്ദ്രനെ അദ്ധ്യക്ഷനാകണമെന്ന മുരളീധര പക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളി.ആര്‍എസ്‌എസിന്റെ പിന്തുണയും ശ്രീധരന്‍ പിള്ളയ്ക്കായിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം മുരളീധര വിഭാഗത്തിനും കൃഷ്ണദാസ വിഭാഗത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

കൊട്ടിയൂരിൽ 23 രാജവെമ്പാല കുഞ്ഞുങ്ങൾ പിറന്നു

keralanews 23 king cobra snakelets born in kottiyoor

കണ്ണൂർ:കൊട്ടിയൂര്‍ വെങ്ങലോടിയില്‍ 23 രാജവെമ്പാല കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയ 26 മുട്ടകള്‍ വിരിയാനായി കൃഷിയിടത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിൽ  23 എണ്ണവും വിരിഞ്ഞു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് വനംവകുപ്പ് സംഘം മുട്ട വിരിയാന്‍ സൂക്ഷിച്ച കൊട്ടിയൂര്‍ വെങ്ങലോടിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെത്തിയത്. തനത് ആവാസ വ്യവസ്ഥ ഒരുക്കിയാണ് മുട്ടകള്‍ വിരിയാന്‍ വച്ചത്. പ്രത്യേകമായി സജ്ജീകരിച്ച കൂടു തുറന്നപ്പോള്‍ തന്നെ അഞ്ചോളം പാമ്പിൻ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം കാത്തിരുന്നാണ് ഓരോ മുട്ടയും വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നത്.ഒരു മുട്ട കേടായി.ബാക്കി രണ്ടെണ്ണം നിരീക്ഷണത്തിലാണ്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗം റിയാസ് മാങ്ങാട്, വന്യജീവി സംരക്ഷണ സംഘടനയായ മാര്‍ക്ക് അംഗങ്ങളായ അനില്‍ തൃച്ചംബരം, എം സി സന്ദീപ്, ഹാര്‍വസ്റ്റ് ശ്രീജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി ആര്‍ ഷാജി, ബീറ്റ് ഫോറസ്റ്റ്മാരായ എം കെ ജിജേഷ്, കെപി നീതു, മിന്നു ടോമി തുടങ്ങിവരടങ്ങിയ സംഘമാണ് പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

ഇരിട്ടിയിൽ അധ്യാപികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

keralanews teacher found dead in the well in iritty

ഇരിട്ടി:ഇരിട്ടിയിൽ സ്കൂൾ അധ്യാപികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂൾ അദ്ധ്യാപിക എം.പി. മേരി (ലാലി 42) യെയാണ് ചരലിലെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ ഇരിട്ടി അഗ്നിശമനസേന പ്രവർത്തകരും കരിക്കോട്ടക്കരി പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ലോറി ഡ്രൈവർ കരിക്കോട്ടക്കരി സ്വദേശി പാംപ്ലാനിൽ സാബുവിന്റെ ഭാര്യയാണ്.മക്കൾ:എബിലി സാബു,ഹെൽസ സാബു, ഏയ്ഞ്ചൽ സാബു ( മൂവരും അങ്ങാടിക്കടവ് സ്‌കൂൾ വിദ്യാർത്ഥികൾ)

പ്രധാനമന്ത്രിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി;യുവാവ് പിടിയിൽ

keralanews youth arrested who warns of chemical attack on pm modi

മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് മണ്ഡല്‍ (22) എന്ന യുവാവാണ് പിടിയിലായത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വെള്ളിയാഴ്ചയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് എന്‍എസ്ജി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുംബൈ ഡിബി മാര്‍ഗ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കാശിനാഥിന്‍റെ മൊബൈല്‍ നമ്പർ പിന്തുടര്‍ന്നു നടത്തിയ അന്വേണഷത്തിലാണ് ഇയാള്‍ പിടിയിലായത്. അടുത്തിടെ ജാര്‍ഖണ്ഡില്‍ നടന്ന നക്സല്‍ ആക്രമണത്തില്‍ തന്‍റെ സുഹൃത്ത് കൊല്ലപ്പെട്ടിരുന്നുവെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനു വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്നും കാശിനാഥ് പോലീസിനു മൊഴി നല്‍കി. ഇയാൾക്കെതിരെ ഐപിസി 505 പ്രകാരം പോലീസ് കേസെടുത്തു.

പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു

keralanews other state worker killed college student in permbavoor

പെരുമ്പാവൂർ:പെരുമ്പാവൂരിന് സമീപം ഇടത്തികാടില്‍ കോളേജ് വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും രണ്ടു അയല്‍വാസികള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ്  അയല്‍വാസികള്‍ക്ക് കുത്തേറ്റത്.രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച്‌ അറുക്കുകയായിരുന്നു. കഴുത്തില്‍ മുറിവേറ്റ് ചോര വാര്‍ന്ന് കിടന്ന നിമിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണം സംഭവിക്കുകയായിരുന്നു.സിഐ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന വിവരം പുറത്ത് വന്നിട്ടില്ല.അതേസമയം മോഷണശ്രമമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ കഴുത്ത് അറുക്കുകയായിരുന്നുവെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ഓണക്കാലം;ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുന്നു

keralanews onam food security department make strict inspection

കണ്ണൂർ:ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുന്നു. ഭക്ഷ്യോൽപ്പന്നങ്ങളിൽ ചായപ്പൊടി,പാൽ,ചെറുപയർപരിപ്പ് എന്നിവ പ്രത്യേകമായി പരിശോധിക്കും.ഓണക്കാലത്ത് പ്രയാസത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഉല്പന്നങ്ങളെന്ന നിലയിലാണ് പാലും ചെറുപയർ പരിപ്പും പരിശോധിക്കുന്നത്.ചായപ്പൊടിയുടെ പരിശോധന ജില്ലയിൽ നേരത്തെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് യോഗത്തിലെ നിർദേശങ്ങൾ അനുസരിച്ചാണ് പരിശോധന നടത്തുന്നത്.നിറം ലഭിക്കുന്നതിനായി ചായപ്പൊടിയിൽ വ്യാജപ്പൊടികൾ കലർത്തുന്നുണ്ടെന്ന പരാതി ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നു.അതുപോലെ തന്നെ നിർമാതാക്കളുടെ പേര് രേഖപ്പെടുത്താതെ ടിന്നുകളിൽ നെയ്യ് വ്യാപകമായി എത്തുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇവ കണ്ടെത്തിയ കടയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമാതാക്കളെ കുറിച്ച് അന്വേഷണം നടത്തി വരുന്നുണ്ട്. ആരാധനാലയങ്ങളിലേക്കാണ് ഇവ എത്തിക്കുന്നതെന്നാണ് കടയുടമകൾ പറയുന്നതെങ്കിലും ഇത്തരം നെയ്യ് കല്യാണവീടുകളിലേക്കും മറ്റും എത്തിക്കുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിൽ നിന്നാണ് ഇവ എത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. അതുപോലെ തന്നെ സസ്യഎണ്ണയുടെ പായ്‌ക്കറ്റിനു മുകളിൽ തേങ്ങയുടെ ചിത്രം പതിപ്പിച്ച് വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തളിപ്പറമ്പ് കാര്യാമ്പലത്ത് നിർമാണത്തിലിരുന്ന വീട് ഭൂമിക്കടിലേക്ക് ഇടിഞ്ഞുതാഴ്ന്നു

keralanews building under construction fell down to earth in thalipparamba

കണ്ണൂർ:തളിപ്പറമ്പ് കാര്യാമ്പലത്ത് നിർമാണത്തിലിരുന്ന വീട് മുപ്പതടിയോളം ഭൂമിക്കടിലേക്ക് ഇടിഞ്ഞുതാഴ്ന്നു.രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം കാര്യാമ്പലത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം.തമിഴ്‌നാട് കിള്ളികുറിച്ചി സ്വദേശികളായ മുരുകൻ,ശ്രീനി,സെൽവം എന്നിവരുടെ വീടാണ് തകർന്നത്.ഒരു വർഷമായി ഇവിടെ വീടിന്റെ നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.ഒരേവലുപ്പത്തിലുള്ള രണ്ടുവീടുകളാണ് ഇവിടെ നിർമിച്ചുകൊണ്ടിരുന്നത്. താഴ്ന്നുപോയ വീടിന്റെ താഴത്തെ നില ഗോഡൗണായി ഉപയോഗിക്കുന്നതിനായുള്ള മുറികൾ നിർമിച്ചിരുന്നു.ഈ വീടിന്റെ നിലം പണിയും പെയിന്റിങ്ങും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.കോണ്‍ക്രീറ്റ് ബീമുകളും മറ്റും ഇളകി വീഴുന്ന ശബ്ദം കേട്ട് ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു.ഞായറാഴ്ച ആയതിനാൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല.ഇതിനാൽ വൻദുരന്തമാണ്‌ ഒഴിവായത്. മുരുകന്റെ വീടിന്റെ സമീപമുള്ള സഹോദരന്‍ ശ്രീനിവാസന്റെ വീടും തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഒരേ മാതൃകയിലാണ് രണ്ട് വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭിത്തികള്‍ക്കും വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ചിറവക്ക് കപ്പാലത്ത് മുരുകന്‍ സ്റ്റീല്‍സ് എന്ന പേരില്‍ ആക്രിക്കച്ചവടം നടത്തുന്ന മുരുകനും സഹോദരനും ഒരുവര്‍ഷം മുന്‍പാണ് ഇവിടെ വീട് നിര്‍മാണം ആരംഭിച്ചത്.വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമനസേന സ്റ്റേഷന്‍ ഓഫിസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയെത്തി സമീപത്തുള്ള മറ്റ് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.