മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം

keralanews traffic control in thamarasseri churam from today

കോഴിക്കോട്:കനത്ത മഴയിൽ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും.വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാവുകയെന്ന് കോഴിക്കോട് ജില്ലാ കലക്റ്റർ യു.വി ജോസ് അറിയിച്ചു.എന്നാൽ പ്രതിദിന പെർമിറ്റുള്ള കെഎസ്ആർടിസി ബസ്സുകൾക്ക് സർവീസ് നടത്തുന്നതിന് തടസ്സമില്ല.അതേസമയം സ്‌കാനിയ,ടൂറിസ്റ്റ് ബസ്സുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ  ഇതുവഴി സർവീസ് നടത്തുന്നത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായും കലക്റ്റർ പറഞ്ഞു.

സംസ്ഥാനത്ത് കനത്തമഴയിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നു മരണം;ആറുജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

keralanews three death in heavy rain in the state leave for educational institutions in six districts

തിരുവനന്തപുരം:കനത്ത നാശം വിതച്ച് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.മഴയിൽ സംസ്ഥാനത്ത് ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു.വളാഞ്ചേരി വെട്ടിച്ചിറ ദേശീയപാതയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ആലപ്പുഴ മാന്നാര്‍ സ്വദേശി മാങ്ങാട്ട് അനില്‍കുമാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തിരുവനന്തപുരം പുതുക്കുറുച്ചിയില്‍ കടലില്‍ വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി സൈറസ് അടിമ മരിച്ചു.മലപ്പുറത്ത് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ഒഴുക്കില്‍പ്പെട്ടാണ് ഷാമില്‍(രണ്ടര) മരിച്ചത്. തോടിനടുത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.കനത്തു പെയ്യുന്ന മഴയ്ക്കു പിന്നാലെ ന്യൂനമര്‍ദവും രൂപപ്പെട്ടതോടെ ഈ ആഴ്ച മുഴുവന്‍ മഴ തുടരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.പാലക്കാട് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. എറണാകുളം ജില്ലയിലെ അംഗനവാടി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് അവധി.ഇടുക്കി ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചേര്‍ത്തല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

അഭിമന്യു വധം;രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി പിടിയിൽ

keralanews abhimanyu murder case two s d p i workers arrested

കൊച്ചി:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി പിടിയിലായി. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലി എന്നിവരാണ്പിടിയിലായത്.ഇരുവര്‍ക്കും കൊലപാതകത്തെ കുറിച്ച്‌  അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ആളും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്ന ആളും ആണ്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘു ലേഖകൾ  പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. അതേസമയം കേസുമായി ബദ്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. ഇതുവരെ ഏഴ് പ്രതികളാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.കോട്ടയം കങ്ങഴ പത്തനാട് ചിറക്കല്‍ വീട്ടില്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ വീട്ടില്‍ റിയാസ് ഹുസൈന്‍ (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കുന്നത്.

കണ്ണൂർ ആയിക്കരയില്‍ മൽസ്യബന്ധനബോട്ട് തിരയിൽപ്പെട്ടു;അഞ്ചുപേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

keralanews fishing boat trapped in waves in kannur ayikkara trying to rescue the five

കണ്ണൂര്‍: ആയിക്കരയില്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബോട്ട് തിരയില്‍പ്പെട്ടു. അഞ്ചു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍നിന്നു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യത കണക്കിലെടുത്താണു മുന്നറിയിപ്പ്.

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾ കണക്കിലെടുക്കരുതെന്ന് പൾസർ സുനി

keralanews pulsar suni said not take into account the statement made before the investigating team

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ കാലയളവില്‍ താന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴികള്‍ കണക്കിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ വിചാരണ തുടങ്ങാനിരിക്കേയാണ് സുനിയുടെ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ കേസിലെ മറ്റൊരു പ്രതിയായ ദിലീപ് ശ്രമിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നതിനിടെയാണ് സുനി ഇത്തരമൊരു കാര്യം കോടതിക്ക് മുന്നില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനിടെ കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഏതൊക്കെ രേഖകള്‍ വേണമെന്ന് കൃത്യമായി ആവശ്യപ്പെടാന്‍ ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. ഫോറന്‍സിക്, സൈബര്‍ ഉള്‍പ്പടെ നിരവധി രേഖകള്‍ കേസുമായി ബന്ധപ്പെട്ടുണ്ട്. ഏതൊക്കെ രേഖകള്‍ ദിലീപിന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു. രേഖകള്‍ ആവശ്യപ്പെട്ട് മുന്നോട്ടുപോയി കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

keralanews tomorrow leave for schools in malappuram district

മലപ്പുറം:കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്റ്റർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനു പകരം മറ്റൊരു ദിവസം പ്രവൃത്തി ദിവസമായിരിക്കുമെന്നും കലക്റ്റർ അറിയിച്ചു.

അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ വാർത്ത സമ്മേളനം നിരാശാജനകമെന്ന് ഡബ്ള്യു സി സി

keralanews wcc official said the news conference of amma president mohanlal was disappointing

തിരുവനന്തപുരം:അമ്മ പ്രസിഡന്റ് മോഹൻലാൽ നടത്തിയ വാര്‍ത്താസമ്മേളത്തെയും അതിലെ പരാമര്‍ശങ്ങളെയും വിമര്‍ശിച്ച്‌ സിനിമയില്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. മോഹന്‍ലാല്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് ഡബ്ല്യുസിസി ഫേസ്‌ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോൾ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണെന്നും സംഘടന ഫേസ്‌ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കപ്പെടുന്നുണ്ടെന്ന് എന്ന് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞത് തെറ്റാണ്.നടി ഇക്കാര്യം കാര്യം ഇടവേള ബാബുവിനെ അറിയിക്കുകയും അദ്ദേഹം അപ്പോള്‍ തന്നെ ഫോണില്‍ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ച ശേഷം അത് ഞങ്ങളുടെ സുഹൃത്തിന്റെ തോന്നല്‍ മാത്രമാണെന്ന് എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അതിക്രമമുണ്ടായ ശേഷം ഈ പെണ്‍കുട്ടി വീണ്ടും ബാബുവിനെ ഫോണില്‍ വിളിക്കുകയും തന്റെ കൂടെ നില്ക്കണമെന്നും തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ‘ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്’ ‘എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാന്‍ ആവശ്യപ്പെട്ടതായി അറിവില്ല. സംഘടന ഫേസ്‌ബുക്ക് കുറിപ്പില്‍ കുറിച്ചു.അവളോടൊപ്പം രാജി വച്ച WCC അംഗങ്ങള്‍, രാജി വച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയില്‍ വഴി നാലുപേരും അമ്മയുടെ ഒഫീഷ്യല്‍ ഇമെയില്‍ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണ്.അമ്മ ജനറല്‍ ബോഡിയില്‍ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് സമ്മേളനത്തില്‍ പറഞ്ഞത്.അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു എന്നാണു ഞങ്ങള്‍ക്കറിയാന്‍ സാധിച്ചത്.വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വരാനിരിക്കുന്ന ചര്‍ച്ചയെയും ഞങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുപാട് വൈകിപ്പിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഒരു അടിയന്തര ചര്‍ച്ചക്കുള്ള തിയതി ഞങ്ങളെ ഉടന്‍ അറിയിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഡബ്ള്യു സി സി ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

സ്വകാര്യ ബസ്സുകൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ഓടിക്കുവാൻ കെഎസ്ആർടിസി നീക്കം

keralanews k s r t c plan to take private bus for rent to service

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ പുതിയ നീക്കം. സ്വകാര്യ ബസുകള്‍ വന്‍തോതില്‍ വാടകയ്ക്കെടുത്ത് ഓടിക്കുന്ന പദ്ധതി കെഎസ്‌ആര്‍ടിസി പരിഗണിക്കുന്നതായി എംഡി ടോമിന്‍ തച്ചങ്കരി.15000 ബസ്സുകൾ വാടകയ്‌ക്കെടുക്കാനാണ് പദ്ധതി.പദ്ധതിക്ക് അനുമതി കിട്ടിയാല്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കെഎസ്ആർടിസി ഇലക്‌ട്രിക് ബസ് ഉള്‍പ്പെടെ വാടകയ്ക്കെടുത്ത് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇലട്രിക് ബസുകള്‍ക്ക് ഒന്നര കോടിയിലധികമാണ് വില.ഈ തുകയ്ക്ക് ബസ് വാങ്ങാൻ കെഎസ്ആർടിസി ക്ക് ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ സാധിക്കാത്തതിനാലാണ് ബസ്സുകൾ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചത്.

മൽസ്യത്തിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധന കിറ്റ് ജില്ലയ്ക്ക് സ്വന്തമായി ലഭിച്ചു

keralanews district get the kit to detect the chemical content in fish

കണ്ണൂർ:മൽസ്യത്തിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധന കിറ്റ് ജില്ലയ്ക്ക് സ്വന്തമായി ലഭിച്ചു.ഇതോടെ മായം കണ്ടെത്തുന്നതിനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കൂടുതൽ കർശനമാക്കി.പരിശോധന കിറ്റ് നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട് വിജിലൻസ് വിഭാഗത്തിന്റെ കൈവശം മാത്രമായിരുന്നു ഉണ്ടായിരുന്നത്.കിറ്റ് സ്വന്തമായി ലഭിച്ചതോടെ ഇതുപയോഗിച്ച് കഴിഞ്ഞ ദിവസം ജില്ലയിലെ മീൻ മാർക്കറ്റുകളിൽ പരിശോധന നടത്തി.എന്നാൽ പ്രാഥമിക പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇവിടെ നിന്നുള്ള സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ഓഫീസിലേക്ക് അയച്ചു.ആന്ധ്രായിൽ നിന്നെത്തുന്ന മീനുകളുടെ സാമ്പിളുകൾ ഉൾപ്പെടെയാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.പരിശോധനാഫലം അടുത്ത ദിവസം ലഭ്യമാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മീഷണർ ടി.അജിത് കുമാർ പറഞ്ഞു.

ഫ്രാൻസ് ഫൈനലിൽ

kerlanews france entered into finals

മോസ്‌കോ:ലോകകപ്പ് ഫുട്ബോളിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ കടന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. അന്‍പത്തിയൊന്നാം മിനിറ്റില്‍ ഗ്രീസ്മാന്‍ നല്‍കിയ കോര്‍ണര്‍ കിക്കിലൂടെ സാമുവല്‍ ലുങ്റ്റിറ്റിയാണ് ഗോള്‍ നേടിയത്.ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ രണ്ടാം സെമി ഫൈനല്‍ വിജയികളെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും.ഇത് മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.അവസാന നിമിഷം വരെ ആവേശം അലയടിച്ച മത്സരത്തില്‍ ഇരു ടീമുകളുടേയും ഇഞ്ചോടിഞ്ച് മത്സരത്തിനാണ് സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് ഇന്നലെ സാക്ഷിയായത്.നിര്‍ണായക മത്സരത്തില്‍ പ്രതിരോധത്തിന് മുതിരാതെ ഇരുടീമും ആക്രമണഫുട്ബാള്‍ തന്നെ തുടക്കം മുതല്‍ പുറത്തെടുത്തപ്പോള്‍ മത്സരം ആവേശത്തിര ഉയര്‍ത്തി. ഇരു ഗോള്‍മുഖത്തേക്കും അപകട ഭീഷണി ഉയര്‍ത്തി തുടരെ പന്തുകള്‍ എത്തിക്കൊണ്ടിരുന്നു. ആദ്യ പകുതിയില്‍ ഫ്രാന്‍സായിരുന്നു ആക്രമണത്തില്‍ അല്‍പം മുന്നില്‍. ബെല്‍ജിയവും വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.എന്നാൽ  രണ്ടാം പകുതിയുടെ തുടക്കത്തില്‍ 51 ആം മിനിറ്റില്‍ ബെല്‍ജിയത്തെ ഞെട്ടിച്ചു കൊണ്ട് ഉംറ്റിറ്രിയുടെ ഗോളില്‍ ഫ്രാന്‍സ് ഫൈനല്‍ ഉറപ്പിച്ച ഗോള്‍ നേടി. പ്ലേമേക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്റെ തകര്‍പ്പന്‍ ക്രോസ് അതിമനോഹരമായൊരു ഹെഡ്ഡറിലൂടെ ഉംറ്റിറ്രി വലയിലാക്കുകയായിരുന്നു.തുടര്‍ന്ന് സമനില്ക്കായി ബെല്‍ജിയം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും  ഫ്രഞ്ച് ഗോള്‍ മുഖത്ത് ഹ്യൂഗോ ലോറിസ് വന്‍മതില്‍ തീര്‍ത്തു. മറുവശത്ത് ഫ്രാന്‍സിന്റെ തുടര്‍ ആക്രമണങ്ങള്‍ കൗര്‍ട്ടോയിസും തടുത്തു.