തിരുവനന്തപുരത്ത് യു കെ ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ വെച്ച് പീഡിപ്പിച്ചു;ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു

keralanews u k g student was sexually abused in the school bus search for driver started

തിരുവനന്തപുരം:തിരുവനന്തപുരത്ത് യു കെ ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ വെച്ച് പീഡിപ്പിച്ചു.ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു.നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ തിങ്കളാഴ്ചയാണ് പീഡനത്തിനിരയായത്. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെ എല്ലാം ഇറക്കിയശേഷം സ്‌കൂള്‍ ബസിനുള്ളില്‍ വച്ചായിരുന്നു പീഡനം.ബസില്‍ ആയയോ സഹായിയോ ഉണ്ടായിരുന്നില്ല.വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ ഉടന്‍ നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കി. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബസ് ഡ്രൈവറായ രാജശേഖരനുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

അഭിമന്യു വധം;ഇന്ന് നാലുപേരെ കൂടി അറസ്റ്റ് ചെയ്തു;പ്രതികൾ സഞ്ചരിച്ച കാറും കണ്ടെടുത്തു

keralanews abhimanyu muder case four more arrested and the car in which the accused traveled recovered
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് നാലു പേര്‍ കൂടി അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി സ്വദേശി നിസാര്‍, എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ആലപ്പുഴ സ്വദേശികളുമായ ഷാജഹാന്‍, ഷിയാസ് സലീം ഇന്ന് അറസ്റ്റു ചെയ്തത്. ഇവരില്‍ നിസാറിന് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അനൂപ് കൊലയാളികള്‍ക്ക് സഹായം ചെയ്തുവെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു. ചേര്‍ത്തല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപും മൊബൈല്‍ ഫോണുകളും പരിശോധിച്ചതില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന പല രേഖകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, കൊലയാളികള്‍ അടക്കം കേസിലെ പ്രധാന പ്രതികള്‍ എല്ലാം ഇപ്പോഴും ഒളിവിലാണ്. കൊലപാതകം നടന്ന് പത്ത് ദിവസം പിന്നിടുമ്ബോഴും പ്രധാന പ്രതികളെ കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചിട്ടില്ല. ഇവര്‍ സംസ്ഥാനം വിട്ടുവെന്നും ബംഗലൂരു വഴി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

എ ഡി ജി പിയുടെ മകൾക്കെതിരായ കേസ് റദ്ദാക്കേണ്ട ആവശ്യമില്ല,ഇവർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി

keralanews high court ordered that there is no need to cancel the case against the daughter of a d g p and she should co operate with the investigation

കൊച്ചി:പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എ ഡി ജി പി യുടെ മകള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ ഡി ജി പി യുടെ മകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.കേസ് റദ്ദാക്കേണ്ട സാഹചര്യമല്ലെന്നും പോലീസ് അന്വേഷിച്ച്‌ കണ്ടെത്തട്ടെയെന്നും കോടതി പറഞ്ഞു.ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അറസ്റ്റു തടയണമെന്ന ഇവരുടെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. എ.ഡി.ജി.പിയുടെ മകള്‍ക്ക് ഹൈക്കോടതിയുടെ സംരക്ഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം തള്ളിയത്.

കണ്ണൂർ മാങ്ങാട്ട് ടാങ്കർ ലോറി മറിഞ്ഞു

keralanews gas tanker lorry accident in kannur mangad

കല്യാശേരി: മാങ്ങാട് ദേശീയപാതയില്‍ ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 6.30 ഓടെ ആയിരുന്നു അപകടം. ദേശീയപാത 66ല്‍ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിനു സമീപമായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന കെഎ 01 എഎച്ച്‌ 1995 നമ്ബര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.ടാങ്കറിൽ വാതകമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഈ സ്ഥലത്ത് ഇത് മൂന്നാം തവണയാണ് ഗ്യാസ് ടാങ്കർ ലോറി മറിയുന്നത്.നിരന്തര അപകട മേഘലയാണ് ഇതെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു

കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരു വൈദികൻ കീഴടങ്ങി

keralanews one priest surrendered in the case of sexual harasment against housewife

കൊല്ലം:കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ജോബ്‌ മാത്യുവാണ്‌ കൊല്ലം ഡിവൈഎസ്‌പി ഓഫീസില്‍ കീഴടങ്ങിയത്‌. അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ജോസി കെ ചെറിയാന് മുന്‍പിലാണ് വൈദികന്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് മുൻപിലാണ്  പീഡനത്തിനിരയായ യുവതി ആദ്യം കുമ്ബസരിച്ചത്. ഈ കുമ്ബസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട്  പ്രതികളായ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. കുമ്ബസാര പീഡനത്തില്‍ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് എതിരായ കുരുക്ക് മുറുകുന്നുവെന്ന വാര്‍ത്ത വന്നതോടെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് രണ്ടാം പ്രതി കീഴടങ്ങിയത്. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാല്‍, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നല്‍കിയത്.

നാല്പതിലേറെ മോഷണകേസുകളിലെ പ്രതി കണ്ണൂരിൽ പിടിയിൽ

keralanews accused in more than 40 robbery case arrested

കണ്ണൂർ:ഏതാനും മാസങ്ങൾക്കിടെ കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ നാല്പതിലേറെ മോഷണങ്ങൾ നടത്തിയയാൾ കണ്ണൂരിൽ പിടിയിൽ.കോഴിക്കോട് കൂടരഞ്ഞി സ്വദേശി കെ.പി ബിനോയിയെ(34)ആണ് കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും ചേർന്ന് പിടികൂടിയത്.ചൊവ്വാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂർ കളക്റ്ററേറ്റിലെ കാന്റീൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ജനുവരിയിലാണ് ഇയാൾ ജയിൽ മോചിതനായത്.ഇതിനു ശേഷം നാല്പതോളം മോഷണങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്.വിലകൂടിയ മൊബൈൽ ഫോണുകൾ,പണം എന്നിവയാണ് ഇയാൾ പ്രധാനമായും മോഷ്ടിക്കുന്നത്.കഴിഞ്ഞ മാസം കണ്ണൂർ പഴയബസ്സ്റ്റാൻഡ് പരിസരത്തുള്ള മൊബൈൽ കടയിൽ നിന്നും വിലകൂടിയ 10 മൊബൈൽ ഫോണുകളാണ് ഇയാൾ കവർന്നത്.കണ്ണൂർ നഗരത്തിൽ മാത്രം 10 കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.എ എസ് ഐമാരായ പി.പി അനീഷ് കുമാർ,രാജീവൻ,സീനിയർ പോലീസ് ഓഫീസർ സി,രഞ്ജിത്ത്,സിവിൽ പോലീസ് ഓഫീസർ ലിജേഷ്,ടി.സജിത്ത് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

ആയിക്കരയിൽ കടലിൽ കുടുങ്ങിയ ബോട്ടിലെ അഞ്ചു മൽസ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

keralanews five fishermen were rescued who trapped in the boat in ayikkara sea

കണ്ണൂർ:ആയിക്കരയിലെ നിന്നും മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവേ കടലിൽ കുടുങ്ങിയ ബോട്ടിലെ അഞ്ചു തൊഴിലാളികളെയും രക്ഷപ്പെടുത്തി. നീർച്ചാൽ സ്വദേശികളായ ഹമീദ്,സുബൈർ,തലശ്ശേരി സ്വദേശി റസാക്ക്,കൊല്ലം സ്വദശി കണ്ണൻ തമിഴ്നാട് സ്വദേശി സെൽവരാജ് എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ബുധനാഴ്ച രാത്രി ശക്തമായ തിരയിൽപ്പെട്ട് ബോട്ട് കിഴുന്ന കടപ്പുറത്ത് എത്തുകയായിരുന്നു.ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെയും പോലീസിന്റെ സഹായത്തോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറച്ചു ദിവസം മുൻപാണ് അയക്കരയിൽ നിന്നും മത്സ്യബന്ധനത്തിനായി ബോട്ട് പുറപ്പെട്ടത്.എന്നാൽ മഹി ഭാഗത്തെത്തിയപ്പോൾ തന്നെ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് തിരികെ വരികയായിരുന്നു. ആദ്യം മാഹിയിലും പിന്നീട് തലശ്ശേരി കടപ്പുറത്തും ബോട്ട് തീരത്തടുപ്പിച്ചിരുന്നു.ശേഷം ആയിക്കരയിലേക്ക് പുറപ്പെട്ടതായിരുന്നു ബോട്ട്.ബുധനാഴ്ച്ച വൈകിട്ട് അഞ്ചുമണിയോട് കൂടി എൻജിൻ തകരാറിനെ തുടർന്ന് ബോട്ട് മൈതാനപ്പള്ളിക്കും കടലായിക്കുമിടയിൽ പുറം കടലിൽ അകപ്പെടുകയായിരുന്നു.തൊഴിലാളികൾ ഉടൻതന്നെ ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.ഇതനുസരിച്ച് അഴീക്കലിൽ നിന്നും തലായി കടപ്പുറത്തു നിന്നും ഫിഷറീസിന്റെ ഓരോ രക്ഷബോട്ടുകൾ വീതം രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. ഇതിനിടയിലാണ് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് കിഴുന്ന കടപ്പുറത്തെത്തിയത്.നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു.മൽസ്യ തൊഴിലാളികൾ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത തീരദേശത്തെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയിരുന്നു. തഹസിൽദാർ വി.എം സജീവൻ,എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പത്ത്,സിറ്റി എസ്‌ഐ ശ്രീഹരി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

മെഴുകുതിരിയിൽ നിന്നും തീപടർന്ന് വാഷിങ് മെഷീൻ കത്തി;പുകശ്വസിച്ച് വയോധിക മരിച്ചു

keralanews washing mechine burned fire from candle lady died after inhaling the smoke

കണ്ണൂർ:കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നും തീപടർന്ന് വാഷിങ് മെഷീൻ കത്തി.ഇതിൽ നിന്നുള്ള പുക ശ്വസിച്ച് 85 കാരിയായ വീട്ടമ്മ മരിച്ചു.അഴീക്കോട് ചാൽ ബീച്ചിനു സമീപം തായക്കണ്ടി ലീലയാണ് മരിച്ചത്.വാഷിങ് മെഷീൻ വെച്ചിരുന്ന മുറിയിലാണ് ലീല ചൊവ്വാഴ്ച രാത്രി കിടന്നുറങ്ങിയിരുന്നത്.രാത്രിയിൽ കറണ്ട് പോയപ്പോൾ മെഴുകുതിരി കത്തിച്ചു വെച്ചിരുന്നു.ഇതിൽ നിന്നും തീപടർന്നാകാം വാഷിങ് മെഷീനിനു തീപിടിച്ചതെന്ന് കരുതുന്നു. പുക മറ്റു മുറികളിലേക്കും കൂടി വ്യാപിച്ചതോടെ അടുത്ത മുറികളിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾ എഴുനേറ്റു നോക്കിയപ്പോളാണ് ലീലയെ അബോധാവസ്ഥയിൽ കണ്ടത്.ഉടൻതന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കൾ:ഗംഗൻ(കേരള യുക്തിവാദി സംഘം പ്രസിഡന്റ്),ദിവാകരൻ(ഡ്രൈവർ),പ്രേമജ.

കെഎസ്ആർടിസിയുടെ ‘ചിൽ ബസ്’ സർവീസ് ആരംഭിക്കുന്നു

keralanews k s r t c will start chill bus services

തിരുവനന്തപുരം:കുറഞ്ഞ നിരക്കില്‍ കേരത്തിലുടനീളം കെഎസ്‌ആര്‍ടിസിയുടെ എസി ചില്‍ ബസ് സർവീസ് ഉടൻ ആരംഭിക്കുന്നു.തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. നിലവില്‍ സര്‍വീസ് നടത്തുന്ന 219 എസി ലോ ഫളോര്‍ ബസ്സുകളാണ്  ചില്‍ ബസ് എന്ന പേരില്‍ സർവീസ് നടത്തുക എന്ന് കെഎസ്ആർടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.ഓഗസ്റ്റ് 1 മുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം-കൊച്ചി, കൊച്ചി-കോഴിക്കോട്, കോഴിക്കോട്-കാസര്‍കോട് എന്നീ മൂന്നു പ്രധാന റൂട്ടുകളാണ് ഉണ്ടാവുക. രാവിലെ അഞ്ച് മുതല്‍ രാത്രി പത്ത് വരെ ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും.സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.

ഭക്ഷ്യവിഷബാധയെ തുടർന്ന് ഡൽഹിയിൽ 26 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

keralanews 26 students admitted in hospital due to food poisoning

ന്യൂഡൽഹി:ഭക്ഷ്യവിഷബാധയെ തുടർന്ന് ഡൽഹിയിൽ 26 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നരേല പ്രദേശത്തെ സർക്കാർ സ്കൂളിൽ നിന്നും ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌.ഇവരെ സത്യാവാടി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ചില കുട്ടികളെ പ്രധാ ശുശ്രൂഷ നൽകി വിട്ടയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.