കൊല്ലം:അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച അന്യസംസ്ഥാന തൊഴിലാളി മരിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളുടെ നില കഴിഞ്ഞ ദിവസം മോശമാവുകയായിരുന്നു.12 വര്‍ഷമായി അഞ്ചലില്‍ താമസിച്ചുവരികയായിരുന്ന ബംഗാള്‍ സ്വദേശി മണിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ സ്വദേശി ശശിധരക്കുറുപ്പിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂണ്‍ 24നായിരുന്നു സംഭവം. സമീപത്തെ ഒരുവീട്ടുകാര്‍ നല്‍കിയ കോഴിയുമായി നടന്നുവരുന്നതിനിടെ മണിയുടെ കൈവശമുള്ളതു മോഷ്ടിച്ച കോഴിയാണെന്ന് ആരോപിച്ച് ശശിധരനും സംഘവും അടങ്ങിയ നാട്ടുകാർ മണിയെ തടഞ്ഞു വെച്ച് മർദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ചുകിടന്നിരുന്ന മണിയെ പിന്നീട് നാട്ടുകാരും മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അഞ്ചല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്കേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
ശക്തമായ കാറ്റിൽ ഉപ്പള റെയിൽവേ സ്റ്റേഷന് സമീപം വൈദ്യുത ലൈനിലേക്ക് മരം വീണു
കാസർകോഡ്:കാസർകോഡ് ഉപ്പളയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ ഉപ്പള റെയിൽവേ സ്റ്റേഷന് സമീപം വൈദ്യുത ലൈനിലേക്ക് മരം വീണു.കണ്ണൂർ, മംഗലാപുരം ഭാഗങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും യാത്ര ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ റോഡിലെ അപകടം ജനങ്ങളിൽ ആശങ്ക സൃഷ്ട്ടിച്ചു.ഉപ്പള ഫയർ സർവീസ് സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപ്പളയിൽ പതിനഞ്ചോളം വൈദ്യുത പോസ്റ്റുകളും രണ്ടു ട്രാൻസ്ഫോർമറുകളുമാണ് തകർന്നത്.പോസ്റ്റുകൾ തകർന്നതോടെ ഉപ്പള വൈദ്യുത സെക്ഷനിലെ മൂന്നോളം ട്രാൻസ്ഫോർമറിൽ നിന്നുള്ള വൈദ്യുതബന്ധം വിച്ഛേദിച്ചതായും തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ എന്നും അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽ ഖാദർ പറഞ്ഞു.
സംസ്ഥാനത്ത് നാളെ എസ്‌ഡിപിഐ ഹർത്താൽ
തിരുവനന്തപുരം:അഭിമന്യു വധക്കേസില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഏഴ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ആണ് ഹർത്താൽ.പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഇന്ന് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അടക്കമുള്ളവര്‍ കസ്റ്റഡിയിലായി. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
ലോകകപ്പിൽ മുത്തമിട്ട് ഫ്രാൻസ്
മോസ്‌കോ:ഗോള്‍ മഴയ്ക്ക് ഒടുവില്‍ ലോകകീരിടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. കലാശപ്പോരാട്ടത്തില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് ഇരുപത് വര്‍ഷത്തിന് ശേഷം തങ്ങളുടെ രണ്ടാം സുവര്‍ണകിരീടത്തില്‍ മുത്തമിട്ടത്.ആന്റോയ്ന്‍ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കൈലിയന്‍ എംബാപെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മരിയോ മന്‍സൂക്കിച്ചിന്റെ ഒരു സെല്‍ഫ് ഗോളും ഫ്രഞ്ച് വിജയത്തിൽ നിര്‍ണ്ണായകമായി.ഇവാന്‍ പെരിസിച്ച്, മരിയോ മന്‍സൂക്കിച്ച് എന്നിവരുടെ വകയായിരുന്നു പതിനെട്ടാം മിനിറ്റില്‍ മന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.ബോക്‌സിന് തൊട്ട് പുറത്ത് നിന്നും ആന്റോയിന്‍ ഗ്രീസ്മാന്‍ എടുത്ത മനോഹരമായ ഫ്രീകിക്ക് മന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ എത്തുകയായിരുന്നു. എന്നാല്‍ 28ആം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് നേടിയ മിന്നല്‍ ഗോളിലൂടെ ക്രൊയേഷ്യ ഒപ്പത്തിനൊപ്പം എത്തി.സ്‌കോര്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ ആക്രമിച്ച് കളിക്കാന്‍ ഫ്രാന്‍സ് നിര്‍ബന്ധിതരായി. 38ആം മിനിറ്റില്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്.രണ്ടാം പകുതിയുടെ തുടക്കത്തിലും നിരന്തരം ആക്രമണങ്ങളിലൂടെ ഫ്രഞ്ച് പടയുടെ ബോക്‌സിനുള്ളില്‍ നിരന്തരം ഭീഷണിയുയര്‍ത്താന്‍ ക്രൊയേഷ്യയ്ക്കായി. സമനില ഗോളിനായി ക്രൊയേഷ്യ ശ്രമിക്കുന്നതിനിടെ 59ആം മിനിറ്റില്‍ പോഗ്ബയുടെ മിന്നല്‍ ഗോളിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് വര്‍ദ്ധിപ്പിച്ചു. മൂന്നാം ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്ബേ എംബാപെയിലൂടെ ഫ്രാന്‍സ് നാലാം ഗോള്‍ ക്രൊയേഷ്യയുടെ വലയിലെത്തിച്ചു.എന്നാല്‍ അധികം വൈകാതെ മറിയോ മന്‍സൂക്കിച്ചിലൂടെ ക്രൊയേഷ്യ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി.രണ്ടാം ഗോള്‍ നേടിയതോടെ ഉണര്‍ന്ന് കളിച്ച ക്രൊയേഷ്യ പ്രതിരോധം ശക്തിപ്പെടുത്തി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയ്ക്ക് ഫ്രഞ്ച് പദവിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കാസർകോഡ്:ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അഡൂര്‍ ബളക്കിലയില്‍ തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. മന്നൂരിലെ മധു ജോഗിമൂല (38)യാണ് മരിച്ചത്.സെന്‍ട്രിംഗ് തൊഴിലാളിയാണ്.തിങ്കളാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടെ മധു സഞ്ചരിച്ച ബൈക്ക് എതിരെ നിന്നും വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ശരീരത്തിൽ കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ മധു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.കൃഷ്ണന്‍ – നാരായണി ദമ്പതികളുടെ മകനാണ് മധു. ഭാര്യ: നിരോശ. ഏക മകള്‍ അമേയ(4).പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ജെസ്‌നയുടെ തിരോധാനം;അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ചെന്ന് സൂചന
കോട്ടയം:കോട്ടയത്ത് നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌നയെ കുറിച്ചുള്ള അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ചെന്ന് സൂചന.ജസ്‌നയുടെ ഫോണ്‍കോളുകളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് അന്വേഷണം മുണ്ടക്കയത്തുള്ള ആറ് യുവാക്കളിലേക്ക് തിരിയാന്‍ കാരണം.ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്.അതേസമയം കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്നയും തമ്മില്‍ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്ന വിവരത്തെ തുടർന്ന് ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ജസ്‌നയുടെ ദ്രശ്യങ്ങള്‍ കണ്ട അധ്യാപകരും സഹപാഠികളും ജെസ്നയാണെന്ന് ഉറപ്പു പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്‌നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ അന്നു രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്.ആറുമിനിറ്റിനു ശേഷം ആണ്‍ സുഹൃത്തിനേയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അതിനിടെ ഇടുക്കി വെള്ളത്തൂവലിൽ കഴിഞ്ഞയാഴ്ച പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. അന്വേഷണം പൂര്‍ത്തിയാകാതെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധന നടത്തും. അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിടൂ.
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു
ആലപ്പുഴ: ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളിലേക്ക് മരം വീണു. ഇന്ന് രാവിലെ 6.45 ഓടെ മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. ട്രെയിനിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലേക്കാണ് മരം വീണത്.ഇതേ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. സംഭവത്തില്‍ ആളപായമില്ല.
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം;നാലുപേർ മരിച്ചു;ട്രെയിൻ ഗതാഗതം താറുമാറായി
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാസവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ കാരണമായത്. കേരളത്തെ കൂടാതെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മഴയും കാറ്റും ശക്തമായിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ നാല് പേര്‍ മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണു മഴ ജീവനെടുത്തത്.കല്‍പ്പറ്റയില്‍ ഈമാസം പതിമൂന്നാം തീയതി തോട്ടില്‍ വീണു കാണാതായ ആറു വയസുകാരനെ കണ്ടെത്താനായില്ല. പേര്യ സ്വദേശി അജ്മലിനെയാണു കാണാതായത്. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണ് ആര്യറമ്ബ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താര (20) മരിച്ചു.സംസ്ഥാനത്ത് വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നദികളും പുഴകളും കരകവിഞ്ഞു.പല അണക്കെട്ടുകളുടെയും ഷട്ടർ തുറന്നുവിട്ടു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി സിഗ്നല്‍ സംവിധാനം തകരാറിലായി.പലയിടത്തും വൈദ്യുതത്തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്ന് വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശത്തില്‍ അറിയിച്ചു.കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി. മണപ്പള്ളി പാടശേഖരത്തു മടവീണു.കൂടുതല്‍ പാടങ്ങള്‍ മട വീഴ്ച ഭീഷണിയിലാണ്.കോഴിക്കോട് പുതിയങ്ങാടിയില്‍ കാറുകൾക്ക് മുകളിലേക്ക് മരം കടപുഴകിവീണ് അഞ്ചുപേർക്ക് പരിക്കേറ്റു.പയ്യോളി, ബേപ്പുര്‍ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമാണ്.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.കോട്ടയം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കല്കട്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ;എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം:കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട,കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം പൊതുപരീക്ഷകള്‍, സര്‍വകലാശാല പരീക്ഷകള്‍ മുതലായവ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.എന്നാല്‍ കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 21 ലേക്ക് മാറ്റിവച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളത്തെ അവധിക്ക് പകരം ഈ മാസം 21 ന് പ്രവൃത്തി ദിനമായിരിക്കും.എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുസാറ്റിന് അവധി ബാധകമല്ല.
പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു
കണ്ണൂർ:പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയക്ക് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു.പേരാവൂര്‍ കോളയാട് ആര്യപ്പറമ്ബിലെ കാഞ്ഞിരക്കാട്ട് സിറിയക്കിന്റെയും സെലിയുടെയും മകള്‍ സിത്താര സിറിയക്കാണ് (20) മരിച്ചത്.പരിക്കേറ്റ സിത്താരയുടെ മാതാപിതാക്കളായ സിറിയക്ക് (55), സെലിന്‍ (48) എന്നിവരെയും ഓട്ടോ ഡ്രൈവര്‍ ആര്യപ്പറമ്ബ് എടക്കോട്ടയിലെ വിനോദിനെയും(42) തലശ്ശേരി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പേരാവൂര്‍ – ഇരിട്ടി റോഡില്‍ കല്ലേരിമല ഇറക്കത്തില്‍ ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടം. കനത്ത കാറ്റില്‍ റോഡരികിലെ കൂറ്റന്‍ മരം ഓട്ടോക്ക് മുകളില്‍ വീഴുകയായിരുന്നു. അപകടത്തില്‍പെട്ടവരെ ഇതുവഴി വന്ന സണ്ണി ജോസഫ് എംഎല്‍എയുടെ വാഹനത്തിലാണ് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.സിത്താരയുടെ ഏക സഹോദരന്‍ സിജൊ സിറിയക്ക് മാസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. പേരാവൂര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കാറ്റില്‍ കനത്ത നാശമുണ്ടായിട്ടുണ്ട്.