വടകര:വടകര സഹകരണ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം.സംഭവത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. എസ്‌എഫ്‌ഐ നടത്തിയ ചടങ്ങിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ തള്ളിക്കയറിയെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.സംഘർഷം കനത്തതോടെ പൊലീസെത്തി സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്ത വീട്ടമ്മ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു
കൊച്ചി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ ഡി.ആര്‍.ടി ഓഫീസിന് മുന്നില്‍ സമരം ചെയ്‌ത കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയേയും അവര്‍ക്കൊപ്പം പ്രതിഷേധിച്ചവരേയും അറസ്‌റ്റ് ചെയ്‌തു. ജപ്‌തി തടസപ്പെടുത്തിയതിന്റെ പേരില്‍ 12 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന രാപ്പകല്‍ സമരത്തിന് പ്രീത ഷാജിയും സമരസമിതിയും ആഹ്വാനം ചെയ്‌തിരുന്നു. ഇതിനായി പനമ്ബള്ളി നഗറിലെ ഡെപ്‌റ്റ് റിക്കവറി ട്രൈബ്യൂണലില്‍ എത്തിയപ്പോഴാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.പ്രീത ഷാജിയുടെ വീടിന്റെ ജപ്‌തി നടപടികള്‍ തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്ന് നിരീക്ഷിച്ച കോടതി, ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഓര്‍മിപ്പിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മൂന്ന് ആഴ്‌ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ ജപ്‌തി നടപടിയുമായി സഹകരിക്കില്ലെന്നായിരുന്നു പ്രീതയുടെയും കുടുംബത്തിന്റെയും നിലപാട്. സുഹൃത്തിന്റെ ബാങ്ക് വായ്‌പയ്‌ക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് കൊച്ചിയിലെ ഇടപ്പള്ളി മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്‌തി ചെയ്യാന്‍ തീരുമാനിച്ചത്.
അഭിമന്യു വധം;ആദിലിനും ആരിഫിനും കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി:അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിൽ ബിൻ സലീമിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ.ആദിലിന്റെ സഹോദരൻ ആരിഫിനും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എന്നാൽ ഇയാൾ ഒളിവിലാണെന്നും സർക്കാർ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് പോലീസ് പീഡിപ്പിക്കുന്നു എന്നുകാണിച്ച് ആദിലിന്റെ മാതാവ് നൽകിയ ഹർജിക്ക് മറുപടി പറയുകയായിരുന്നു സർക്കാർ. ജൂലൈ 13 മുതൽ തന്റെ മറ്റൊരു മകൻ അമീർ ബിൻ സലിം കസ്റ്റഡിയിലാണ്.എന്നാൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയോ മോചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഷമീർ,മനാഫ് എന്നിവരുടെ ഭാര്യമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികൾ കോടതി ചൊവ്വാഴ്ച പരിഗണിക്കും.ഇതിനിടെ അറസ്റ്റിലായ ആദിലിനെ കോടതി റിമാൻഡ് ചെയ്തു.കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അക്രമി സംഘത്തിൽ താനും ഉണ്ടായിരുന്നെന്നും ആദിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.
എസ്‌ബിഐ നാളെ രാജ്യമൊട്ടാകെ ‘കിസാൻ മേള’ സംഘടിപ്പിക്കും;കേരളത്തിൽ 975 ശാഖകളിലും
കൊച്ചി:എസ്ബിഐ ബുധനാഴ്ച രാജ്യമൊട്ടാകെയുള്ള ശാഖകളിൽ ‘കിസാൻ മേള’ സംഘടിപ്പിക്കുന്നു. കർഷകരുടെ ഇടയിൽ ബാങ്കിങ് സേവങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന് മേള സംഘടിപ്പിക്കുന്നത്.കർഷകർക്കായി രൂപം നൽകിയിട്ടുള്ള വായ്‌പ്പാ,നിക്ഷേപ പദ്ധതികളെ കുറിച്ചും മേളയിൽ വിശദീകരിക്കും. രാജ്യമൊട്ടാകെ ഏതാണ്ട് 14000 ശാഖകളിലാണ് എസ്‌ബിഐ മേള സംഘടിപ്പിക്കുന്നത്.കേരളത്തിൽ 975 അർദ്ധനഗര-ഗ്രാമീണ ശാഖകളിലും മേള ഉണ്ടാകും. വൻകിട നഗരങ്ങളിലെ ശാഖകളിലും കിസാൻമേള ഉണ്ടാകും.
ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്നു;ഒരു മരണം കൂടി
കണ്ണൂർ:ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വിവിധഭാഗങ്ങളിൽ കനത്ത നാശനഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തു.പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കരയിലെ പാർക്കുംവലിയത്തു നാണി(68) വയലിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു.മാലൂരിൽ രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ദേഹത്ത് വീട് ഇടിഞ്ഞു വീണു രണ്ടുപേർക്ക് പരിക്കേറ്റു. പ്പട്ടപ്പൊയിലിനടുത്ത മംഗലാടാൻ സാറുവിന്റെ വീടാണ് തകർന്നത്.സാറുവിനും(50) മകൻ റഫ്നാസിനുമാണ് പരിക്കേറ്റത്.പുലർച്ചെ വീടിനുള്ളിൽ നിന്നും നിലവിളി കേട്ട നാട്ടുകാർ എത്തിയാണ് തകർന്ന വീടിന്റെ കാലുകൾക്കിടയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. തൊട്ടടുത്ത മുറികളിൽ ഉറങ്ങുകയായിരുന്ന സാറുവിന്റെ മറ്റുമക്കളായ റഹ്മത്ത്,റമീസ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മൺകട്ടകളും കല്ലുകളും ദേഹത്ത് വീണതിനെ തുടർന്ന് സാറുവിന് പരിക്കേറ്റിരുന്നു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.
കനത്ത കാറ്റിലും മഴയിലും ഇരിട്ടി,ആറളം മേഖലയിലും വൻ നാശനഷ്ടമുണ്ടായി.പായത്തെ എം.കെ രാജന്റെ വീട് മരം വീണു ഭാഗികമായി തകർന്നു.പായം മുക്കിൽ അരക്കൻ കൃഷ്ണന്റെ വീടിന്റെ മേൽക്കൂര മരം വീണു പൂർണ്ണമായും തകർന്ന നിലയിലാണ്.പ്രദേശത്ത് വൻ തോതിൽ കൃഷിനാശവുമുണ്ടായി.ആറളം പഞ്ചായത്തിലെ വളയംകോട്ടെ പാറത്തോട്ടിയിൽ സുകുമാരൻ,ആറളത്തെ ടോമി ഇടവേലിൽ,ലക്ഷ്മണൻ എന്നിവരുടെ വാഴക്കൃഷി പൂർണ്ണമായും നശിച്ചു. കോളിക്കടവിൽ ഓലയോടത്ത് ഷാജിയുടെ കിണർ പൂർണ്ണമായും ഇടിഞ്ഞു താണു.മരം വീണതിനെ തുടർന്ന് ഈ പ്രദേശത്തു വൈദ്യുത ബന്ധവും താറുമാറായിരിക്കുകയാണ്.
കനത്ത മഴയിലും കാറ്റിലും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു.ഒരു കാർ തകർന്നു.മൂന്നുകാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.മാലൂരിൽ ഓടുന്ന ബസ്സിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് സ്വകാര്യ ബസ്സിന്റെ ചില്ലുകൾ തകർന്നു.തിങ്കളാഴ്ച രാത്രി തൃക്കടാരിപ്പൊയിലിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.കയറ്റം കയറുന്നതിനിടെ മരത്തിന്റെ കൊമ്പ് പൊട്ടി ബസ്സിനുമേൽ പതിക്കുകയായിരുന്നു.ഡ്രൈവർ ബസ് പെട്ടെന്ന് പിറകോട്ടെടുത്തതിനാൽ വൻ അപകടം ഒഴിവായി.നിസ്സാരപരിക്കേറ്റ ബസ് ഡ്രൈവർ സുബിൻ കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ചാല കട്ടിങ്ങിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം സ്തംഭിച്ചു.ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.ഈ സമയം ട്രെയിനുകൾ ഒന്നും കടന്നുപോവാതിരുന്നതിനാൽ അപകടം ഒഴിവായി.സംഭവത്തെ തുടർന്ന് ചണ്ടീഗഡ് എക്സ്പ്രസ് എടക്കാടും മംഗള എക്സ്പ്രസ് തലശ്ശേരിയിലും കുർള എക്സ്പ്രസ് മാഹിയിലും ഹാപ്പ എക്സ്പ്രസ് വടകര സ്റ്റേഷനിലും പിടിച്ചിട്ടു.കണ്ണൂരിൽ നിന്നും അഗ്നിശമനസേനയെത്തി മരം മുറിച്ചുനീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.കണ്ണൂർ എസ്എൻ പാർക്കിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിൽ മരം കടപുഴകി വീണു.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.ലോറിയുടെ പുറകുവശത്താണ് മരം വീണത്.അപകട സമയത്ത് ഡ്രൈവർ ക്യാബിനിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.കണ്ണൂർ കല്ലിക്കോടൻ കാവിനു മുൻപിലുള്ള കൂറ്റൻ അരയാൽ മരവും കാറ്റിൽ കടപുഴകി വീണു.ക്ഷേത്രത്തിന്റെ എതിർവശത്തേക്കാണ് മരം വീണതെങ്കിലും വേരും മണ്ണും ഉൾപ്പെടെയുള്ള ഭാഗം ഉയർന്നതോടെ ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചു.
നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച നേഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി
കോഴിക്കോട്:നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ചത് വഴി രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിങ്ങി. കോഴിക്കോട് ഒഴിവ് വന്ന തസ്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎംഒ നിയമന ഉത്തരവ് കൈമാറും. മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്‌സായിരുന്ന കോഴിക്കോട് ചെമ്ബനോട സ്വദേശി ലിനി മെയ് 20 നാണു നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണമടയുന്നത്.കോഴിക്കോട് നിപ്പ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത സാബിത്തിനെ പരിചരിച്ചത് ലിനി ആയിരുന്നു.ഇതിലൂടെയാണ് ലിനിക്ക് രോഗബാധ ഉണ്ടായത്.നിപ്പ ഭീതിവിതച്ച സമയത്ത് മരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം പോലും വീട്ടുകാര്‍ക്ക് വിട്ട് നല്‍കിയിരുന്നില്ല. ലിനിയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമായിരുന്നു ഭര്‍ത്താവിന് ജോലി എന്നത്.
ആലപ്പുഴ തീരത്ത് ബാർജ് കരയ്ക്കടിഞ്ഞു; ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി
ആലപ്പുഴ:നീർക്കുന്നം തീരത്ത് ബാർജ് കരയ്ക്കടിഞ്ഞു.മൂന്നു ദിവസം പുറംകടലില്‍ അലഞ്ഞ അബുദാബി അല്‍ഫത്താന്‍ ഡോക്കിന്‍റെ ബാര്‍ജ് തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് നീര്‍ക്കുന്നം തീരത്തടിഞ്ഞത്. കപ്പലിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടം പൊട്ടി കരയ്ക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്തോനേഷ്യയില്‍നിന്നു 180 മീറ്റര്‍ നീളമുള്ള കപ്പലും ഫൈബര്‍ ബോട്ടും കയറ്റിവന്നതായിരുന്നു ബാര്‍ജ്. ബാര്‍ജിലെ ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയതാണ് ജീവനക്കാരെ സേന രക്ഷപ്പെടുത്തിയത്. ബാര്‍ജിലെ ജീവനക്കാരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് പേരാമ്പ്രയിൽ എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു;എസ്‌ഡിപിഐ പ്രവർത്തകൻ കസ്റ്റഡിയിൽ
കോഴിക്കോട്:പേരാമ്പ്ര അരീക്കുളത്ത് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു.എസ്എഫ്ഐ ലോക്കൽ സെക്രട്ടറി എസ്.എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ ആറംഗ സംഘം മുളകുപൊടി വിതറിയ ശേഷം വിഷ്ണുവിനെ വെട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു എസ്ഡിപിഐ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്ന് പോലീസ് പറഞ്ഞു.തന്നെ ആക്രമിച്ചത് എസ്ഡിപിഐ പ്രവർത്തകരാണെന്ന് വിഷ്ണു മൊഴി നൽകിയിരുന്നു.നേരത്തെ എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വിഷ്ണു പരാതി നല്‍കിയിരുന്നു.ഇതിലുള്ള പ്രതികാരമായാണ് വിഷ്ണുവിനെ ആക്രമിച്ചതെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
കണ്ണൂർ പുതിയതെരുവിൽ ടൂറിസ്റ്റ് ബസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു
കണ്ണൂർ:കണ്ണൂർ പുതിയതെരുവിൽ ബസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു.ബസ് ജീവനക്കാരൻ ആന്ധ്ര കര്‍ണ്ണൂല്‍ സ്വദേശി ഷീനു ( 45 ) ആണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പുതിയതെരു ഗണപതിമണ്ഡപത്തിന് സമീപത്താണ് അപകടം നടന്നത്. ആന്ധ്രയില്‍ നിന്നും കൊല്ലൂര്‍, ധര്‍മ്മസ്ഥല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ച് പോകുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച ശ്രീലക്ഷ്മി ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
സംസ്ഥാന വ്യാപകമായി നാളെ എസ്‌ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി നാളെ എസ്‌ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.പകരം നാളെ കരിദിനം ആചരിക്കാൻ തീരുമാനിച്ചതായും എസ്ഡിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത എസ്ഡിപിഐ പ്രവർത്തകരെ വിട്ടയച്ചതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചത്.എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി,വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ,സംസ്ഥാന ജനറൽ സെക്രെട്ടറി റോയ് അറയ്ക്കൽ,ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി,അബ്ദുൽ മജീദിന്റെ ഡ്രൈവർ സക്കീർ,ഷൗക്കത്തലിയുടെ ഡ്രൈവർ ഷഫീക്ക് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്.അഭിമന്യു വധക്കേസിൽ വിശദീകരണം നൽകിയ ശേഷം എറണാകുളം പ്രസ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവരെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.