കണ്ണൂര്‍: മട്ടന്നൂരില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 40 കിലോയോളം വരുന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തത്. രണ്ടു പ്ലാസ്റ്റിക് പെട്ടിയിലായി സൂക്ഷിച്ചു വച്ച 40 കിലോയോളം തൂക്കം വരുന്ന തിരണ്ടിയും മുള്ളനുമാണ് പിടികൂടിയത്.കഴിഞ്ഞ ദിവസം ഇവിടെ നിന്നും വാങ്ങിയ മത്സ്യം ദുര്‍ഗന്ധം കാരണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയുള്ളതായി പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മൽസ്യം പിടിച്ചെടുത്തത്.
റേഷൻ കാർഡ് അപേക്ഷയ്‌ക്കും തെറ്റ് തിരുത്തുന്നതിനും ഓൺലൈൻ സംവിധാനം
തിരുവനന്തപുരം:പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുവാനും കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സംസ്ഥാനസര്‍ക്കാര്‍.കൂടാതെ ഇതിനായി മൊബൈല്‍ ആപ്പും പൊതുവിതരമ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.വെബ് സൈറ്റിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ലഭ്യമാകും.www.civilsupplieskerala.gov.in വെബ്സൈറ്റില്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനും, കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനുമുള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാകും. മൊബൈല്‍ ഫോണില്‍ ഡൌൺലോഡ് ചെയ്യുന്ന എന്റെ റേഷന്‍ കാര്‍ഡ് എന്ന് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെയും ഈ സേവനങ്ങള്‍ സാധ്യമാകും. പുതിയ റേഷന്‍ കാര്‍ഡിനായി വെബ്സൈറ്റു വഴി ആദ്യ അപേക്ഷ നല്‍കിയ സ്റ്റേറ്റ് ഇന്‍ഫോമാറ്റിക്ക് ഡയറക്ടര്‍ മോഹന്‍ദാസിന് മന്ത്രി റേഷന്‍ കാര്‍ഡും നല്‍കി.
എബിവിപി സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം:എബിവിപി സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.അഭിമന്യു വധക്കേസിലെ പ്രതികളെ പോലീസ് സഹായിക്കുന്നു എന്നാരോപിച്ചാണ് എബിവിപി മാർച്ച് നടത്തിയത്.മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കേസിലെ പ്രതികൾക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണെന്നും കേസിലെ മുഖ്യപ്രതികളെ എത്രയും വേഗം പിടികൂടണമെന്നും എസ്ഡിപിഐ എന്ന ഭീകര സംഘടനയെ നിരോധിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍എസ് ബിജുരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കോഴഞ്ചേരി:മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.1997 ല്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ബിജുരാജ് മാതൃഭൂമി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മംഗലാപുരത്തും, ബിഹാറിലും ചീഫ് കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്.രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കുറയുന്ന അസുഖമായിരുന്നു ബിജുരാജിന്. ഇതേ തുടര്‍ന്ന് കഴിഞ്ഞ് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു.കേരളത്തിന് പുറത്ത് ജോലി ചെയ്ത് വരുന്നതിനിടയില്‍ അസുഖം കൂടിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കേരളത്തിലേക്ക് തിരിച്ച് വിളിച്ചത്.പ്രതിരോധം, സാമ്ബത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദനായിരുന്നു ബിജുരാജ്. ഭാര്യ ഹേമ. ഏക മകന്‍ ഗൗതം.
ഡൽഹി ഗ്രെയ്റ്റർ നോയിഡയിൽ ആറുനില കെട്ടിടം തകർന്നു വീണ് മൂന്നുപേർ മരിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;മൂന്നു ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി;പത്തോളം ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം:ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 21 വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.താഴ്‌ന്ന പ്രദേശങ്ങള്‍ പാടെ വെള്ളത്തിനടിയിലാണ്. പലയിടത്തും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. തെക്കൻ-മധ്യ കേരളത്തിലാണ് മഴ കൂടുതൽ നാശം വിതച്ചത്.കനത്ത മഴയിൽ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് അഞ്ചുപേരാണ് മരിച്ചത്.അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്.
കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ ഇന്നലെയും ഇന്നു രാവിലെയുമായി മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. മീനച്ചിലാറ്റില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചതോടെ കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മറ്റ് ട്രെയിനുകള്‍ ഈ ഭാഗത്ത് വേഗത കുറച്ചാണ് പോവുന്നത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കോട്ടയത്ത് ഇന്ന് രാവിലെ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അവര്‍ സ്റ്റേഷനില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. നീലിമംഗലം പാലത്തില്‍ വിശദമായ പരിശോധന നടത്തി. വെള്ളത്തിന്റെ വരവ് കുറഞ്ഞാല്‍ മാത്രമേ സംഘം മടങ്ങൂ. വെള്ളത്തിന്റെ വരവ് തുടര്‍ന്നാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ ഇനിയും റദ്ദാക്കേണ്ടിവരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു.കോട്ടയം ജില്ലയിൽ 105 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 2500ഓളം കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. 12,000 ഓളം ആളുകളാണ് ക്യാമ്ബുകളില്‍ കഴിയുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സബ് കളക്ടര്‍മാരും തഹസില്‍ദാര്‍മാരും ക്യാമ്ബുകളില്‍ എത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്.
റദ്ദാക്കിയ ട്രെയിനുകൾ:കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്-തിരുനെല്‍വേലി , തിരുനെല്‍വേലി-പാലക്കാട്, പാലരുവി എക്‌സ്പ്രസ്.
ടോൾ ചോദിച്ചതിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിലെ ബാരിയർ പി.സി ജോർജ് തകർത്തു
തൃശൂർ:അക്രമവുമായി പി.സി ജോർജ് വീണ്ടും.തന്നോട് ടോൾ ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ പി.സി ജോർജ് എംഎൽഎ പാലിയേക്കര ടോൾ പ്ലാസയിലെ സ്റ്റോപ്പ് ബാരിയർ തകർത്തു.ബാരിയര്‍ തകര്‍ത്ത് ടോള്‍ നല്‍കാതെയാണ് പി.സി ജോര്‍ജ് കടന്നുപോയത്. ഇന്നലെ രാത്രി 11:30നാണ് സംഭവം. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കി.എം.എല്‍.എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. എം.എല്‍.എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തമിഴ്നാട്ടിലും ബംഗാളില്‍ നിന്നുള്ള ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ വാഹനത്തിന് പിന്നില്‍ മറ്റു വാഹനങ്ങളുടെ നിര ഉണ്ടായപ്പോഴാണ് കാറില്‍ നിന്നിറങ്ങി ബാരിയര്‍ ഓടിച്ചതെന്ന് പി.സി ജോർജ് പറഞ്ഞു.
അഭിമന്യു വധം;മുഖ്യപ്രതി മുഹമ്മദ് പിടിയിൽ
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ.മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്ബസ്ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് ഭാരവാഹിയുമായ മുഹമ്മദ് ആണ് അറസ്റ്റിലായത്.ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ആവശ്യപ്പെട്ടതനുസരിച്ചാണ് മററു പ്രതികള്‍ ക്യാമ്ബസിലെത്തിയത്.മുഹമ്മദിന്‍റെ അറസ്റ്റോടെ കേസില്‍ നിര്‍ണായക നീക്കമാണ് ഇന്നുണ്ടായിരിക്കുന്നത് ഇതോടെ മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ മുഹമ്മദ് മാത്രമാണ് മഹാരാജാസിലെ വിദ്യാര്‍ത്ഥിയായി ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു.അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കേരളത്തില്‍ നിന്ന് തന്നെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കർഷകനെ മുതല പിടിച്ചു;പ്രതികാരമായി നാട്ടുകാർ 292 മുതലകളെ കൊന്നൊടുക്കി
ഇന്തോനേഷ്യ:കർഷകനെ മുതല പിടിച്ചതിന്റെ പ്രതികാരമായി നാട്ടുകാർ 292 മുതലകളെ കൊന്നൊടുക്കി.ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് സംഭവം.മുതല ഫാമിനരികില്‍ നിന്ന് കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുകയായിരുന്നു കർഷകൻ സുഗിറ്റോവിനെ മുതല കടിച്ചു കൊന്നിരുന്നു.വാലില്‍ ചവിട്ടിയ കര്‍ഷകനെ മുതല ആക്രമിക്കുകയായിരുന്നു. കാലില്‍ കടിയേറ്റ സുഗിറ്റോ മരിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചു.രോഷാകുലരായ നാട്ടുകാർ ആയുധങ്ങളുമായി മുതല സംരക്ഷണ കേന്ദ്രത്തില്‍ എത്തി മുതലകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.സുഗിറ്റോയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് മുതല ഫാം അധികൃതര്‍ അറിയിച്ചെങ്കിലും നാട്ടുകാർ തൃപ്തരായില്ല.
അഭിമന്യു കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ;പിടിയിലായത് എസ്ഡിപിഐ മട്ടന്നൂര്‍ ഏരിയാ പ്രസിഡണ്ട് ഹനീഫ
കണ്ണൂർ:എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേത അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസ് പിടിയിലായി.എസ്ഡിപിഐ മട്ടന്നൂര്‍ ഏരിയാ പ്രസിഡണ്ട് ഹനീഫ ആണ് പിടിയിലായത്.കേസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തലശ്ശേരിയിലെ സജിവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ചാലില്‍ ഗാര്‍ഡന്‍സ് റോഡിലെ സെയ്ന്‍ വീട്ടില്‍ ഷാനവാസിനെ (37) അറസ്റ്റ് ചെയ്ത് ഏറണാകുളത്തേക്ക് കൊണ്ടുപോയിരുന്നു. ഷാനവാസില്‍ നിന്നും സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഹനീഫയെ മട്ടന്നൂര്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് തലശ്ശേരിയില്‍ എത്തിച്ച ശേഷം എറണാകുളം പൊലീസും ചോദ്യം ചെയ്തു. ഇയാളുടെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യപ്പെട്ടാല്‍ എത്തണമെന്ന നിബന്ധനയില്‍ വിട്ടയക്കുകയായിരുന്നു.ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. അഭിമന്യുവിനെ കോളേജ് ക്യാമ്പസ്സിൽ കുത്തിക്കൊന്ന കൊലയാളി സംഘത്തിലെ പ്രധാനികളില്‍ ചിലര്‍ കണ്ണുര്‍, തലശ്ശേരി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി കൃത്യമായി സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാളെ സംഘടനയുടെ ഒളിത്താവളത്തിലെത്തിച്ചത് തലശ്ശേരിയിലെ ഷാനവാസാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.