വയനാട്:മേപ്പാടി മുണ്ടക്കൈ മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യം കണ്ടെത്തി.ഈ പ്രദേശത്ത് ശനിയാഴ്ച രാത്രി മാവോയിസ്റ്റുകളെത്തിയതായും ഇവര്‍ രാത്രി ഇവിടെ ഭക്ഷണമുണ്ടാക്കി കഴിച്ചതായും പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു. എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. പട്ടാളവേഷത്തില്‍ സായുധരായി തോട്ടത്തിലെത്തിയ മാവോവാദികളെ കണ്ടെത്തുന്നതിനു തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന പോലീസ് സംഘം തൊള്ളായിരത്തിലും സമീപ വനപ്രദേശത്തും തെരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് മൂന്നു ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകൾ ബന്ദികളാക്കിയിരുന്നു. ഇതിൽ നിന്നും രക്ഷപ്പെട്ട് എത്തിയ ഒരു തൊഴിലാളി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. രാത്രി രണ്ടുമണിയോടെ മറ്റു രണ്ടുപേരും മാവോയിസ്റ്റുകളുടെ തടങ്കലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവച്ചത് വിക്രം ഗൗഡ, സോമന്‍, ഉണ്ണിമായ, സന്തോഷ് എന്നിവരടങ്ങുന്ന മാവോയിസ്റ്റുകളാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടഞ്ഞുവച്ചിരിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ ഫോട്ടോകള്‍ കാണിച്ചാണ് പോലീസ് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത്. തൊഴിലാളികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച മാവോയിസ്റ്റുകള്‍ 20 കിലോ അരിയുമായാണ് കടന്നതെന്നു കല്‍പ്പറ്റ ഡിവൈഎസ്പി പറഞ്ഞു. അവസാനത്തെ തൊഴിലാളിയും പിടിയില്‍നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ മാവോവാദികള്‍ രണ്ടു തവണ ആകാശത്തേക്കു നിറയൊഴിച്ചതായി അദ്ദേഹം പറഞ്ഞു.
ജെസ്‌നയുടെ തിരോധാനം;പത്തു ദിവസത്തിനുള്ളിൽ ജെസ്‌നയെ കണ്ടെത്തുമെന്ന് അന്വേഷണ സംഘം
പത്തനംതിട്ട: ജെസ്‌ന തിരോധാനം നിര്‍ണായക വഴിത്തിരിവിലേക്കെന്ന് അന്വേഷണ സംഘം. 10 ദിവസത്തിനുള്ളില്‍ ജെസ്‌നയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ജെസ്നയ്ക്ക് മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചു. വീട്ടുകാരും സുഹൃത്തുക്കളും അറിയാതെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ ജസ്‌നയുടെ കൈവശമുണ്ടായിരുന്നതായിട്ടാണ് അന്വേഷണത്തില്‍ തെളിയുന്നത്.കേസ് അധികം വൈകാതെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. നിര്‍ണായക വിവരങ്ങളാണ് പോലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ മാര്‍ച്ച് 22-നാണു കാണാതായത്. ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ജെസ്നയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. 30-ലധികം മൊബൈല്‍ ടവറുകളില്‍നിന്നു ലഭിച്ച ടെലിഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.സംശയമുള്ള ഇരുനൂറോളം നമ്പറുകൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇതിലോരോരുത്തരെയും നേരിട്ടുകണ്ട് അന്വേഷണം നടത്തിവരികയാണ്.ഇവയിലേതെങ്കിലും നമ്പർ ജെസ്ന ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താനാണ് പോലീസ്ശ്രമം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിലെ അന്വേഷണം പൂര്‍ത്തിയാവും.
വടകരയിൽ നിന്നും വീണ്ടും ഫോർമാലിൻ കലർത്തിയ മൽസ്യം പിടികൂടി
പയ്യോളി:വടകരയിൽ നിന്നും വീണ്ടും ഫോർമാലിൻ കലർത്തിയ മൽസ്യം പിടികൂടി. കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് കൂന്തൽ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ലോറി ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാലത്തില്‍ വണ്‍വേ ആയതിനാല്‍ ലോറി ഇവിടെ നിര്‍ത്തിയിരുന്നു. ആ സമയത്ത് ലോറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസും നാട്ടുകാരും ചേര്‍ന്ന് ലോറി തടയുകയായിരുന്നു. ഫോര്‍മലിന്‍ കലര്‍ന്നതാണെന്ന സംശയത്തിലാണ് തടഞ്ഞത്. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ കൂന്തളില്‍ ചെറിയ അളവില്‍ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു.ഫോര്‍മാലിന്‍ കലര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂന്തള്‍ സംസ്ഥാനത്ത് വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ലോറി അതിര്‍ത്തി കടക്കുന്നതുവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ആറ് ടണ്‍ കൂന്തളാണ് ഇതില്‍ ഉണ്ടായിരുന്നത്. മംഗളൂരുവിലെ സ്വകാര്യ എക്‌സ്പോര്‍ട്ടിങ് കമ്പനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇതെന്ന് ലോറി ജീവനക്കാര്‍ പറഞ്ഞു. ലോറി സ്റ്റേഷനിലേക്ക് മാറ്റാനുള്ള പോലീസിന്റെ നീക്കത്തില്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കോഴിക്കോടു നിന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയത്.
ഡബിൾ ഹോഴ്സ് മട്ടയരിയിൽ മായം കണ്ടെത്തി
തിരുവനന്തപുരം:ഡബിൾ ഹോഴ്‌സിന്റെ അരിയിൽ മായം കലർന്നതായി സർക്കാരിന്റെ പരിശോധന റിപ്പോർട്ട്.പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്താണ് അരിക്ക് കളർ നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി.ഇതോടെ മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി രാജമാണിക്യം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഡബിൾ ഹോഴ്സിന്‍റെ 15343 എന്ന ബാച്ചിലാണ് മായം കണ്ടെത്തിയത്. കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡബിൾ ഹോഴ്‌സിന്റെ മട്ട ഉണക്കലരി കഴുകുമ്പോൾ ബ്രൗൺ നിറം മാറി വെള്ളനിറമാകുന്നതായി കാണിച്ച് തിരുവനന്തപുരം സ്വദേശിനി ജെസി നാരായണൻ എന്ന സാമൂഹ്യപ്രവർത്തക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്.ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നാം തവണ കഴുകുമ്പോഴേക്കും വെള്ള നിറത്തിലാകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദേശപ്രകാരം അരിയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക് അയക്കുകയായിരുന്നു.
വ്യാജപേരിൽ വായ്പ്പയെടുത്ത് സ്വന്തം സ്ഥാപനത്തിൽ നിന്നും പണം തട്ടിയ സഹകരണ സംഘം സെക്രെട്ടറി അറസ്റ്റിൽ
കണ്ണൂർ:വ്യാജപേരിൽ വായ്പ്പയെടുത്ത് സ്വന്തം സ്ഥാപനത്തിൽ നിന്നും പണം തട്ടിയ സഹകരണ സംഘം സെക്രെട്ടറി അറസ്റ്റിൽ.കണ്ണൂർ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രെട്ടറി കുടുക്കിമൊട്ട സ്വദേശി സനൂപ്(35)ആണ് അറസ്റ്റിലായത്.അതുൽ കൃഷ്‌ണൻ എന്നയാളുടെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വായ്‌പ്പാ കുടിശ്ശികയായതായി നോട്ടീസ് ലഭിച്ചപ്പോഴാണ് അതുൽ കൃഷ്ണൻ സംഭവമറിയുന്നത്.2017 ഓഗസ്റ്റിലാണ് അതുൽകൃഷ്ണന്റെ പേരിലുള്ള വായ്പ അപേക്ഷ സംഘത്തിന് മുൻപാകെ സമർപ്പിക്കപ്പെട്ടത്.വ്യക്തിഗത വായ്പ്പയ്ക്കാണ് അപേക്ഷ നൽകിയത്.സംഘം ഈ അപേക്ഷ അംഗീകരിച്ചു.തുടർന്നാണ് സെക്രെട്ടറി സനൂപ് 50000 എന്നത് ഒരു പൂജ്യവും കൂടി ചേർത്ത് 5 ലക്ഷം രൂപയാക്കുകയും ഈ തുക സംഘത്തിൽ നിന്നും പിൻവലിക്കുകയും ചെയ്തു.എന്നാൽ വായ്പ അപേക്ഷ നൽകിയതും തുക പിൻവലിച്ചതുമൊന്നും അതുൽ അറിഞ്ഞിരുന്നില്ല.നേരത്തെ അതുലിന് സംഘത്തിൽ വായ്പ ഉണ്ടായിരുന്നു.എന്നാൽ 2017 മേയിൽ ഈ ഇടപാടുകളൊക്കെ അതുൽ തീർത്തിരുന്നു.എന്നാൽ ഓഡിറ്റ് പരിശോധനയിൽ വായ്പാകുടിശ്ശിക കണ്ടെത്തിയതോടെ അതുലിന് സംഘം നോട്ടീസ് അയക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നത്.എന്നാൽ സെക്രെട്ടറി ഇത് തിരുത്തി 50000 രൂപ എന്നാക്കിയാണ് അതുലിന് അയച്ചത്.നോട്ടീസ് ലഭിച്ച അതുൽ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് കാര്യമാക്കേണ്ടെന്നും വായ്‌പ്പാ എടുത്തത് താനാണെന്നും അതിൽ 30000 രൂപ അടച്ചിട്ടുണ്ടെന്നും ബാക്കി തുക ഉടൻ അടയ്ക്കുമെന്നും സനൂപ് പറഞ്ഞു.എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ ടൌൺ സ്റ്റേഷനിൽ പരാതി ലഭിക്കുകയും തുടർന്ന് എസ്‌ഐ ശ്രീജിത്ത് കോടേരി നടത്തിയ അന്വേഷണത്തിൽ രേഖകൾ തിരുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തായും കണ്ടെത്തിയതിനെ തുടർന്ന് സെക്രെട്ടറിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വടകരയിൽ നിന്നും ഫോർമാലിൻ ചേർത്ത നാലായിരം കിലോ മൽസ്യം പിടിക്കൂടി
വടകര:വടകരയിൽ നിന്നും ഫോർമാലിൻ ചേർത്ത നാലായിരം കിലോ മൽസ്യം പിടിക്കൂടി. വടകരയ്ക്ക് സമീപം ബ്രേക്ക് ഡൗണായ ലോറിയിൽ നിന്നുമാണ് മൽസ്യം കണ്ടെത്തിയത്.2500 കിലോയാളം ഐസും കണ്ടെടുത്തു.മോട്ടോർ വാഹന വകുപ്പ് അറിയിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് മീനിലും ഐസിലും ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്നും പതിനെട്ടാം തീയതി പുറപ്പെട്ടതാണ് ലോറി.’അയിലച്ചമ്പാൻ’ എന്ന മീനാണ് ലോറിയിൽ ഉണ്ടായിരുന്നത്. പത്തൊൻപതാം തീയതി കോഴിക്കോട് വെള്ളയിൽ മാർക്കറ്റിൽ എത്തിയെങ്കിലും അവിടെ മൽസ്യവുമായി വേറെയും 45 ലോറികൾ ഉള്ളതിനാൽ ഈ ലോറി കൂത്തുപറമ്പിലേക്ക് പോയി. മൽസ്യം മോശമായതിനാൽ അവിടെയും കച്ചവടം നടന്നില്ല.തുടർന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുന്നവഴി രാത്രി ഒരുമണിയോടെ വടകര ലോറിക്കടവിനു സമീപം ലോറി ബ്രേക്ക് ഡൗണായി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്ത മൽസ്യം സമീപത്തെ പറമ്പിൽ കുഴിച്ചുമൂടി.
ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു കടത്തുന്ന കാസര്‍കോട് സ്വദേശിയുള്‍പെട്ട രണ്ടംഗ സംഘം തലശ്ശേരി പോലീസിന്റെ പിടിയിലായി
തലശ്ശേരി:ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു കടത്തുന്ന കാസര്‍കോട് സ്വദേശിയുള്‍പെട്ട രണ്ടംഗ സംഘം തലശ്ശേരി പോലീസിന്റെ പിടിയിലായി. കാസര്‍കോട് അണങ്കൂര്‍ സ്വദേശി പി. ദാമോദര്‍ ഭട്ട് (48), പാപ്പിനിശ്ശേരി സ്വദേശി ടി.പി രാജേഷ്(24) എന്നിവരെയാണ് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, മിഷന്‍ ആശുപത്രി, ജോസ്ഗിരി ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ വ്യാപകമായി മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇന്ദിരാഗാന്ധി ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സിലിണ്ടറുകള്‍ കടത്താന്‍ ഉപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ വിവിധ ദിവസങ്ങളില്‍ മോഷണം നടത്തിയ ഏഴോളം ഓക്സിജന്‍ സിലിണ്ടറുകള്‍ പോലീസ് കണ്ടെടുത്തു. തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന മധു മേനോന്‍ എന്നയാളുടെ ഏജന്‍സിയില്‍ രാജേഷ് നേരത്തെ ജോലി ചെയ്തിരുന്നു. ജോലിയില്‍ കൃത്യനിഷ്ട പാലിക്കാത്തതിനാല്‍ രാജേഷിനെ ജോലിയില്‍നിന്നു ഒഴിവാക്കുകയായിരുന്നു. ഇതിന്റെ വിരോധം തീര്‍ക്കുന്നതിനാണ് ആശുപത്രികളില്‍നിന്നു കാലിയായ ഓക്സിജന്‍ സിലിണ്ടറിനൊപ്പം പൂര്‍ണമായി നിറച്ച സിലിണ്ടറുകളും തന്ത്രപരമായി ഇവര്‍ മോഷ്ടിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയത്.
മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസ്സോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
ഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.കോഴിക്കോട്ടുനിന്ന് ഗുരുവായൂര്‍ വഴി നെടുമ്ബാശ്ശേരിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ലോ ഫ്ളോര്‍ ബസിന്റെ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി അജയകുമാര്‍ (44) ആണ് പിടിയിലായത്. തിരക്കുള്ള റോഡിലൂടെ ഇയാൾ മൊബൈലില്‍ സംസാരിച്ച് ബസ് ഓടിക്കുന്നതും മുന്നിലെ വാഹനങ്ങളെ മറികടക്കുന്നതും യാത്രക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ആര്‍.ടി.ഒ.യ്ക്ക് അയച്ചുകൊടുത്തതിനെത്തുടര്‍ന്നാണ് നടപടി.കഴിഞ്ഞ ദിവസം കൂനംമൂച്ചിയില്‍ വെച്ചായിരുന്നു സംഭവം.ഗുരുവായൂരിലെ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് യാത്രക്കാരന്‍ സംഭവം വാട്‌സ് ആപ്പ് ചെയ്തുകൊടുത്തത്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണസംഘം ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനിലെത്തി ഡ്രൈവറെ വിളിച്ചുവരുത്തി. താന്‍ മൊബൈലില്‍ സംസാരിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും വീഡിയോ തെളിവായിരുന്നു. ഗുരുവായൂര്‍ ആര്‍.ടി.ഒ. ഷാജിയാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. റോഡിലെ നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നത് ചിത്രമെടുത്ത് പൊതുജനങ്ങള്‍ക്ക് വാട്‌സ് ആപ്പ് അയയ്ക്കാമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. വാട്‌സ് ആപ്പ് നമ്പർ: 8547639185
വയനാട് മേപ്പാടി എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നു തൊഴിലാളികളും രക്ഷപ്പെട്ടു
കൽപ്പറ്റ:വയനാട് മേപ്പാടി എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നു തൊഴിലാളികളും രക്ഷപ്പെട്ടു.ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നുപേരെയാണ് സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. മറ്റൊരാള്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെ രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ അലാവുദ്ദീന്‍ അര്‍ധരാത്രിക്ക് ശേഷമാണ് രക്ഷപ്പെട്ട് എത്തിയത്.അലാവുദ്ദീന്‍ ഫോണില്‍ എസ്റ്റേറ്റ് അധികൃതരെ വിളിച്ച് മാവോവാദികള്‍ പണം ആവശ്യപ്പെടുന്നതായി അറിയിച്ചു. പിന്നീട് മാനേജ്മെന്റ് പ്രതിനിധികളോട് സംഭവസ്ഥലത്തെത്താനും ആവശ്യപ്പെട്ടു. നാലുപേരാണ് ആദ്യം തടഞ്ഞുവെച്ചതെന്നും പിന്നീട് മാവോവാദികള്‍ കൂടുതലായെത്തിയതായും അലാവുദ്ദീന്‍ പറഞ്ഞു.നിലമ്പൂർ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡി.വൈ. എസ്‌പി പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കള്ളാടിയും പരിസര പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.
യുവമോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം,ആറുപേർക്ക് പരിക്ക്
തിരുവനന്തപുരം:എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് അമല്‍ എന്ന പ്രവര്‍ത്തകനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവര്‍ത്തകരായ അമല്‍, ശ്രീലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗ്രനേഡ് പൊട്ടിത്തെറിച്ച് വിമേഷിന് കണ്ണിന് പരുക്കേറ്റു. . പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബുവിന് പരിക്കേറ്റത്.എ ബി വി പി പ്രവര്‍ത്തകരായ സച്ചിന്റെയും വിശാലിന്റെയും ശ്യാമപ്രസാദിന്റെയും കൊലപാതകവും എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവും എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരുന്നു സംഘര്‍ഷം.