ഇരിട്ടി:ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് പുനർനിർമാണ പ്രക്രിയകൾ ആരംഭിച്ചു.മാക്കൂട്ടം പാലത്തിന്റെ അടിഭാഗത്തും റോഡിന്റെ വശങ്ങളിലും വന്നടിഞ്ഞ മരങ്ങളും മറ്റും ജെസിബി ഉപയോഗിച്ച് മാറ്റിത്തുടങ്ങി.ശനിയാഴ്ച്ച പ്രദേശം സന്ദർശിച്ച കുടക് ജില്ലാ കമ്മീഷണർ ശ്രീവിദ്യ മരങ്ങളും മറ്റും നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.ജൂലൈ 12 വരെ തലശ്ശേരി-മൈസൂരു അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡ് കുടക് ജില്ലാ ഭരണകൂടം അടച്ചിട്ടിരിക്കുകയാണ്.റോഡ് അടച്ചതോടെ കേരളത്തിൽ നിന്നുള്ള വ്യാപാരികളെയും വിനോദസഞ്ചാരികളെയും ആശ്രയിച്ചു കഴിയുന്ന വീരാജ്പേട്ട, ഗോണിക്കുപ്പ,മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങൾ ആളൊഴിഞ്ഞ നിലയിലാണ്.പെരുമ്പാടി മുതൽ കൂട്ടുപുഴ വരെയുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.കുടകിലെ ആഴ്ചച്ചന്തകളെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് മലയാളികളും റോഡ് അടച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് കർണാടക റെവന്യൂ മന്ത്രി ആർ.വി ദേശ്‌പാണ്ഡെ സന്ദർശിച്ചു.കാലവർഷത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ച കുടക് ജില്ലയ്ക്കായി പത്തുകോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.മാക്കൂട്ടം ചുരം റോഡിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പട്ടിയെ കുളിപ്പിക്കലും വീടുനോക്കലുമല്ല പോലീസിന്റെ പണി;കർശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം:പട്ടിയെ കുളിപ്പിക്കലും വീടുനോക്കലുമല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.സുരക്ഷാ ചുമതലകള്‍ക്കായി 335 പേരെ നിയമിച്ചിട്ടുണ്ടെന്നും, 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നതെന്നും 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ കീഴ്‌ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാൽ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുൻ ഡിജിപി ടി.പി.സെൻകുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. കീഴുദ്യോഗസ്ഥരെ കഴുത്തിന് കുത്തിപ്പിടിക്കുന്ന പോലീസുകാരും സേനയിൽ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.മുരളീധരനാണ് അടിയന്തര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചത്. ക്യാന്പ് ഫോളോവർമാരെ വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരൻ ആരോപിച്ചു.
യാത്രക്കാർക്ക് ഇന്ന് സൗജന്യയാത്ര ഒരുക്കി കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളാഘോഷം
കൊച്ചി:യാത്രക്കാർക്ക് ഇന്ന് സൗജന്യയാത്ര ഒരുക്കി കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളാഘോഷം.കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയത് 19നായിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്.പുലർച്ചെ ആറിനു സർവീസ് ആരംഭിക്കുന്നതു മുതൽ രാത്രി പത്തിനു സർവീസ് അവസാനിക്കുന്നതുവരെ മെട്രോയിൽ സൗജന്യടിക്കറ്റിൽ യാത്ര ചെയ്യാം.മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റ് കൗണ്ടറിൽനിന്നു പോകേണ്ട സ്ഥലത്തേക്കു ടിക്കറ്റ് എടുക്കണം.എന്നാൽ പണം നൽകേണ്ടതില്ല. കോണ്‍കോഴ്സ് ഏരിയയിലേക്കുള്ള പ്രവേശന കവാടം തുറക്കാൻ ടിക്കറ്റിനു പുറത്തുള്ള ക്യൂ ആർ കോഡ് ഉപയോഗിക്കേണ്ടതിനാലാണിത്. ഇറങ്ങേണ്ട സ്റ്റേഷനിലും പതിവുപോലെ ടിക്കറ്റ് സ്കാൻ ചെയ്ത് പുറത്തുകടക്കണം.കൊച്ചി വണ്‍ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് കാർഡ് സ്വൈപ്പ് ചെയ്തും ഉള്ളിലേക്കു കടക്കാം. പക്ഷേ യാത്രയുടെ പണം കാർഡിൽനിന്ന് നഷ്ടമാകില്ല. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും പരിധിയില്ലാതെ യാത്ര ചെയ്യാം.സമയം കൂടുതൽ എടുത്തതിന്‍റെ പേരിലോ സ്റ്റേഷൻ മാറി ഇറങ്ങേണ്ടിവരുന്നതിന്‍റെ പേരിലോ പിഴ നൽകേണ്ടിവരില്ല. സാധാരണ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞാണ് ഇറങ്ങുന്നതെങ്കിൽ പുറത്തിറങ്ങാൻ അധിക നിരക്ക് നൽകണം. സൗജന്യയാത്രയുമായി ബന്ധപ്പെട്ട് മെട്രോയിൽ തിരക്കേറാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സുരക്ഷാ സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസ്;വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി തള്ളി.എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷണൽ സെഷൻസ് കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പ്രത്യേക കോടതി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.അതോടൊപ്പം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിൽ, നിയമപരമായി പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനു വിലക്കുള്ളതിനാൽ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്.കൂടാതെ, അപകീർത്തിപരമായ ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ പ്രതിയുടെ അഭിഭാഷകനു പരിശോധിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്:നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടി തെരുവൻപറമ്പിലെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്‌തു. ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിന് നേരെ എറിഞ്ഞത്.ശിഹാബ് തങ്ങള്‍ സൗധം എന്ന പേരിലുള്ള ലീഗ് ഓഫീസിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കിയതാണ്. അടുത്ത് തന്നെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.ബോംബേറില്‍ പ്രതിഷേധിച്ച് തെരുവൻപറമ്പിൽ ഹര്‍ത്താലിന് മുസ്ലീം ലീഗ് ആഹ്വാനം ചെയ്‌തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി ഡൽഹിയിൽ അറസ്റ്റിൽ
ന്യൂഡൽഹി:കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക് ലൈവിലൂടെ ഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ അറസ്റ്റിൽ.ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളത്തില്‍ വിമാനമിറങ്ങിയാല്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഡല്‍ഹി വിമാനത്താവളം വഴി നാട്ടിലെത്താന്‍ ശ്രമിച്ചെങ്കിലും കൃഷ്ണകുമാര്‍ നായരെ വിമാനമിറങ്ങിയ ഉടനെ തന്നെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അറസ്റ്റു ചെയ്ത് കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്നു തന്നെ കൊച്ചിയില്‍ എത്തിക്കും. ഇവിടെ വെച്ച് വിശദമായി ചോദ്യം ചെയത് ശേഷം കോടതിയില്‍ ഹാജരാക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് പറഞ്ഞാണ് കൃഷ്ണ കുമാര്‍ നായര്‍ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴുക്കിയത്. സ്വന്തം ജോലി സ്ഥലവും പേരുമൊക്കെ പറഞ്ഞു കൊണ്ടാണ് ഭീഷണി മുഴക്കിയത്.വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ പ്രവാസി മലയാളികള്‍ ഇടപെടുകയും മദ്യലഹരിയിലായിരുന്ന ഇയാളെ കൊണ്ട് സംഭവത്തില്‍ മാപ്പു പറയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മാപ്പു പറച്ചില്‍ കൊണ്ടും കൃഷ്ണകുമാര്‍ നായര്‍ രക്ഷപെട്ടില്ല. ഇയാള്‍ക്കെതിരെ കേരളത്തില്‍ പൊലീസ് കേസെടുത്തു.അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാർജറ്റ് എൻജിനീയറിംഗ് കമ്പനിയുടെ റിഗിംഗ് സൂപ്പർവൈസറായിരുന്നു കൃഷ്ണകുമാർ.കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന കാരണത്താല്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഇയാള്‍ നാട്ടിലേക്ക് വണ്ടി കയറിയതും അറസ്റ്റിലായതും.കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ സമൂഹത്തില്‍ പ്രകോപനമുണ്ടാക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തി, അപകീര്‍ത്തിപ്പെടുത്തല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കെവിൻ വധക്കേസ്;നീനുവിന്റെ ചികിത്സാരേഖകൾ വീട്ടിൽ നിന്നും എടുക്കാൻ അഞ്ചാം പ്രതി ചാക്കോയുടെ വക്കീലിന് കോടതി അനുമതി
കോട്ടയം:കെവിൻ വധക്കേസ്;നീനുവിന്റെ ചികിത്സാരേഖകൾ വീട്ടിൽ നിന്നും എടുക്കാൻ അഞ്ചാം പ്രതി ചാക്കോയുടെ വക്കീലിന് കോടതി അനുമതി. ഏറ്റുമാനൂര്‍ കോടതിയുടെതാണ് നടപടി. പൊലീസിന്റെ സാന്നിധ്യത്തില്‍ ചാക്കോയുടെ അഭിഭാഷകന് ചാക്കോയുടെ പുനലൂരിലെ വീട്ടില്‍ എത്തി ചികിത്സാരേഖകള്‍ എടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചാക്കോയെയും ഒപ്പം കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കി.
നീനുവിന് മാനസിക രോഗമുണ്ടെന്നും അതു തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.നീനുവും തന്റെ ഭാര്യ രഹ്നയും മാനസിക രോഗികളാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ വീടു തുറക്കാന്‍ അനുവദിക്കണമെന്നും ചാക്കോ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ടും തേടിയിരുന്നു.അതേസമയം, തനിക്ക് മാനസിക രോഗമില്ലെന്നും തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ കൗണ്‍സിലിംഗിന് തന്നെ കൊണ്ടുപോയപ്പോള്‍ ചികിത്സ വേണ്ടത് മാതാപിതാക്കള്‍ക്കാണെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്നും നീനുവും നേരത്തെ പറഞ്ഞിരുന്നു.
കട്ടിപ്പാറ ഉരുൾപൊട്ടൽ;അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി;ഇതോടെ മരണസംഘ്യ 14 ആയി
കോഴിക്കോട്:കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി.ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദു റഹ്മാന്‍റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി.ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തെരച്ചില്‍. അബ്ദുറഹിമാൻ (60), മുഹമ്മദ് ജാസിം (അഞ്ച്), ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), ഹസൻ (65), ജന്നത്ത് (17), ജാഫറി (35) റിസ്‌വ മറിയം (ഒന്ന്) , നുസ്രത്ത് (26), റിൻഷ മെഹറിൻ (നാല്), ഷംന (25), നിയ ഫാത്തിമ (മൂന്ന്) ആസ്യ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
കായംകുളം വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ മരിച്ചു
കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി മിന്നൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ മരിച്ചു. കൊല്ലം ചവറ കുമ്പളത്ത് കുന്നേൽ മോഹനൻ മകൻ സനൽകുമാർ (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30 ഓടെ ദേശീയപാതയിൽ കായംകുളം ഒഎൻകെ ജംഗ്ഷനിലാണ് അപകടമുണ്ടായത്. മാനവന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മിന്നൽ ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് വേഗതയിലെത്തിയ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇരുപതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ്;ദിലീപ് സമർപ്പിച്ച ഹർജിയിൽ വിധിപറയുന്നത് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദീലീപ് സമർപ്പിച്ച ഹർജിയിൽ വിധിപറയുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതി മാറ്റി.കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് മാറ്റിവച്ചിരിക്കുന്നത്. ഹർജി ജൂണ്‍ 27ന് പരിഗണിക്കും.കേസിലെ പ്രതിയായ അഭിഭാഷകൻ പ്രതീഷ് ചാക്കോ സമർപ്പിച്ച വിടുതൽ ഹർജിയും കോടതി മാറ്റിവച്ചു. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക.നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടി ദീലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിന്‍റെ അഭിപ്രായം തേടിയിരിക്കുകയാണ്.കേസ് പരിഗണിക്കുന്നതിന് വനിത ജഡ്ജി വേണം എന്ന നടിയുടെ ഹര്‍ജിയിലും കോടതി എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 27ന് തന്നെ വിധിപറയും