ന്യൂഡൽഹി: ലഫ്. ഗവർണർ അനിൽ ബൈജാലിന്‍റെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും നടത്തിവന്ന സമരം അവസാനിപ്പിച്ചു.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുമായി “അടിയന്തര’ കൂടിക്കാഴ്ച നടത്താൻ ലഫ്.ഗവർണർ കേജരിവാളിനു നിർദേശം നൽകിയതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. നീണ്ട നിശബ്ദതയ്ക്കു ശേഷമാണ് ലഫ്.ഗവർണർ വിഷയത്തിൽ പ്രതികരിച്ചത്.ഈ മാസം പതിനൊന്നിനാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മൂന്നു മന്ത്രിമാരും ലഫ്.ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ സമരം ആരംഭിച്ചത്. ഡൽഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആം ആദ്മി പാർട്ടി നേതാക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് നാലു മാസമായി ചുമതലയിൽനിന്നു വിട്ടുനിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ജോലിയിൽ തിരിച്ചുകയറാൻ നിർദേശം നൽകുക, റേഷൻ വീട്ടുപടിക്കൽ എത്തിച്ചുനൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് കേജരിവാളും സംഘവും ലഫ്. ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം നടത്തിവന്നിരുന്നത്.ലഫ്. ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം എട്ടാം ദിവസത്തേക്കു കടന്നതോടെ നിരാഹാര സമരത്തിലായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മന്തി സത്യേന്ദ്ര ജെയിനിനെയും ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ജമ്മു കാശ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽ നിന്നും ബിജെപി പിന്മാറി;മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറി. സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രിസഭയിൽ നിന്ന് ബിജെപി മന്ത്രിമാർ രാജിവെച്ചു.പിഡിപിയുമായുള്ള സഖ്യം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു. കാഷ്മീരിൽ ഭീകരവാദവും കലാപവും വർധിച്ച് വരുകയാണ്. മൗലീകാവകാശങ്ങൾ പോലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും മാധവ് കൂട്ടിച്ചേർത്തു. കാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. കാഷ്മീരിലെ 89 അംഗ നിയമസഭയിൽ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. നാഷണൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം അംഗങ്ങളുണ്ട്.അതേസമയം ബിജെപി പിന്തുണ പിൻവലിച്ചതിനു പിന്നാലെ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി രാജിവെച്ചു. മുഫ്തി ഗവർണർ എന്‍.എന്‍.വോറയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പിഡിപി അറിയിച്ചു.കേവല ഭൂരിപക്ഷമായ 45 സീറ്റ് ആർക്കും ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർ ഭരണത്തിനാണ് സാധ്യത തെളിയുന്നത്. പിഡിപിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.കാഷ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് പിഡിപിക്ക് പിന്തുണ പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ നയിച്ചത്. റമസാൻ മാസത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വെടിനിർത്തൽ നോമ്പുകാലം അവസാനിച്ചതിനു തൊട്ടുപിന്നാലെ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പിഡിപി ശക്തമായി പ്രതിഷേധിച്ചിരുന്നു.
വരാപ്പുഴ കസ്റ്റഡി മരണം;നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്
തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മുന്‍ എസ്പി എ.വി.ജോര്‍ജിന് ക്ലീന്‍ചിറ്റ് നല്‍കിയത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായാണ് വി.ഡി.സതീശന്‍ നോട്ടീസ് നല്‍കിയത്. കേസന്വേഷണം പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നുവെന്നും കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു.അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു. ഇക്കാര്യം ആദ്യ സബ്മിഷനാക്കാമെന്നും സ്പീക്കർ നിലപാട് സ്വീകരിച്ചു.വരാപ്പുഴ കേസ് സഭയില്‍ ഉന്നയിക്കാൻ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമോപദേശം എഴുതിവാങ്ങി എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാത്ത സ്പീക്കറുടെ നടപടി ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വൈകിയെത്തിയ യാത്രക്കാരൻ പിടിയിൽ
ജയ്‌പൂർ:ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെന്ന് വ്യാജസന്ദേശം നൽകിയ യാത്രക്കാരൻ പിടിയിൽ.സമയത്ത് എത്തിച്ചേരാന്‍ കഴിയില്ലെന്ന് കരുതിയാണ് ഇയാൾ വ്യാജസന്ദേശം നൽകിയത്.സംഭവവുമായി ബന്ധപ്പെട്ട് ജയ്പുരില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന നൃത്തസംവിധായകനാണ് പോലീസ് പിടിയിലായത്.പുലർച്ചെ അഞ്ചരമണിയോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോൾസെന്ററിൽ വിളിച്ചാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്.തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.ബോംബ് ഭീഷണി വിശകലന സമിതി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയതോടെ വിമാന സര്‍വീസ് ഉടന്‍ തന്നെ സാധാരണ നിലയിലായി.വിമാനം പുറപ്പെടുന്നതിന് മുൻപ് എത്താന്‍ കഴിയാതിരുന്ന മോഹിത് കുമാര്‍ തങ്ക് എന്ന യാത്രക്കാരനെ കമ്പനി നേരിട്ട് വിളിച്ച് തൊട്ടടുത്ത വിമാനത്തില്‍ യാത്ര ഉറപ്പു നല്‍കി. ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ താനാണ് ബോംബ് ഭീഷണിക്ക് പിന്നില്‍ എന്ന് തുറന്നു പറയുകയായിരുന്നു. റിയാലിറ്റി ഷോകള്‍ക്കും മറ്റും നൃത്തസംവിധാനം ചെയ്യുന്നയാളാണ് താനെന്ന് തങ്ക് പോലീസിനോട് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
നിലബൂരിൽ 40 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
നിലമ്പൂർ:നിലബൂരിൽ 40 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.പിടിയിലായവർ കാസർഗോഡ് സ്വദേശികളാണ്. വാഹനപരിശോധനയ്ക്കിടെയാണ് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.
തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യ വിഷബാധ
തിരുവനന്തപുരം: ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധ.തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇതേതുടർന്ന് 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ കുട്ടികൾ ചികിത്സ തേടുകയായിരുന്നു. അതേസമയം, സംഭവം സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്രയും കുട്ടികൾ ചികിത്സ തേടിയിട്ടും സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചില്ലെന്നാണ് ആക്ഷേപം.
മെര്‍സിഡീസിന്റെ മൂന്നു ഡോര്‍ ‘എഎംജി S63 കൂപ്പെ’ ഇന്ത്യയിൽ വിപണിയിൽ പുറത്തിറങ്ങി
ഡൽഹി:മെര്‍സിഡീസിന്റെ മൂന്നു ഡോര്‍ എഎംജി S63 കൂപ്പെ ഇന്ത്യൻ വിപണിയിൽ എത്തി.2.55 കോടി രൂപയാണ് S63 കൂപ്പെയുടെ ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.മൂന്നര സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗത കൈവരിക്കാൻ കൂപ്പേയ്ക്ക് കഴിയും.300 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.പുതിയ എഎംജി മോഡലുകളില്‍ കണ്ടുവരുന്ന കുത്തനെയുള്ള സ്ലാറ്റ് ഗ്രില്ലാണ് എഎംജി S63 കൂപ്പെയില്‍. വലുപ്പമേറിയ ബോണറ്റും ഫെന്‍ഡറുകളും S63 കൂപ്പെയുടെ എഎംജി പാരമ്ബര്യം വെളിപ്പെടുത്തും. മൂന്നു ഡോറായിട്ടു കൂടി മോഡലിന്റെ വശങ്ങള്‍ക്ക് നീളം താരതമ്യേന കൂടുതലാണ്.4.0 ലിറ്റര്‍ ബൈ ടര്‍ബ്ബോ V8 എഞ്ചിനിലാണ് മെര്‍സിഡീസ് ബെന്‍സ് S63 എഎംജി കൂപ്പെ ഒരുങ്ങുന്നത്. എഞ്ചിന് 610 bhp കരുത്തും 900 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഒമ്ബതു സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് മള്‍ട്ടി ക്ലച്ച് ട്രാന്‍സ്മിഷന്‍ മുഖേന നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തും.20 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് S63 കൂപ്പെയുടെ ഒരുക്കം. എന്നത്തേയും പോലെ അത്യാധുനിക സാങ്കേതികതയും ആഢംബരവും പുതിയ മോഡലിന്റെ അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. ഉന്നത നിലവാരം പുലര്‍ത്തുന്ന നാപ്പ ലെതര്‍ കൊണ്ടാണ് സീറ്റുകളുടെ നിര്‍മ്മാണം. ആംബിയന്റ് ലൈറ്റിംഗ് സംവിധാനത്തില്‍ 64 നിറങ്ങളാണ് ഒരുങ്ങുന്നത്. ബര്‍മിസ്റ്റര്‍ സറൗണ്ട് ഓഡിയോ സംവിധാനം, 12 വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് കൂള്‍ഡ് മസാജിംഗ് സീറ്റുകള്‍, ചില്ലര്‍ ബോക്‌സ് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. മെര്‍സിഡീസ് മീ മൊബൈല്‍ ആപ്പ് മുഖേന റിമോട്ടോര്‍ സ്റ്റാര്‍ട്ട് സജ്ജീകരണവും കാറില്‍ ലഭ്യമാണ്.
സ്കൂൾ ബസ്സിൽ നിന്നും തെറിച്ച് വീണ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്
കോട്ടയം:ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിൽ നിന്നും തെറിച്ച് വീണ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്.വാനിന്റെ പിൻവാതിൽ തുറന്ന് കുട്ടികൾ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ജോബിറ്റ, ആറാം ക്ലാസുകാരി ആവണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാനിനു തൊട്ടുപിന്നാലെ മറ്റ് വാഹനങ്ങളൊന്നും എത്താതിരുന്നത് വന്‍ അപകടം ഒഴിവാക്കി.
ഫർണിച്ചറുകൾ എത്തിയില്ല;കണ്ണൂർ ജില്ലാ ആശുപത്രിയിലെ പുതിയ വാർഡുകൾ തുറക്കുന്നത് വൈകും
കണ്ണൂർ:രണ്ടാഴ്ചമുമ്പ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉൽഘാടനം ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും നവീകരിച്ച വാർഡ് ഇതുവരെ തുറന്നില്ല.ആവശ്യമായ ഫർണിച്ചറുകൾ എത്താത്തതാണ് വാർഡിന്റെ പ്രവർത്തങ്ങൾ തുടങ്ങാൻ വൈകാൻ കാരണം.പുതിയ ബ്ലോക്ക് അടുത്ത ദിവസം തന്നെ പ്രവർത്തനം തുടങ്ങുമെന്ന് ഉൽഘാടനം നിർവഹിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.എന്നാൽ വാർഡുകൾ തുറക്കാൻ ഇനിയും രണ്ടാഴ്ച കൂടി വേണ്ടിവരുമെന്നാണ് സൂചന.കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിഭാഗം ഒപികൾ,അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികിത്സ യൂണിറ്റ്, കുടുംബാസൂത്രണ ചികിത്സ യൂണിറ്റ്,കാൻസർ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനുള്ള മാമ്മോഗ്രാം ഉൾപ്പടെയുള്ള യൂണിറ്റ്,എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ സ്ത്രീരോഗ,ശിശുരോഗ വിഭാഗം ഒപികൾ മാത്രമാണ് നിലവിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രസവാനന്തര ശുശ്രൂഷകൾക്കായി 50 കിടക്കകൾ സജ്ജീകരിക്കും.മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള നിർമാണപ്രവർത്തികൾ പൂർത്തിയാകുന്നതോടെ കുട്ടികളുടെ വാർഡ് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റും.
നിപ വൈറസ് ബാധയെ തുടർന്ന് കേരളയാത്രയ്ക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി
ദുബായ്:നിപ വൈറസ് ബാധയെ തുടർന്ന് കേരളയാത്രയ്ക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.വൈറസ് ബാധയെ തുടർന്ന് നിരവധി പേര്‍ മരിക്കുകയും അനേകം പേര്‍ ആശുപത്രിയിലും ആയ സാഹചര്യത്തിലായിരുന്നു കേരളത്തിലേക്കുള്ള യാത്രയില്‍ യു.എ.ഇ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇപ്പോള്‍ യു.എ.ഇ നിയന്ത്രണം നീക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 24 നാണ് യു.എ.ഇ. ആരോഗ്യ മന്ത്രാലയം കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ നിന്നും യുഎഇയില്‍ എത്തുന്നവര്‍ക്ക് നിപ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കാന്‍ വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപ രോഗബാധ നിയന്ത്രണവിധേയമായെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് നിയന്ത്രണം നീക്കിയതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.