ആലക്കോട്:ഇനിയൊരുത്തരവുണ്ടാകുന്നത് വരെ പരപ്പ-ആളുമ്പുമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.കനത്ത മഴയെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള മണ്ണിടിച്ചിൽ,ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.ഇതോടെ ക്വാറിക്കെതിരെ പ്രദേശവാസികൾ ദീർഘകാലമായി നടത്തി വന്നിരുന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്ക് സാധ്യതയുള്ള ദുരന്ത മേഖലയായ റെഡ് സോണിലാണ് ക്വാറി പ്രവർത്തിച്ചു വന്നിരുന്നത്.2016 ഇൽ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയെ റെഡ് സോണായി പ്രഖ്യാപിച്ചത്.ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.ഇത് കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. അന്ന് ദുരന്തനിവാരണ അതോറിറ്റിയോടും സംസ്ഥാന സർക്കാരിനോടും ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഓസ്‌ട്രേലിയയിൽ മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്ക് 22 വർഷവും കാമുകന് 27 വർഷവും തടവ്
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം അബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനനും വിക്ടോറിയ കോടതി ശിക്ഷ വിധിച്ചു. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. സാമിനെ സയനൈഡ് നല്‍കി കൊന്നു എന്ന അരുണിന്റെ കുറ്റസമ്മതമൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി.2015 ഒക്ടോബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ(34) മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തനിക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു വര്‍ഷത്തോളം നീണ്ട വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷം അരുണ്‍ കമലാസനന്‍ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഇരയാണ് സാം എന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.ഉറങ്ങിക്കിടന്ന സാമിന്റെ വായിലേക്ക് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി ഒഴിച്ചുകൊടുത്തതാകാം എന്നായിരുന്നു് ഫോറന്‍സിക് വിദഗ്ധരുടെയും നിരീക്ഷണം. അതിന് സാധുത നല്‍കുന്ന വെളിപ്പെടുത്തലുകളാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്. എങ്ങനെയാണ് സാമിന്റെ വീട്ടില്‍ കടന്നതെന്ന കാര്യം ഉള്‍പ്പെടെ സ്‌കെച്ചായി വരച്ചുകാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അരുണ്‍ അതേക്കുറിച്ച് പറയുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങും പോലീസ് കോടതിയില്‍ ഹാജരാക്കി.എന്നാല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പോലീസിനോട് കുറ്റസമ്മതം നടത്തിയ ഈ ഓഡിയോ ക്ലിപ്പായിരുന്നു പ്രധാന തെളിവായി കോടതി പരിഗണിച്ചത്.പോലീസിന് നല്‍കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. അതേസമയം ബലപ്രയോഗമൊന്നും കൂടാതെ വീടിനുള്ളില്‍ അരുണിന് എങ്ങനെ കയറാന്‍ കഴിഞ്ഞുവെന്നും സാമിന്റെ വായിലേക്ക് വിഷം കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചു കൊടുക്കുമ്പോൾ ഒരേ കട്ടിലില്‍ കിടന്ന സോഫിയ എങ്ങനെ അറിയാതിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ സംശയം കോടതിയില്‍ ഉയര്‍ത്തി.താന്‍ ആരെയും കൊന്നിട്ടില്ലെന്നാണ് സോഫിയ കോടതിയില്‍ പറഞ്ഞതെങ്കിലും പ്രോസിക്യൂഷന്റെ നിരീക്ഷണങ്ങളും സാഹചര്യത്തെളിവുകളാണ് സോഫിയയെ കുടുക്കിയത്.സോഫിയ അറിയാതെ കൊലപാതകം നടക്കില്ല എന്നും ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന പ്രോസിക്യഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.
ഇന്ന് അന്താരാഷ്ട്ര യോഗാദിനം;ഡെറാഡൂണിലെ യോഗപരിപാടികൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും
ഡെറാഡൂണ്‍: നാലാമത് അന്താരാഷ്ട്രയോഗാദിനം ആചരിക്കാന്‍ രാജ്യം ഒരുങ്ങി. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.ഡെറാഡൂണിലെ വന ഗവേഷണ കേന്ദ്രത്തിലാണ് പ്രധാനമന്ത്രിയെത്തുക. അൻപതിനായിരത്തിൽ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡെറാഡൂണ്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കൊടും വനത്തിലാണ് 450 ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന വനഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. കുരങ്ങും,പാമ്ബും മറ്റ് വന്യജീവികളും ധാരാളമുള്ള വനമേഖലയാണിത്. യോഗാദിനാചരണത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വന്യജീവികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിഎഫ്‌ഒ രാജീവ് ദിമാന്‍ പറഞ്ഞു. യോഗാ ദിനാചരണത്തിന് എത്തിച്ചേരേണ്ടവര്‍ക്കായി പ്രത്യേകം ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. 2014 സെപ്‌റ്റംബര്‍ 14-ന് യു.എന്‍ സമ്മേളന വേദിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം അവതരിപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടുകയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതീവ പ്രാധാന്യത്തോടെയാണ് യോഗാദിനം ആചരിക്കുന്നത്.
നിപ്പ വൈറസിന് പഴങ്ങളിൽ ജീവിക്കാനാവില്ലെന്ന് വൈറോളജി ഡയറക്റ്റർ
മുംബൈ:നിപ്പ വൈറസിന് പഴങ്ങളിൽ ജീവിക്കാനാവില്ലെന്ന് പുണെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) ഡയറക്ടര്‍ ദേവേന്ദ്ര മൗര്യ. മറ്റു വൈറസുകളെപ്പോലെ നിപ്പാ വൈറസിനും മനുഷ്യരുടെയോ ജന്തുക്കളുടെയോ കോശങ്ങളില്‍മാത്രമേ നിലനില്‍ക്കാനും വ്യാപിക്കാനോ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പഴങ്ങളില്‍ വൈറസിന് നിലനില്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിപ്പ വൈറസ് ഭീതി അകന്നെങ്കിലും വൈറസ് എങ്ങനെയൊക്കെ പകരുമെന്ന കാര്യത്തിൽ ഇനിയും ആശങ്ക നിലനിൽക്കുകയാണ്.വവ്വാലുകളിലൂടെ നിപ വൈറസ് പടരുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ പഴങ്ങൾ കഴിക്കുന്നത് പലരും ഉപേക്ഷിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് വൈറോളജി ഡയറക്റ്ററുടെ വിശദീകരണം.പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍നിന്നു നിപ്പാ വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇത്തരം വവ്വാലുകളില്‍ത്തന്നെ ചുരുക്കം ചിലവയേ ഉമിനീരിലൂടെയും മറ്റും വൈറസ് പുറത്തുവിടുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇങ്ങനെ നിപ്പാ പുറത്തുവിടുന്ന വവ്വാലുകള്‍ കടിച്ച പഴങ്ങളിലേക്ക് വൈറസ് പടരുമെങ്കിലും പഴത്തില്‍ വൈറസിന് ഏറെനേരത്തെ നിലനില്‍ക്കാനാവില്ല. വവ്വാലുകള്‍ കടിച്ച പഴം ഉടനെ കഴിച്ചാല്‍മാത്രമേ വൈറസ് പകരാനിടയുള്ളൂവെന്നും ദേവേന്ദ്ര മൗര്യ പറഞ്ഞു.
കേരളാ ബാങ്ക് ഓഗസ്റ്റിൽ യാഥാർഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം : കേരള ബാങ്ക് ഓഗസ്റ്റോടെ യാഥാര്‍ഥ്യമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ നിലവില്‍ സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്ക ആനാവശ്യമാണെന്നും ജീവനക്കാരുടെ താത്പര്യം സംരക്ഷിച്ച് മാത്രമേ കേരളബാങ്ക് രൂപീകരിക്കൂ എന്നും മന്ത്രി പറഞ്ഞു.മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നതുള്‍പെടെയുള്ള പദ്ധതികള്‍ക്ക് സംസ്ഥാന സഹകരണ വകുപ്പ് നേതൃത്വം നല്‍കും.കുടുംബശ്രീ മുഖേന 12 ശതമാനം വായ്പാ നിരക്കിലാവും വായ്പകള്‍ ലഭ്യമാക്കുക. ഈ മാസം ഇരുപത്തായാറിന് മുറ്റത്തെ മുല്ല എന്ന പേരില്‍ പാലക്കാട് ഈ പദ്ധതിക്ക് തുടക്കം കുറിക്കും.കേരള ബാങ്ക് 9% വായ്പാ നിരക്കില്‍ കുടുംബശ്രീകള്‍ക്ക് നല്‍കുന്ന വായ്പ 12% നിരക്കില്‍ കുടുംബശ്രീകള്‍ക്ക് അംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്. സംസ്ഥാന സഹകരണ ബാങ്ക് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.നിയമസഭയിലെ ചോദ്യോത്തര വേളയ്‌ക്കിടയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് മൂന്നു ദിവസം കൂടി കനത്ത മഴ;ജാഗ്രത നിർദേശം നല്കി
തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുടര്‍ച്ചയായ മഴയുടെ സാഹചര്യത്തില്‍ പെെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ട്. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുെണ്ടന്ന് കേന്ദ്ര ജലകമീഷനും വ്യക്തമാക്കി.ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ ആവശ്യമാണെങ്കില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തന്നെ ആളുകളെ മാറ്റി താമസിപ്പിക്കാം. മലയോരമേഖലയിലെ താലൂക്ക് കണ്‍േട്രാള്‍റൂമുകള്‍ 24 മണിക്കൂറും ഞായറാഴ്ച വരെ പ്രവര്‍ത്തിപ്പിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മി വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്നും അറിയിപ്പില്‍ പറയുന്നു
ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയിൽ
കോട്ടയം:കോട്ടയം മുക്കൂട്ടുതറയിൽ നിന്നും മൂന്നു മാസം മുൻപ് കാണാതായ ജെസ്‌ന മരിയയുടെ തിരോധാനം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരൻ ഹൈക്കോടതിയിൽ ഹർജി നൽകി.ജെസ്നയെ കാണാതായി മൂന്ന് മാസം പൂര്‍ത്തിയായിട്ടും അന്വേഷണത്തില്‍ ഒരു തുമ്പ് പോലും കണ്ടെത്താന്‍ ലോക്കൽ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇനിയും പൊലീസ് അന്വേഷിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാകില്ലെന്ന് സഹോദരന്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു. അതിനിടെ ജെസ്ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ജെസ്‌നയുടെ വീടിന് സമീപമാണ് സുഹൃത്ത് താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം.
മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ഒന്നാം റാങ്ക് അങ്കമാലി സ്വദേശി ജെസ്‌മരിയ ബെന്നിക്ക്
തിരുവനന്തപുരം:മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് ഫലപ്രഖ്യാപനം നടത്തിയത്.48,937 വിദ്യാര്‍ഥികളാണ് മെഡിക്കല്‍ റാങ്ക് ലിസ്‌റ്റിലുള്ളത്. ഇതില്‍ 36,398 പെണ്‍കുട്ടികളും 12,539 ആണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിനി ജെസ്‌മരിയ ബെന്നി ഒന്നാം റാങ്ക് കരസ്ഥമാക്കി. നീറ്റ് പരീക്ഷയിലും സംസ്ഥാനത്തെ ഉയര്‍ന്ന റാങ്ക് ജെസ്‌മരിയക്കായിരുന്നു. തിരുവനന്തപുരം കരമനയിലെ സംറീന്‍ ഫാത്തിമക്കാണ് രണ്ടാംറാങ്ക്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികളായ സെബമയും അറ്റ്‌ലിന്‍ ജോര്‍ജും മൂന്നും നാലും റാങ്കുകള്‍ കരസ്ഥമാക്കിയപ്പോള്‍ കോട്ടയം ജില്ലയിലെ മെറിന്‍ മാത്യൂ അഞ്ചാം റാങ്ക് നേടി. എസ്‌സി വിഭാഗം ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി രാഹുല്‍ അജിത്ത് നേടി.തിരുവനന്തപുരം സ്വദേശിനി ചന്ദന ആര്‍ എസ് നാണ് രണ്ടാം റാങ്ക്.എസ്ടി വിഭാഗം ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശിനി അമാന്‍ഡ എലിസബത്ത് സാമിനും രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി ആദര്‍ശ് ഗോപാലിനുമാണ്. എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് അമല്‍ മാത്യു കോട്ടയം, രണ്ടാം റാങ്ക് ശബരി കൃഷ്ണ എം കൊല്ലം എന്നിവർ നേടി. എസ്‌സി വിഭാഗം ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശി സമിക് മോഹനും , രണ്ടാം റാങ്ക് അക്ഷയ് കൃഷ്ണയും നേടി.എസ്ടി വിഭാഗം ഒന്നാം റാങ്ക് പവന്‍ രാജ് കാസര്‍കോട്, രണ്ടാം റാങ്ക് ശ്രുതി കെ കാസര്‍കോട് എന്നിവര്‍ നേടി. www.cee.kerala.gov.in/keamresult2018/index.php എന്ന വെബ്‌സൈറ്റില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാകും.
കൊളംബിയയ്ക്ക് എതിരെ ജപ്പാന് അട്ടിമറി വിജയം
റഷ്യ:ലോകകപ്പ് ഫുട്ബോളിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എച്ച് മത്സരങ്ങളിൽ കൊളംബിയയ്ക്ക് എതിരെ ജപ്പാന് അട്ടിമറി വിജയം.ഏഷ്യയ്ക്ക് അഭിമാനവും പ്രതീക്ഷയും നല്‍കിയാണ് ജപ്പാന്‍ തങ്ങളുടെ ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്. ലാറ്റനമേരിക്കന്‍ ശക്തിയുമായെത്തിയ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ മറികടന്നത്. മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയായിരുന്നു ജപ്പാന്റെ വിജയം.ഇതോടെ ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തെ ലോകകപ്പില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ബഹുമതിയും ജപ്പാന്‍ സ്വന്തമാക്കി.മത്സരത്തിന്റെ നാലാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ജപ്പാന്‍ കളിയിൽ ആധിപത്യം നേടി. ഒരു ഗോളിന് മുന്നിലെത്തിയത് മാത്രമായിരുന്നില്ല ആ ആധിപത്യം മറിച്ച് കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. ഇതോടെ പത്തുപേരായി കൊളംബിയ ചുരുങ്ങി. പോസ്റ്റിലേക്ക് വന്ന ഷിന്‍ജി കൊഗാവയുടെ ഷോട്ട് കൈകൊണ്ട് തടുത്തതാണ് ചുവപ്പുകാര്‍ഡിനും പെനാല്‍റ്റിക്കും കാരണമായത്.ജപ്പാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അവസരം ഷിന്‍ജി കഗാവ വലയിലാക്കി ജപ്പാന് ലീഡ് നല്കി. തുടര്‍ന്നും ജപ്പാന്റെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാല്‍ 39 ആം മിനിട്ടില്‍ ഫ്രീ കിക്കിലൂടെ ജുവാന്‍ ക്വിന്റെറോ കൊളംബിയയ്ക്ക് സമനില നല്‍കി.മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍ യുയു ഒസാക്കയാണ് ജപ്പാന്റെ വിജയഗോള്‍ നേടിയത്. 73 ആം മിനിട്ടില്‍ കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു ഗോള്‍. ഉയര്‍ന്നുവന്ന പന്ത് ഒസാക്ക മനോഹരമായി ഹെഡ് ചെയ്ത് വലയിലിട്ടു.
ലോകകപ്പ് ഫുട്ബോൾ;ഈജിപ്തിനെ തകർത്ത് റഷ്യ പ്രീക്വാർട്ടറിൽ
മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ രണ്ടാം ജയത്തോടെ ആതിഥേയരായ റഷ്യ പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഈജിപ്തിനെ 3-1നു തോല്പിച്ചാണ് റഷ്യ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായത്. സൌദിക്കെതിരെ എതിരില്ലാത്ത 5 ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ റഷ്യ ഈജിപ്തിനെ പൂര്‍ണ്ണമായും നിഷ്‍പ്രഭമാക്കിയാണ് നിര്‍ണ്ണായകമായ രണ്ടാം വിജയം നേടിയത്.ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍. യഥാര്‍ഥ കളി റഷ്യ പുറത്തെടുത്തത് രണ്ടാം പകുതിയിലായിരുന്നു. 47ആം മിനിറ്റില്‍ അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോളില്‍ റഷ്യ മുന്നിലെത്തി. 59ആം മിനുട്ടിലെ മികച്ച മുന്നേറ്റത്തിനൊടുവില്‍ ചെറിഷേവ് ലീഡ് ഉയര്‍ത്തി. രണ്ട് ഗോളിന്റെ ആഘാതത്തില്‍ നിന്ന് ഈജിപ്ത് മോചിതരാകും മുന്‍പേ 62ആം മിനിറ്റില്‍ ആര്‍ട്ടെം സ്യൂബയുടെ വക മൂന്നാമത്തെ ഗോളെത്തി.മൂന്ന് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഈജിപ്തിന്റെ മുന്നേറ്റം 73ആം മിനിറ്റില്‍ ഫലം കണ്ടു. പെനല്‍റ്റി ബോക്സില്‍ തന്നെ ഫൌള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി സൂപ്പര്‍ താരം മുഹമ്മദ് സല അനായാസം ലക്ഷ്യത്തിലെത്തിച്ചു.അവസാന 15 മിനുട്ടില്‍ ഗോളുകള്‍ തിരിച്ചടിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങളെ റഷ്യൻ പ്രതിരോധനിര സമര്‍ത്ഥമായി നേരിട്ടു. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി ആതിഥേയര്‍ പ്രീ ക്വാര്‍ട്ടറിലേക്ക്.