കാസർകോഡ്:വ്യാഴാഴ്ച രാവിലെ കാസർകോഡ് കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് ഓണിയില്‍ കെണിയിൽ കുടുങ്ങിയ പുലി ചത്തു.പുലി ചത്തതോടെ കെണിവെച്ചവര്‍ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടുന്നതിന് നിമയത്തില്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതോടെയാണ് കെണിവെച്ചവര്‍ക്കു വേണ്ടി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഏറെ നേരം കെണിയില്‍ കുടുങ്ങിക്കിടന്ന പുലി അവശനായിരുന്നു. കാസര്‍കോട്- കണ്ണൂര്‍ ജില്ലകളില്‍ മയക്കുവെടി വിദഗദ്ധ സംഘമില്ലാത്തതിനാല്‍ വയനാട്ട് നിന്നുമാണ് സംഘമെത്തിയത്.വയനാട്ടു നിന്നും സംഘം കാസർകോട്ട് എത്തിയപ്പോഴേക്കും സമയം വൈകുന്നേരത്തോടടുത്തിരുന്നു. സംഘം മയക്കുവെടിവെച്ച ശേഷം വലയിലാക്കുന്നതുവരെ ജീവനുണ്ടായിരുന്ന പുലി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകും വഴിയാവാം ചത്തതെന്നാണ് വനംവകുപ്പധികൃതരുടെ വിശദീകരണം. വന്യമൃഗസംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ഒന്ന് പാര്‍ട്ട് ഒന്നില്‍പ്പെടുന്ന ജീവിയാണ് പുള്ളിപ്പുലി.
സിനിമ-സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു
തിരുവനന്തപുരം:സിനിമ-സീരിയൽ താരം മനോജ് പിള്ള(43) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.
ജെസ്‌നയെ മലപ്പുറത്ത് കണ്ടതായി വിവരം;പോലീസ് അന്വേഷണം നടത്തുന്നു
മലപ്പുറം:പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന മലപ്പുറത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി.കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്.ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്.മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ജസ്ന അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയതാകാനാണ് സൂചന.അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനേയും അന്വേഷണ സംഘത്തേയും വിമര്‍ശിച്ചിരുന്നു. കാണാതായിട്ട് 90 ദിവസത്തിന് മുകളില്‍ ആയിട്ടും എന്തുകൊണ്ട് ആണ് ഒരു തുമ്പു പോലും കണ്ടെത്താന്‍ ആകാത്തതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കാട്ടിലും മേട്ടിലും അല്ല ജസ്നയുണ്ടെന്ന് തെളിവ് ലഭിച്ച ഇടങ്ങളിലാണ് തിരയേണ്ടത് എന്നായിരുന്നു കോടതി പറഞ്ഞത്.ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തുമ്പുകള്‍ അവിടെ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഓപ്പറേഷൻ സാഗർറാണി;12000 കിലോഗ്രാം മൽസ്യം പിടികൂടി
തിരുവനന്തപുരം:സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ സാഗര്‍ റാണി വഴി രാസവസ്തുക്കളടങ്ങിയ 12000 കിലോഗ്രാം മൽസ്യം പിടികൂടി.അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറായിരം കിലോ മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ആറായിരം കിലോ മത്സ്യം ഉപയോഗശൂന്യവുമാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയും. പാലക്കാട് വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഇവ എത്തിച്ചവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും.
മാരകലഹരിമരുന്നുമായി യുവാവ് തലശ്ശേരിയിൽ പിടിയിൽ
തലശ്ശേരി:മാരക ലഹരിമരുന്നുമായി തലശ്ശേരി സൈദാർപള്ളിക്ക് സമീപം താമസിക്കുന്ന ബിലാന്റകത്ത് വീട്ടിൽ മിഹ്റാജ് കാത്താണ്ടിയെ(34)എക്‌സൈസ് സംഘം പിടികൂടി.ഇയാളുടെ പക്കൽ നിന്നും 1000 മില്ലിഗ്രാം മെത്തലിൻ ഡയോക്സി മെത്ത് ആംഫിറ്റമിനും(എം.ഡി.എം.എ) 7.5 ഗ്രാം നിരോധിത ഗുളികയായ സ്പാസ്മോ പ്രോക്സിവോണും പിടിച്ചെടുത്തു.രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. നിരവധി ആൽബങ്ങളിലും മൂന്നു സിനിമകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.ബെംഗളൂരുവിൽ ബിസിനസ് നടത്തിവരികയാണ് ഇയാൾ.തലശ്ശേരി കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപ്പന നടത്തുന്നത്.കുട്ടികളാണ് ഇടപാടുകാർ.ആദ്യം പണം നൽകാതെ ഇയാൾ കുട്ടികൾക്ക് മയക്കുമരുന്ന് നൽകും.അവർ അതിനു അടിമപ്പെട്ടു കഴിഞ്ഞാൽ അവരെ ഇടനിലക്കാരായി ഉപയോഗിക്കും.സിനിമ സീരിയൽ മേഖലയിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നതായി ഇയാൾ വെളിപ്പെടുത്തി. മോളി,എക്റ്റസി എന്നീ പേരുകളിൽ അറിയപ്പെടുന്ന എം ഡി എം എ ഗുളികകൾ 0.2 മില്ലിഗ്രാം കൈവശം വെച്ചാൽ ജാമ്യം ലഭിക്കാത്ത കുറ്റമാണ്.ഈ മരുന്ന് ഒന്നിലേറെ തവണ ഉപയോഗിച്ചാൽ വൃക്ക തകരാറിലാകും.
മാഹി-വളപട്ടണം ജലപാത;സ്ഥലം ഏറ്റെടുക്കലിനെതിരെ പാനൂർ മേഖലയിൽ പ്രതിഷേധം ശക്തം
തലശ്ശേരി:മാഹി-വളപട്ടണം ജലപാത വികാസത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കക്കുന്നതിരെ നിർദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങൾ സമരത്തിലേക്ക്.കൊല്ലം മുതൽ നീലേശ്വരം വരെ ജലപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി മാഹി-വളപട്ടണം ജലപാത വികസനത്തിനായാണ് 179 ഏക്കർ സ്ഥലം ധർമ്മടം വരെയുള്ള ആദ്യഭാഗത്ത് ഏറ്റെടുക്കാൻ കലക്റ്റർ നിർദേശം നൽകിയത്.തൃപ്പങ്ങോട്ടൂർ,പാനൂർ,മൊകേരി,പന്ന്യന്നൂർ,തലശ്ശേരി എന്നീ വില്ലേജുകളിൽപെട്ട സ്ഥലമാണ് ഏറ്റെടുക്കുക.ഏറ്റവുമൊടുവിൽ നടത്തിയ സർവേ അനുസരിച്ച് കടവത്തൂർ, പുല്ലൂക്കര,കൊച്ചിയങ്ങാടി,പാലത്തായി,എലാങ്കോട്, കണ്ണംവെള്ളി, ഇറഞ്ഞുകുളങ്ങര,പാനൂർ,പന്ന്യന്നൂർ,കിഴക്കേ ചമ്പാട്,മൊകേരി പ്രദേശത്തുകൂടി ചാടാലപ്പുഴയുമായി ബന്ധിപ്പിക്കും. ഇതിനായി ഈപ്രദേശത്തുള്ള നൂറിലേറെ വീടുകൾ പൊളിച്ചുമാറ്റേണ്ടിവരുമെന്നാണ് സമരക്കാർ പറയുന്നത്.ഇതിനെതിരെയാണ് പ്രഷോഭം നടത്തുന്നത്.രണ്ടാം ഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 23 ന് ഈ പ്രദേശത്തെ സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് പാനൂരിൽ പ്രതിഷേധപ്രകടനവും പാനൂർ വില്ലജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുകയും ചെയ്യും.
കണ്ണൂർ നഗരത്തിൽ വൻ തീപിടുത്തം
കണ്ണൂർ:കണ്ണൂർ നഗരത്തിൽ വൻ തീപിടുത്തം.പ്ലാസ ജംഗ്ഷന് സമീപം അക്വാറിസ് ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ജില്ലയിൽ ഏകീകൃത മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ വരുന്നു;കോഴിക്കച്ചവടക്കാർക്ക് ഇനി ലൈസൻസ് എടുക്കാം
കണ്ണൂർ:ജില്ലയിൽ മൂന്നിടങ്ങളിലായി ഏകീകൃത മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ ആരംഭിക്കുന്നു.ഇതോടെ കോഴിക്കച്ചവടക്കാർക്ക് ഇനി ലൈസൻസ് എടുക്കാം.ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് കോഴിക്കച്ചവടത്തിന് ലൈസൻസ് നിർബന്ധമാക്കിയിട്ടും ജില്ലയിലെ കോഴിക്കടകളെല്ലാം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്.ഓരോ കോഴിക്കടകൾക്കും പ്രത്യേകം മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ വേണമെന്ന വ്യവസ്ഥയെ തുടർന്നാണിത്. പാപ്പിനിശ്ശേരി,കൂത്തുപറമ്പ്,പയ്യന്നൂർ എന്നിവിടങ്ങളിലാണ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുക. ഇവിടേക്ക് കോഴിമാലിന്യം എത്തിക്കാമെന്ന ഉറപ്പ് കോഴിക്കച്ചവടക്കാരിൽ നിന്നും വാങ്ങി ഈ ഉറപ്പിൽ അവർക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസൻസ് നൽകും.ഓരോ പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോഴിക്കച്ചവടക്കാരുടെ യോഗം വിളിച്ചാണ് പദ്ധതി നടപ്പാക്കുക.’അഴുക്കിൽ നിന്നും അഴകിലേക്ക്’ എന്ന പേരിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കോഴിക്കടകൾക്ക് ലൈസൻസ് നൽകുന്നതും കോഴിമാലിന്യ സംസ്ക്കരണം ഉറപ്പാക്കുകയും ചെയ്യുന്നത്.
അനുക്രീതി വാസ് ഫെമിന മിസ് ഇന്ത്യ 2018
മുംബൈ:തമിഴ്നാട് സ്വദേശിനി അനുക്രീതി വാസിനെ ഫെമിന മിസ് ഇന്ത്യ 2018 ആയി തിരഞ്ഞെടുത്തു.മുംബൈയിൽ ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിലാണ് മുപ്പതുപേരെ പിന്തള്ളി വിദ്യാർത്ഥിനിയായ ഈ പത്തൊമ്പതുകാരി സൗന്ദര്യ കിരീടം സ്വന്തമാക്കിയത്.ഹരിയാന സ്വദേശിനി മീനാക്ഷി ചൗധരി(21) രണ്ടാം സ്ഥാനത്തെത്തി.ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രെയ റാവു(23) മൂന്നാമതെത്തി.മാനുഷി ചില്ലാർ,ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ,കെ.എസ് രാഹുൽ,സിനിമ താരങ്ങളായ ബോബി ഡിയോൾ,മലൈക അറോറ,കുനാൽ കപൂർ,എന്നിവർ വിധികർത്താക്കളായെത്തിയ ചടങ്ങിൽ സംവിധായകൻ കരൺ ജോഹർ,നടൻ ആയുഷ്മാൻ ഖുറാനെ എന്നിവർ അവതാരകരായെത്തി.കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ മാനുഷി ചില്ലാർ അനു ക്രീതിയെ കിരീടമണിയിച്ചു.ബോളിവുഡ് താരങ്ങളായ കരീന കപൂർ,മാധുരി ദീക്ഷിത്ത്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തങ്ങൾ ചടങ്ങിന് മിഴിവേകി.
‘ഫ്രഷ് ഫിഷ്’ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്
കോട്ടയം:സംസ്ഥാനത്ത് മൽസ്യവിപണി കൂടുതൽ സജീവമാക്കുന്നതിനായി ‘ഫ്രഷ് ഫിഷ്’ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്.പദ്ധതിയുടെ ആദ്യഘട്ടം കോട്ടയത്താണ് ആരംഭിക്കുക.പിന്നീട് മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പത്തു സൂപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കാനാണ് പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെ 2000 മുതൽ 3000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കുന്ന സൂപ്പർമാർക്കറ്റുകളിൽ എല്ലാത്തരത്തിലുമുള്ള പച്ചമൽസ്യങ്ങൾ, ഫ്രോസൺ ഫിഷ്,ഉണക്കമീൻ,മീൻ അച്ചാർ,ചമ്മന്തിപ്പൊടി പോലുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാക്കും.ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന മൽസ്യങ്ങൾ മസാല പുരട്ടി കറിവെയ്ക്കാൻ പാകത്തിന് തയ്യാറാക്കി നൽകും.കൂടാതെ ‘ചട്ടിയിലെ മീൻകറി’ പോലെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വിഭവങ്ങളും ഇവിടെ ഒരുക്കും.പരമ്പരാഗത മൽസ്യത്തൊഴിലാളികളിൽ നിന്നും മത്സ്യത്തൊഴിലാളി സഹകരണ സംഘം വഴി മത്സ്യഫെഡ് ശേഖരിക്കുന്ന മൽസ്യങ്ങളാകും ഫ്രഷ് ഫിഷ് സൂപ്പർ മാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുക.മൽസ്യഫെഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ‘ഫിഷർട്ടേറിയൻ മൊബൈൽ മാർട്ട്’ വിജയമായതോടെ കൊല്ലം,കോട്ടയം,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ കൂടി പുതിയ മൊബൈൽ മാർട്ടുകൾ ആരംഭിക്കാനും തീരുമാനിച്ചു. പരമ്ബരാഗത മൽസ്യത്തൊഴിലാളികളിൽ നിന്നും ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ശേഖരിക്കുന്ന മൽസ്യം നാല് മണിക്കൂറിനുള്ളതിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.കോഫി ഹൌസ് മാതൃകയിൽ പാതയോരങ്ങളിൽ ‘സീ ഫുഡ് കിച്ചൻ’ ആരംഭിക്കാനുള്ള പദ്ധതിയും മൽസ്യഫെഡിന്റെ പരിഗണനയിലാണ്.