കോഴിക്കോട്:നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതപ്പെടുന്ന മരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും കേരളത്തിലെത്തിച്ചു.ഹ്യൂമന്‍ മോണോക്ളോണല്‍ ആന്‍റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിെലത്തിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്ന് വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമേ മരുന്ന് രോഗികള്‍ക്ക് നൽകിത്തുടങ്ങുകയുള്ളൂ. അതേസമയം നിപ ചികിത്സയില്‍ പ്രത്യാശ നല്‍കിക്കൊണ്ട് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന നഴ്സിങ് വിദ്യാര്‍ഥിനിക്ക് അസുഖം ഭേദമായി. പുതുതായി ഇവരിൽ നടത്തിയ പരിശോധനയില്‍ നിപ ബാധയില്ലെന്നാണ് ഫലം. ഗുരുതരാവസ്ഥയില്‍നിന്ന് ഇവരുടെ തലച്ചോറും ഹൃദയവും സാധാരണ നിലയിലേക്ക് വന്നതായി ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ അറിയിച്ചു.നിപ രോഗികള്‍ക്ക് നല്‍കാനായി എത്തിച്ച റിബവൈറിൻ മരുന്നും അനുബന്ധ ചികിത്സയുമാണ് വിദ്യാര്‍ഥിനിക്ക് നല്‍കിയിരുന്നത്.
നിപ്പ വൈറസ്;രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിനി മരിച്ചു
കോഴിക്കോട്:നിപ്പ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.തലശ്ശേരി സ്വദേശിനി റോജ ആണ് മരിച്ചത്.ഇവർക്ക് രോഗം സ്ഥിതീകരിച്ചിരുന്നില്ല.മൂന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് റോജയെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപാ വൈറസ് പരിശോധന നെഗറ്റീവ് ആയിരുന്നു.എന്നാല്‍ ഇന്നുരാവിലെ രോഗംകൂടി മരിക്കുകയായിരുന്നു.നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശം വന്നതിനു പിന്നാലെയാണ് റോജയുടെ മരണം. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ റസിലിന്റെ മരണമാണ് രണ്ടാംഘട്ട നിപ്പ വ്യാപനമെന്ന നിഗമനത്തിന്റെ അടിസ്ഥാനം. റസില്‍ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നിപ്പ ബാധയെത്തുടര്‍ന്ന് മരിച്ച ഇസ്‌മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് നിപ്പ വൈറസ് ബാധിച്ചതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയ റസിലിന് വീണ്ടും അസുഖം വന്നതോടെ മേയ് 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. രോഗം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം. ഒന്നാം ഘട്ടത്തെ നല്ല നിലയില്‍ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ജൂണ്‍ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വ്യാഴാഴ്ച റസില്‍ നിപ്പ ബാധിച്ച് മരിച്ചതോടെ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും തുടരാനാണ് തീരുമാനം.
നിപ വൈറസ്;നഴ്സിംഗ് വിദ്യാർത്ഥിനിക്ക് രോഗം പൂർണ്ണമായും ഭേതമായതായി റിപ്പോർട്ട്
കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനിക്ക് രോഗം പൂർണ്ണമായും ഭേതമായതായി റിപ്പോർട്ട്. വിദ്യാര്‍ഥിനിയുടെ സാമ്പിൾ പരിശോധനയില്‍ നെഗറ്റിവ് ആയാണ് റിപ്പോര്‍ട്ട് ലഭിച്ചത്. നിപ്പ വൈറസ് ബാധിച്ച് മരണസംഖ്യ ഉയരുന്നതിനിടെ ആരോഗ്യവകുപ്പിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ 17 പേരാണ് നിപ്പ ബാധിച്ച് മരിച്ചത്. നിപ്പാ ബാധയില്‍ രണ്ട് ദിവസത്തിനിടെ മൂന്നു പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. അതിനിടെ രോഗത്തിന് ആശ്വാസമേകുമെന്ന് പ്രതീക്ഷിക്കുന്ന ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഇന്ന് രാത്രിയോടെ എത്തിക്കാനാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഹ്യൂമണ്‍ മോണോക്ളോണല്‍ ആന്റിബോഡി എം 102.4 മരുന്നാണ് 50 ഡോസ് ആസ്ട്രേലിയയില്‍ നിന്ന് അയച്ചിരിക്കുന്നത്. ചികിത്സാ മാര്‍ഗരേഖ രൂപപ്പെടുത്തിയശേഷം ഇതു രോഗികള്‍ക്ക് നല്കിത്തുടങ്ങും.
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി.സ്കൂളിൽ പ്രവേശനത്തിന് അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.സ്കൂളിൽ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഈ വർഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ട് അപേക്ഷ സ്വീകരിക്കുകയായിരുന്നു. എന്നാൽ കുട്ടികളുടെ ബാഹുല്യം മൂലം പ്രവേശനം നടത്താൻ കഴിഞ്ഞിരുന്നില്ല.അപേക്ഷിക്കുന്ന എല്ലാ കുട്ടികൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം നൽകണമെന്നാണ് നിയമം.എന്നാൽ ടാഗോറിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇത്രയും വിദ്യാർഥികളെ ഉൾക്കൊള്ളാൻ ടാഗോറിൽ സൗകര്യവുമില്ല. ഇതോടെയാണ് പ്രവേശനം അനിശ്ചിതത്വത്തിലായത്. തുടർന്നാണ് രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നിയമക്കുരുക്ക് മുറുകിയതോടെ അഞ്ചാം ക്ലാസില്ലാതെയാണ് ഈ വർഷത്തെ ടാഗോർ വിദ്യാനികേതന്റെ അധ്യയന വർഷം ആരംഭിച്ചത്.
നിപ്പ വൈറസ്;പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു;ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു.ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ജൂണ്‍ ഒൻപതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കമ്പനി/ കോര്‍പറേഷന്‍ അസിസ്റ്റന്റ്,ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷയും മാറ്റിവച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകൾക്ക് മാറ്റമില്ലെന്നും മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും പി.എസ്.സി അറിയിച്ചു.
നിപ്പ വൈറസ്;കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജില്ലാ കലക്റ്റർ
കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ അനുമതി തേടി കളക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ പ്രവര്‍ത്തനം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കണം എന്നാണ് കളക്ടറുടെ ആവശ്യം.നിപ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതിയിലെ സൂപ്രണ്ടായിരുന്ന മധുസൂദനന്‍ മരിച്ചിരുന്നു.തുടർന്ന് കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കളക്റ്ററുടെ നടപടി.നിപ വൈറസ് ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്‌സിംഗ് ജീവനക്കാരോടും ഒരാഴ്ചത്തേക്ക് ജോലിയില്‍ നിന്നും മാറിനില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പകരം ആശുപത്രിയില്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നിപ്പ വൈറസ്;കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം നൽകി
കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ രണ്ടു ദിവസത്തിനിടെ മൂന്നുപേർ കൂടി മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം.നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.മേയ് അഞ്ച്, 14 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്കാൻ റൂമിലും വിശ്രമമുറികളിലും 18, 19 തീയതികളിൽ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്റ്റേറ്റ് നിപ്പാ സെൽ നമ്പർ 0495-2381000. കഴിഞ്ഞ ദിവസം മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയിൽ അഖിൽ, കോട്ടൂർ പൂനത്ത് നെല്ലിയുള്ളതിൽ റസിൻ എന്നിവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും നിപ്പാ സെല്ലുമായി ഫോണിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ വ്യക്തമാക്കി.