കണ്ണൂർ:പരിയാരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു.കോഴിക്കോട് ചേളന്നൂരിലെ ജയരാജിന്റെ മകള്‍ ശ്രീലയ (19) ആണ് മരിച്ചത്.ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ പനിയാണെന്ന് പറഞ്ഞ് ശ്രീലയ ഇന്ന് ക്ലാസ്സിൽ പോയിരുന്നില്ല.ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.ഒന്നാം വര്‍ഷ ബി എസ് സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. പരിയാരം പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അത്മഹത്യ ചെയ്യാനുള്ള സാഹചര്യം വ്യക്തമല്ല.
നിപ്പ വൈറസ്;കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തർ
ദോഹ: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശികളും വിദേശികളും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കേരളത്തില്‍നിന്നു ഖത്തറിലേക്കുള്ള യാത്രക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനൊപ്പംകേരളത്തില്‍നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഖത്തര്‍ ഭക്ഷ്യകാര്യവകുപ്പ് ജോയിന്റ് കമ്മീഷന്‍ താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ്പാ വൈറസ് ഖത്തറിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ചികിത്സതേടണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.
നിപ്പ വൈറസ്ബാധയ്‌ക്കെതിരെ കോഴിക്കോട്ട് ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം
കോഴിക്കോട്:കോഴിക്കോട്: നിപ്പ വൈറസ് ബാധക്കെതിരെയെന്ന പേരില്‍ കോഴിക്കോട്ട് വിതരണം ചെയ്ത വ്യാജ ഹോമിയോ മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് വ്യാജമരുന്ന് വിതരണം ചെയ്തത്.ഇന്നലെയാണ് ഹോമിയോ ആശുപത്രി ജീവനക്കാര്‍ മരുന്ന് വിതരണം ചെയ്തത്. ഈ സമയത്ത് ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു. ഇത്തരത്തിലുള്ള ഒരു മരുന്നും വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കെവിൻ കൊലപാതകം;എല്ലാ പ്രതികളും പിടിയിലായി;നീനുവിന്റെ മാതാവ് രഹ്നയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി പോലീസ്
കോട്ടയം:കെവിന്‍ കൊലകേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.വെള്ളിയാഴ്ച്ച രാത്രിയോടെ പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് അഞ്ചുപേര്‍ കൂടി കസ്റ്റഡിയിലായത്. കെവിനെ തട്ടികൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഷാനു, ഷിനു,വിഷ്ണു എന്നിവര്‍ പാലാക്കാട് പുതുനഗരം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപം അബ്രാംപാളയത്ത് ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെ സമീപത്തെ എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ചതോടെ ലഭിച്ച സുചനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ച ലോഡ്ജ് കണ്ടെത്തി.പോലീസ് പിന്‍തുടരുന്നുണ്ടെന്ന് അറിഞ്ഞ് ഇവർ ബസ് മാര്‍ഗം പാലക്കാട് പുതുനഗരം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാല്‍ ഇടമണ്‍ സ്വദേശികളായ റമീസ്,ഫസല്‍ എന്നിവരെ പൊലീസ് പുനലൂരില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോട്ടയത്തെത്തിച്ചു ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. അതേസമയം നീനുചാക്കോയുടെ മാതാവ് രഹ്നായ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.ഇവരാണ് കെവിനെ തട്ടികൊണ്ടുപോകാനെത്തിയവര്‍ക്ക് അനീഷിന്റെ വീട് കാണിച്ചുകൊടുത്തത്.നിലവില്‍ രഹ്നയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത പോലീസ് തള്ളിയിട്ടുമില്ല. സംഭവം നടന്നതിന് ശേഷം രഹ്ന ഒളിവിലാണ്. പിടിയിലായ പ്രതികളെയും കൊണ്ട് തെളിവെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
നിപ വൈറസ്;കോഴിക്കോട് ജില്ലയിൽ സ്കൂൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണിത്.നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന് സ്കൂള്‍ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. നിലവില്‍ വയനാട്, മലപ്പുറം ജില്ലകളിലെ സ്കൂളുകൾ ജൂൺ അഞ്ചിനു തന്നെ തുറക്കും. ജില്ലയിലെ പൊതു പരിപാടികള്‍ക്കും ജൂൺ 12വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പയ്യന്നൂർ എട്ടിക്കുളത്ത് സുന്നി എ.പി,ഇ.പി വിഭാഗങ്ങൾ ഏറ്റുമുട്ടി,പോലീസുകാർക്ക് പരിക്ക്
പയ്യന്നൂര്‍: എട്ടിക്കുളത്ത് എപി-ഇകെ വിഭാഗം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ എസ്‌ഐക്കും പോലീസുകാരനുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് ജീപ്പുള്‍പ്പെടെ രണ്ടു ജീപ്പുകളും കാറും നിരവധി ഇരുചക്ര വാഹനങ്ങളും തകര്‍ത്തു.ഇരുവിഭാഗത്തിൽപ്പെട്ട പത്തിലേറെ പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 300ഓളം പേര്‍ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. 35 ബൈക്കുകളും കസ്റ്റഡിയിലെടുത്തു.ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. എപി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുമുഅ തുടങ്ങാനുള്ള നീക്കം ഇകെ വിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കേറ്റം രൂക്ഷമായപ്പോള്‍ പിരിഞ്ഞുപോകാനാവശ്യപ്പെട്ട പോലീസിനുനേരേ കല്ലേറുണ്ടായതോടെയാണ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവുമുണ്ടായത്. സംഘർഷത്തിനിടെ പഴയങ്ങാടി എസ്‌ഐ ബിനു മോഹൻ,പഴയങ്ങാടി സി.പി.ഒ അനിൽകുമാർ എന്നിവർക്ക് പരിക്കേറ്റു.പഴയങ്ങാടി പോലീസിന്റെ ജീപ്പും അക്രമികൾ അടിച്ചു തകർത്തു.നിരവധി സ്‌കൂട്ടറുകളും ബൈക്കുകളും തകര്‍ക്കപ്പെട്ടു. സംഭവസ്ഥലത്തുനിന്നും തകര്‍ക്കപ്പെട്ടവയുള്‍പ്പെടെ 35 ഇരുചക്ര വാഹനങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. എട്ടിക്കുളത്തെ താജുല്‍ ഉലമ മഖാമില്‍ പുതുതായി വെള്ളിയാഴ്ച നിസ്‌കാരമായ ജുമുഅ തുടങ്ങാനുള്ള ശ്രമം നിലവിലുള്ള പള്ളിയിലെ വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളിലും തടസപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഈ പള്ളിയില്‍ ജുമുഅ നിസ്‌കാരം ആരംഭിക്കാനുള്ള നീക്കം ഇകെ വിഭാഗക്കാര്‍ തടഞ്ഞിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായുണ്ടായ പ്രശ്നമാണ് ഇന്നലെ ലാത്തിച്ചാര്‍ജിൽ കലാശിച്ചത്.സംഭവമറിഞ്ഞ് ഇരുവിഭാഗത്തിന്‍റെയും നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി സ്ഥലത്തെത്തി ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
തലശ്ശേരി സ്വദേശിനിയുടെ മരണം നിപ ബാധിച്ചല്ലെന്ന് സ്ഥിതീകരണം
കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട തലശ്ശേരി സ്വദേശിനി റോജയുടെ മരണകാരണം നിപയല്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വിശദ പരിശോധനയ്ക്ക് ശേഷം വിവരം ബന്ധുക്കളെ അറിയിച്ചു. മൂന്നുദിവസം മുൻപാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിപ വൈറസ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. എന്നാല്‍ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് റോജയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വീണ്ടും റോജയുടെ രക്തം പരിശോധനയ്ക്ക് അയച്ചിരുന്നു.അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് മരണകാരണം നിപയല്ലെന്ന് തെളിഞ്ഞത്.
കണ്ണൂരിൽ ഇനി മുതൽ പ്രചാരണത്തിന് ഫ്ളക്സുകൾ ഉപയോഗിക്കില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ
കണ്ണൂർ:പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ പ്രചാരണ പരിപാടികൾക്കായി ഫ്ളക്സുകൾ ഉപയോഗിക്കില്ലെന്ന് കണ്ണൂരിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ചു.കളക്റ്ററേറ്റിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പത്രസമ്മേളനം നടത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജൂൺ അഞ്ചിന് ശേഷം ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് തടയാനും നിലവിലുള്ള ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പുനരുൽപ്പാദനം സാധ്യമാകാത്ത ഫ്ളക്സുകളാണ് നീക്കം ചെയ്യുക.ഫ്ലെക്സുകൾ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നേരത്തെ കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി രാഷ്ട്രീയപാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ഫ്ളക്സിൽ നിന്നും തുണിയിലേക്ക് മാറുന്നതിനുള്ള രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു.ജൂൺ അഞ്ചിന് മുൻപായി രാഷ്ട്രീയ പാർട്ടികളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും യോഗം വിളിച്ച് ഇക്കാര്യം അറിയിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.
കേരളത്തിൽ കണ്ടെത്തിയ നിപ്പ വൈറസ് ബംഗ്ലാദേശ് സ്‌ട്രെയിൻ ആണെന്ന് സ്ഥിതീകരണം
കോഴിക്കോട്:കേരളത്തിൽ കണ്ടെത്തിയ നിപ്പ വൈറസ് ബംഗ്ലാദേശ് സ്‌ട്രെയിൻ ആണെന്ന് സ്ഥിതീകരണം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്.നിപ വൈറസ് ബാധിച്ച രോഗിയുടെ തൊണ്ടയിൽ നിന്നും എടുത്ത സ്രവത്തിന്റെ പരിശോധനയിലൂടെയാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. സയന്റിഫിക് റിപ്പോർട്ട് ജേർണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച് രണ്ടുതരത്തിലുള്ള സ്ട്രെയിനുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്,മലേഷ്യൻ സ്ട്രെയിനും (NiVm),ബംഗ്ലാദേശ് സ്ട്രെയിനും(NiVb). ഇതിൽ ബംഗ്ലാദേശ് സ്ട്രെയിനാണ് കേരളത്തിൽ പടർന്നത്.പഴം തീനി വവ്വാലുകളാണ് ഈ വൈറസിന്റെ റിസർവോയർ ഹോസ്റ്റ്. കേരളത്തിൽ ഈ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പരിശോധനകൾ നടന്നു വരികയാണ്.കൂടുതൽ ഫലം വരും ദിവസങ്ങളിൽ ലഭ്യമാകും.
കൊച്ചി ഇടപ്പള്ളി പള്ളിയിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച യുവാവ് പിടിയിൽ
കൊച്ചി:കൊച്ചി ഇടപ്പള്ളി പള്ളിയിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച യുവാവ് പിടിയിൽ.തൃശൂര്‍ വടക്കാഞ്ചേരിയില്‍ നിന്നും കൊച്ചി എളമക്കര പോലീസാണ് യുവാവിനെ പിടികൂടിയത്.വടക്കാഞ്ചേരി സ്വദേശി ടിറ്റോയാണ് പിടിയിലായത്.തങ്ങൾക്ക് നിലവിൽ മൂന്നു കുട്ടികൾ ഉണ്ടെന്നും നാലാമനായ ഈ കുഞ്ഞിനെ കൂടി വളർത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നും ടിറ്റോ പോലീസിൽ മൊഴി നൽകി.കഴിഞ്ഞ ദിവസം രാത്രിയാണ് ഇടപ്പള്ളി പള്ളിയുടെ പാരിഷ് ഹാളിന് സമീപത്ത് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിക്കാനെത്തിയ യുവാവിന്റെയും യുവതിയുടെയും ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഭാര്യയും ഭര്‍ത്താവും മൂന്ന് മാസം മാത്രം പ്രായമായ കൈക്കുഞ്ഞും മൂന്ന് വയസ്സ് തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടിയുമായി പള്ളിയിലേക്ക് കടക്കുന്നത് കാമറയില്‍ വ്യക്തമാണ്.പള്ളിയിലേക്ക് പ്രവേശിച്ച ഇവര്‍ പിന്നീട് പള്ളിയിലെ പാരീഷ് ഹാളില്‍ ഒഴിഞ്ഞ മൂലയില്‍ ടര്‍ക്കിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.യുവാവ് കുട്ടിയുടെ നെറ്റിയില്‍ ഉമ്മവെച്ച ശേഷം നിലത്ത് കിടത്തുന്ന ദൃശ്യങ്ങളും വ്യക്തമാണ്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൃശൂരില്‍ നിന്ന് യുവാവിനെ പിടികൂടിയത്.എന്നാല്‍ യുവതിയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അതേസമയം, ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.