കണ്ണൂർ:പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിലേക്ക് ഒരു സംഘം ഇരച്ചുകയറി.മേയറും ഭരണകക്ഷി അംഗങ്ങളുമായി വാക്കേറ്റത്തിലേർപ്പെട്ട സംഘം അരമണിക്കൂറോളം സഭാനടപടികൾ തടസപ്പെടുത്തി.ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയും മുതിർന്ന കൗൺസിലർമാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.അപകടത്തിൽ പരിക്കേറ്റ് 18 വർഷമായി ചികിത്സയിലിരിക്കെ മരിച്ച വാരം സ്വദേശിയായ യുവാവിന്‍റെ മൃതദേഹം സംസ്കരിക്കാൻ പയ്യാമ്പലത്ത് എത്തിയപ്പോഴാണ് വിറകും ചിരട്ടയും ഇല്ലെന്ന് അറിയുന്നത്. ഇതോടെ നാട്ടുകാർ ക്ഷുഭിതരായി. ഇതേസമയം മറ്റ് നാലു മൃതദേഹങ്ങൾ കൂടി പയ്യാമ്പലത്ത് ദഹിപ്പിക്കാനായി എത്തിച്ചിരുന്നു.സംഘർഷസാധ്യത കണക്കിലെടുത്ത് ടൗൺ പോലീസും സ്ഥലത്തെത്തി.തുടർന്ന് നാട്ടുകാർ തന്നെ വിറകും ചിരട്ടയും എത്തിക്കുകയായിരുന്നു. ഇതിനിടെ കോർപറേഷൻ കൗൺസിൽ യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ് ഡിസിസി സെക്രട്ടറിമാരായ സുരേഷ് ബാബു എളയാവൂർ, ടി.എ. ഹരി എന്നിവരുടെ നേതൃത്വത്തിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽപ്പെട്ട 35ഓളം പ്രതിഷേധവുമായി യോഗം നടക്കുന്ന ഹാളിലേക്ക് എത്തുകയായിരുന്നു. മുദ്രാവാക്യം വിളികളോടെയെത്തിയ ഇവർ മേയറോടും കോർപറേഷൻ അംഗങ്ങളോടും കയർത്തു സംസാരിച്ചു.ശവദാഹത്തിന് വിറകുപോലും എത്തിക്കാൻ സാധിക്കാത്ത മേയർ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഇതോടെ മേയറും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമായി.പ്രതിഷേധക്കാർ വിറകും ചിരട്ടയും നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞു മുദ്രാവാക്യം മുഴക്കി.കോർപറേഷൻ അംഗങ്ങളിൽ ചിലർ പ്രതിഷേധക്കാരോടും തട്ടിക്കയറി.ഇതിനിടെ സിപിഎം കൗൺസിലർ സി. രവീന്ദ്രനും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി.ഇതോടെ ഭരണപക്ഷത്തുള്ള മറ്റ്കൗൺസിലർമാരും സീറ്റുകളിൽ നിന്ന് എഴുന്നേറ്റു. നടുത്തളത്തിൽ പ്രതിഷേധക്കാരും കൗൺസിലർമാരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും നടന്നു.ഇതിനിടയിൽ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹാളിലേക്ക് എത്തി. പിന്നീട് പോലീസും മുതിർന്ന കൗൺസിലർമാരും ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ഹാളിൽ നിന്നു പുറത്താക്കുകയായിരുന്നു.
നിപ വൈറസ് ബാധിച്ചവരുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കും
കോഴിക്കോട്:നിപ വൈറസ് ബാധിച്ചവരുടെ ചികിത്സ ചിലവ് തിരികെ നൽകുമെന്ന് സംസ്ഥാന സർക്കാർ.ജില്ലാ കളക്റ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതോടൊപ്പം കോഴിക്കോട് ജില്ലയിൽ 2400 ഉം മലപ്പുറം ജില്ലയിൽ 150 ഉം റേഷൻ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും. സർവകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.മലപ്പുറം,കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 12 വരെ അവധിയായിരിക്കും.ജൂൺ 30 വരെ ജില്ലയിൽ ജാഗ്രത പുലർത്താനും നിർദേശമുണ്ട്.നിപ ചികിത്സ,പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കുചേർന്നു സാമൂഹ്യ,ആരോഗ്യ പ്രവർത്തകരെ മുഖ്യമന്ത്രിയും മറ്റു നേതാക്കളും അഭിനന്ദിച്ചു.നിപ പ്രതിരോധത്തിനുള്ള സർക്കാർ നടപടികളോട് പൂർണ്ണമായും യോജിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.നിപ വൈറസിന്റെ രണ്ടാം ഘട്ടത്തിൽ രോഗം പടരുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പ് ഡയറക്റ്റർ ഡോ.ആർ.എൽ സരിതയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മുഴുവനും ജില്ലയിൽ തുടരും.വിദേശ യാത്രയ്ക്ക് വിലക്കുണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാരിനോട് ഇടപെടാൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ 12 മെഡിക്കൽ കോളേജുകൾക്ക് ഈ വർഷം എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല
ന്യൂഡല്‍ഹി: രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 12 മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വര്‍ഷം അനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ പ്രവേശനത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ.)യുടെ ശുപാര്‍ശ ആരോഗ്യമന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണിത്.ഇതോടെ ഇടുക്കി, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ നൂറുവീതം സീറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 1,600-ഓളം മെഡിക്കല്‍ സീറ്റുകളില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നടത്താനാകില്ല.സംസ്ഥാനത്തെ നിലവിലുള്ള ഒന്‍പത് മെഡിക്കല്‍ കോളേജുകളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതിനെ തുടര്‍ന്നാണ് പ്രവേശനം തടഞ്ഞത്. മെഡിക്കല്‍ കോളേജിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെയാണ് നൂറും നൂറ്റമ്പതും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതെന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു.പാലക്കാട് മെഡിക്കല്‍ കോളേജിന്റെ അംഗീകാരം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ കോളേജുകള്‍ അനുമതിക്കായി നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരും. തടസ്സം നീങ്ങിയാലേ ഈ കോളേജുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നടത്താനാകൂ.ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഇക്കുറി അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അതും ആരോഗ്യമന്ത്രാലയം നിഷേധിച്ചു. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലും അനുമതി കിട്ടാനിടയില്ലാത്തതിനാലും അടുത്ത അധ്യയനവര്‍ഷം ക്ലാസ് തുടങ്ങിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട്,കെ.എം.സി.ടി., കോഴിക്കോട്,
എസ്.ആര്‍. മെഡിക്കല്‍ കോളേജ്, വര്‍ക്കല,പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് ,മൗണ്ട് സിയോന്‍, പത്തനംതിട്ട,കേരള മെഡിക്കല്‍ കോളേജ്, പാലക്കാട്,അല്‍ അസര്‍, തൊടുപുഴ,ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍, തിരുവനന്തപുരം, ഡി.എം. വയനാട്,ഗവ. മെഡിക്കല്‍ കോളേജ്, ഇടുക്കി,ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട്,ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍, പത്തനംതിട്ട എന്നിവയാണ് വിലക്ക് നേരിട്ടുള്ള കേരളത്തിലെ കോളേജുകൾ.
കോട്ടയത്തു നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയ്ക്കായി ഇന്ന് വനത്തിൽ തിരച്ചിൽ നടത്തും
കോട്ടയം:കോട്ടയത്തു നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്നയ്ക്കായി ഇന്ന് വനത്തിൽ തിരച്ചിൽ നടത്തും.എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചില്‍ നടത്തുക. ഇവര്‍ക്കൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളെജിലെ വിദ്യാര്‍ഥികളും പങ്കെടുക്കും.ജെസ്‌നയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വനത്തില്‍ തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.
നിപ്പ വൈറസ് നിയന്ത്രണ വിധേയമായതായി സൂചന
കോഴിക്കോട്:നിപ്പ വൈറസ് നിയന്ത്രണ വിധേയമായതായി സൂചന.പുതിയതായി ആരിലും വൈറസ് ബാധ കണ്ടെത്തിയില്ല.ഇതോടെ കോഴിക്കോട് ജില്ലയില്‍ ജനജീവിതം പഴയതുപോലെ ആകാന്‍ തുടങ്ങി.തിങ്കളാഴ്‌ച ലഭിച്ച 18 പരിശോധനാ ഫലങ്ങളിലും വൈറസ് ബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ ഞായറാഴ്‌ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ രോഗബാധിതരുമായി സമ്പർക്കം പുലര്‍ത്തിയവരുടെ എണ്ണം 2079 ആയി. ഇതുവരെ 18 പേരിലാണ് നിപ്പ ബാധ സ്ഥിതീകരിച്ചത്. അതിൽ 16 പേർ മരിക്കുകയും ചെയ്തു.ഇതുവരെ ലഭിച്ച 223 പേരുടെ പരിശോധനാ ഫലത്തില്‍ 205 പേരിലും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ വൈറസ് മുക്തരായി വരികയാണ്.മെയ് 17 ന് ശേഷം പുതുതായി ആരിലും നിപ്പ വൈറസ് കണ്ടെത്തിയിട്ടുമില്ല.ഈ റിപ്പോർട്ടുകളൊക്കെ നിപ്പ ബാധ നിയന്ത്രണ വിധേയമായെന്ന സൂചനയാണ് നൽകുന്നത്.
ദീർഘകാല അവധിയെടുത്ത കെഎസ്ആർടിസി ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി
കൊച്ചി:ദീർഘകാല അവധിയെടുത്ത കെഎസ്ആർടിസി ജീവനക്കാരോട് ഒന്നര മാസത്തിനകം തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി നിർദേശം.നാനൂറിലധികം ജീവനക്കാരാണ് ഇത്തരത്തിൽ ദീര്‍ഘകാല അവധിയില്‍ പോയിരിക്കുന്നത്.അടിയന്തിരമായി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കാണിച്ച് കെഎസ്ആർടിസി എം.ഡി ഇവർക്ക് സര്‍ക്കുലറയച്ചിരുന്നു.ഇതോടെ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അവധിയിലുള്ള ജീവനക്കാര്‍ ഹൈകോടതിയെ സമീപിച്ചു. രണ്ടുമസത്തിലധികം സമയം വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. പരമാവധി ഒരുമാസം സമയം നല്‍കാമെന്ന് എം.ഡി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒന്നരമാസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്.നിശ്ചിത ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം ഇവരെ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന് പിരിച്ചുവിടാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
എടപ്പാൾ തീയേറ്റർ പീഡനം;തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു
മലപ്പുറം:എടപ്പാളിലെ തിയേറ്ററില്‍ ബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും,പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നും ചൂണ്ടിക്കാട്ടിയാണ് തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്.ഏപ്രിൽ പതിനെട്ടിനാണ് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി തീയേറ്ററിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്.പെൺകുട്ടിയുടെ അമ്മയും ഇതിനു കൂട്ട് നിൽക്കുകയായിരുന്നു.തിയേറ്റര്‍ ഉടമ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വിവരം അറിഞ്ഞ് എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സിസിടിവി ദൃശ്യം പരിശോധിച്ചിരുന്നു.സംഭവത്തെ തുടര്‍ന്ന് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്. സംഭവം പുറത്തുകൊണ്ടുവന്നതിന്റെ പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സതീഷിന്റെ നടപടി തെറ്റാണെന്ന് സമര്‍ത്ഥിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സതീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സതീഷനെ ജാമ്യത്തില്‍ വിട്ടയച്ചു.
മലപ്പുറത്ത് ബസ്സും ഓമ്നി വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
മലപ്പുറം:നിലമ്പൂർ മങ്ങാട് പൊങ്ങല്ലൂരില്‍ ബസും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. വാനിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. നിലമ്പൂരിൽ നിന്നും നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് ഒമ്‌നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.എടവണ്ണ സ്വദേശികളായ നാലുപേരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു.പതിവിലും നേരത്തെയാണ് ഇത്തവണ നീറ്റ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 13.36 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് മേയ് ആറിനാണ് നടന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് cbseneet.nic.in എന്ന സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാം.
സംസ്ഥാനത്ത് ഇന്ധന വില കുറയുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധന വില കുറയുന്നു.പെട്രോളിന് 16 പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായി ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നതിന്‍റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതിൽ കുറയുന്നത്.പുതിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില.