തപാൽ സമരം പിൻവലിച്ചു

keralanews postal strike withdrawn

ന്യൂഡൽഹി:തപാൽ ജീവനക്കാർ കഴിഞ്ഞ 16 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക്(ജി.ഡി.എസ്) ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കുന്നതിനു ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നിങ്ങനെ രണ്ടു തസ്തികകളാക്കി തിരിച്ചാണ് ശന്പള പരിഷ്കരണം നടപ്പാക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 രൂപയും അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 10,000 രൂപയും ഇനി കുറഞ്ഞ ശമ്പളമായി ലഭിക്കും.റിസ്ക് ആന്‍റ് ഹാൻഡ്ഷിപ്പ് അലവൻസ് എന്ന നിലയിൽ അധിക ബത്തയും ഇനി ഇവർക്ക് ലഭിക്കും. രാജ്യത്തെ 3.07 ലക്ഷം തപാൽ ജീവനക്കാർക്കാണ് കേന്ദ്ര സർക്കാരിന്‍റെ ശമ്പള വർധനവ് വഴി ഗുണം ലഭിക്കുക.2016 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌ക്കരണം നടപ്പിലാക്കുക.കുടിശ്ശിക ഒറ്റതവണയായി നൽകും.ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി 2018-19 വർഷ കാലയളവിൽ 1,257.75 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് വരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.

തളിപ്പറമ്പ് കീഴാറ്റൂരിൽ നാട്ടുകാർ സ്വകാര്യ സ്കൂളിന്റെ വാഹനം തടഞ്ഞു

keralanews the local people blocked the vehicles of private schools in keezhattoor

കണ്ണൂർ:തളിപ്പറമ്പ് കീഴാറ്റൂരിൽ നാട്ടുകാർ സ്വകാര്യ സ്കൂളിന്റെ വാഹനം തടഞ്ഞു.സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ കീഴാറ്റൂര്‍ ഭാഗത്തെ വിദ്യാര്‍ത്ഥികള്‍ എത്താത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്കൂളിന്‍റെ വാഹനങ്ങള്‍ തടഞ്ഞത്. വാഹനം തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് പോലീസ് എത്തിയ ശേഷമാണ് നാട്ടുകാര്‍ വാഹനങ്ങള്‍ വിട്ടുനല്‍കിയത്.വര്‍ഷങ്ങള്‍ പഴക്കമുള്ള കീഴാറ്റൂർ ഗവ എൽപി സ്കൂൾ  അടുത്തകാലത്താണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം നല്കി വിസിപ്പിച്ചെടുത്തത്. പ്രദേശത്തെ കുട്ടികളെയെല്ലാം സ്കൂളില്‍ എത്തിച്ച്‌ പൊതുവിദ്യാഭ്യാസ ശക്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശം. എന്നാല്‍ പ്രദേശത്തെ ചിലര്‍ മക്കളെ തളിപ്പറമ്പിലെ സ്വകാര്യ സ്കൂളുകളില്‍ ചേര്‍ത്തു.ഇതാണ് സ്കൂൾ സംരക്ഷണ സമിതി പ്രവർത്തകരെ ചൊടിപ്പിച്ചത്.സ്വകാര്യ സ്കൂളില്‍ പഠിപ്പിക്കണമെങ്കില്‍ രക്ഷിതാക്കള്‍ സ്വന്തം വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കട്ടേയെന്നാണ് നാട്ടുകാരുടെ നിലപാട്. നേരത്തേ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്നെന്ന് കാണിച്ച് സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നാട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കാനായി രണ്ട് കൂട്ടരേയും പോലീസ് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്നം ഉടലെടുത്തത്. എന്നാൽ സ്വന്തം കുട്ടി എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം രക്ഷകർത്താക്കൾക്കാണെന്നും ഇതിൽ മറ്റുള്ളവർ ഇടപെടുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കല്ലിങ്കീൽ പദ്മനാഭൻ പറഞ്ഞു. ഇരു വിഭാഗവും പരാതി നൽകിയിട്ടുണ്ടെന്നും ആവശ്യമായി വന്നാൽ ഇടപെടുമെന്നും പോലീസ് പറഞ്ഞു.

കൊച്ചി മുനമ്പം തീരത്ത് കപ്പൽ ബോട്ടിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

keralanews two injured when a ship hits the fishing boat in munambam kochi

കൊച്ചി:കൊച്ചി മുനമ്പം തീരത്ത് കപ്പൽ മൽസ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. പള്ളിപ്പുറം പുതുശ്ശേരി സ്വദേശി ജോസി,പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ നാലരെയോടെ മുനമ്പം അഴിമുഖത്തിനു പടിഞ്ഞാറ് വശത്ത്‌ വെച്ചാണ് ഓക്സിലിയ എന്ന മത്സ്യ ബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചത്‌.ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.ബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.ബോട്ടിലിടിച്ചത് വിദേശ കപ്പലാണെന്നാണ് സൂചന.12 പേരാണ് ബോട്ടിലുണ്ടായിരുന്നത്‌.

നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്സ് ലിനിക്ക് ലോകാരോഗ്യസംഘടനയുടെ ആദരം

keralanews world health organizations honor to nurse lini

ജനീവ:നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്സ് ലിനിക്ക് ലോകാരോഗ്യസംഘടനയുടെ ആദരം. ലിനിക്കൊപ്പം ഗാസയിൽ കൊല്ലപ്പെട്ട റസൻ അൽ നജ്ജർ,ലൈബീരിയയിലെ സലോമി കർവ എന്നിവർക്കും ലോകാരോഗ്യ സംഘടന ആദരം അർപ്പിച്ചു.സംഘടയുടെ ആരോഗ്യ സേന വിഭാഗം മേധാവി ജിം കാംപ്ബെൽ ട്വിറ്ററിലൂടെയാണ് ‘അവരെ ഓർക്കുക,മറക്കാതിരിക്കുക’ എന്ന ക്യാപ്ഷനോടെ മൂവരുടെയും ചിത്രങ്ങൾ പങ്കുവെച്ചത്.നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റാണ് ലിനി മരിച്ചത്.ഗാസയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ പലസ്തീൻ പ്രതിഷേധക്കാരെ ശുശ്രൂഷിക്കാൻ ശ്രമിക്കവേ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റാണ് റസൻ അൽ നജ്ജർ കൊല്ലപ്പെടുന്നത്.2014 ഇൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകയാണ് സലോമി കർവ.പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നു പിടിച്ചപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്ന വ്യക്തിയാണ് സലോമി.എന്നാൽ ഇതേ പ്രവർത്തനങ്ങൾ തന്നെ അവരുടെ ജീവനെടുക്കുന്നതിനും കാരണമായി.

സുനന്ദ കേസ്;ശശി തരൂരിനോട് ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം

keralanews sunanda case shashi tharoor to appear before court on july 7

ന്യൂഡൽഹി:സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂരിനോട് ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. ഡൽഹി ചീഫ് മെട്രോപൊളിറ്റൻ കോടതിയിലാണ് ഹാജരാകേണ്ടത്.ഇന്ത്യൻ ശിക്ഷ നിയമത്തിലെ  498-എ(ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരത കാട്ടൽ),306(ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരം തരൂരിനെതിരെ നടപടികളുമായി നീങ്ങാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ചതായി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സമർ വിശാൽ പറഞ്ഞു.സുനന്ദയുടെ മരണം ആത്മഹത്യ ആണെന്ന് കണ്ടെത്തിയ ഡൽഹി പോലീസ് തരൂരിനെതിരെ പ്രേരണ കുറ്റത്തിന് മതിയായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തരൂരിനെതിരെയുള്ള കേസ് നിയമവിരുദ്ധവും അസംബന്ധവുമാണെന്ന്  അദ്ദേഹത്തിന്റെ അഭിഭാഷകൻ വികാസ് പഹ്‌വ പറഞ്ഞു. കുറ്റപത്രത്തിന്റെയും മറ്റു രേഖകളുടെയും പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴ കസ്റ്റഡി മരണം;നിയമസഭയിൽ പ്രതിപക്ഷ ബഹളം;സഭ ഇന്നത്തേക്ക് പിരിഞ്ഞു

keralanews varapuzha custodial death assembly dissolved due to opposition party protest
തിരുവനന്തപുരം:വരാപ്പുഴ കസ്‌റ്റഡി മരണത്തെ കുറിച്ച്‌ സഭ നിർത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്‌പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ബാനറും ഉയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ ഈ വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നും അതിനാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നും സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കി. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങിയത്. അംഗങ്ങളോട് ശാന്തരാകാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്നാണ് സഭ നിറുത്തിവയ്ക്കുന്നതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചത്. അതേസമയം, വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തെന്ന് മന്ത്രി എ.കെ.ബാലൻ സഭയെ അറിയിച്ചു. പ്രതിപക്ഷ ബഹളത്തേത്തുടർന്ന് നിർത്തിവച്ച സഭ വീണ്ടും ചേർന്നപ്പോഴാണ് നിയമമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ഇപ്പോൾ അടിയന്തര പ്രാധാന്യമെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷം വീണ്ടും ബഹളം വച്ചതോടെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

ഇന്ത്യൻ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ട്വിറ്റർ വീഡിയോ വൈറലാകുന്നു

keralanews twitter video of sunil chhetri urges fans to support indian football team

മുംബൈ:ഇന്ത്യൻ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ട്വിറ്റർ വീഡിയോ വൈറലാകുന്നു. ഇന്ത്യയിലെങ്ങും ലോകകപ്പ് ജ്വരം പടർന്നു പിടിക്കുമ്പോഴാണ് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യൻ നായകൻ രംഗത്തെത്തിയത്.ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ചൈനീസ് തായ്പെയിക്കെതിരെ നടത്തിയ ഹാട്രിക് പ്രകടനത്തിനു പിന്നാലെയാണ് ടീം ന്ത്യയുടെ കളികൾ സ്റ്റേഡിയത്തിലെത്തി കാണാനും ടീമിനെ പ്രോത്സാഹിപ്പിക്കാനും ഛേത്രി ആവശ്യപ്പെട്ടത്.ഛേത്രിയുടെ വാക്കുകളിലൂടെ:”കളി കാണാൻ എത്താത്ത എല്ലാവരോടും ഞാൻ അപേക്ഷിക്കുകയാണ്. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരോടുമായാണിത്.ദയവായി ഞങ്ങളുടെ കാളികാണാനായി സ്റ്റേഡിയത്തിലേക്ക് വരൂ, രണ്ടു കാരണങ്ങൾകൊണ്ടു ഞങ്ങളുടെ കളി കാണുക.അതിലൊന്ന് ലോകത്തെ ഏറ്റവും മികച്ച കളിയാണു ഫുട്ബോൾ എന്നതാണ്.രണ്ടാമത്തേത് ഞങ്ങൾ കളിക്കുന്നത് ഇന്ത്യക്ക് വേണ്ടിയാണ് എന്നുള്ളതാണ്.നിങ്ങൾക്കറിയില്ല നിങ്ങളുടെ പിന്തുണ എത്രമാത്രം വിലമതിക്കുന്നു എന്ന്. ഞങ്ങൾക്കായി ആർപ്പുവിളിക്കൂ, ഞങ്ങളെ പ്രോത്സാഹിപ്പിക്കൂ,വിമർശിക്കൂ,ഞങ്ങളോടൊപ്പം ചേരൂ.യൂറോപ്യൻ ക്ളബ്ബുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഞങ്ങളുടെ നിലവാരം താഴെയാണെന്ന് പറയുന്നത് ശരിയാണ്.ഞങ്ങളുടെ നിലവാരം വളരെ താഴെയാണ്. പക്ഷേ ഞങ്ങളുടെ അഭിലാഷവും ഇച്ഛാശക്തിയും കൊണ്ട് ഞങ്ങൾ ഉറപ്പുതരുന്നു നിങ്ങളുടെ സമയം നഷ്ടമാകില്ല”.

ഇന്ത്യൻ പ്രഫഷണൽ ഫുട്‌ബോൾ കളിക്കാരിലൊരാളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി.ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം.കെ.ബി. ഇന്ത്യൻ ആർമിയിലെ ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക്കൽ എൻജിനീയർസ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കെ.ബി ഛെത്രി,സുശീല ഛേത്രി എന്നിവരുടെ മകനായി 1984 ആഗസ്റ്റ് 3 ന് ആന്ധ്രാപ്രദേശിലെ സെക്കന്ദരാബാദിലാണ് സുനിൽ ഛേത്രിയുടെ ജനനം.സുനിൽ ഛേത്രിയുടെ പിതാവ് ഇന്ത്യൻ ആർമി ടീമിന് വേണ്ടി ഫുട്ബോൾ കളിച്ചിട്ടുണ്ട്.എന്നാൽ ഇദ്ദേഹത്തിന്റെ അമ്മയും ഇരട്ട സഹോദരിമാരും നേപ്പാൾ ഫുട്ബോൾ ടീമിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്. 2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് സുനിൽ ഛേത്രി തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്.2013 -ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര മൽസരങ്ങൾ കളിച്ച രണ്ടാമത്തെ താരമായ ഛേത്രി, ഇപ്പോൾ സജീവ ഫുട്ബോളിൽ ഉള്ളവരിൽ മാതൃരാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗലിനായി 149 കളിയിൽ 84 ഗോള്‍), ലയണൽ മെസ്സി (അർജന്റീനയ്ക്കായി 124 മൽസരങ്ങളിൽനിന്ന് 64 ഗോൾ) എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ ഛേത്രിക്കു മുന്നിലുള്ളത്.കഴിഞ്ഞ ദിവസം ചൈനീസ് തായ്പെയിക്കെതിരെ നേടിയ ഹാട്രിക്കോടെ ഇന്ത്യയ്ക്കായി ഛേത്രിയുടെ ഗോൾ നേട്ടം 99 മൽസങ്ങളിൽ 59 ആയി ഉയർന്നു.

ഞായറാഴ്ച ഭാരത് ബന്ദ്

keralanews bharath bandh on sunday

ന്യൂഡല്‍ഹി: ഞായറാഴ്ച ഭാരതബന്ദ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തി

keralanews admission done through draw in thaliparamba tagore vidyanikethan school

തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തി.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെയാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്.5,8 ക്ലാസ്സുകളിലേക്കുള്ള പ്രവേശനമാണ് നടത്തിയത്. എന്നാൽ എട്ടാം ക്‌ളാസിൽ വിദ്യാർഥികൾ കുറവായതിനാൽ നറുക്കെടുപ്പ് വേണ്ടിവന്നില്ല.എട്ടാം തരത്തിലേക്ക് മലയാളം ഡിവിഷനില്‍ 34 കുട്ടികളേയും അഞ്ചാം തരത്തിൽ ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലേക്ക് 30 പേരെ വീതവുമാണ് തെരഞ്ഞെടുക്കേണ്ടതെങ്കിലും മലയാളം മീഡിയം മാത്രമുള്ള എട്ടാംക്ലാസില്‍ ആകെ ചേര്‍ന്നത് 11 കുട്ടികള്‍ മാത്രമാണ്. ബാക്കിയുള്ള കുട്ടികള്‍ തിരിച്ചുപോയി. നേരത്തെ അപേക്ഷ നല്‍കിയവരെ മാത്രമാണ് പ്രവേശനത്തിന് പരിഗണിച്ചത്.ഇംഗ്ലീഷ് മീഡിയത്തിലേക്ക് 37 കുട്ടികളും മലയാളത്തിന് 49 കുട്ടികളുമാണ് എത്തിച്ചേര്‍ന്നത്. പട്ടികജാതി വിഭാഗത്തിനുള്ള രണ്ട് സീറ്റുകളിലേക്ക് നറുക്കെടുപ്പില്ലാതെ പ്രവേശനം നടന്നു.നേരത്തെ ഇരുന്നൂറിലേറെ കുട്ടികള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രവേശന നടപടികള്‍ നീണ്ടുപോയതിനാല്‍ പലരും മറ്റ് സ്‌കൂളുകളില്‍ ചേര്‍ന്നതിനാലാണ് പ്രവേശനത്തിനെത്തിയ കുട്ടികളുടെ എണ്ണം കുറഞ്ഞത്. ഇതോടെ രണ്ട് മാസങ്ങളായി നീണ്ട പ്രവേശനവിവാദം താത്കാലികമായി അവസാനിച്ചിരിക്കയാണ്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഐ.വത്സല, ഡിഇഒ കെ.രാധാകൃഷ്ണന്‍, മുഖ്യാധ്യാപകന്‍ തോമസ് ഐസക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. സ്‌കൂളിലെ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് നാളെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യാധ്യാപകന്‍ തോമസ് ഐസക്ക് പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമവിധി വന്നശേഷമായിരിക്കും അടുത്തവര്‍ഷത്തെ പ്രവേശന നടപടികള്‍ ഏത് രീതിയിലാണെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

കെവിൻ വധം;നീനുവിന്റെ മാതാവ് രഹ്ന ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

keralanews kevin murder case neenus mother submitted anticipatory bail application in the high court

കോട്ടയം:കെവിൻ വധവുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന്റെയും കേസിലെ ഒന്നാം പ്രതി ഷാനുവിന്റെയും മാതാവ് രഹ്ന ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി.കേസിൽ തന്നെ കുടുക്കാൻ അന്വേഷണം സംഘം ശ്രമിക്കുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹർജി.കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണ്. കോടതി നിര്‍ദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കുമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.സംഭവത്തിന് ശേഷം ഒളിവിൽ പോയ രഹ്നയെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം മകൻ ഷാനുവിനെയും ഭർത്താവ് ചാക്കോയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ രഹ്നയെ കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.ഇതിനിടെയാണ് അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമവുമായി രഹ്ന കോടതിയെ സമീപിച്ചിരിക്കുന്നത്.