ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റ്;മലയാളി താരം ജിസ്ന മാത്യുവിന് സ്വർണ്ണം

keralanews asian junior athletic meet malayali player jisna mathew won gold medal

ഗിഫു:ജപ്പാനിൽ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിൽ മലയാളി താരം ജിസ്ന മാത്യുവിന് സ്വർണ്ണം.പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 53.26 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ്‌ ഉഷാ സ്‌കൂള്‍ താരമായ ജിസ്‌ന സ്വര്‍ണമണിഞ്ഞത്‌. ശ്രീലങ്കയുടെ ദില്‍ഷി കുമാരസിംഗയ്‌ക്കാണ്‌ വെള്ളി.ആണ്‍കുട്ടികളുടെ ലോങ്‌ ജമ്പിൽ ലോക ജൂനിയര്‍ ഒന്നാം നമ്പർ താരം കൂടിയായ മലയാളി താരം  ശ്രീശങ്കര്‍ വെങ്കലം നേടി.പരുക്കും കടുത്ത പനിയും കാരണം ഏതാനും മാസങ്ങള്‍ പിറ്റില്‍ നിന്നു വിട്ടുനിന്ന ശ്രീങ്കറിനു തന്റെ കരിയറിലെ മികച്ച പ്രകടനമായ 7.99 മീറ്റര്‍ പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും ഇന്നലത്തെ പ്രകടനം മികച്ച ആത്മവിശ്വാസം പകരും. ഇവര്‍ക്കു പുറമേ ഇന്നലെ ഇന്ത്യക്കു വേണ്ടി പുരുഷന്‍മാരുടെ 10000 മീറ്ററില്‍ കാര്‍ത്തിക്‌ കുമാര്‍, വനിതകളുടെ 1500 മീറ്ററില്‍ ദുര്‍ഗ പ്രമോദ്‌, പുരുഷന്‍മാരുടെ ഷോട്ട്‌ പുട്ടില്‍ ആശിഷ്‌ എന്നിവര്‍ വെങ്കലം നേടി. കഴിഞ്ഞ ദിവസം മീറ്റിന്റെ ആദ്യദിനത്തില്‍ ഹാമര്‍ത്രോയിലെ സ്വര്‍ണമടക്കം നാല്‌ മെഡലുകള്‍ ഇന്ത്യ നേടിയിരുന്നു.

ജില്ലയിൽ ഇൻഡേൻ പാചകവാതക ക്ഷാമം രൂക്ഷം

keralanews cooking gas famine is severe in kannur district

കണ്ണൂർ:ജില്ലയിൽ ഇൻഡേൻ പാചകവാതക ക്ഷാമം രൂക്ഷം.പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപറേഷനും ട്രക്കുടമകളും തമ്മിലുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് പ്രതിസന്ധി തുടങ്ങിയത്.മുൻവർഷത്തേക്കാൾ കുറഞ്ഞ തുകയ്ക്ക് ലോഡുകൾ വിതരണം ചെയ്യാൻ ട്രക്കുടമകൾ വിസമ്മതിച്ചതോടെ മാർച്ചിൽ കരാർ തീർന്ന ട്രക്കുകളുടെ കാലാവധി പുതുക്കാൻ ഐ.ഓ.സി തയ്യാറായില്ല.ഇതേ തുടർന്ന് പ്ലാന്റിൽ നിന്നും ഗ്യാസ് ഏജന്സികളിലേക്ക് യഥാസമയം സിലിണ്ടറുകൾ എത്തിക്കാൻ സാധിക്കുന്നില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.പുതിയ കരാറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായാൽ മാത്രമേ പാചകവാതക വിതരണം സാധാരണ നിലയിലെത്തൂ.ഇൻഡെയ്‌ൻ പാചകവാതക വിതരണ കേന്ദ്രത്തിലേക്ക് ലോഡുകളെത്തിയിട്ട് ദിവസങ്ങളായി. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മലപ്പുറം ചേളാരി പ്ലാന്റിൽ നിന്നുള്ള ലോഡുകളാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്.എന്നാൽ മൈസൂരു, എറണാകുളം എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നും പാചകവാതകം എത്തിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നുമില്ല.നാൽപതു ദിവസം മുൻപ് ബുക്ക് ചെയ്തവർക്കുപോലും ഗ്യാസ് എത്തിക്കാൻ കഴിയുന്നില്ലെന്ന് കണ്ണൂരിലെ ഒരു ഗ്യാസ് ഏജൻസി ഉടമ പറഞ്ഞു.ഇതുമൂലം ഉപഭോക്താക്കളുടെ ഭീഷണിയും അസഭ്യവർഷവും ഏജൻസികളിൽ പതിവാകുകയാണ്.

നിപ്പ ഭീതി ഒഴിയുന്നു;കോഴിക്കോട് ജില്ലയിൽ ഈ മാസം 12 ന് സ്കൂളുകൾ തുറക്കും

keralanews schools in kozhikkode district will open on 12th of this month

കോഴിക്കോട്:നിപ്പാ ഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ പന്ത്രണ്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല കലക്ടര്‍ യു വി ജോസ് അറിയിച്ചു.ജൂണ്‍ പന്ത്രണ്ട് മുതല്‍ പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഉണ്ടാവില്ല. ഈ മാസം12 ന് നടക്കുന്ന പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളുകളിലെ ക്ലാസ് മുറികള്‍, പരിസരം, കിണര്‍, മുതലായവ ശുചിത്വമുള്ളതാണോ എന്നും, കുട്ടികളുടെ ആവശ്യത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചി മുറികള്‍, മൂത്രപ്പുരകള്‍, എന്നിവ ഉണ്ടോ എന്നും, അടുക്കള, സ്റ്റോര്‍, എന്നിവ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുന്നതിനായി  ആരോഗ്യ വിദ്യാഭ്യാസ സമിതി സ്കൂളുകളില്‍ പരിശോധന നടത്തും.പനി, മഞ്ഞപ്പിത്തം, മുണ്ടിനീര്, ചിക്കന്‍പോക്സ് മുതലായ അസുഖ ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിൽ എത്തുന്നത് ഒഴിവാക്കണമെന്ന് പ്രധാന അധ്യാപകരോട് സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ സ്വാധീനിക്കുന്ന അപകടകരങ്ങളായ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില്‍പനക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി സംഘം അറിയിച്ചു.

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാർത്ഥിയാകും

keralanews jose k mani will be the rajyasabha candidate

കോട്ടയം:കേരള കോണ്‍ഗ്രസ് -എമ്മിനു ലഭിച്ച രാജ്യസഭ സീറ്റിൽ പാർട്ടി വൈസ് ചെയർമാനും കോട്ടയം എംപിയുമായ ജോസ് കെ. മാണി സ്ഥാനാർഥിയാകും. ഇന്നലെ രാത്രി പാലായിൽ കെ.എം.മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തിരുമാനമെടുത്തത്.നിലവിൽ കോട്ടയത്ത്  നിന്നുള്ള ലോക്‌സഭംഗമാണ് ജോസ് കെ മാണി. കെ.എം മാണിയോ ജോസ്.കെ.മാണിയോ അല്ലാതെ ഒരു സ്ഥാനാർഥിയെയും അംഗീകരിക്കില്ലെന്ന കടുംപിടുത്തത്തിലായിരുന്നു പി.ജെ ജോസഫ് വിഭാഗം.ഇതോടെ മാണി വിഭാഗത്തിൽ നിന്നും സ്ഥാനാർഥിപട്ടികയിൽ ഉണ്ടായിരുന്ന തോമസ് ചാഴികാടൻ,സ്റ്റീഫൻ ജോർജ് എന്നിവരുടെ സാധ്യത ഇല്ലാതായി.തുടർന്ന് രാത്രി പത്തരയോടെ ജോസഫ് തന്നെയാണ് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.ഇന്നലെ യുഡിഎഫ് യോഗത്തിൽപങ്കെടുത്ത ശേഷം വൈകുന്നേരത്തോടെയാണു പാർട്ടി ചെയർമാൻ കെ.എം.മാണി പാലായിലെത്തിയത്. പാലായിലെ റിവർവ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് നീട്ടുന്നതിന്‍റെ നിർമാണോദ്ഘാടനത്തിനുശേഷമാണ് കെ.എം.മാണിയും ജോസ് കെ.മാണിയും സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയത്. യോഗത്തിനു മുന്പ് രഹസ്യ കേന്ദ്രത്തിൽ കെ.എം.മാണിയും ജോസ് കെ.മാണിയും പി.ജെ.ജോസഫുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റുമെന്നും ഇക്കാര്യത്തിൽ ഇഷ്ടമോ അനിഷ്ടമോ ഇല്ലെന്നും ജോസ്.കെ.മാണി പ്രതികരിച്ചു.

രാജ്യസഭാ സീറ്റ് വിവാദം;എറണാകുളം ഡിസിസി ഓഫീസിനു മുൻപിൽ പ്രവർത്തകർ ശവപ്പെട്ടിയും റീത്തും വെച്ചു

keralanews party workers placed coffin and wreathe infront of cochin dcc office

കൊച്ചി:രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസ് എമ്മിന്‌ നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിനുമുന്നില്‍ ശവപ്പെട്ടിവെച്ചു പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടേയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടികളാണ്‌ വെച്ചത്‌. ഓഫീസ്‌ കൊടിമരത്തില്‍ കറുത്തകൊടി കെട്ടിയ പ്രതിഷേധക്കാര്‍ ശവപ്പെട്ടിയില്‍ റീത്തും വെച്ചിട്ടുണ്ട്‌.’ഞങ്ങൾ പ്രവർത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു’വെന്നെഴുതിയ പോസ്‌റ്ററുകളും ഡിസിസി ഓഫീസിനുമുന്നില്‍ പതിച്ചു.കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ഡിസിസി ഓഫീസിനുമുന്നില്‍ മുസ്‌ലീം ലീഗിന്റെ കൊടികെട്ടി പ്രതിഷേധിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളെക്‌സില്‍ കരിഓയില്‍ ഒഴിച്ചും കോലം കത്തിച്ചും നിരവധി പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.

പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഗുണനിലവാരമില്ലാത്ത 1200 ലിറ്റർ പാൽ പിടികൂടി

pouring milk in a glass isolated against white background

പാലക്കാട്: പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ഗുണനിലവാരമില്ലാത്ത 1200 ലിറ്റര്‍ പാല്‍ പിടികൂടി. ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിലാണ് പാല്‍ പിടികൂടിയത്. ദിണ്ഡിഗലില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പാലാണ് പിടികൂടിയത്.പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തുന്നവരെ ശക്തമായി നിരീക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടികൂടിയത്.

കേരളത്തിൽ നാളെ അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം;തീരദേശത്ത് ഇനി 51 ദിവസം വറുതിയുടെ നാളുകൾ

keralanews trawling ban in kerala coast from tomorrow midnight

കൊച്ചി:നാളെ അർദ്ധരാത്രി മുതല്‍ കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും.ട്രോളിംഗ് നിരോധനം നേരിട്ടു ബാധിയ്ക്കുന്ന ബോട്ടു തൊഴിലാളികളോടൊപ്പം ഈ മേഖലയിൽ പണിയെടുക്കുന്ന അനുബന്ധ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും ട്രോളിംഗ് നിരോധനക്കാലം പ്രതികൂലമായി ബാധിക്കും.കഴിഞ്ഞ വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി അഞ്ചു ദിവസം വര്‍ധിപ്പിച്ച് 52 ദിവസമാണു ട്രോളിംഗ് നിരോധന കാലയളവ്. ഇക്കാലയളവില്‍ ഇന്‍ബോര്‍ഡ്, പരമ്പരാഗത വള്ളങ്ങള്‍ക്കു മത്സ്യ ബന്ധനത്തിനു തടസമില്ല. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ കൊണ്ടു പോകുവാന്‍ അനുവാദമുള്ളു. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പിന്റെ കര്‍ശന പരിശോധന ഉണ്ടാകും. കാരിയര്‍ വളളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ ഉടമകള്‍ അറിയിക്കണം. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ബയോമെട്രിക് ഐഡി കാര്‍ഡ് കൈയില്‍ കരുതണം.നിരോധനകാലത്ത് ജോലിയില്ലാതാകുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും സമ്പാദ്യ ആശ്വാസ പദ്ധതിത്തുകയും ലഭ്യമാക്കും.

പഴയങ്ങാടിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച

keralanews massive robbery in a jwellery in pazhayangadi

കണ്ണൂർ:പഴയങ്ങാടിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച.ജീവനക്കാര്‍ ജുമുഅ നമസ്‌ക്കാരത്തിന് പോയ സമയം അകത്തുകടന്ന മോഷ്ടാക്കള്‍ അഞ്ചു കിലോ സ്വര്‍ണവുമായി കടന്നു. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിലെ അല്‍ഫ തീബി ജ്വല്ലറിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കവർച്ച നടന്നത്.ജ്വല്ലറിയില്‍ സ്ഥാപിച്ച ക്യാമറ തകർത്ത് അകത്തു കടന്ന മോഷ്ട്ടാക്കൾ ഒരു മണിക്കൂറിനുള്ളിൽ അഞ്ചു കിലോ സ്വർണ്ണവുമായി കടന്നു കളഞ്ഞു.ക്യാമറ കേടുവരുത്തുകയും രണ്ട് പൂട്ടുകള്‍ തകര്‍ത്ത് അകത്ത് കയറുകയും ചെയ്ത മോഷ്ടാവ് ക്യാമറയുടെ സിസ്റ്റം അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്. മാത്രമല്ല,കവർച്ചയ്ക്ക് മുൻപായി  അടുത്തുള്ള ഫാൻസി ഷോപ്പിലെ ക്യാമറ കര്‍ട്ടനിട്ട് മൂടുകയും ചെയ്തു.ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി നടത്തുന്നതിനാൽ എല്ലാ ബസുകളും ഈ ജല്ലറിയുടെ മുന്‍പില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്.ബസുകളിലും ബസ് സ്റ്റാന്‍ഡിലും നിറയെ ആളുകളുള്ളപ്പോഴാണ് മോഷണം നടന്നത് എന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഉന്നതതല അന്വേഷണത്തിന് നേതൃത്വം നല്‍കി. വിരലടയാള വിദഗ്ദരും പോലീസ് നായയും സ്ഥലത്തെത്തി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എളമരം കരീം സിപിഎം സ്ഥാനാർത്ഥിയാകും

keralanews elamaram kareem will be cpm candidate in the rajya sabha elections

കണ്ണൂർ:രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എളമരം കരീം സിപിഎം സ്ഥാനാര്‍ത്ഥിയാകും.നിലവില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം.വെള്ളിയാഴ്ച രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. പ്രഖ്യാപനം അല്‍പസമയത്തിനകമുണ്ടാകും. അതേസമയം സിപിഐയുടെ സ്ഥാനാര്‍ത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബിനോയ് വിശ്വമാണ് സി പി ഐ സ്ഥാനാര്‍ത്ഥി. അതിനിടെ കേരളത്തിനുള്ള മൂന്ന് രാജ്യസഭാ സീറ്റില്‍ യുഡിഎഫിന് അവകാശപ്പെട്ട മൂന്നാമത്തേത് കേരള കോണ്‍ഗ്രസ് എമ്മിന് കോണ്‍ഗ്രസ് നല്‍കി. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും.

നിപ്പ ബാധിതരായവരെ പരിചരിച്ച നഴ്സുമാരെ പിരിച്ചുവിട്ട സംഭവം;കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ഉപരോധിച്ച നഴ്സുമാരെ പോലീസ് അറസ്റ്റ് ചെയ്തു

keralanews the incident of dismissing nurses police arrested the nurses who besiege the hospital

കോഴിക്കോട്:നിപ്പ ബാധിതരെ പരിചരിച്ച നഴ്സുമാരെ പിരിച്ചുവിട്ട ആശുപത്രി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ഉപരോധിച്ച നഴ്സുമാരെ പോലീസ് അറസ്റ്റ് ചെയ്തു.സമരം ചെയ്ത നൂറുകണക്കിന് നഴ്‌സുമാരിൽ ഇരുപത്തെട്ട് പുരുഷ നേഴ്‌സുമാരെ അര്‍ധരാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളായ നേഴ്‌സിങ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തില്ല.നേരത്തെ മൂന്ന് നഴ്സുമാരെ പുറത്താക്കിയതിനെതിരെ തന്നെ പ്രതിഷേധം ഉയരുകയും തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സമരം നടക്കുകയും ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് ഒരു സ്റ്റാഫിനെ കൂടി ബേബി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പുറത്താക്കിയതായി അറിയിച്ച് കത്ത് നല്‍കുന്നത്. ഇതോടെയാണ് സമാധാനപരമായി നടത്തുകയായിരുന്ന സമരം ശക്തമായത്.അറസ്റ്റ് ചെയ്ത പോലീസുകാരടക്കം മാസ്‌ക് വെച്ച്‌ കൊണ്ട് നില്‍ക്കുമ്ബോള്‍ സ്വന്തം ജീവിതത്തേക്കാള്‍ നാടിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ വരെ തയ്യാറായ നേഴ്‌സിങ് ജീവനക്കാരോടുള്ള മാനേജ്മെന്റിന്റെ നടപടിയില്‍ സോഷ്യല്‍ മീഡിയയിലും രോഷം ശക്തമാവുകയാണ്. അതേസമയം ആശുപത്രിയിൽ വർഷങ്ങളായി നടന്നു വരുന്ന നടപടി ക്രമമനുസരിച്ചാണ് ഇവരെ പുറത്താക്കിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ട്രയിനി ബാച്ചില്‍ നിന്നുളളവരെ സ്റ്റാഫാക്കി നിയമിക്കുക.എച്ച്‌ആര്‍ വിഭാഗത്തിന്റെ വിശകലനത്തിന് ശേഷം മോശം പ്രകടനമാണെന്ന് തോന്നിയവരോടാണ് വരേണ്ടെന്ന് പറഞ്ഞത്. ഇക്കാര്യത്തില്‍ മറ്റുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.എന്നാൽ ഈ വിശദീകരണം ആശുപത്രിക്ക് അധികൃതർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.കേരളത്തിന് ഇന്നുവരെ പരിചയമില്ലാത്ത അതീവഗുരുതരമായ ഒരു രോഗത്തെ പരിചരിക്കാന്‍ പ്രവര്‍ത്തിപരിചയമില്ലാത്ത ട്രെയ്‌നികളെ ആണ് ആശുപത്രി നിയമിച്ചത് എങ്കില്‍ അത് കടുത്ത അനാസ്തയാണെന്നും, മെഡിക്കല്‍ എത്തിക്‌സിന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നുമുള്ള വിമര്‍ശനവും ഇതോടെ ആശുപത്രിക്കെതിരെ ഉയർന്നു കഴിഞ്ഞു.