തൃശൂർ:നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യർ(70) അന്തരിച്ചു.തൃശൂർ ആലപ്പാട് പുള്ളിലുള്ള വീട്ടിലായിരുന്നു അന്ത്യം.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍. ഗിരിജ വാര്യരാണ് ഭാര്യ.നടൻ മധു വാര്യർ മകനാണ്.ഇതിനിടെ മഞ്ജുവാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ദീലീപ് എത്തി. മകള്‍ മീനാക്ഷിക്കൊപ്പമാണ് ദിലീപ് എത്തിയത്. തൃശൂരിലെ വീട്ടിലെത്തിയ ദിലീപും മീനാക്ഷിയും അവിടെ ഒരുമണിക്കൂറോളം ചെലവിട്ടു. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വര്യരെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, തുടങ്ങി നിരവധി പ്രമുഖരാണ് അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്.അച്ഛന്‍ മാധവന്‍ വാര്യര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ മഞ്ജുവിന് നഷ്ടമായത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും താങ്ങും തണലുമായി നിന്ന അടുത്ത സുഹൃത്തിനെ കൂടിയാണ്. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് കൊരുത്തതാണ് തന്റെ ചിലങ്കയെന്ന് മഞ്ജു നിരവധി അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.
ജെസ്നയുടെ തിരോധാനം;സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങുന്നു
പത്തനംതിട്ട:എരുമേലിയിൽ നിന്നുംകാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങി പോലീസ്.ജസ്‌നയുടെ ഈ സുഹൃത്തിന് പലതും അറിയാമെന്നാണ് പൊലീസ് വിലയിരുത്തൽ. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൃത്യമായ മറുപടി നല്‍കുന്നുമില്ല. ജസ്‌നയെ കാണാതായതിനു തൊട്ടുമുന്‍പുപോലും ഇയാളുടെ ഫോണിലേക്ക് ജെസ്‌നയുടെ ഫോണിൽ നിന്നും എസ്‌എംഎസ് സന്ദേശം പോയിട്ടുണ്ട്. അന്വേഷണ സംഘം പലതവണ ഇയാളെ ചോദ്യംചെയ്‌തെങ്കിലും ഇയാള്‍ ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് യുവാവിനെ വിധേയനാക്കാനുള്ള തീരുമാനം.സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം യുവാവ് സമ്മതിച്ചാല്‍ മാത്രമേ ഇത്തരം പരിശോധനകള്‍ നടത്താനാകൂ. വിസമ്മതം അറിയിച്ചാല്‍ അത് സംശയിക്കാനുള്ള മറ്റൊരു കാരണവുമാകും. അങ്ങനെ വന്നാല്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്ന അവസ്ഥയും വരും.ജസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നതായും പൊലീസ് സൂചന നല്‍കി. മുക്കൂട്ടുതറയില്‍ നിന്ന് കുറച്ചു സമയം യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്താം. യുവാവുമായി മുൻപും ജെസ്‌ന ഇവിടെ പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് സംശയം ബലപ്പെടുത്തുന്നത്.അതിനിടെ ജെസ്‌നയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
നിപ നിയന്ത്രണ വിധേയമായതായി ആരോഗ്യവകുപ്പ്;ജാഗ്രത നിർദേശത്തിൽ അയവ് നൽകും
കോഴിക്കോട്:നിപ വൈറസ് നിയന്ത്രവിധേയമായതായി ആരോഗ്യ വകുപ്പ്.പത്തു ദിവസമായി പുതിയ കേസ് ഒന്നും റിപ്പോർട് ചെയ്യാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും വിദ്യാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കും.ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അതിജാഗ്രതാനിര്‍ദേശത്തിന് അയവുനല്‍കാനും തീരുമാനമായി.രോഗം സ്ഥിരീകരിച്ച 18 പേരില്‍ 16 പേരാണ് മരിച്ചത്. ആദ്യം മരിച്ച സാബിത്തിന്റെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.317 സാമ്പിളുകളിൽ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തി. രോഗിയോട് ഇടപഴകിയവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഇന്‍ക്യുബേഷന്‍ പീരിയഡ് 21 ദിവസമാണ്. എങ്കിലും ജാഗ്രതയുടെ ഭാഗമായി ഇവരെ 42 ദിവസം നിരീക്ഷിക്കും.നേരത്തേ 2649 പേര്‍ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു. ഇന്‍ക്യുബേഷന്‍ പീരിയഡ് കഴിഞ്ഞവരെ ഒഴിവാക്കിയപ്പോള്‍ 1430 പേരാണ് ബാക്കിയുള്ളത്. ചെവ്വാഴ്ചയോടെ ഇത് 892 ആയി ചുരുങ്ങുമെന്നും മന്ത്രി പറഞ്ഞു.നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി അജന്യയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.രോഗം ഭേദമായ തിരൂരങ്ങാടി സ്വദേശി ഉബീഷിനെ ഈ മാസം 14 നും ഡിസ്ചാർജ് ചെയ്യും.. മരണമുഖത്തുനിന്നാണ് ഇരുവരും ജീവിതത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്.കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അജന്യയ്‌ക്കു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലിരിക്കുമ്പോഴാണ് വൈറസ് പകര്‍ന്നത്.നിപ വൈറസ് ബാധിച്ചു മരിച്ച തിരൂരങ്ങാടി കൊടക്കല്ല് സ്വദേശി ഷിജിതയുടെ ഭര്‍ത്താവാണ് ഉബീഷ്. ഒരാഴ്‌ച വീട്ടില്‍ പൂര്‍ണ വിശ്രമമെടുക്കാന്‍ ഡോക്‌ടര്‍മാര്‍ ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരുമാസക്കാലം മറ്റ് അസുഖങ്ങള്‍ വരാന്‍ പാടില്ല. സന്ദര്‍ശക ബാഹുല്യം പാടില്ലെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ശക്തമായ മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിൽ വൻ നാശം;പലയിടത്തും ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീണ്ടു
കണ്ണൂർ:ജില്ലയിൽ കനത്ത നാശം വിതച്ച് ശക്തമായും മഴയും കാറ്റും.പഴയ ബസ്സ്റ്റാൻഡിന് സമീപം യോഗശാല-കാർഗിൽ റോഡിൽ കൂറ്റൻ ഫ്ളക്സ് ബോർഡ് നിലംപൊത്തി. നിർത്തിയിട്ടിരുന്ന കാറിനും ഓട്ടോയ്ക്കും ലോട്ടറി സ്റ്റാലിനും മുകളിലേക്കാണ് ഫ്ലെക്സ് ബോർഡ് വീണത്.സംഭവം നടക്കുമ്പോൾ ലോട്ടറിസ്റ്റാളിലുണ്ടായിരുന്ന ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.സംഭവത്തെ തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം പോലീസ് വഴിതിരിച്ചു വിട്ടത് പഴയ ബസ്സ്റ്റാൻഡിൽ ഗതാഗത കുരുക്കിനും ഇടയാക്കി.അഗ്നിരക്ഷാസേന സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ബോർഡ് എടുത്തുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.കളക്റ്ററേറ്റിന് എതിർവശത്തുള്ള പെട്രോൾ പമ്പിന് സമീപത്തുള്ള കൂറ്റൻ ബോർഡും കാറ്റിൽ തകർന്നു വീണു. താവക്കര സ്കൈപാലസിന് സമീപത്തുള്ള ചെറു റോഡിൽ മരക്കൊമ്പുകൾ പൊട്ടിവീണ് ഗതാഗത തടസ്സമുണ്ടായി.കനത്ത മഴയിൽ നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പുതിയതെരു,മേലേചൊവ്വ,റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ ശക്തമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.ഇതിനെ തുടർന്ന് ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് പോകാൻ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.പലയിടത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടു.നഗരത്തിനു സമീപത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
ഇടുക്കിയിൽ കനത്ത മഴ,ഉരുൾപൊട്ടൽ;വ്യാപക നാശനഷ്ടം
ഇടുക്കി:ഇടുക്കിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം.രാജക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെ ഞായറാഴ്ച പുലര്‍ച്ചെ ഉരുള്‍പൊട്ടി. ഇവിടെ ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ആളപായം ഇല്ല.കട്ടപ്പന കുട്ടിക്കാനം റോഡില്‍ ആലടിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. അടിമാലി 200 ഏക്കര്‍ മയിലാടുംകുന്നില്‍ മരം ഒടിഞ്ഞു വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. ഇടുക്കി കരിമ്ബന്‍ കട്ടിംഗില്‍ മരം കടപുഴകി ഓട്ടോയുടെ മുകളില്‍ വീണ് ഓട്ടോ ഡ്രൈവര്‍ ഷാജി ജോസഫിന് പരിക്കേറ്റു. കല്ലാര്‍ വട്ടയാറില്‍ മണ്ണിടയില്‍ പോയ രണ്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജില്ലയിലെ പ്രധാന റോഡുകളെല്ലാം വന്‍മരങ്ങള്‍ കടുപുഴകി ഗതാഗതം പൂര്‍ണമായും നിലച്ച സ്ഥിതിയിലാണ്.പലയിടങ്ങളിലും വൈദ്യുതി പൂര്‍ണമായും മുടങ്ങി.മണിക്കൂറുകളോളം ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിലായി.ജില്ലയില്‍ വരും ദിവസങ്ങളിലും മഴശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ജനങ്ങള്‍ രാത്രിക്കാല യാത്രകളിലടക്കം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ദുരന്ത നിവാരണ വകുപ്പും അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് കനത്ത മഴ;ശക്തമായ കാറ്റിൽ കൊയിലാണ്ടിയിൽ ബസ്സിന് മുകളിൽ ആൽമരം കടപുഴകി വീണു
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.ശക്തമായ കാറ്റില്‍ കൊയിലാണ്ടി മൃഗാശുപത്രിക്ക് മുന്‍വശത്തുള്ള കൂറ്റന്‍ ആല്‍മരം സ്വകാര്യ ബസിന് മുകളില്‍ പതിച്ചു.ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവര്‍ മെഡിക്കല്‍ കോളജ് സ്വദേശി വിനോദ് (47) കണ്ടക്ടര്‍ കോഴിക്കോട് പുതിയ പറമ്പത്ത് ബാബുരാജ് (51) എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് യാത്രക്കാരായ റാഹിയ(38) നസീറ (36) എന്നിവര്‍ക്ക് നിസാരപരിക്കേറ്റു.കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അനഘ ബസിനു മുകളിലാണ് മരം വീണത്.ബസിന്‍റെ മുന്‍ ഭാഗം തകര്‍ന്നു.ഒരു ഓട്ടോയും മരത്തിനിടയിൽ കുടുങ്ങി.സമീപത്തെ കടകള്‍ക്കും കേടുപാടുകൾ സംഭവിച്ചു.കച്ചവടക്കാരും കാൽനട യാത്രക്കാരും ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.കൊയിലാണ്ടി നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് ആല്‍മരം വീണത്. മുപ്പത് വര്‍ഷം മുമ്പ് ഈ ആല്‍മരം ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മുറിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.എന്നാൽ ഇതിനെതിരേ കൊയിലാണ്ടിയിലെ സാംസ്‌കാരിക,പരിസ്ഥി പ്രവര്‍ത്തകർ രംഗത്തു വന്നതിനെ തുടർന്ന് മരം മുറിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു;പത്തു മരണം
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകാനുള്ള സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കേരള – ലക്ഷദ്വീപ് തീരത്ത് 60കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. കടല്‍ കൂടുതല്‍ പ്രക്ഷുബ്‌ധമാകും. നാലര മീറ്റര്‍ ഉയരത്തില്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കി.അതിനിടെ, കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് വിവിധ സംഭവങ്ങളില്‍ നാല് വയസുകാരി ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. പരക്കെ നാശനഷ്‌ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ദീപ (44), ചാലിയം വെസ്റ്റ് പരേതനായ മരക്കാര്‍ കുട്ടിയുടെ ഭാര്യ ഖദീജക്കുട്ടി (60),കണ്ണൂർ സ്വദേശി രവീന്ദ്രൻ(65), അഡൂർ ദേലംപാടി ചെർലകൈ യിലെ ചനിയ നായക്ക്(65), കണ്ണൂർ ചക്കരക്കൽ തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65),കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ഫാത്തിമ വില്ലയില്‍ മുഹമ്മദ് അന്‍സിഫ – മുംതാസ് ദമ്ബതികളുടെ മകള്‍ ഫാത്തിമത്ത് സൈനബ (4), ആലപ്പുഴ തലവടി ആനപ്രമ്ബാല്‍ വിജയകുമാര്‍ (54),ശാസ്തവട്ടം സ്വദേശി ശശിധരന്‍ (75) ,തുടങ്ങിയവരാണ് മരിച്ചത്. ദീപയും ഖദീജക്കുട്ടിയും തെങ്ങ് വീണാണ് മരിച്ചത്. ഖദീജക്കുട്ടി ബന്ധുവീട്ടില്‍ നിന്ന് നടന്ന് വരുമ്ബോള്‍ കാറ്റില്‍ തെങ്ങ് ഒടിഞ്ഞു ഇവരുടെ മേല്‍ വീഴുകയായിരുന്നു. കാട്ടായിക്കോണത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് കാര്യവട്ടം സ്വദേശി ശശിധരൻ മരിച്ചത്.മുറിയനാവി പി.പി.ടി എല്‍.പി സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമത്ത് സൈനബ ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു. രവീന്ദ്രന്‍ ശനിയാഴ്ച രാത്രി വീടിനടുത്ത് കടപുഴകി വീണ തെങ്ങു മുറിച്ചുമാറ്റുന്നതിനിടെ തെന്നി തോട്ടില്‍ വീണാണ് മരിച്ചത്.വിജയകുമാര്‍ കുട്ടനാട്ടില്‍ പമ്ബയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. ചക്കരക്കല്ലിൽ മകളെ കാണാൻ പോകവേ മതിലിടിഞ്ഞു വീണാണ് ചക്കരക്കൽ തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65) മരിച്ചത്.ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ബസിറങ്ങി മാച്ചേരിയിലെ മകളുടെ വീട്ടിലേക്ക് നടന്ന് പോകവേ കനത്ത മഴയിൽ മതിലിടിഞ്ഞാണ് അപകടം. ഉടനെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
നിപ്പ വൈറസ് ഭീതി;കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ രക്തക്ഷാമം രൂക്ഷം
കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ രക്തക്ഷാമം രൂക്ഷം.നിപ്പ ഭീതിയെ തുടർന്ന് രക്തം നല്‍കാന്‍ ആളുകള്‍ മടിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിനാല്‍ ശസ്ത്രക്രിയകള്‍ പോലും മാറ്റിവെക്കേണ്ട അവസ്ഥയാണുള്ളത്.രക്തം നല്‍കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്താന്‍ ആളുകള്‍ മടിക്കുകയാണ്. ഇതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകളുടെ സ്റ്റോക്ക് തീര്‍ന്നു.അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രക്തത്തിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി. ജില്ലാ ഭരണകൂടവും, ജില്ലാ ആരോഗ്യവകുപ്പും, ബ്ലഡ് ഡോണേഴ്സ് അസോസിയേഷനും സംയുക്തമായി രക്തദാന ക്യാമ്ബുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.ജൂണ്‍ പത്തിനും പതിനാലിനുമിടയിലായിരിക്കും രക്തദാന ക്യാമ്ബുകള്‍ സംഘിപ്പിക്കുക. അനാവശ്യമായ ആശങ്കകളാണ് പലരെയും രക്തം നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നും ആശങ്കയില്ലാതെ രക്തദാനത്തിനായി ജനങ്ങള്‍ മുന്നോട്ടു വരണമെന്നും ജില്ലാ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
അറ്റ്ലസ് രാമചന്ദ്രൻ നായർ ജയിൽ മോചിതനായി
ദുബായ്:മൂന്നു വർഷത്തെ ജയിൽവാസത്തിനു ശേഷം പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ നായര്‍ ജയില്‍ മോചിതനായി. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാമ്ബത്തിക കുറ്റകൃത്യത്തിന് ദുബൈ ജയിലില്‍ കഴിഞ്ഞിരുന്ന അറ്റ്ലസ് ജ്വല്ലറി ശൃംഖല ഉടമ രാമചന്ദ്രന്‍ മോചിതനായതെന്നാണ് റിപ്പോര്‍ട്ട്.2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്‍റെ മകൾ മഞ്ജുവും മരുമകൻ അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. 3.40 കോടി ദിര്‍ഹമിന്‍റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസിലാണ് അറ്റ്ലസ് രാമചന്ദ്രനെ ദുബായി കോടതി ശിക്ഷിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ 50 ശാഖകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്‍റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.350 കോടി ദിര്‍ഹത്തിന്‍റെ വാര്‍ഷിക വിറ്റുവരവുണ്ടായിരുന്ന അറ്റ്ലസ് ബിസിനസ് സാമ്രാജ്യമാണ് രാമചന്ദ്രന്‍റെ അറസ്റ്റോടെ തകര്‍ന്നടിഞ്ഞത്. ദുബൈയില്‍ മാത്രം 19 ജ്വല്ലറികളാണ് അറ്റ്ലസിനുണ്ടായിരുന്നത്. പ്രതിസന്ധിവന്നതോടെ യു.എ.ഇക്ക് പുറമെ സൗദി, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകളും പൂട്ടി. ബാധ്യത തീര്‍ക്കാന്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ നേരത്തെ എന്‍എംസി ഗ്രൂപ്പിന് വിറ്റിരുന്നു.സ്വർണ വ്യാപാരത്തിൽനിന്ന് വൻ തുക ഓഹരി വിപണിയിലേക്കു വകമാറ്റി നിക്ഷേപിച്ചതാണ് രാമചന്ദ്രന്‍റെ പെട്ടെന്നുണ്ടായ പതനത്തിനു കാരണമെന്നാണ് കരുതുന്നത്.
ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കായി മലയാളം കമന്ററി ഒരുങ്ങുന്നതായി സൂചന
കൊച്ചി:ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുന്നതായി സൂചന. സിസിഎല്‍, ഐഎസ്‌എല്‍ മലയാളം കമന്ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ നേതൃത്വത്തിലായിരിക്കും ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുക. തന്റെ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷൈജു ദാമോദരന്‍ ഇക്കാര്യം അറിയിച്ചത്. ഈ മാസം 14 നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.സോണി ഇ എസ് പി എന്‍ ചാനലിലാണ് മലയാളം കമന്ററിയോടുകൂടി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.