കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ പുതിയ പാർക്കിങ് സ്ഥലം ഒരുങ്ങി.പാർക്കിങ് സ്ഥലത്തിന്റെ പണികൾ പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചു.ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ വരുമാത്തിൽ രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരവധിയാണ്.ഇതിൽ കൂടുതലും കിഴക്കേ കവാടത്തിലെ പാർക്കിങ് സംവിധാനത്തെ കുറിച്ചാണ്.മഴയത്തും വെയിലത്തും വാഹനങ്ങൾ പാർക്ക് ചെയ്യണം. മാത്രമല്ല പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റിയെടുക്കൽ,ഹെൽമെറ്റ് മോഷണം എന്നിവയും പതിവാണ്.കിഴക്കേ കവാടത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ദിവസേന നിരവധി പേരാണ് ഇവിടെ നിന്നും ട്രെയിനിൽ യാത്ര ചെയ്യുന്നത്.വാഹനങ്ങളുടെ എണ്ണവും ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്.വാഹന പാർക്കിങ് അനുവദനീയമല്ലാത്ത കിഴക്കേ കവാടം റോഡിനു ഇരുവശത്തുമായാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.പുതിയ പാർക്കിങ് സ്ഥലം തുറക്കുന്നതോടെ ഈ പ്രശ്ങ്ങൾക്കെല്ലാം പരിഹാരമാകും. പുതുതായി തുറന്നു കൊടുക്കുന്ന പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള മേൽക്കൂരയും സിസിടിവി ക്യാമറകളും സ്ഥാപിക്കണമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോ ഓർഡിയേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും
തലശ്ശേരി:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കൽ നീട്ടിവെച്ച തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും.നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്കൊപ്പം സമീപ പ്രദേശമായ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്കും അവധി നൽകുകയായിരുന്നു. പ്രവേശനോത്സവം വലിയമടാവിൽ ഗവ.സീനിയർ ബേസിക്ക് സ്കൂളിൽ രാവിലെ ഒൻപതരയ്ക്ക് തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ രമേശൻ ഉൽഘാടനം ചെയ്യും.
മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് ആശുപത്രിയിൽ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.നിരവധി പ്രമുഖർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.ഇന്നലെ വൈകുന്നേരത്തോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദേഹത്തെ സന്ദര്‍ശിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശുപത്രിയിലെത്തി.വാജ്പേയിയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഡോക്ടര്‍മാരോട് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. ഏകദേശം 50 മിനിട്ടോളം എയിംസില്‍ ചിലവഴിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. സാധാരണ പരിശോധനകളുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എയിംസ് മീഡിയ പ്രോട്ടോക്കോള്‍ ഡിവിഷന്‍ മേധാവി ആരതി വിജ് പറഞ്ഞു.എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാജ്‌പേയിയെ പരിചരിക്കുന്നത്.
മരട് വാഹനാപകടം;ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
കൊച്ചി: കൊച്ചി മരടില്‍ ഡേകെയര്‍ സെന്ററിന്റെ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അനില്‍കുമാറിനെതിരെ ഐപിസി 304 എ വകുപ്പ് ചുമത്തി മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.തുടർന്നുള്ള അന്വേഷണത്തില്‍ മറ്റ് കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്.അപകടത്തിൽ പരിക്കേറ്റ അനില്‍കുമാര്‍ ഇപ്പോഴും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആദിത്യന്‍(4),വിദ്യാ ലക്ഷ്മി(4) എന്നീ കുട്ടികളും ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്.വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാഹനം അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ശൈലജ ടീച്ചർ ഉരുക്കു വനിത;ആരോഗ്യമന്ത്രിയെ പുകഴ്ത്തി ഡോക്റ്റർ എ.എസ് അനൂപ് കുമാറിന്റെ കുറിപ്പ്
ഡോക്റ്ററുടെ ഫേസ്ബുക് പോസ്റ്റ്: ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി, K K Shylaja teacher.ഒരു രാഷ്ട്രീയക്കാരിയും, ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം… The iron lady… വിഷയങ്ങള്‍ പഠിക്കുന്നതിലും, മനസിലാകുന്നതിനുമുള്ള കഴിവ് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാന്‍സി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത കാണിച്ചു… ചങ്കൂറ്റത്തോടെഎല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ് തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. Nipah രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു… ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു.
നിപ വൈറസ്;മാറ്റിവെച്ച പിഎസ്‌സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. സിവില്‍ പൊലീസ് ഓഫീസർ /വനിതാ സിവില്‍ പൊലീസ് ഓഫീസർ പരീക്ഷ ജൂലൈ 22നും കമ്ബനി/കോര്‍പറേഷന്‍/ബോര്‍ഡ് അസിസ്റ്റന്‍റ്, ഇന്‍ഫര്‍മേഷന്‍ ഓഫീസർ പരീക്ഷകള്‍ ആഗസ്റ്റ് അഞ്ചിനും നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.നേരത്തേ അനുവദിച്ച കേന്ദ്രങ്ങളിൽ തന്നെയാണ് പരീക്ഷ നടത്തുക.. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.നേരത്തെ നിശ്ചിയിച്ച തിയ്യതിയുടെ അടിസ്ഥാനത്തില്‍ ഡോണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് പരീക്ഷക്കെത്തേണ്ടത്.
കൊച്ചിയിൽ സ്കൂൾ വാൻ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു
കൊച്ചി:കൊച്ചി മരടിൽ സ്കൂൾ വാൻ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു.കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ വിദ്യാര്‍ത്ഥികളായ വിദ്യാലക്ഷ്‌മി,ആദിത്യന്‍ എന്നിവരും ആയ ഉണ്ണിമായയുമാണ് മരിച്ചത്.കാട്ടിത്തറ ക്ഷേത്ര കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആയ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എട്ടു കുട്ടികളും ആയയും ഡ്രൈവറുമായിരുന്നു വാനില്‍ ഉണ്ടായിരുന്നത്.നിയന്ത്രണം വിട്ട ബസ് ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കണ്ണൂർ മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ബസ് നൽകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ:വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതയാത്രാ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്‌കൂള്‍ ബസ് അനുവദിക്കുന്ന പദ്ധതി ആരംഭിച്ചതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.കണ്ണൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരും എല്‍എസ്എസ്, യുഎസ്എസ് മത്സര പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരുമായ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ ചേര്‍ന്ന വിദ്യാഭ്യാസ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിക്കുമെന്നതിന്‍റെ തെളിവാണ് പ്ലസ് ടൂ ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ കൈവരിച്ച നേട്ടമെന്ന് മന്ത്രി പറഞ്ഞു.മുണ്ടേരി ഹൈസ്‌കൂള്‍, തോട്ടട ഹൈസ്‌കൂള്‍, തോട്ടട വിഎച്ച്എസ്ഇ, ചേലോറ ഹയര്‍ സെക്കൻഡറി, മുനിസിപ്പല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, കണ്ണൂര്‍ പോളിടെക്‌നിക് എന്നിവിടങ്ങളിലായി അനുവദിച്ച 12 കോടിയുടെ നിര്‍മാണ പദ്ധതികള്‍ പുരോഗമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.ചടങ്ങിൽ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
കനത്ത മഴ;ഇടുക്കി ജില്ലയിലെയും പത്തനംതിട്ട,റാന്നി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഇടുക്കി:കനത്ത മഴ;ഇടുക്കി ജില്ലയിലെയും പത്തനംതിട്ട,റാന്നി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്റ്റർ അവധി പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയില്‍ പലയിടത്തും കനത്ത മഴ വന്‍ ദുരന്തം വിതച്ചിരിക്കുകയാണ്.മഴയില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ചിട്ടുണ്ട്. രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിനു സമീപം ഉരുള്‍പൊട്ടി ഒന്നരയേക്കര്‍ പുരയിടം ഒലിച്ചുപോയ സംഭവവുമുണ്ടായി. എന്നാല്‍ ആളപായമില്ല. അതേ സമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
യു പിയിൽ ബസ് പാഞ്ഞു കയറി ആറു വിദ്യാർഥികളടക്കം ഏഴുപേർ മരിച്ചു
കനൗജ്:യു പിയിൽ ബസ് പാഞ്ഞു കയറി ആറു വിദ്യാർത്ഥികളും ഒരധ്യാപകനും മരിച്ചു. വിദ്യാര്‍ഥികളടക്കം ഒൻപതു പേരുടെ ദേഹത്തുകൂടെയാണ് ബസ് കയറിയിറങ്ങിയത്. ആറു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ഉത്തര്‍പ്രദേശ് ആഗ്ര- ലക്നോ എക്സ്പ്രസ്വേയില്‍ കനൗജിനടുത്ത് പുലര്‍ച്ചെ നാലിനാണ് സംഭവം.സന്ത് കബീര്‍ നഗര്‍ ജില്ലയില്‍ നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ഥികളടങ്ങിയ സംഘം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.