കൊച്ചി:നെടുമ്പാശ്ശേരിയിൽ വൻ വിദേശകറൻസി വേട്ട.പത്തുകോടി രൂപ മൂല്യമുള്ള വിദേശ കറന്സിയാണ് പിടികൂടിയത്.ഇന്ന് പുലർച്ചെ ഡൽഹിയിൽനിന്നും ദുബായിലേക്കു പോകാനായി കൊച്ചിയിലെത്തിയ അഫ്ഗാൻ സ്വദേശിയിൽനിന്നുമാണ് കറൻസിശേഖരം പിടിച്ചത്.പിടിയിലായ യൂസഫ് മുഹമ്മദ് സിദ്ദിഖി(33)ന്റെ കൈവശമുണ്ടായിരുന്നവയില്‍ ഭൂരിഭാഗവും അമേരിക്കന്‍ ഡോളറുകളായിരുന്നു.ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി- കൊച്ചി- ദുബായ് വിമാനത്തിലാണിയാള്‍ എത്തിയത്. എന്നാല്‍ കൊച്ചിയില്‍ വെച്ച് വിമാനം സാങ്കേതിക തകരാറിനേത്തുടര്‍ന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുക ഉണ്ടായി, അതിന് ശേഷം ഇന്ന് ഇവരെ വിവിധ വിമാനങ്ങളിലായി ദുബായിലേക്ക് അയക്കുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് കറന്‍സിയുമായി ഇയാളെ പിടികൂടിയത്.
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം;നാല് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്:കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം.മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചില്‍ ശക്തമായി നില നില്‍ക്കുന്നുണ്ട്. ഇവിടെ 17 കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.പുല്ലൂരാം പാറ, കൂടരഞ്ഞി എന്നിവിടങ്ങളിലും മണ്ണ് ഇടിച്ചിലുണ്ടായി. പുല്ലൂരാംപാറ നെല്ലിപൊയിലില്‍ റോഡില്‍ വെള്ളം കയറി. മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ശക്തമായതോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലേക്ക് ആളുകളെ മാറ്റി. ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുക്കം ഭാഗത്തും വീടുകളില്‍ വെള്ളം കയറി. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രദേശത്ത് വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്റർകോണ്ടിനെന്റൽ ഫുട്ബോൾ;ഇന്ത്യക്ക് കിരീടം
മുംബൈ:ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്.ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.രണ്ടു ഗോളുകളും പിറന്നത് ഛേത്രിയുടെ ബൂട്ടില്‍ നിന്ന്.ടൂർണമെന്‍റിൽ എട്ട് ഗോളുമായി ഛേത്രി ടോപ് സ്കോററായി.ഇതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന, നിലവില്‍ കളിക്കുന്ന, താരങ്ങളുടെ പട്ടികയില്‍ ഛേത്രിയും ഇടംപിടിച്ചു. അര്‍ജന്‍റീനയുടെ ലയണല്‍ മെസിക്കൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവില്‍ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള 81 ഗോളുകളാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്. ആദ്യ മിനിറ്റുകളില്‍ കെനിയയുടെ മുന്നേറ്റമായിരുന്നു.എന്നാല്‍ എട്ടാം മിനിറ്റില്‍ ഛേത്രിയെ വീഴ്‍ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് തൊടുക്കാന്‍ നിയോഗിക്കപ്പെട്ട അനിരുഥ് ഥാപ്പ തൊടുത്ത പന്ത് ഗോള്‍വലയിലേക്ക് തിരിച്ചുവിട്ട് ഗാലറിയെ അലകടലാക്കി ഛേത്രി.ആദ്യ ഗോള്‍ വീണതോടെ പ്രതിരോധത്തിലൂന്നിയും ഇടക്ക് ആക്രമിച്ചും ആഫ്രിക്കന്‍ കരുത്തര്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ മുപ്പതാം മിനിറ്റില്‍ കെനിയക്ക് വന്‍ തിരിച്ചടിയേല്‍പ്പിച്ച് ഛേത്രിയുടെ രണ്ടാം ഗോള്‍. സന്തോഷ് ജിങ്കന്‍ നീട്ടിനല്‍കിയ പന്ത് നെഞ്ചില്‍ സ്വീകരിച്ച് ഇടംകാലില്‍ കൊരുത്ത് ഛേത്രി കെനിയയുടെ വലയില്‍ നിക്ഷേപിച്ചു. പിന്നീടങ്ങോട്ട് തിരിച്ചടിക്കാന്‍ കെനിയ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മരട് സ്കൂൾ വാൻ അപകടം;ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
കൊച്ചി:മരടിൽ അപകടത്തിൽപ്പെട്ട സ്കൂൾ വാനിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.അപകടത്തിൽപ്പെട്ട വാനിന് 2018 ഓഗസ്റ്റ് വരെ ഫിറ്റ്നസുണ്ട്. 2020 വരെ ഡ്രൈവറുടെ ലൈസൻസിനും ബാഡ്ജിനും കാലാവധിയുണ്ട്. പ്രാഥമിക നിഗമനത്തിൽ അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് എറണാകുളം ആർടിഒ റെജി പി. വർഗീസ് പറഞ്ഞു.രണ്ടാം ഗിയറില്‍, 20 കിലോമീറ്റര്‍ വേഗതയില്‍ സാവധാനം തിരിയേണ്ട വളവ് ഡ്രൈവര്‍ അമിത വേഗത്തില്‍ തിരിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദു ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ആര്‍ടിഒ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം മണി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. കെഎസ്ഇബിക്ക് നിലവിൽ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡിന്‍റെ ചെലവുകൾ നിരക്കു വർധനയിലൂടെ മാത്രമേ കണ്ടെത്താൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു പറഞ്ഞ മണി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും അറിയിച്ചു. എന്നാല്‍ മുന്നണിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. അതിനാല്‍ മുന്നണിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചകളിലേക്ക് കടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 4 മുതൽ സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്
തിരുവനന്തപുരം:നിരക്ക് പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് ഓട്ടോ ടാക്‌സി പണിമുടക്കിന്. ജൂലായ് നാല് മുതല്‍ അനിശ്ചിതകാല സമരത്തിനാണ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.ബിഎംഎസ് ഒഴികെയുള്ള എല്ലാം സംഘടനകളും സമരത്തില്‍ പങ്കെടുക്കും.
പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ആദ്യ ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം ജൂണ്‍ 12 നും 13 നും നടക്കും. വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ ജൂണ്‍ 13 അഞ്ചു മണിക്ക് മുൻപായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്നീട് പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം.സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.
തെരുവോരത്ത് താമസിക്കുന്നവരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ അഗതി മന്ദിരത്തിലേക്ക് മാറ്റി
കണ്ണൂർ:പകൽ മുഴുവനുമുള്ള അലച്ചിലിനൊടുവിൽ തെരുവോരത്ത് തലചായ്ക്കാനെത്തുന്നവർക്ക് തണലേകാനായി സാമൂഹിക നീതി വകുപ്പ് എത്തി.ഇനി മുതൽ ഇവർക്ക് മഴയെ പേടിക്കാതെ അന്തിയുറങ്ങാം.സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സാമൂഹിക നീതി വകുപ്പിന്റെയും സാമൂഹിക സുരക്ഷാ മിഷൻ വയോമിത്രം പദ്ധതികളുടെയും നേതൃത്വത്തിൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നത്. വയോധികരും അവശരുമായ മൂന്നുപേരെയാണ് ഇന്നലെ പോലീസിന്റെ സഹായത്തോടെ മേലെ ചൊവ്വയിലെ പ്രത്യാശ ഭവനിലേക്ക് മാറ്റി പാർപ്പിച്ചത്. പത്മനാഭൻ കക്കാട്(75),കൊച്ചുണ്ണി തൃശൂർ(70),രവീന്ദ്രൻ പാലക്കാട്(64) എന്നിവരെയാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.പഴയ ബസ്സ്റ്റാൻഡ് പരിസരം,തെക്കീ ബസാർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബന്ധുക്കളെ കണ്ടെത്തി വീടുകളിലേക്ക് തിരിച്ചെത്തിക്കാൻ കഴിയുമെങ്കിൽ അതിനുള്ള നടപടികളും ചെയ്യുമെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ വ്യക്തമാക്കി.വരും ദിവസങ്ങളിലും പരിശോധന തുടരും വനിതാ പോലീസിന്റെ സഹായത്തോടെ സ്ത്രീകളെയും പുനരധിവസിപ്പിക്കും. സാമൂഹികനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി,കണ്ണൂർ കോർപറേഷൻ വയോമിത്രം പദ്ധതി കോ ഓർഡിനേറ്റർ കെ.പി പ്രബിത്ത്,കൺട്രോൾ റൂം എസ്‌ഐ ഐ.മോഹനൻ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.
നിപ ഭീതിയിൽ നിന്നും മുക്തമായിട്ടും ഗൾഫ് നാടുകളിലേക്കുള്ള പഴം,പച്ചക്കറി കയറ്റുമതിക്കുള്ള വിലക്ക് നീങ്ങിയില്ല
കോഴിക്കോട്:നിപ ഭീതിയിൽ നിന്നും മുക്തമായിട്ടും ഗൾഫ് നാടുകളിലേക്കുള്ള പഴം,പച്ചക്കറി കയറ്റുമതിക്കുള്ള വിലക്ക് നീങ്ങിയില്ല.ഇതോടെ വ്യാപാരികൾക്കും വിമാന കമ്പനികൾക്കും വിമാനത്താവളത്തിലെ ചരക്ക് കൈകാര്യം ചെയ്യുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനും ദിവസേന ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.നിപ ബാധയെ തുടർന്ന് മൂന്നുപേർ മരിച്ചതോടെ മെയ് 28 നാണ് കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി കയറ്റുമതിക്ക് ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത്.കുവൈറ്റാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്.പിന്നാലെ യുഎഇ,സൗദി,ബഹ്‌റൈൻ,ഖത്തർ തുടങ്ങിയ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തി.കോഴിക്കോട് നിന്നും ഈ രാജ്യങ്ങളിലേക്ക് ദിവസേന 55 മെട്രിക് ടൺ പഴങ്ങളും പച്ചക്കറികളുമാണ് കയറ്റുമതി ചെയ്തിരുന്നത്. മെയ് മുപ്പതോടെ കയറ്റുമതി പൂർണ്ണമായും നിലച്ചു.അതേസമയം പഴം,പച്ചക്കറി കയറ്റുമതിക്കുണ്ടായ വിലക്ക് നീക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.നിപ നിയന്ത്രണ വിധേയമായതായി ഗൾഫ് രാജ്യങ്ങളെ ബോധ്യപ്പെടുത്തി കയറ്റുമതി സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.
മായം ചേർത്ത വെളിച്ചെണ്ണ;ജില്ലയിലെ വ്യാജന്മാർക്ക് തടയിടാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്
കണ്ണൂർ:മായം ചേർത്ത വെളിച്ചെണ്ണ വില്പന നടത്തുന്ന വ്യാജന്മാർക്ക് തടയിടാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്.ജില്ലയിലെ വെളിച്ചെണ്ണ ബ്രാൻഡുകൾ രജിസ്റ്റർ ചെയ്യാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.ഭക്ഷ്യ സുരക്ഷാ ലൈസൻസിനൊപ്പം അവരുടെ ബ്രാൻഡും രജിസ്റ്റർ ചെയ്യാനാണ് നിർദേശം.ഒരു ലൈസൻസിൽ നാല് ബ്രാൻഡുകൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ പറ്റൂ.മായം ചേർത്ത വെളിച്ചെണ്ണ വിറ്റതിന് സംസ്ഥാനത്ത് 45 വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.ഇതേ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.മായം ചേർത്ത വെളിച്ചെണ്ണകൾ കടകളിൽ എത്തിച്ച് ബിൽ നൽകാതെയാണ് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്.ഇത് കണ്ടെത്തുന്നതിനായാണ് വെളിച്ചെണ്ണയുടെ നിർമാണം,സംഭരണം,വിതരണം എന്നിവ നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസിനൊപ്പം അവരുടെ ബ്രാൻഡുകൾ കൂടി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.അതേസമയം ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നതോടെ മായം ചേർത്ത വെളിച്ചെണ്ണ വിൽക്കുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുന്നില്ല. പരമാവധി അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.പ്രതികൾ പലപ്പോഴും കോടതിയിൽ പോയി രക്ഷപ്പെടുകയാണ് പതിവ്.ഇതിനാൽ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായി ബാധിക്കുകകൂടി ചെയ്യുന്നതിനാൽ കരുതിക്കൂട്ടി മായം ചേർക്കലിന് തടവ് ശിക്ഷ ലഭ്യമാക്കണമെന്ന് ആവശ്യം ശക്തമാണ്.