കായംകുളത്ത് കെഎസ്ആർടിസി മിന്നൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്
കായംകുളം:ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ സൂപ്പര്‍ എയര്‍ ഡീലക്സ് ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ദേശീയപാതയില്‍ കായംകുളം ഒഎന്‍കെ ജംഗ്‌ഷന് സമീപത്താണ് അപകടം നടന്നത്.മാനവന്തവാടിയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന മിന്നല്‍ ബസ്സാണ് അപകടത്തിൽപ്പെട്ടത്.മറ്റൊരു വാഹനത്തെ മറികടന്ന് വേഗതയിലെത്തിയ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബസ് ഡ്രൈവര്‍ പിന്നിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട ബസ് ഡ്രൈവറില്ലാതെ മുന്നൂറ് മീറ്റർ മുൻപോട്ട് പോവുകയും സമീപത്തെ വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറി നില്‍ക്കുകയുമായിരുന്നു. പുലർച്ചെയായതിനാൽ ദേശീയപാതയിൽ തിരക്ക് കുറവായതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്.
തീവ്രവാദികൾക്ക് മൊബൈൽ സിമ്മും പണവും എത്തിച്ചു നൽകി;സൗദിയിൽ പിടിയിലായത് കണ്ണൂർ സ്വദേശിയായ ജ്വല്ലറി ഉടമയും കുടുംബവുമെന്ന് സൂചന
റിയാദ്: തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് സിംകാര്‍ഡുകളും പണവും നല്‍കിയ കുറ്റത്തിന് സൗദിയിൽ അറസ്റ്റിലായ മലയാളികള്‍ കണ്ണൂര്‍ സ്വദേശികളായ ജ്വല്ലറി ഉടമയും കുടുംബവുമെന്ന് സൂചന.യെമന്‍ അതിര്‍ത്തിയില്‍ സിംകാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേര്‍ സൗദി സിഐ.ഡിയുടെ പിടിയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രണ്ടുപേര്‍ അറസ്റ്റിലായത്. എന്നാല്‍ ഇവര്‍ സ്ത്രീകളാണ്.അതെ സമയം ഇവരുടെ അറസ്റ്റിനെ കുറിച്ച് സൗദി, ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് സൂചന. കണ്ണൂരിലെ പ്രമുഖ ജൂവലറി ഉടമയും മട്ടന്നൂര്‍ എളമ്പാറ സ്വദേശിയുമായ കെ വി മുഹമ്മദും രണ്ട് സഹോദരന്മാരും മരുമകനുമാണ് പിടിയിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. വ്യാജ തിരിച്ചറിയല്‍രേഖ ഉപയോഗിച്ച് സിം എടുത്താണ് തീവ്രവാദികള്‍ക്ക് കൈമാറിയത്.ആറ് മാസം മുന്‍പ് ഇതേ കുറ്റത്തിന് ഇവര്‍ അറസ്റ്റിലായിരുന്നു. 25 വര്‍ഷമായി സൗദിയില്‍ താമസിക്കുന്നവരാണ് എല്ലാവരും.ഒരാള്‍ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്ന വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ കണ്ണൂരിലെത്തിയിട്ടില്ല.
കെഎസ്ആർടിസി ഇലക്ട്രിക്ക് ബസ് ഇന്ന് സർവീസ് ആരംഭിക്കും
തിരുവനന്തപുരം:കെ എസ് ആര്‍ ടിസിയുടെ പുതിയ പദ്ധതിയായ ഇലക്‌ട്രിക്ക് ബസ് സര്‍വീസ് ഇന്ന് തുടങ്ങും. ആദ്യ സര്‍വീസ് രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രന്‍ സ്‌റ്റേഷനില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശിന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.പതിനഞ്ചു ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് ബസ് സർവീസ് നടത്തുക.ഇതിൽ അഞ്ചു ദിവസം തിരുവനന്തപുരത്തും അഞ്ചു ദിവസം കൊച്ചിയിലും ബാക്കി അഞ്ചു ദിവസം കോഴിക്കോടുമാണ് ബസ് സർവീസ് നടത്തുക.4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ബസുകൾക്ക് കഴിയും. ലോഫ്‌ളോറിന്റെ അതേ നിരക്കില്‍ തന്നെയാണ് ഈ എസി ബസുകള്‍ നിരത്തില്‍ ഇറക്കുക. ഹൈദരബാദിലുള്ള ഗോള്‍ഡ് സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ആണ് ബസുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. മറ്റു ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ചു ശബ്ദം കുറവാണ് എന്നതും ഇലക്‌ട്രിക്ക് ബസിന്റെ പ്രത്യേകതയാണ്. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ സംവിധാനം, സിസിടിവി ക്യാമറ, ജിപിസ്, എന്റര്‍ടൈയ്‌മെന്റ് സിസ്റ്റം എന്നിവയും പുതിയ വാഹനത്തില്‍ ഉണ്ട്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടപ്പിലാക്കും.
ഫിഫ വേൾഡ് കപ്പ്;ജർമനിക്കെതിരെ മെക്സിക്കോയ്ക്ക് അട്ടിമറി ജയം
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫില്‍ നിലവിലെ ചാംപ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച് മെക്സിക്കോയ്ക്ക് അട്ടിമറി ജയം.35 മത്തെ മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ ഏകഗോളില്‍ ജര്‍മനിക്കാര്‍ അടിയറവ് പറഞ്ഞു. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്‌സിക്കോ മുന്നിലെത്തി. ഗോള്‍ നേടാന്‍ കിണഞ്ഞ് പരിശ്രമിച്ച ജര്‍മനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്‌സിക്കോ ഒതുക്കിയത്. തുടക്കം മുതല്‍ ചംപ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്‌സികോ പുറത്തെടുത്തത്.ആദ്യമത്സരം തോറ്റതോടെ, ജര്‍മനിക്ക് ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്. സ്വീഡനും ദക്ഷിണ കൊറിയയുമാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. സ്വീഡനെതിരായ മത്സരത്തില്‍ വിജയിക്കാനായില്ലെങ്കില്‍, അവര്‍ക്ക് രണ്ടാം സ്ഥാനത്തിനുപോലും കഷ്ടപ്പെടേണ്ടിവരും.
കട്ടിപ്പാറ ഉരുൾപൊട്ടൽ;കണ്ടെത്താനുള്ള ഒരാൾക്കായി ഇന്നും തിരച്ചിൽ തുടരുന്നു
കോഴിക്കോട്:കട്ടിപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ അവസാനത്തെയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. ദുരന്തത്തില്‍ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസയ്ക്കായുളള തിരച്ചിലാണ് പുരോഗമിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നെത്തിയ സ്‌കാനര്‍ സംഘവും കരിഞ്ചോലയില്‍ പരിശോധന നടത്തുന്നുണ്ട്.ഗ്രൗണ്ട് പെനട്ട്രേറ്റിംഗ് റഡാര്‍ സംവിധാനം ഉപയോഗിച്ച് മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താനുളള ശ്രമമാണ് നടക്കുന്നത്. ഇന്നലെ ഒരു മൃതദേഹം കൂടി ലഭിച്ചതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി.അതേസമയം തിരച്ചിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് സര്‍വ്വകക്ഷി യോഗം ചേരും.ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍, പ്രദേശവാസികള്‍ എന്നിവരുടെ യോഗവും വിളിച്ചു ചേര്‍ത്തതായി സ്ഥലം എം എല്‍ എ കാരാട്ട് റസാഖ് അറിയിച്ചു.
മരട് സ്കൂൾ വാൻ അപകടം;ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു
കൊച്ചി: മരട് സ്കൂൾ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ത്രീവപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മൂന്നു വയസുകാരി കരോളിൻ ജോബി ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.മരട് വിക്രം സാരാഭായ് റോഡിലെ കിഡ്സ് വേൾഡ് സ്കൂളിന്‍റെ വാനാണ് അപകടത്തിൽപ്പെട്ടത്. പ്ലേ സ്കൂളിൽനിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്കൂൾ വാൻ റോഡരികിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തിൽ നേരത്തെ രണ്ടു കുട്ടികളും ഒരു ആയയും മരിച്ചിരുന്നു.
കട്ടിപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 13 ആയി
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.നേരത്തെ മരിച്ച ഹസന്‍റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇനി അബ്ദുറഹിമാന്‍റെ ഭാര്യ നഫീസയെ കൂടി കണ്ടെത്താനുണ്ട്.ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസേന, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാൻ (60), കരിഞ്ചോല ജാഫറിന്‍റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൽ സലീമിന്‍റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), മകൾ ജന്നത്ത് (17), അബ്ദുറഹിമാന്‍റെ മകൻ ജാഫറി (35) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ചയും കരിഞ്ചോല നുസ്റത്തിന്‍റെ മകൾ 11 മാസം പ്രായമായ റിസ്‌വ മറിയത്തിന്‍റെ മൃതദേഹം വെള്ളിയാഴ്ചയും കരിഞ്ചോല ഹസന്‍റെ മകൾ നുസ്രത്ത് (26), നുസ്രത്തിന്‍റെ മകൾ റിൻഷ മെഹറിൻ (നാല്), മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (25), മകൾ നിയ ഫാത്തിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ചയുമാണ് കണ്ടെത്തിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ എന്ന ബോധവൽക്കരണ യജ്ഞവുമായി കണ്ണൂർ ജില്ലാ ഭരണകൂടം
കണ്ണൂർ:സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ എന്ന യജ്ഞവുമായി കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും.കഴിഞ്ഞ വർഷം ഒക്ടോബറിൽ നടപ്പിലാക്കിയ എംആർ വാക്‌സിനേഷൻ കാമ്പയിനിൽ തങ്ങളുടെ കുട്ടികൾക്ക് വാക്‌സിനേഷൻ നല്കാൻ ആഗ്രഹിക്കാത്ത രക്ഷിതാക്കൾ കളക്റ്ററിൽ നിന്നും ഒപ്പ് വാങ്ങണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.ഇതനുസരിച്ച് നിരവധി രക്ഷിതാക്കളാണ് കല്കട്ടറിൽ നിന്നും ഒപ്പ് വാങ്ങുന്നതിനായി എത്തിയത്.ഇവരോട് കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി വാക്‌സിനേഷൻ നല്കാൻ മടിക്കുന്നതിന്റെ കാരണം അന്വേഷിച്ചു.അതിനവർ നൽകിയ മറുപടി വാക്‌സിനേഷൻ അപകടകരമാണെന്ന് തങ്ങൾ സോഷ്യൽ മീഡിയ വഴി അറിഞ്ഞു എന്നതാണ്.ഇതിലൂടെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ കണ്ണടച്ച് വിശ്വസിക്കുന്നുണ്ടെന്ന് കലക്റ്റർ തിരിച്ചറിഞ്ഞു.ഇതാണ് ഇത്തരത്തിലൊരു ബോധവൽക്കരണ യജ്ഞം ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന് പ്രചോദനമായത്.ബോധവൽക്കരണ യജ്ഞത്തിന്റെ ആദ്യപടിയെന്ന നിലയില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ജില്ലയിലെ 150 അദ്ധ്യാപകർക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി. ട്രെയിനിങ് ലഭിച്ച അദ്ധ്യാപകർ സ്കൂളുകളിൽ എത്തി വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തും. വാട്ട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും ദിനംപ്രതി വ്യാജവാര്‍ത്തകള്‍ ഒന്നും നോക്കാതെ ഫോര്‍വേഡ് ചെയ്തുവിടുന്നവര്‍ നിരന്തരം വിഡ്ഢികളാക്കപ്പെടുകയാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. വ്യാജ വാര്‍ത്തകള്‍ക്കും സന്ദേശങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഉടന്‍ കേസെടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും ‘നിപ’ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടി കളക്ടര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുംമുമ്പ് അതിന്റെ ഉറവിടം അന്വേഷിക്കുക.അതാരാണ് സൃഷ്ടിച്ചത്, തീയതി എന്നിവ പരിശോധിക്കുക. പുതിയ കാര്യങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നതാണ് വ്യാജവാര്‍ത്തകള്‍ പരക്കുന്നതിന്റെ മനഃശാസ്ത്രം.അത് മറ്റുള്ളവരില്‍ ആദ്യമെത്തിക്കുന്നത് താനാണെന്നതിലൂടെ ലഭിക്കുന്ന ശ്രദ്ധയാണ് ഇതിന്റെ ആത്മസംതൃപ്തി.വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ആത്മ നിര്‍വൃതിയടയുന്നത് അത് അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമ്പോഴാണ്. എന്നാല്‍ അവരെ കാത്തിരിക്കുന്നത് പൊലീസ് നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമുള്ള നിയമനടപടികളാണ്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വളരെയധികം പങ്ക് വഹിക്കുന്നത് സാധാരണ പൊതുജനമാണെന്നും കളക്ടര്‍ പറഞ്ഞു.സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. ഇന്റര്‍നെറ്റ് അദ്ഭുതകരമായ വേദിയാണെങ്കിലും അതിന്റെ അമിതവും നിരുത്തരവാദപരവുമായ ഉപയോഗമാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 സ്കൂളുകളിലെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി ക്ലാസ് നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു.പിന്നീട് മറ്റു സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, ഐ.ടി. അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് തന്റെ മതത്തെ രക്ഷിക്കാനെന്ന് പ്രതിയുടെ കുറ്റസമ്മതം
ബെംഗളൂരു:തന്റെ മതത്തെ രക്ഷിക്കാനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മതം.കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് കുറ്റസമ്മതം.’ആരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് അറിയില്ലായിരുന്നു. 2017 മെയ് മാസത്തിലാണ് തന്നെ ചിലര്‍ കൊലയ്ക്കായി നിയോഗിച്ചത്. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാനത് സമ്മതിക്കുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷമാണ് അത് ഗൗരിലങ്കേഷ് ആണെന്ന് മനസ്സിലായത്.’ അവരെ കൊല്ലരുതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് പരശുറാം കുറ്റസമ്മതം നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ മൂന്നിന് തന്നെ ബെംഗളൂരുവില്‍ എത്തിക്കുകയും കൊലയ്ക്കുള്ള പരിശീലനം നൽകുകയും ചെയ്തു.ബെംഗളൂരുവിലെത്തി മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ മറ്റൊരാള്‍ കൊല നടത്തേണ്ട വീട് കാണിച്ച് തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും സെപ്റ്റംബര്‍ അഞ്ചിന് ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലെത്തിച്ചു.ഗൗരിലങ്കേഷ് വീടിന് മുന്നിലെത്തിയ സമയത്ത് തന്നെയാണ് ഞങ്ങളും അവിടെയെത്തിയത്. ഗേറ്റിന് മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് തന്റെ നേരെ നടന്ന് വരികയായിരുന്ന ഗൗരിക്ക് നേരെ നാല് വട്ടം വെടിയുതിര്‍ത്തു. കൊലപാതകം നടത്തി അന്ന് രാത്രി തന്നെ നഗരം വിട്ടുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.