തമിഴ്നാട് തൂത്തുക്കുടിയിൽ വീണ്ടും പോലീസ് വെടിവെയ്പ്പ്;ഒരാൾ കൂടി മരിച്ചു

keralanews one died in police firing in thuthukkudi tamilnadu

തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെ വീണ്ടും പോലീസ് വെടിവയ്പ്. അണ്ണാ നഗറിലുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ കൂടി മരിച്ചു.അണ്ണാനഗര്‍ സ്വദേശി കാളിയപ്പന്‍ (24)ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തൂത്തുക്കുടി എസ്.പി മഹേന്ദ്രന്‍ അടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം നടന്നത്.ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സർക്കാർ ആശുപത്രിക്ക് പുറത്ത് പ്രതിഷേധവുമായി ഇറങ്ങിയവർക്ക് നേരെയാണു പോലീസ് വെടിവച്ചത്. സ്റ്റെർലൈറ്റ് പ്ലാന്‍റിനെതിരെയും പോലീസിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവയ്ക്കുകയായിരുന്നു. അക്രമാസക്തരായ ജനങ്ങൾ ബസിനും തീവെച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, നിരോധനാജ്ഞ ലംഘിച്ച്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. പലയിടത്തും സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാല പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് ദിവസത്തോളമായി ഇവിടെ നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരികെയായിരുന്നു ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.

കർണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു

keralanews kumaraswami take oath as karnataka chief minister

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസ് അധ്യക്ഷന്‍ എച്ച്‌.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക പിസിസി അധ്യക്ഷന്‍ കൂടിയായ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു.വിധാന്‍ സൗധക്കുമുന്നില്‍ പ്രത്യേകമായി ഒരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മറ്റന്നാളാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ വിശ്വാസ വോട്ടെടുപ്പ് നടക്കുക..കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി,ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എന്നിവര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.ഇത് രണ്ടാം തവണയാണ് കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുന്നത്.ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടിയ ബിജെപി ആദ്യം അധികാരം പിടിക്കാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയായ ബി.എസ്.യെദിയൂരപ്പ ആദ്യം സത്യപ്രതിജ്ഞ ചെയ്തെങ്കിലും പിന്നീടുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ രാജിവച്ച് പുറത്തുപോവുകയായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ സർക്കാർ അധികാരമേറ്റത്.

നിപ വൈറസ്;മരിച്ച നേഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി;മക്കൾക്ക് പത്തുലക്ഷം രൂപ വീതവും നൽകും

keralanews nipah virus govt job for nurse linis husband and ten lakh rupees each to her children

കോഴിക്കോട്:നിപ വൈറസ് ബാധിച്ചവരെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.ബഹ്‌റനില്‍ ജോലി ചെയ്യുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിന് നാട്ടില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്നും ലിനിയുടെ രണ്ട് മക്കള്‍ക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.ലിനിയുടെ മക്കൾക്ക് അനുവദിക്കുന്ന തുകയിൽ അഞ്ചുലക്ഷം വീതം ഓരോ കുട്ടിയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും.കുട്ടികൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകുമ്പോൾ തുകയും പലിശയും കുട്ടികൾക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക.ബാക്കി തുകയിൽ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങൾക്ക് പലിശ രക്ഷിതാവിന് പിൻവലിക്കാനാകുന്ന തരത്തിൽ നിക്ഷേപിക്കും.കൂടാതെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സര്‍ക്കാര്‍ സഹായധനം നല്‍കും. വൈറസ് ബാധ പടരുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ്പാ വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തപാൽ ജീവനക്കാരുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു

keralanews the national strike of postal workers has started

കണ്ണൂർ:കമലേഷ് ചന്ദ്ര റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാൽ,ആർഎംഎസ് ജീവനക്കാരുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.എൻ എഫ് പി ഇ,എഫ്.എൻ.പി.ഓ,എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്ക് കണ്ണൂർ പോസ്റ്റൽ ഡിവിഷനിലെ പയ്യന്നൂർ,തളിപ്പറമ്പ്,കണ്ണൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസിൽ പ്രവർത്തനങ്ങളെ ബാധിച്ചു.പണിമുടക്കുന്ന തപാൽ ജീവനക്കാർ കണ്ണൂർ മുഖ്യ തപാലാപ്പീസിനു മുൻപിൽ ധർണ നടത്തി.നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് അസിസ്റ്റന്റ് ജനറൽ സെക്രെട്ടറി എം.വി ജനാർദനൻ ധർണ ഉൽഘാടനം ചെയ്തു.

ബ്ലൂ ഇൻഡസ്ട്രീസിന്റെ കുപ്പിവെള്ളത്തിന് ജില്ലയിൽ നിരോധനം ഏർപ്പെടുത്തി

keralanews the bottled water of blue industries banned in kannur district

കണ്ണൂർ:ബ്ലൂ ഇൻഡസ്ട്രീസിന്റെ എം.എഫ്.ജി 9/4/18/എസ് ആര്‍,ബി. നം.1575/ബി.എസ്/3, എക്‌സ്പ് ,19/10/18 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളം കണ്ണൂർ ജില്ലയിൽ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തെത്തി.ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറാണ് ഉത്തരവിറക്കിയിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ തോതിലുള്ള നൈട്രൈറ്റ്, പി.എച്ച് മൂല്യം കുറവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഉപഭോക്താക്കള്‍ കുപ്പിവെള്ളം വാങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രസ്തുത ഉത്പന്നം മാര്‍ക്കറ്റില്‍ വിതരണത്തിന് വെച്ചിരിക്കുന്നതായി കണ്ടാല്‍ കണ്ണൂര്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ 8943346193 എന്ന നമ്പറില്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു

അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

keralanews youth arrested with half kg of ganja

കണ്ണൂർ:അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തളാപ്പ് സ്വദേശിയായ ഹുസൈന്‍കുഞ്ഞി(32)യെയാണ് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.നൂറു രൂപയുടെ ചെറുപൊതികളിലാക്കി ബൈക്കില്‍ വിതരണത്തിനായി കൊണ്ടുവരുന്നതിനിടയിലാണ് എസ്.ഐ വിനോദനും സംഘവും യുവാവിനെ പിടികൂടിയത്. നഗരത്തില്‍ കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഹുസൈന്‍ കുഞ്ഞി.കഞ്ചാവ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ പേരിൽ പോലീസ് സ്റ്റേഷനിൽ നേരത്തെയും കഞ്ചാവ് കേസ് നിലവിലുണ്ട്.മംഗളൂരുവിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സിപിഎം-ബിജെപി സംഘർഷം;പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്

keralanews cpm bjp conflict bomb attack against bjp office in payyannur

പയ്യന്നൂർ:പയ്യന്നൂരിൽ സിപിഎം-ബിജെപി സംഘർഷം.ബിജെപി ഓഫീസായ കൊക്കാനിശ്ശേരിയിലെ മാരാർജി മന്ദിരത്തിനു നേരെ ഇന്നലെ രാവിലെ പതിനൊന്നു മണിയോടുകൂടി ബോംബേറുണ്ടായി.ബോംബ് ചുമരിൽ തട്ടി പൊട്ടിത്തെറിച്ചു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും ബിജെപി ആരോപിച്ചു.ഇന്നലെ രാവിലെ ഒന്പതരയോടുകൂടി പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിന് സമീപത്തു  വെച്ച് സിപിഎം പ്രവർത്തകൻ ഷിനുവിനെ നേരെ ആക്രമണം നടന്നിരുന്നു.ബൈക്കിൽ വരികയായിരുന്ന ഷിനുവിനെ കാറിലെത്തിയ സംഘം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തെ ബിജെപി പ്രവർത്തകനായിരുന്ന ഷിനു അടുത്തകാലത്താണ് സിപിഎമ്മിലേക്ക് ചേർന്നത്. ഷിനുവിനെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.പിന്നീട് പത്തര മണിയോട് കൂടി ബിജെപി പ്രവർത്തകൻ രജിത്തിനെ പയ്യന്നൂർ പഴയ സ്റ്റാൻഡിനു സമീപത്തു വെച്ച ഒരു സംഘം തടഞ്ഞു നിർത്തി മർദിച്ചു.പരിക്കേറ്റ രജിത്തിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇതിനു ശേഷം 11.15 ഓടെയാണ് ബിജെപി ഓഫീസായ മാരാർജി മന്ദിരത്തിനു നേരേ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സിപിഎം പ്രവർത്തകർ സ്റ്റീൽ ബോംബെറിയുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.ബിജെപി ജില്ലാ പ്രസിഡന്‍റ് പി. സത്യപ്രകാശ്, വൈസ് പ്രസിഡന്‍റ് പി. ബാലകൃഷ്ണൻ, മേഖലാ വൈസ് പ്രസിഡന്‍റ് എ.പി. ഗംഗാധരൻ, മണ്ഡലം പ്രസിഡന്‍റ് ടി. രാമകൃഷ്ണൻ, ആർഎസ്എസ് ജില്ലാ കാര്യവാഹക് പി. രാജേഷ് കുമാർ എന്നിവർ സന്ദർശിച്ചു.മൂന്നു സംഭവങ്ങളിലും കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു. അക്രമമുണ്ടായ സ്ഥലങ്ങളിലെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

മലപ്പുറത്തും നിപ വൈറസ്ബാധ സ്ഥിതീകരിച്ചു

keralanews nipah virus confirmed in malappuram also

മലപ്പുറം:കോഴിക്കോട്ട് എട്ടുപേരുടെ മരണത്തിനു ഇടയാക്കിയ നിപ വൈറസ് മലപ്പുറത്തും സ്ഥിതീകരിച്ചു.ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ പനിബാധിച്ച് മരിച്ച മൂന്നു മലപ്പുറം സ്വദേശികൾക്കും നിപ വൈറസ് ബാധ സ്ഥിതീകരിച്ചു.കൊളത്തൂർ താഴത്തിൽതൊടി വേലായുധൻ(48),മൂന്നിയൂർ ആലിൻചുവട് മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36),തെന്നല കൊടക്കാലത്ത്‌ പടിക്കൽ ഉബീഷിന്റെ ഭാര്യ ഷിജിത(23)എന്നിവരാണ്  മരിച്ചത്.ഇതോടെ നിപ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനൊന്നായി.എന്നാൽ നിപ വൈറസ് നിലവില്‍ സ്ഥിരീകരിച്ചതു കോഴിക്കോട് ജില്ലയില്‍ മാത്രമെന്ന് കേന്ദ്ര ആരോഗ്യവിദഗ്ധ സംഘം. മലപ്പുറത്തെ മൂന്നുപേര്‍ നിപ ബാധിച്ചു മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും നിപ പടര്‍ന്നതിനെ തുടര്‍ന്നാണെന്നും ആരോഗ്യസംഘം അറിയിച്ചു. പെരിന്തൽമണ്ണ ഗവ.ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയയ്ക്ക് ശേഷം പനി വന്നതിനെ തുടർന്നാണ് വേലായുധനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. മൂന്നിയൂർ സ്വദേശിനിയായ സിന്ധു അമ്മയ്ക്ക് സഹായത്തിനായും ഷിജിത കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടായും മെഡിക്കൽ കോളേജിൽ ദിവസങ്ങളോളം ഉണ്ടായിരുന്നു.ഈ സമയത്തുതന്നെയാണ് പേരാമ്പ്രയിൽ നിന്നും നിപ വൈറസ് ബാധിതർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടായിരുന്നത്.മരിച്ച സിന്ധുവിന്റെ മൃതദേഹം കർശന നിയന്ത്രണങ്ങളോടെയാണ്  സംസ്‌കരിച്ചത്.എന്നാൽ വേലായുധന്റെയും ഷിജിതയുടെയും സംസ്ക്കാരം സാധാരണ പോലെ നാട്ടുകാർ ഒന്നിച്ചു കൂടിയാണ് നടത്തിയത്.ഇതിൽ നാട്ടുകാർ ഇപ്പോൾ ആശങ്കയിലാണ്.ഇതേതുടർന്ന് ആരോഗ്യ പ്രവർത്തകർ ഇവരുടെ വീടുകളിലും നാട്ടിലുമെത്തി ബോധവൽക്കരണം നടത്തി.മരിച്ച ഷിബിതയുടെ ഭർത്താവിനെയും പനിയെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു

keralanews actor vijayan peringode passed away

പാലക്കാട്:ഒട്ടേറെ മലയാള ചിത്രങ്ങളിലും പരസ്യങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള നടൻ വിജയൻ പെരിങ്ങോട്(66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അന്ത്യം.സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയിരുന്ന വിജയൻ പിന്നീട് അഭിനയരംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു.സൂപ്പർ താര ചിത്രങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ചെറുതും ശ്രദ്ധേയവുമായ നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. 1983ൽ പി.എൻ. മേനോന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അസ്ത്രം’എന്ന ചിത്രമാണ് ആദ്യ ചിത്രം.പിന്നീട് നാൽപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളത്തിൽ വൻ ഹിറ്റായ ദേവാസുരം,മീശമാധവൻ,കിളിച്ചുണ്ടൻ മാമ്പഴം,പട്ടാളം, അച്ചുവിന്റെ അമ്മ,വടക്കുംനാഥൻ,സെല്ലുലോയ്ഡ്,രക്ഷാധികാരി ബൈജു തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിലെ ഒട്ടേറെ പരസ്യ ചിത്രങ്ങളിലും  അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി;വൈദ്യുത ചാർജ് കൂട്ടേണ്ടി വരുമെന്ന് കെഎസ്ഇബി

keralanews financial crisis kseb has to increase power charges

തിരുവനന്തപുരം:കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി ചാർജ് കൂട്ടേണ്ടി വരുമെന്ന് കെഎസ്ഇബി.കുടിശ്ശിക പിരിച്ചെടുത്തത്‌ കൊണ്ട് മാത്രം കാര്യമില്ലെന്നും താരിഫ് ക്രമപ്പെടുത്തണമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.പെൻഷൻ മുടങ്ങിയേക്കുമെന്ന ആശങ്കയറിയിച്ച് ചെയർമാൻ സംഘടനകൾക്ക് കത്തയച്ചതിനു പിന്നാലെയാണ് വൈദ്യുത വകുപ്പ് കടുത്ത പ്രതിസന്ധിയിലാണെന്ന് കെഎസ്ഇബി സർക്കാരിനെയും അറിയിച്ചിരിക്കുന്നത്. 2017 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 2500 കോടി രൂപയാണ് വിവിധ സർക്കാർ,പൊതുമേഖലാ,സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി കെഎസ്ഇബിക്ക് കുടിശ്ശികയുള്ളത്.വാട്ടർ അതോറിറ്റി മാത്രം 1220 കോടിയോളം രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. വർഷങ്ങളായുള്ള കുടിശ്ശികയുണ്ടെങ്കിലും ഇത് പിടിച്ചെടുക്കുന്നതിൽ വൈദ്യുത ബോർഡ് കടുത്ത അലംഭാവം കാണിക്കുന്നതായി വിമർശനം ഉയരുന്നുണ്ട്.