കോഴിക്കോട്:നിപ വൈറസ് രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നത് രോഗം മൂർച്ഛിച്ച അവസ്ഥയിലാണെന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിട്യൂട്ടിലെ ഡോ.ജി അരുൺ കുമാർ.പനി ബാധിച്ച രോഗി വീട്ടിൽ കഴിഞ്ഞപ്പോൾ ഇടപഴകിയവർക്ക് രോഗം പിടിപ്പെട്ടിട്ടില്ല.എന്നാൽ രോഗം മൂർച്ഛിച്ച ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൂടെയുള്ളവർക്ക് രോഗം പകർന്നത്.ആശുപത്രിയിൽ രോഗിയെ പരിചരിച്ച നഴ്സുമാർക്ക് ഉൾപ്പെടെ രോഗം പിടിപെട്ടതും വീടുകളിൽ ഇടപഴകിയവർക്ക് രോഗം പിടിപെടാതിരുന്നതിനുമുള്ള കാരണം ഇതാണ്. കോഴിക്കോട് കളക്റ്ററേറ്റിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോ.അരുൺ കുമാർ.വൈറസ് ബാധ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും എന്നാൽ ഇത്തരം അനുമാനത്തിന്റെ പേരിൽ ജാഗ്രത ഒട്ടും കുറയ്ക്കരുതെന്നും ഡോക്റ്റർ പറഞ്ഞു.നിപ വൈറസ് ബാധിച്ചതായി സംശയം തോന്നുന്നവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കും.വൈറസ് ബാധയെ തുടർന്ന് മരിച്ചവരുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കുന്നത് 42 ദിവസം വരെ തുടരുമെന്നും ആവശ്യമെങ്കിലും ഇനിയും നിരീക്ഷിക്കുമെന്നും ഡോ.അരുൺ കുമാർ വ്യക്തമാക്കി.
കണ്ണൂർ ജില്ലയിൽ ഇതുവരെ ഒരു നിപ വൈറസ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ
കണ്ണൂർ:കണ്ണൂർ ജില്ലയിൽ ഇതുവരെ ഒരു നിപ വൈറസ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ.കണ്ണൂർ ജില്ലയിൽ വിവിധ ആശുപത്രികളിലായി നിപ വൈറസ് ബാധിച്ചവരെത്തിയെന്നും ഇവരിൽ പലരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും മറ്റുമുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കണ്ണൂർ ജില്ലയിൽ ഇതുവരെ നിപ്പ സംശയ ബാധിതർ പോലും എത്തിയിട്ടില്ല.എന്നാൽ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി എത്തിയവരെ പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ട്.ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്. ഇതൊക്കെ ആരോഗ്യവകുപ്പിന്റെ ജാഗ്രതയുടെ ഫലമാണെന്നും ഡിഎംഒ വ്യക്തമാക്കി.നിപ ബാധിച്ച ഒരാൾ ജില്ലാശുപത്രിയിൽ ചികിത്സ തേടി എത്തി എന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ മഞ്ഞപിത്തം ബാധിച്ച് എത്തിയ ആളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക മാത്രമായിരുന്നുവെന്നും ജില്ലാ ആശുപത്രിയിലെ നിപ നോഡൽ ഓഫീസർ ഡോ.എൻ അഭിലാഷ് പറഞ്ഞു.
നിപ വൈറസ്;ഉറവിടം കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തും;ആദ്യം രോഗം കണ്ടെത്തിയ സാബിത്തിന് രോഗം എവിടെ നിന്നും പകർന്നെന്നും പരിശോധിക്കും
കോഴിക്കോട്:നിപ വൈറസ് പകർന്നത് വവ്വാലിൽ നിന്നല്ലെന്ന കണ്ടെത്തലിനെത്തുടർന്ന് വൈറസിന്റെ ഉറവിടം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കിണറ്റില്‍നിന്നും പിടികൂടിയ പ്രാണിയെ തിന്നുന്ന ഇനം വവ്വാലിനെയാണ‌് ആദ്യം പരിശോധനക്കയച്ചത‌്. ഇനി ഫലവര്‍ഗങ്ങള്‍ തിന്നുന്ന ഇനം വവ്വാലുകളെ പിടികൂടി പരിശോധനക്ക‌് അയക്കാനാണ‌് തീരുമാനം. വവ്വാല്‍ കാഷ‌്ഠവും ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.രോഗം ആദ്യം കണ്ടെത്തിയ മരിച്ച പേരാമ്ബ്ര സ്വദേശി മുഹമ്മദ‌് സാബിത്തിന‌് രോഗം എവിടെനിന്നു പകര്‍ന്നെന്ന പരിശോധനയും പുരോഗമിക്കുന്നുണ്ട്.സാബിത്ത് വിദേശയാത്ര നടത്തിയിരുന്നോ എന്നും പരിശോധിച്ച് വരുന്നുണ്ട്.ഭോപ്പാല്‍ നാഷണല്‍ ഇന്‍സ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍നിന്ന‌് വെള്ളിയാഴ‌്ച രാത്രിയോടെയാണ‌് വവ്വാലുകളുടെ സ്രവത്തിന്റെ പരിശോധനാ ഫലം വന്നത‌്. നാലുപേര്‍ മരിച്ച കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്ബിലെ കിണറ്റില്‍ നിന്നാണ‌് വവ്വാലിനെ പിടികൂടി പരിശോധനക്ക‌് അയച്ചത‌്. ഇതോടൊപ്പം വീടിനടുത്തുള്ള ആട‌്, പോത്ത‌്, പന്നി എന്നിവയുടെ സാമ്ബിളുകളും അയച്ചിരുന്നു. ഇവയിലും വൈറസിന്റെ സാന്നിധ്യമില്ല.അതിനിടെ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് വിദഗ‌്ധസംഘം ഉറപ്പാക്കി.ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും അതീവ ജാഗ്രത തുടരുമെന്ന‌് മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംശയത്തെ തുടര്‍ന്ന‌് കഴിഞ്ഞ ദിവസം പരിശോധിച്ച 21 പേരില്‍ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.രോഗമുള്ളവര്‍ക്കായി ഓസ‌്ട്രേലിയയില്‍നിന്ന‌് 50 ഡോസ‌് മരുന്ന‌് എത്തി. 12 പേര്‍ക്ക‌് നല്‍കിയതില്‍ ഫലപ്രദമെന്ന‌് കണ്ടെത്തി. നിപാ രോഗാണു പരക്കുന്നില്ലെന്ന‌് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക‌് നേതൃത്വം നല്‍കുന്ന മണിപ്പാല്‍ കസ‌്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വൈറല്‍ സ‌്റ്റഡീസ‌് വിഭാഗം മേധാവി ഡോ. ജി അരുണ്‍കുമാര്‍ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത;കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശം നൽകി
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇതോടെ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിയന്ത്രിക്കണമെന്നും കടൽത്തീരത്തും പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും നിർദേശത്തിൽ പറയുന്നുണ്ട്.കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.മരങ്ങളുടെ ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.അടിയന്തിര സാഹചര്യം നേരിടാൻ 24 മണിക്കൂർ കൺട്രോൾ റൂം തുറക്കണം.കേരളം,ലക്ഷദ്വീപ്, കന്യാകുമാരി, കർണാടക,തീരങ്ങളിലൊന്നും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറാം ഗവർണ്ണർ
ന്യൂഡൽഹി:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചു.ഇതു സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി.നിലവിലെ ഗവർണർ നിർഭയ് ശർമ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്. നിർഭയ് ശർമയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും.കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം ആർഎസ്എസിന്‍റെ മുഴുവൻ സമയ പ്രവർത്തകനായി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്‍റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിനെ ശ്രദ്ധേയനാക്കി.
ചെങ്ങന്നൂരിൽ പരസ്യപ്രചാരണം ഇന്നവസാനിക്കും
ചെങ്ങന്നൂർ:രണ്ടുമാസമായി ചെങ്ങന്നൂരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം. വൈകുന്നേരം ആറുമണിയോടെ പരസ്യപ്രചരണം അവസാനിക്കും.നോട്ട് നിരോധനം,ജി എസ് ടി,ഇന്ധന വിലവർധന,കത്വ പീഡനം തുടങ്ങിയവയൊക്കെ പ്രചാരണത്തിൽ ചർച്ചാ വിഷയമായി.നേരത്തെ ചെങ്ങന്നൂരിൽ നിലനിന്നിരുന്ന വികസന മുരടിപ്പും പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ പിന്നീടുണ്ടായ വികസനവുമൊക്കെയാണ് എൽഡിഎഫ് പ്രധാനമായും മുന്നോട്ടുവെച്ചത്.ഒരു വിഭാഗത്തിന്റെ വോട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം.എല്‍ഡിഎഫിന്റെ സജി ചെറിയാനും യുഡിഎഫിന്റെ ഡി വിജയകുമാറും എന്‍ഡിഎയുടെ പിഎസ് ശ്രീധരന്‍പിള്ളയും ശക്തമായ പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. പരസ്യപ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.മുഖ്യമന്ത്രി പിണറായി വിജയൻ,പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്,സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ,സിപിഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ സിപിഎമ്മിനായി പ്രചാരണത്തിനിറങ്ങി.യുഡിഎഫിന് വേണ്ടി പ്രവർത്തക സമിതി അംഗം എ.കെ ആന്റണി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഉമ്മൻ ചാണ്ടി എന്നിവരും ബിജെപിക്ക് വേണ്ടി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും പ്രചാരണത്തിനിറങ്ങി.മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമായേക്കാവുന്ന തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും.ഫലപ്രഖ്യാപനം 31നാണ്.
നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധന ഫലം
കോഴിക്കോട്:നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധന ഫലം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് മാരകമായ പകർച്ചവ്യാധിക്കു കാരണം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.നിപ്പ ബാധയെ തുടർന്ന് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച വവ്വാലുകളുടേതുൾപ്പെടെ 21 വവ്വാലുകളുടെ സാമ്പിളുകളാണ് ഭോപ്പാലിലെ നാഷണൽ ഇസ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ പരിശോധിച്ചത്.ഈ ഫലങ്ങളെല്ലാം നെഗറ്റിവാണെന്ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്റ്റർ ഡോ.എൻ.എൻ ശശി പറഞ്ഞു.ഇതോടെ വൈറസ് എവിടെ നിന്നും വന്നു എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടി വരും.വൈറസ് ബാധയെ തുടർന്ന് ആദ്യം മരണപ്പെട്ട സാബിത്തിനു രോഗബാധ എങ്ങനെ ഉണ്ടായി എന്നതിലേക്കാണ് അന്വേഷണം നീളുന്നത്.മെയ് അഞ്ചിനാണ് സാബിത്ത് പനിബാധിച്ച് മരണമടഞ്ഞത്.നിപ്പ ബാധയെ തുടർന്നാണ് മരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനമെങ്കിലും സാബിത്തിന്റെ രക്ത സാമ്പിളുകൾ പരിശോധിച്ചിരുന്നില്ല.പിന്നീടാണ് സാബിത്തിന്റെ സഹോദരൻ സാലിഹും പിതാവ് മൂസയും നിപ ബാധിച്ച് മരിച്ചത്. ഇവരുടെ താമസ സ്ഥലത്തുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ശേഷമാണ് മൂവർക്കും പനി ബാധിച്ചതെന്നാണ് കരുതിയിരുന്നത്.ഇതിനാലാണ് ഇവരുടെ കിണറ്റിലുള്ള വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിച്ചത്.വവ്വാലുകളുടെ തൊണ്ടയിൽ നിന്നുള്ള സ്രവം,രക്തം,കാഷ്ടം എന്നിവയാണ് പരിശോധനയ്ക്കായി അയച്ചത്.പന്നികളുടെ മൂക്കിൽ നിന്നുള്ള സ്രവം,രക്തം എന്നിവയും ആടിന്റേയും പശുവിനെയും രക്തസാമ്പിളുകൾ എന്നിവയും പരിശോധനയ്ക്കായി അയച്ചിരുന്നു.ഇതും നെഗറ്റിവാണ്.വളർത്തുമൃഗങ്ങളിൽ നിന്നല്ല നിപ ബാധിച്ചതെന്ന് തെളിയിക്കുന്നതാണ് പരിശോധന ഫലം.ഇതോടെ മരിച്ച സാബിത്തിന്റെ യാത്ര വിവരവും പൂർവ്വസാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി;നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള വവ്വാലിന്റെ രക്തപരിശോധന ഫലം വൈകും
കോഴിക്കോട്:സംസ്ഥാനത്ത് നിപ വൈറസ്ബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഇതുവരെ 12 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും സ്ഥിതീകരിച്ചു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിപയെ ഒറ്റക്കെട്ടായി നേരിടാനാണ് യോഗത്തിന്റെ തീരുമാനം.അതേസമയം നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള വവ്വാലിനെ രക്തപരിശോധന ഫലം ഭോപ്പാലിലെ ലാബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.ഫലം ഇന്ന് ലഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.ഫലം ലഭിച്ചാൽ മാത്രമേ ഉറവിടം സംബന്ധിച്ച സ്ഥിതീകരണം നടത്താനാകൂ.നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനാ നല്ല രീതിയിലുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രണ്ടാമത്തെ മരണത്തോട് കൂടി തന്നെ രോഗകാരണം കണ്ടുപിടിക്കാൻ കഴിഞ്ഞതിൽ സർക്കാരിനെ അഭിനന്ദിച്ചുവെന്നും മന്ത്രി പറഞ്ഞു.
തളിപ്പറമ്പിൽ വാഹനാപകടം;ലോറിയുടെ ടയർ തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
തളിപ്പറമ്പ്:തളിപ്പറമ്പ് ദേശീയപാത ഏഴാംമൈലില്‍ വാഹനാപകടം. ഏഴാം മൈല്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി തലയില്‍ കയറി ദാരുണമായി മരണപ്പെട്ടു.തളിപ്പറമ്പ് പൊയില്‍ സ്വദേശി ഉമ്മര്‍കുട്ടിയാണ് മരണപെട്ടത്.കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ പിറകില്‍ വരികയായിരുന്ന ലോറി തട്ടുകയും റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു.യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസും തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമെത്തിയാണ് മൃതദേഹം മാറ്റിയത്.
കർണാടകയിൽ കുമാരസ്വാമി വിശ്വാസം നേടി; വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു
ബെംഗളൂരു:കർണാടക നിയമസഭയിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് നേടി.117 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.സർക്കാർ വിശ്വാസ വോട്ട് നേടിയതായി സ്പീക്കർ കെ.ആർ രമേശ് കുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു.പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ 104 അംഗങ്ങളും വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങി പോയി.വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭയിൽ കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടി പറഞ്ഞ ശേഷമാണ് യെദ്യൂരപ്പ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.ബിജെപിയുമായി നേരത്തെ സഖ്യം രൂപീകരിച്ചത് കറുത്ത അധ്യായമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.അച്ഛൻ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹം.ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തന്‍റെ തീരുമാനം പിതാവിനെ ഏറെ വേദപ്പിച്ചിരുന്നു. അതിന് പിതാവിനോട് മാപ്പ് പറയുന്നുവെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു. കുമാരസ്വാമിക്കു പിന്നാലെ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയും സഭയിൽ സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പയും പറഞ്ഞു.അതേസമയം കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഡി.കെ ശിവകുമാറിനെതിരെ ആഞ്ഞടിച്ച യെദ്യൂരപ്പ ശിവകുമാർ ഭാവിയിൽ ദുഖിക്കേണ്ടി വരുമെന്നും പറഞ്ഞു.എന്നാൽ തനിക്കെതിരായ യെദ്യൂരപ്പയുടെ പ്രസ്താവനയ്ക്ക് ചിരിക്കുക മാത്രമാണ് ശിവകുമാർ ചെയ്തത്.