കോഴിക്കോട്:നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ മെച്ചപ്പെട്ട പുരോഗതി.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.നിപ വൈറസ് പ്രതിരോധ ഗുളികയായ റിബാവൈറിനാണ് ഇപ്പോൾ ചികിത്സയിലുള്ളവർക്ക് നൽകുന്നത്.ഈ ഗുളികകൊണ്ട് 40 ശതമാനം വരെ ഗുണമുണ്ടാകും. അത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നിപ വൈറസിനെതിരെ ഓസ്‌ട്രേലിയയിൽ നിന്നും മരുന്ന് ഇറക്കുമതി ചെയ്യാൻ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഇതിന്റെ ചികിത്സാമാര്‍ഗരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ചികിത്സ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.എന്നാൽ ഈ മരുന്ന് എത്രത്തോളം ഫലം ചെയ്യുമെന്ന് ഉറപ്പില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു;ഒരാൾക്ക് പരിക്കേറ്റു
ആറളം:ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയുടെ വീട് തകർന്നു.ഫാം 9 ബ്ലോക്കിലെ വലയംചാലിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് അംഗപരിമിതനായ ആദിവാസി യുവാവ് രാജുവിന് പരിക്കേൽക്കുകയും ചെയ്തു.ഞായറാഴ്ച പുലർച്ചെയാണ് സംഭവം.ടാർപോളിൻ കൊണ്ട് മേൽക്കൂരയുള്ള വീട്ടിൽ രാജു ഒറ്റയ്ക്കാണ് താമസം.പുലർച്ചെ മൂന്നു മണിയോട് കൂടി വീടിന്റെ ഷീറ്റ് വലിക്കുന്ന ഒച്ച കേട്ടാണ് രാജു ഉണർന്നത്.മുറ്റത്ത് രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ട് വീടിന്റെ പിറകുവശത്തേക്ക് ഓടുന്നതിനിടെ വീണാണ് രാജുവിന് പരിക്കേറ്റത്.ഉടൻ തന്നെ രാജു വനം വകുപ്പ് അധികൃതരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.അതേസമയം പരിക്കേറ്റ രാജുവുനെ ആശുപത്രിയിൽ എത്തിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല എന്ന് ആദിവാസികൾ പരാതിപ്പെട്ടു.വനം വകുപ്പിന്റെ ജീപ്പ് രാവിലെ പത്തുമണിയോടെ സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധവുമായി ആദിവാസികൾ രംഗത്തെത്തി.ഇവർ വനം വകുപ്പിന്റെ ജീപ്പ് തടഞ്ഞുവെച്ചു.തുടർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് വനം വകുപ്പിന്റെ വാഹനത്തിൽ രാജുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരിൽ കനത്ത പോളിംഗ്;ആദ്യ മൂന്നു മണിക്കൂറിൽ 18 ശതമാനം പോളിങ് രേഖപ്പെടുത്തി
ചെങ്ങന്നൂർ:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ മികച്ച പോളിങ് പുരോഗമിക്കുന്നു.ആദ്യ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 18 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യം ഏഴ് മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നീണ്ട ക്യൂവാണ് പോളിങ് ബൂത്തുകളിലെല്ലാം ഉള്ളത്. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്‍ കൊഴുവല്ലൂര്‍ എസ്.എന്‍.ഡി.പി എച്ച്.എസ്.എസിലെ 77ആം നമ്പർ ബൂത്തിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ സകുടുംബം പുലിയൂര്‍ ഗവ. ഹൈസ്കൂളിലെ 97ആം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ചെങ്ങന്നൂര്‍ മണ്ഡലത്തിലായിരുന്നു വോട്ട്. തൃപ്പെരുന്തുറ യു.പി സ്കൂളില്‍ 130ആം നമ്പർ ബൂത്തില്‍ കുടുംബസമേതമാണ് രമേശ് ചെന്നിത്തല വോട്ട് ചെയ്യാനെത്തിയത്.വോട്ടിംഗ് ആദ്യ ഏതാനും മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആലപ്പുഴ എസ്.പി സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണമാണ് മണ്ഡലത്തിലുടനീളം സജ്ജമാക്കിയിട്ടുള്ളത്. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 164 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും 17 സഹായ ബൂത്തുകളിലുമായാണ് പോളിംഗ് പുരോഗമിക്കുന്നത്. ഓരോ ബൂത്തിലും രണ്ടു വോട്ടിംഗ് യന്ത്രങ്ങള്‍ വീതമുണ്ട്. 31നാണ് വോട്ടെണ്ണല്‍.
കർണാടകത്തിൽ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു:കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കാര്‍ അപകടത്തില്‍ മരിച്ചു. ജാമഖണ്ടി എംഎല്‍എ സിദ്ധു ബി ന്യാമഗൗഡയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഗോവയില്‍ നിന്നുള്ള യാത്രക്കിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഗോവയില്‍ നിന്ന് തന്റെ മണ്ഡലമായ ജാമഖണ്ടിയിലേക്ക് വരികയായിരുന്നു. തുളസിഗെരിക്കടുത്ത് വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായതെന്ന് കരുതുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. 67 കാരനായ ന്യാമഗൗഡ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന വ്യക്തിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് അദ്ദേഹം.
പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ അർദ്ധരാത്രിയിൽ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ നവവരനെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം:പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ അർദ്ധരാത്രിയിൽ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ നവവരനെ മരിച്ച നിലയിൽ കണ്ടെത്തി.കുമാരനല്ലൂർ സ്വദേശി കെവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പുനലൂര്‍ ചാലിയേക്കരയില്‍ നിന്നും ഇന്ന് പുലർച്ചെയാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കെവിന്‍റെ ശരീരത്തില്‍ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രി മാന്നാനത്തായിരുന്നു സംഭവം. അർധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വിട്ടയച്ചു.പത്തനാപുരം സ്വദേശിയായ പെൺകുട്ടിയെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു.പിന്നീട് പെൺകുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു. കെവിൻ മാന്നാനത്ത് ബന്ധു വീട്ടിലുമായിരുന്നു.പെൺകുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളിൽ എത്തിയാണ് വീട്ടിൽ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ബന്ധുകളുടെ പരാതിയിൽ പോലീസ് കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെന്നും പരാതികൾ ഉയരുന്നുണ്ട്.അതേസമയം കേസെടുക്കുന്നതിൽ ഗാന്ധിനഗർ എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചു.സംഭവത്തിൽ പോലീസ് മനപൂർവം അന്വേഷണം വൈകിപ്പിച്ചെന്നും കെവിന്‍റെ ബന്ധുക്കളും ഭാര്യയും ആരോപിച്ചിരുന്നു.ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പത്തനാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് ആരംഭിച്ചു
ചെങ്ങന്നൂർ:കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക.തുടർച്ചയായി 11 മണിക്കൂറാണ് പോളിംഗ് സമയം.17 സഹായക ബൂത്തുകൾ ഉൾപ്പെടെ മൊത്തം 181 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.ഇതിൽ 22 പ്രശ്നബാധിത ബൂത്തുകളുമുണ്ട്.ആകെ 1,99,340 വോട്ടർമാരാണ് ഉള്ളത്.1,06,421 സ്ത്രീ വോട്ടർമാരും 92,919 പുരുഷ വോട്ടർമാരുമുണ്ട്. സ്ഥാനാർഥികളുടെ എണ്ണക്കൂടുതൽ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണ് ഒരു ബൂത്തിൽ ക്രമീകരിച്ചിരിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ നോട്ടയുൾപ്പെടെ ഏഴു സ്ഥാനാർഥികൾ മാത്രം ഉണ്ടായിരുന്ന ചെങ്ങന്നൂരിൽ ഇത്തവണ നോട്ടയുൾപ്പെടെ 18 സ്ഥാനാര്ഥികളാണ് ഉള്ളത്. ഓരോ ബൂത്തിലും ഉള്ള പുരുഷ, സ്ത്രീ, ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം സംബന്ധിച്ചുള്ള റിപ്പോർട്ട് രണ്ടു മണിക്കൂർ ഇടവിട്ടു റിട്ടേണിംഗ് ഓഫീസർക്കു നൽകണം. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ തത്സമയ നടപടിയും റിപ്പോർട്ടും അയയ്ക്കണം. ഭിന്നശേഷിയുള്ളവർക്കായി പ്രത്യേക റാമ്പ് സൗകര്യവും ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്.
തപാൽ ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക്;തപാൽ മേഖല പൂർണ്ണമായും സ്തംഭിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ തപാൽ ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു.തപാല്‍ ഉരുപ്പടികൾ പല ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. 5500 തപാല്‍ ഓഫീസുകള്‍, 35 റെയില്‍വെ മെയില്‍ സര്‍വീസ്, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസുകൾ തുടങ്ങിയവയെല്ലാം കഴിഞ്ഞ 22 മുതല്‍ തുറന്നിട്ടില്ല. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാക് സേവക് പ്രേരക്മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തപാല്‍-ആര്‍എംഎസ് ജീവനക്കരുടെ സംഘടനയായ എന്‍എഫ്പിഇയാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്. ഇതോടെ സര്‍ക്കാര്‍ ജോലിക്കുള്ള ഇന്റര്‍വ്യൂ കാര്‍ഡടക്കം അത്യാവശ്യമായി നല്‍കേണ്ട മുഴുവന്‍ തപാല്‍ ഉരുപ്പടികളും ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്.സ്പീഡ് പോസ്റ്റ്,പോസ്റ്റല്‍ ബാങ്കിങ്, സേവിങ്സ് പദ്ധതികള്‍, തപാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് തുടങ്ങിയ സംവിധാനങ്ങളും കഴിഞ്ഞ 22 മുതല്‍ അനിശ്ചിതത്വത്തിലാണ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന അറിയിപ്പുകള്‍, കിടപ്പിലായ രോഗികള്‍ക്കുള്ള പെന്‍ഷന്‍ തുകയെല്ലാം ഇത്രയും ദിവസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിഡിഎസുമാര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തുടങ്ങിയ സമരത്തിന് തപാല്‍ മേഖലയില്‍ ഡിപ്പാര്‍ട്മെന്റ് ജീവനക്കാരുടെ പിന്തുണയുമുണ്ട്. അതേ സമയം തമിഴ്‌നാട്, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഡിപ്പാര്‍ട്മെന്റ് ജീവനക്കാര്‍ സമരത്തിന്റെ ആവശ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തന്നെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരത്തെ തപാല്‍ വകുപ്പിന്റെ ആസ്ഥാനത്തിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.
നിപ പ്രതിരോധം;കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ചു ഡോക്റ്റർമാർക്ക് ഡൽഹിയിൽ അടിയന്തിര പരിശീലനം നൽകും
കോഴിക്കോട്:നിപ വൈറസിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് കൂടുതൽ പഠനത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ചു ഡോക്റ്റർമാർക്ക് ഡൽഹിയിൽ അടിയന്തിര പരിശീലനം നൽകും.ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിൽ വെച്ചാണ് വിദഗ്ദ്ധ പരിശീലനം നൽകുക.ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ഡോക്‌ടര്‍മാര്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.ഇതിനെ തുടർന്നാണ് നടപടി.ഈ മാസം 28 മുതല്‍ ജൂണ്‍ ഒന്നു വരെ അനസ്‌തീഷ്യ വിഭാഗത്തിലെ രണ്ടു ഡോക്‌ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്‌ടര്‍മാരുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ ഇന്നു ഡല്‍ഹിക്കു യാത്ര തിരിക്കും. നിപ വൈറസ് പോലെയുള്ള രോഗങ്ങളില്‍ തീവ്ര പരിചരണ വിഭാഗം എങ്ങനെ വിദഗ്‌ധമായി കൈകാര്യം ചെയ്യണം,വെന്റിലേറ്ററുകളുടെ വിദഗ്‌ധ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകുക.പരിശീലനം ലഭിച്ചശേഷം ഇവര്‍ കേരളത്തിലെ മറ്റു ഡോക്‌ടര്‍മാര്‍ക്ക് ഇതേക്കുറിച്ചുള്ള പരിശീലനം നല്‍കും.
നിപ്പ പ്രതിരോധ മരുന്നായ റിബ വൈറിൻ ഉപയോഗിക്കാൻ ഡോക്റ്റർമാർക്ക് വിവേചനാധികാരം
കോഴിക്കോട്:നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതിനായി മലേഷ്യയിൽ നിന്നെത്തിച്ച റിബ വൈറിൻ ഉപയോഗിക്കാനുള്ള വിവേചനാധികാരം ഡോക്റ്റർമാർക്ക് നൽകിക്കൊണ്ടുള്ള ചികിത്സ മാർഗരേഖ പുറത്തിറക്കി.മറ്റുപല രോഗങ്ങൾക്കും ഉപയോഗിക്കുന്ന റിബ വൈറിൻ നിപ്പ ബാധിതരിൽ എത്രത്തോള ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.ദോഷകരമായ പാർശ്വഫലങ്ങൾ ഉള്ള മരുന്നാണിതെന്ന് പബ്ലിക് ഹെൽത്ത് അസി.ഡയറക്റ്റർ കെ.ജെ റീന നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിന്റെ ഉപയോഗം കിഡ്നിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.നിപ്പ ബാധിതർക്ക് വലിയ ഡോസിൽ തന്നെ ഈ മരുന്ന് നൽകേണ്ടി വരും.ഒരു കോഴ്സിൽ 250 ടാബ്‌ലറ്റുകൾ വരെ നൽകേണ്ടി വരുമെന്നാണ് കണക്ക്.ഈ സാഹചര്യങ്ങൾ ഒക്കെ മുന്നിൽ കണ്ടുകൊണ്ടാണ് രോഗിയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് മരുന്ന് ഉപയോഗിക്കാനുള്ള വിവേചനാധികാരം ഡോക്റ്റർമാർക്ക് നൽകിയിരിക്കുന്നത്.ഇതിനിടെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നടക്കാനിരിക്കുന്ന മുഴുവൻ പൊതുപരിപാടികളും മെയ് 31 വരെ നിർത്തി വെയ്ക്കാൻ കലക്റ്റർ യു.വി ജോസ് നിർദേശം നൽകിയിട്ടുണ്ട്.മെയ് 31 വരെ ജില്ലയിൽ നടക്കാനിരിക്കുന്ന പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.ജില്ലയിലെ അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ക്ലാസുകൾ എന്നിവയും മെയ് 31 വരെ പ്രവർത്തിക്കരുതെന്നും കലക്റ്റർ നിർദേശിച്ചിട്ടുണ്ട്.കാലിക്കറ്റ് സർവകലാശാലയുടെ എല്ലാ പരീക്ഷകളും നിർത്തിവെയ്ക്കാനും നിർദേശമുണ്ട്.വൈറസ് വ്യാപനം തടയുന്നതിനായി പരമാവധി കൂടിച്ചേരലുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപരിപാടികളും പരീക്ഷകളും മാറ്റിയത്.
നിപ്പ വൈറസ്;കോഴിക്കോട്ട് ഒരാൾ കൂടി മരിച്ചു
കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റ്യാടി നരിപ്പറ്റ സ്വദേശിനി കല്യാണി(62) ആണ് മരിച്ചത്.ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.നേരത്തെ നിപ ബാധിച്ച് മരിച്ച ജാനകിയുടെ ബന്ധുവാണ് കല്യാണി.നിപ സ്ഥിരീകരിച്ച മൂന്ന് പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.അതിനിടെ നിപ വൈറസ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ശനിയാഴ്ചയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അവശ്യഘട്ടങ്ങളില്‍ മാത്രം രോഗികളെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്താല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, ചികിത്സയിലുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധനയില്‍ നെഗറ്റിവ് ആണെന്നു കണ്ടെത്തി. കൂടുതല്‍ പേര്‍ക്കു രോഗലക്ഷണങ്ങളില്ല. മരിച്ച മലപ്പുറം മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ അടക്കമുള്ളവരുടെ സാംപിളുകളാണു മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചത്. എന്നാല്‍ ലക്ഷണം പ്രകടമാകാന്‍ നാലു മുതല്‍ 21 വരെ ദിവസം വേണ്ടിവരുമെന്നതിനാല്‍ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.