ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്കെതിരേയുള്ള ജനകീയസമരം ഒടുവിൽ വിജയിച്ചു. കടുത്ത പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. തുടർനടപടികൾക്കു മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശവും നൽകി.പരിസ്ഥിതി നിയമങ്ങൾ ആവർത്തിച്ചു ലംഘിക്കുന്ന കമ്പനി തൂത്തുക്കുടിയിലും പരിസരത്തും കാൻസർ ഉൾപ്പെടെ രോഗങ്ങൾക്കും കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനാലാണ് അടച്ചുപൂട്ടുന്നതെന്നു മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു.1996 ലാണ് തൂത്തുക്കുടിയിൽ കമ്പനി പ്രവർത്തനമാരംഭിച്ചത്. രണ്ടുവർഷത്തിനുശേഷം പൂർണതോതിലേക്കു വളർന്നു. കമ്പനിയിൽ നിന്ന് ഇന്ധനം ചോരുന്നതിനു പുറമേ സമീപവാസികൾക്ക് ശ്വാസതടസം, ശരീരത്തിലെ ചൊറിച്ചിൽ തുടങ്ങിയ പല പ്രശ്നങ്ങളും ഉടലെടുത്തതോടെ മുൻമുഖ്യമന്ത്രി ജയലളിത പ്ലാന്‍റ് പൂട്ടാൻ നിർദേശം നൽകി. എന്നാൽ 2015 ൽ കമ്പനി വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ഇതോടെ സമരം ശക്തമാവുകയായിരുന്നു.കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു നാളുകളായി തുടരുന്ന സമരത്തിന്‍റെ നൂറാംദിനമായ കഴിഞ്ഞ 22 നു പ്രതിഷേധക്കാർക്കുനേരേ നടന്ന വെടിവയ്പിൽ 13 പേർ മരിച്ചിരുന്നു.
നിപ്പ വൈറസ് ചിക്കനിലൂടെ പകരുമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം
കോഴിക്കോട്:നിപ്പ വൈറസ് ചിക്കനിലൂടെ പകരുമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നു.ചിക്കൻ ഉപയോഗിക്കരുതെന്ന വ്യാജ സന്ദേശമാണ് ഇപ്പോൾ വാട്സ് ആപ്പ്,ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.കോഴിക്കോട് ഡിഎംഒ യുടെ വ്യാജ സീല്‍ നിര്‍മ്മിച്ചാണ് സന്ദശം പ്രചരിപ്പിച്ചത്.എന്നാൽ ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കിയിട്ടില്ല.നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതൽ ഇത്തരത്തിൽ ഏറെ വ്യാജ പ്രചരണങ്ങളും എത്തിയിരുന്നു.വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കെവിന്റെ കൊലപാതകം;കോട്ടയത്ത് ഇന്ന് യുഡിഎഫ്,ബിജെപി ഹർത്താൽ
കോട്ടയം:കെവിന്റെ കൊലപാതകത്തിലെ പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് കോട്ടയത്ത് ഇന്ന് യുഡിഎഫ്,ബിജെപി ഹർത്താൽ.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.പാല്‍,പത്രം,വിവാഹം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച കെവിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം തുടങ്ങി. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.അതേസമയം മോര്‍ച്ചറിയിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സിപിഐഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് വഴിവച്ചു.തിരുവഞ്ചൂരിനൊപ്പം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറിയതാണ് സിപിഐഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അകത്ത് കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് തിരിച്ചിറക്കിയതോടെയാണ് ബഹളത്തിന് അവസാനമായത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കെവിന്‍റെ മൃതദേഹം നട്ടാശേരിയിലെ കെവിന്റെ വീട്ടിലേക്ക് കൊണ്ട് പോകും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിന് നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.
കെവിന്റെ കൊലപാതകം;മുഖ്യ ആസൂത്രകൻ നീനുവിന്റെ സഹോദരൻ;ക്വട്ടേഷനിൽ നീനുവിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് പോലീസ്
കോട്ടയം:പ്രണയ വിവാഹം ചെയ്തതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകൻ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ആണെന്ന് പോലീസ്. കൊലപാതകം നടന്ന ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്.കെവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോ നാഗര്‍കോവിലില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ പത്തനാംപുരം വഴി പേരൂര്‍ക്കടയിലെ ഭാര്യ വീട്ടില്‍ ഷാനു എത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് ഷാനു അവിടെ നിന്നും കടന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടത്താൻ ക്വട്ടേഷൻ നൽകിയതിൽ നീനുവിന്റെ മാതാപിതാക്കളായ ചാക്കോയ്ക്കും രഹ്‌നയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.ഇവരും ഒളിവിൽ പോയിരിക്കുകയാണ്.പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാതാപിതാക്കളെയും പ്രതിചേര്‍ക്കും.പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടിരുന്നെന്നും നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു.തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികളായുളളത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്.മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നതു തടയുകയാണ് ലക്ഷ്യം
നിപ്പ;കോഴിക്കോട്,മലപ്പുറം ജില്ലകളിൽ സ്കൂൾ തുറക്കൽ ജൂൺ അഞ്ചിന്
കോഴിക്കോട്:നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്,മലപ്പുറം ജില്ലകളിൽ സ്കൂൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന നിപ അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ , കോളജുകള്‍ , മറ്റു പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും.
ചെങ്ങന്നൂരിൽ റെക്കോർഡ് പോളിങ്
ചെങ്ങന്നൂർ:ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്.74.36 ആണ് പോളിങ് ശതമാനം.ചില ബൂത്തുകളിൽ ചില്ലറ തർക്കങ്ങൾ നടന്നതൊഴിച്ചാൽ മണ്ഡലത്തിലെ പോളിംഗ് പൊതുവെ ശാന്തമായിരുന്നു.കഴിഞ്ഞ തവണത്തെക്കാള്‍ 2.04 ശതമാനം കൂടുതൽ പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 2009 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്.സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡി. വിജയകുമാർ (യുഡിഎഫ്), സജി ചെറിയാൻ (എൽഡിഎഫ്), പി.എസ്. ശ്രീധരൻ പിള്ള (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.ഈ മാസം 31 നാണ് വോട്ടെണ്ണൽ.
കെവിന്റെ കൊലപാതകം;മൂന്നുപേർ അറസ്റ്റിൽ;ഒരാൾ ഡിവൈഎഫ്ഐ പ്രവർത്തകൻ
കോട്ടയം: കോട്ടയത്ത് നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍.കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുടെ ബന്ധുക്കളായ റിയാസ്, ഇഷാന്‍,ഡിവൈഎഫ്ഐ പ്രവർത്തകൻ നിയാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മാന്നാനത്ത് നിന്ന് ഇന്നലെ ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തെന്‍മലയ്ക്ക് സമീപം ചാലിയക്കര തോട്ടില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.അതേസമയം, കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയത്ത് എത്തിച്ചു. നേരത്തേ കെവിന്റെ മൃതശരീരം ഇന്‍ക്വസ്റ്റ് ചെയ്ത ചാലിയേക്കരയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. കെവിന്റെ ബന്ധുക്കള്‍ ഡി.എം.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക. അതേസമയം കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചു. സ്ഥലത്തെത്തിച്ച് നല്‍കിയാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേട്ടു. പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോള്‍ ഇറക്കിവിട്ടെന്നും അനീഷ് വ്യക്തമാക്കി.കെവിനൊപ്പം അനീഷിനെയും ഇന്നലെ സംഘം തട്ടിക്കൊണ്ടു പോയിരുന്നു.
തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടത് ക്രൂരമർദനത്തിന് ഇരയായ ശേഷമെന്ന് റിപ്പോർട്ട്;കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ ക്രൂരമര്‍ദനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് സൂചന. പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടില്‍നിന്നും ലഭിച്ച മൃതദേഹത്തിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലാണ്. തലയില്‍ ആഴത്തിലുള്ള മുറിവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്‍റെ പാടുകളും ദൃശ്യമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് സാഹചര്യ തെളിവുകള്‍ വച്ച് സ്ഥിരീകരിച്ച് കഴിഞ്ഞു. പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയത്. അര്‍ധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വിട്ടയച്ചിരുന്നു.പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. കെവിന്‍ മാന്നാനത്ത് ബന്ധുവിട്ടിലുമായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളില്‍ എത്തിയാണ് വീട്ടില്‍ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്.
നിപ വൈറസ്;കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി കയറ്റുമതിക്ക് ഗൾഫിൽ വിലക്ക്
യുഎഇ:നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുമുള്ള പഴം പച്ചക്കറി കയറ്റുമതിക്ക് യുഎഇയിലും ബഹ്‌റൈനിലും വിലക്ക്. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതിദിനം 60 ടണ്‍ പഴവും പച്ചക്കറിയുമാണ് ഗള്‍ഫിലേക്ക് കയറ്റിഅയക്കുന്നത്. നെടുമ്ബാശ്ശേരി വഴി 40 ടണ്ണും കോഴിക്കോടുനിന്നും 20 ടണ്ണുമാണ് പ്രതിദിനം കയറ്റുമതി ചെയ്യുന്നത്. നിപ്പ കണ്ടെത്തിയത് കോഴിക്കോട് മാത്രമാണെങ്കിലും മൊത്തത്തിലാണ് വിലക്ക്. വിലക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടമുണ്ടാക്കുമെന്നും പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കയറ്റുമതി വ്യാപാരികള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ആദ്യം ബഹ്‌റൈനിലും പിന്നാലെ യുഎഇയുമാണ് വിലക്കേര്‍പ്പെടുത്തിയത്. പഴവും പച്ചക്കറിയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാറിനെയാണ് അറിയിച്ചത്. കേന്ദ്രത്തിന്റെ അറിയിപ്പ് കയറ്റുമതി വ്യാപാരികള്‍ക്കും ലഭിച്ചു.
ഐപിഎൽ കിരീടം ചെന്നൈ സൂപ്പർകിങ്സിന്
മുംബൈ:ഐപിഎല്‍ കലാശപ്പോരില്‍ സണ്‍റൈസേഴ്‍സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം.ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന്റെ രാജകീയ വിജയവുമായാണ് ചെന്നൈ ഒരിടവേളക്ക് ശേഷം ഐപിഎൽ കിരീടം ചൂടിയത്. ഷെയ്‍ന്‍ വാട്സന്റെ തിളക്കമേറിയ സെഞ്ച്വറിയാണ് ചെന്നൈക്ക് കിരീടം സമ്മാനിച്ചത്.ഹൈദരാബാദ് ഉയർത്തിയ 179 റൺസ് എന്ന വിജയലക്ഷ്യം ഒൻപതു ബോൾ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു.10 റണ്‍സെടുത്ത ഡുപ്ലിസിസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും വാട്സനും റെയ്നയും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. 12 ഓവറില്‍ ഒരു വിക്കറ്റിന് 104 റണ്‍സ് എന്ന നിലയിലായിരുന്ന ചെന്നൈയുടെ കുതിപ്പിന് സന്ദീപ് ശര്‍മ എറിഞ്ഞ പതിമൂന്നാം ഓവർ ബോണസായി. സന്ദീപിന്റെ ഓവറില്‍ വാട്സ്ണ്‍ പറത്തിയ ഹാട്രിക് സിക്സര്‍ അടക്കം മൊത്തം 27 റണ്‍സാണ് പിറന്നത്.57 പന്തില്‍ നിന്ന് 8 സിക്സറിന്റെയും 11 ബൌണ്ടറികളുടെയും അകമ്പടിയോടെ 117 റണ്‍സാണ് വാട്സന്‍ അടിച്ചുകൂട്ടിയത്. 205.26 ആയിരുന്നു വാട്സന്‍റെ സ്ട്രൈക്ക് റേറ്റ്. സീസണിൽ വാട്സണ്‍ നേടുന്ന രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇത്.റെയ്ന 32 റണ്‍സെടുത്തു.ഡുപ്ലസിസിന്‍റെയും (10 റണ്‍സ്), സുരേഷ് റെയ്നയുടെയും (32 റണ്‍സ്) വിക്കറ്റ് മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്.ഒത്തുകളി വിവാദത്തിൽപ്പെട്ട് രണ്ടുവർഷം സസ്പെൻഷനിലായിരുന്ന ചെന്നെയുടെ മടങ്ങിവരവ് മൂന്നാം കിരീടത്തിലേക്കായിരുന്നു.2010,11 വർഷങ്ങളിലും ചെന്നൈ ആയിരുന്നു ഐപിഎൽ ചാമ്പ്യന്മാർ.ഈ സീസണിൽ ഹൈദരാബാദുമായി കളിച്ച നാലുകളികളിൽ നാലും ജയിച്ചാണ് ചെന്നൈ ചാമ്പ്യന്മാരായത്.