ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജേതാക്കൾ

keralanews winners will boycott the national film award distribution ceremony

ന്യൂഡൽഹി:അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണം പ്രതിസന്ധിയിൽ. പതിനൊന്നു പേർക്കൊഴികെ പ്രസിഡന്റ് നേരിട്ട് പുരസ്ക്കാരം സമ്മാനിക്കില്ല എന്ന സർക്കാർ നിലപാടാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.മന്ത്രി സ്മൃതി ഇറാനിയാണ് മറ്റു ജേതാക്കൾക്കു പുരസ്കാരം വിതരണം ചെയ്യുന്നത്. രാഷ്‌ട്രപതി പുരസ്ക്കാരം നൽകിയില്ലെങ്കിൽ തങ്ങൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവാർഡ് ജേതാക്കൾ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.അറുപതോളം കലാകാരന്‍മാര്‍ ഒപ്പിട്ട പരാതിയാണ് മന്ത്രാലയത്തിന് നൽകിയിരിക്കുന്നത്.പുരസ്‌ക്കാര ജേതാക്കളെ അനുനയിപ്പിക്കാൻ സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിൽ രാവിലെ ചർച്ച നടത്തിയിരുന്നു.എന്നാൽ ചർച്ച പരാജയപ്പെട്ടു.ഉച്ചയ്ക്ക് ഒരിക്കൽ കൂടി മന്ത്രി ജേതാക്കളുമായി ചർച്ച നടത്തും. രാഷ്‌ട്രപതി അവാർഡ് നൽകുമെന്നാണ് തങ്ങളെ അറിയിച്ചിരുന്നതെന്നും എന്നാൽ ഇതുകൊണ്ടാണ് അവസാന നിമിഷം ആ തീരുമാനം മാറ്റിയതെന്ന് തങ്ങൾക്ക് കൃത്യമായി അറിയണമെന്നും ജേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തു നിന്നും വിവേചനം ഉണ്ടായാൽ പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് മലയാളി താരങ്ങളും അറിയിച്ചിട്ടുണ്ട്.14 പുരസ്‌കാരങ്ങളാണ് ഇക്കുറി കേരളത്തിന് ലഭിച്ചത്.

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

keralanews murder of foreign lady the arrest of two persons recorded
തിരുവനന്തപുരം:കോവളത്തെ വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊലപാതകം, മാനഭംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത ഇവർ കുറ്റം സമ്മതിച്ചിരുന്നു.ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം ഇന്ന് രാവിലെ പോലീസിനു ലഭിച്ചിരുന്നു. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികൾ പ്രതികളുടേതെന്നും തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് ഉമേഷിന്‍റെയും ഉദയന്‍റെയും അറസ്റ്റ് രേഖപ്പെടുത്തയത്. ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കുന്ന ഉദയനാണ് ലിഗയെ വാഴമുട്ടത്തു കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.ഉമേഷാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു.

മട്ടന്നൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ചു

keralanews put wreath in bjp workers house in mattannur

മട്ടന്നൂർ:അയ്യല്ലൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ചു. കെഎസ്ആർടിസിയിൽ ഡ്രൈവറായ സുധീറിന്റെ വീട്ടുവരാന്തയിലാണ് മുല്ലപ്പൂവും തുണിയും കൊണ്ട് ഉണ്ടാക്കിയ റീത്ത് കാണപ്പെട്ടത്.വാഴയിലയിലാണ് റീത്ത് വെച്ചത്.കഴിഞ്ഞ ദിവസം രാത്രി സുധീർ വീട്ടിലുണ്ടായിരുന്നില്ല.രാവിലെ വീട്ടുകാർ ഉണർന്നു നോക്കിയപ്പോഴാണ് വരാന്തയിൽ റീത്ത് കാണപ്പെട്ടത്.സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും ഇതിനെ ഗൗരവത്തോടെ കാണണമെന്നും ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി പറഞ്ഞു.

ബേക്കൽ കോട്ട കോർപറേറ്റുകൾക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധം ശക്തം

keralanews protest against the transfer of bekal fort to corporates

കാസർകോഡ്:ചരിത്ര സ്മാരകവും ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ ബേക്കൽ കോട്ട കോർപറേറ്റുകൾക്ക് വിൽക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.’സേവ് ബേക്കൽ ഫോർട്ട്,സേവ് ഹെറിറ്റേജ്’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കാസർകോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് അഞ്ചിന് വൈകുന്നേരം നാലുമണിക്ക് ബേക്കൽ കോട്ടയ്ക്ക് മുൻപിൽ പ്രതിഷേധക്കോട്ട തീർക്കും.പ്രശസ്ത ചരിത്രകാരനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാന്സിലറുമായ ഡോ.കെ.കെ.എൻ കുറുപ്പ് പ്രതിഷേധസംഗമം ഉൽഘാടനം ചെയ്യും.ചടങ്ങിൽ പ്രമുഖ ചരിത്രകാരന്മാരും സാംസ്ക്കാരിക നായകരും പങ്കെടുക്കും.ബേക്കൽ കോട്ടയടക്കം പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള 95 ചരിത്ര സ്മാരകങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.കേരളത്തിന്റെ ടൂറിസം പെരുമയുടെ മുഖമുദ്രയായ ബേക്കൽ കോട്ട ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകവുമാണ്.ഈ ബേക്കൽ കോട്ടയെ വാണിജ്യ താല്പര്യത്തിനായി കൈമാറുന്ന നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; മാക്കൂട്ടത്ത് വാഹന പരിശോധന കർശനമാക്കി

keralanews karnataka assembly election strict vehicle inspection in makkoottam

ഇരിട്ടി:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള – കർണാടക അതിർത്തിയായ മാക്കൂട്ടത്ത് വാഹന പരിശോധന കർശനമാക്കി. കള്ളപ്പണത്തിന്‍റെയും, മദ്യം, മയക്കുമരുന്ന് എന്നിവയുടെയും ഒഴുക്കു തടയുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  നിര്‍ദേശപ്രകാരം പാരാമിലിട്ടറിയുടെ സാന്നിധ്യത്തില്‍ പോലീസിന്‍റെയും ഇലക്‌ഷൻ കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധന നടത്തുന്നത്. മാക്കൂട്ടത്തും പെരുമ്പാടി ചെക്ക് പോസ്റ്റിലുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കേരളത്തില്‍ നിന്നും പോകുന്ന എല്ലാ വാഹനങ്ങളും കര്‍ശനപരിശോധനക്കു ശേഷം മാത്രമാണ് കര്‍ണാടകത്തിലേക്ക് കടത്തിവിടുന്നത്.50000 നു മുകളിൽ പണം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്.വ്യക്തമായ രേഖകളില്ലാതെ കൊണ്ടുപോകുന്ന പണം നിരീക്ഷണ സംഘം പിടിച്ചെടുക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് നടക്കുന്ന പന്ത്രണ്ടാം തീയതി വരെ പരിശോധന തുടരും. കുടക് ജില്ലാ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത എട്ടുകോടിയോളം രൂപ ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു.

മൈസൂരു വൃന്ദാവൻഗാർഡനിൽ കാറ്റിലും മഴയിലും മരംപൊട്ടിവീണ് പട്ടുവം സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

keralanews three including a native from pattuvam died when a tree fell on them in mysooru brindavan garden

മൈസൂരു:മൈസൂരു വൃന്ദാവൻ ഗാർഡൻസിൽ കനത്ത മഴയിലും കാറ്റിലും  മരംപൊട്ടിവീണ്‌ പട്ടുവം സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.തളിപ്പറമ്പ് പട്ടുവം കാവുങ്കാലിലെ പരേതനായ നീലാങ്കോൽ കുഞ്ഞമ്പുവിന്റെ മകൻ കെ.വി വിനോദ്(43),പട്ടാമ്പി സ്വദേശി ഹിലർ(35), തമിഴ്‌നാട് സ്വദേശി രാജശേഖരൻ(35) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഏഴുമണിക്കുള്ള ലേസർ ഷോ കാണാനെത്തിയതായിരുന്നു ഇവർ.പെട്ടെന്ന് കാറ്റും മഴയും വന്നതോടെ മരങ്ങൾക്ക് കീഴിലേക്ക് മാറിനിന്നു.പെട്ടെന്ന് മരക്കൊമ്പ് ഇവരുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. പട്ടുവം ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ‘കാറ്റാടിത്തണലിലെ’അംഗമായ വിനോദ് മറ്റ് അംഗങ്ങൾക്കൊപ്പം മൈസൂരുവിലേക്ക് വിനോദയാത്ര പോയതായിരുന്നു.മറ്റു സ്ഥലങ്ങൾ സന്ദർശിച്ച ശേഷം അവസാനത്തെയിടമായിരുന്നു വൃന്ദാവൻ ഗാർഡൻ.വൈകുന്നേരം നടന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാനായി എല്ലാവരും കൂടി ആ ഭാഗത്തേക്ക് നീങ്ങിയതായിരുന്നു.ശക്തമായ കാറ്റും മഴയും വന്നതോടെ സ്ത്രീകളും കുട്ടികളും പരസ്പ്പരം കെട്ടിപ്പിടിച്ചു നിന്നു.ഇതിനിടെ ഐസ് കട്ടകൾ ദേഹത്തുവീണ് പലർക്കും  വേദനിച്ചു.ഇതോടെ എല്ലാവരും രക്ഷാസ്ഥാനം നോക്കി മാറി നിന്നു.ഇതിനിടെ വൈദ്യുതി ബന്ധവും താറുമാറായി.ഇതോടെ യാത്രാംഗങ്ങളെല്ലാം തങ്ങളുടെ വാഹനത്തിനു സമീപം എത്തിയിരുന്നു.എന്നാൽ  ഏറെ കാത്തിരുന്നിട്ടും വിനോദ് മാത്രം എത്തിയില്ല.തുടർന്ന് ഇവർ പോലീസുമായി ബന്ധപ്പെട്ടു. പൊലീസാണ് മരം വീണ് ആളുകൾ അപകടത്തിൽപ്പെട്ട വിവരം ഇവരെ അറിയിച്ചത്.പിന്നീട് പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ആശുപത്രിയിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിച്ചതും വിനോദിന്റെ മരണം സ്ഥിതീകരിച്ചതും.ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം പട്ടുവത്തെ വീട്ടിലെത്തിച്ചു.സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന വിനോദ് അവിവാഹിതനാണ്.

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ;ഭാര്യക്ക് ജോലി

keralanews 10lakh rupees will be given to sreejiths family who was killed in police custody and govt job for his wife

തിരുവനന്തപുരം:വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും  പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ശ്രീജിത്തിന്റെ ഭാര്യക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് ത്രീ തസ്തികയിൽ സർക്കാർ ജോലിയും നൽകും. ധനസഹായമായി സർക്കാർ നൽകുന്ന പത്തുലക്ഷം രൂപ ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദികളായ പോലീസുകാരിൽ നിന്നുമാണ് ഈടാക്കുക. സർക്കാർ ജോലിയും ധനസഹായവും തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്‍റെ ഭാര്യ അഖില പ്രതികരിച്ചു.അതേസമയം പോലീസുകാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ നിയമവശം കൂടി പരിഗണിക്കേണ്ടി വരും.പോലീസുകാർ കുറ്റക്കാരാണെന്ന് തെളിയിക്കണം. കുറ്റകൃത്യത്തിൽ ഓരോ പോലീസുകാർക്കുമുള്ള പങ്ക് വ്യത്യസ്തമായതിനാൽ ഓരോരുത്തരിൽ നിന്നും തുല്യമായി പത്തുലക്ഷം രൂപ പിരിച്ചെടുക്കണോ എന്നും പരിശോധിക്കണം.

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു;97.84 ശതമാനം വിജയം

keralanews sslc results announced 97.84 percentage students passed

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനമാണ് വിജയം. 4,41,103 പേർ പരീക്ഷ എഴുതിയതിൽ 4,31,162 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.34,313 വിദ്യാർഥികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി.വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ്,99.12 ശതമാനം. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് 93.87 ശതമാനം.വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 517 സർക്കാർ സ്കൂളുകൾ നൂറുശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴയാണ്. പിആർഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും.

കീഴാറ്റൂർ ബൈപാസ്;വയൽക്കിളി പ്രവർത്തകരുമായി കേന്ദ്ര സംഘം ചർച്ച നടത്തും

keralanews keezhattor bypass the central team will hold discussion with vayalkkili workers

കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരുമായി കേന്ദ്ര സംഘം നാളെ  ചർച്ച നടത്തും.വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളൂരു മേഖല ഓഫീസിലെ റിസേർച് ഓഫീസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ബൈപാസ് നിർമിക്കുന്നത് സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഇന്ന് കീഴാറ്റൂരിലെത്തും.സ്ഥലം സന്ദർശിക്കുന്ന സംഘം നാളെ കീഴാറ്റൂരിലെ നാട്ടുകാരുമായും വയൽക്കിളി പ്രവർത്തകരുമായും ചർച്ച നടത്തും. റെവന്യൂ,കൃഷി വകുപ്പ്,ദേശീയപാത വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പരാതിയിലാണ് കേന്ദ്ര സംഘം പരിശോധനയ്ക്കായി എത്തുന്നത്. ഉദ്യോഗസ്ഥർക്ക് മുൻപാകെ കുമ്മനവും ഹാജരാകും.

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

keralanews sslc results announced today

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്.രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിക്കും.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാബോർഡ് യോഗത്തിലാണ് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.ഫലപ്രഖ്യാപനത്തിനുശേഷം പിആർഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിആർഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.