കണ്ണൂർ:കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിലെ ബെഞ്ച് തകർന്നു വീണ് പരിക്കേറ്റയാൾ മരിച്ചു.കാപ്പാട് സി.പി സ്റ്റാറിന് സമീപത്തെ മണലിലെ വത്സരാജൻ(55) ആണ് മരിച്ചത്. തയ്യൽ തൊഴിലാളിയായിരുന്നു.ഒരാഴ്ചയായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വത്സരാജൻ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.കഴിഞ്ഞ ഏപ്രിൽ 18 ന് ഭൂസ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിൽ കുടുംബാംഗങ്ങളോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾ ഓഫീസിൽ നൽകിയ ശേഷം ബെഞ്ചിലിരുന്നതായിരുന്നു.ഉടൻ ബെഞ്ചിന്റെ ഒരു ഭാഗം ഇളകി വീണ് വത്സരാജൻ മുറ്റത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ നടത്തിയ പരിശോധനയിൽ വീഴചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി.വത്സരാജന് സംസാരശേഷിയും കഴുത്തിന് താഴെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു.വെന്റിലേറ്റർ വഴിയാണ് ജീവൻ നിലനിർത്തിയിരുന്നത്.ഒരാഴ്ച മുൻപ് വത്സരാജനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.പരേതനായ ദാമോദരന്റേയും നളിനിയുടെയും മകനാണ്.ഭാര്യ:സാവിത്രി, മക്കൾ:സായൂജ്,സാന്ദ്ര.
കേരളത്തിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
തിരുവനന്തപുരം:കേരളം അടക്കം പത്തു സംസ്ഥാനങ്ങളിൽ കൂടി അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.മെയ് അഞ്ചു മുതൽ ഏഴുവരെയാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കണക്കാക്കുന്നത്.ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റ് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.ശക്തമായ മഴയിലും പൊടിക്കാറ്റിലും രാജസ്ഥാനിലും യുപിയിലും നിരവധിപേരാണ് മരിച്ചത്.ഡെൽഹിയിലടക്കം വിവിധയിടങ്ങളിൽ വീശിയടിച്ച കാറ്റിനു മണിക്കൂറിൽ നൂറു കിലോമീറ്ററിലേറെയായിരുന്നു വേഗത.
സ്പോർട്സിലൂടെ ആരോഗ്യം;’സാഹസിക മാസം’ പദ്ധതിയുമായി ജില്ലാ ഭരണകൂടം
കണ്ണൂർ: സ്പോർട്സിലൂടെ പൊതുസമൂഹത്തിന്‍റെ കായികക്ഷമത വർധിപ്പിക്കുക,ജീവിത ശൈലീ രോഗങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെ സാഹസിക മാസം പദ്ധതിയുമായി ജില്ലാ ഭരണകൂടം. പദ്ധതിക്ക് ഈ മാസം ആറിന് തുടക്കമാകും.ആറാം തീയതി മുതലുള്ള നാല് ഞായറാഴ്ചകളിൽ ജനകീയ പങ്കാളിത്തത്തോടെ സൈക്കിൾ റാലി, മാരത്തണ്‍, കയാക്കിംഗ്, നീന്തൽ എന്നീ കായിക വിനോദ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ കളക്‌ടർ മിർ മുഹമ്മദ് അലി പത്രസമ്മേളനത്തിൽ അറിയിച്ചു.വ്യായാമവും മാനസികോല്ലാസവും കോർത്തിണക്കി ജനസമൂഹത്തെ ഒരുമിപ്പിക്കുന്നതാണ് പദ്ധതി.ആറാം തീയതി കണ്ണൂർ മുതൽ മുഴപ്പിലങ്ങാട് വരെ നടക്കുന്ന സൈക്കിൾ യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കമാവുക. സൈക്കിളുമായി വരുന്ന ആർക്കും സൈക്കിൾ സവാരിയിൽ പങ്കെടുക്കാം.മുഴപ്പിലങ്ങാട് ബീച്ചിൽ മൂന്നു കിലോമീറ്റർ സൈക്കിൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് സൈക്കിൾ സവാരി സംഘടിപ്പിക്കുക.പതിമൂന്നാം തീയതി തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന ഹെറിറ്റേജ് മാരത്തണ്‍ ആണ് സാഹസിക മാസം പദ്ധതിയിലെ രണ്ടാമത്തെ പരിപാടി. 1.5 കിലോമീറ്ററായിരിക്കും ഇതിന്‍റെ ദൈർഘ്യം.തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടർട്ടിന്‍റെ പ്രതിമ, സെന്‍റ് പാട്രിക്സ് ചർച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങളിൽ സെൽഫി പോയിന്‍റുകളും ഒരുക്കും. 200 രൂപയാണ് മാരത്തണിന്‍റെ ഫീസ്. മൂന്നാമത്തെ ഞായറാഴ്ചയായ ഇരുപതാം തീയതി നീന്തൽപ്രേമികൾക്കായി വളപട്ടണം പുഴയിൽ പറശിനി ക്രോസ് എന്ന പേരിൽ നീന്തൽ മത്സരം സംഘടിപ്പിക്കും. പറശിനിക്കടവിൽ നിന്നാരംഭിക്കുന്ന നീന്തൽ മത്സരം വളപട്ടണം പുഴയിൽ അവസാനിക്കും.570 മീറ്റർ വീതിയുള്ള പറശിനി ക്രോസ്’ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ സർട്ടിഫിക്കറ്റും നൽകും.നീന്തൽ പരിശീലനത്തിനുള്ള അവസരവും അന്നേ ദിവസം ഉണ്ടാവും.പദ്ധതിയുടെ അവസാന ദിവസമായ ഇരുപത്തിയേഴാം തീയതി ഞായറാഴ്ച പയ്യന്നൂരിനടുത്തുള്ള കവ്വായി പുഴയിൽ കയാക്കിങ് യജ്ഞം സംഘടിപ്പിക്കും.കവ്വായിയിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ പരിപാടി സംഘടിപ്പിക്കുന്നത്.ഈ പരിപാടികൾക്ക് പുറമെ പദ്ധതിയുടെ ഭാഗമായി ‘ഗിഫ്റ്റ് എ സൈക്കിൾ’ എന്ന പരിപാടിയും സംഘടിപ്പിക്കും.പ്രിയപ്പെട്ടവർക്കും അർഹതപ്പെട്ടവർക്കും സൈക്കിൾ ദാനം ചെയ്യാൻ വ്യക്തികൾക്കും സംഘടനകൾക്കും അവസരമൊരുക്കുന്ന ഈ പരിപാടി മേയ് നാലിനു ജില്ലാ കളക്‌ടർ ഉദ്ഘാടനം ചെയ്യും.ഓരോ ഞായറാഴ്ചകളിലും രാവിലെ മുതൽ സജീവമാകുന്ന പരിപാടികളിൽ കേരളത്തിൽ എവിടെനിന്നും എത്തുന്നവർക്കും പങ്കെടുക്കാം.പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് ഡിറ്റിപിസിയിലും www.wearekannur.com എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യാം.പരിപാടിയെ കുറിച്ചുള്ള സംശയങ്ങൾക്ക് 9645454500 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.
എസ്എസ്എൽസി ഫലം;കണ്ണൂർ ജില്ലയ്ക്ക് മൂന്നാം സ്ഥാനം
കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ കണ്ണൂർ ജില്ലയ്ക്ക് മികച്ച നേട്ടം.ജില്ലയില്‍ പരീക്ഷയെഴുതിയ 99.04 ശതമാനം പേരും ഉന്നതപഠനത്തിന് അര്‍ഹരായി. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് കണ്ണൂരിന്. കഴിഞ്ഞ തവണ 97.08 ശതമാനവുമായി അഞ്ചാം സ്ഥാനത്തായിരുന്നു ജില്ല.ഒന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലയിൽ 33,074 കുട്ടികളും രണ്ടാം സ്ഥാനക്കാരായ പത്തനംതിട്ടയിൽ 11,294 കുട്ടികളും പരീക്ഷയ്ക്കിരുന്നപ്പോൾ 34,227 പേരെ പരീക്ഷയ്ക്കിരുത്തിയാണ് കണ്ണൂർ ജില്ല ഈ നേട്ടം കരസ്ഥമാക്കിയത്.102 സ്കൂളുകൾ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് 100 ശതമാനം വിജയം നേടി. ഇതില്‍ 46 എണ്ണവും സർക്കാർ സ്കൂളുകളാണ്. 29 എണ്ണം എയ്ഡഡും 27 അൺ എയ്ഡഡ് സ്കൂളുകളുമാണ്.ജില്ലയിലെ 3320 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടാനുമായി. കഴിഞ്ഞ വർഷം ഇത് 1997 ആയിരുന്നു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി ജില്ലയില പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കർമപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പും അധ്യാപകരും പിടിഎകളും നടത്തിയ കൂട്ടായ പരിശ്രമങ്ങളാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ് പറഞ്ഞു.നൂറു ശതമാനം വിജയം എന്ന ലക്‌ഷ്യം നേടാനായില്ലെങ്കിലും മുകുളം പദ്ധതിവഴി മികച്ച വിജയം നേടാൻ ജില്ലയ്ക്കായി.അടുത്ത വർഷം 100 ശതമാനം വിജയം കൈവരിക്കുന്നതിനായി സ്കൂളുകളിൽനിന്നും അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നുമുള്ള പിന്തുണ തുടർന്നും ഉണ്ടാകണമെന്നും കെ.വി. സുമേഷ് അഭ്യർഥിച്ചു.
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിൽ ബഹളം
തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിൽ ബഹളത്തിൽ കലാശിച്ചു.പ്രവേശനത്തിനായി വ്യാഴാഴ്ച രാവിലെ സ്കൂളിലത്താണ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരുന്നത്.എന്നാൽ സ്കൂളിൽ ഇടം കിട്ടാനുള്ള പ്രയാസമോർത്ത് ചില രക്ഷിതാക്കൾ തലേ ദിവസം രാത്രി തന്നെ സ്കൂളിലെത്തിയിരുന്നു.വ്യാഴാഴ്ച രാവിലെയായപ്പോഴേക്കും ഇരുനൂറോളംപേർ കുട്ടികളുമായി എത്തി.ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലുമായി 120 കുട്ടികൾക്ക് പ്രവേശനം നൽകാനായിരുന്നു അധികൃതരുടെ തീരുമാനം.എന്നാൽ സ്കൂളിലെത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കെഎസ്‌യു,എംഎസ്എഫ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തലും തള്ളലും ഉണ്ടായി.ഒമ്പതരയോടെയാണ് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സ്കൂളിലേക്ക് കടത്തി വിടാൻ തുടങ്ങിയത്.ഇതിനിടെ ടോക്കൺ നൽകിയുള്ള പ്രവേശനത്തിനെതിരെ പ്രതിഷേധമുയർന്നു.പ്രതിഷേധക്കാരും പോലീസും പലവട്ടം സംസാരിച്ചിട്ടും പ്രശ്നം തീരാതായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇടപെട്ട് പ്രവേശനത്തിനെത്തിയ എല്ലാവർക്കും അപേക്ഷ ഫോം നല്കാൻ ആവശ്യപ്പെട്ടു.പ്രവേശനക്കാര്യം അടുത്ത ദിവസം ചർച്ച ചെയ്ത് തീരുമാനിക്കാം എന്ന പ്രഖ്യാപനത്തോടെയാണ് പ്രശ്നങ്ങൾക്ക് തീരുമാനമായത്.
പിഡിപി നേതാവ് അബ്ദുൽ നാസർ മദനി ഇന്ന് കേരളത്തിലെത്തും
ബെംഗളൂരു:പിഡിപി നേതാവ് അബ്ദുൽ നാസർ മദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എൻഐഎ കോടതി അനുവാദം നൽകിയിട്ടും ബംഗളൂരു പോലീസിന്‍റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു.പിന്നീട് സിറ്റി ആംഡ് റിസർവ് പോലീസിന്റെ സഹായത്തോടെ സുരക്ഷ ഏർപ്പാടാക്കിയതിനെ തുടർന്നാണ് ഇന്ന് കേരളത്തിലേക്ക് മടങ്ങാൻ മദനിക്ക് അവസരമൊരുക്കിയത്.നേരത്തെ കർണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മഅദനിയ്ക്ക് അകമ്പടി പോകാൻ പോലീസുകാർ ഇല്ലെന്നാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നത്.മെയ് മൂന്നു മുതൽ 11 വരെ കേരളത്തിൽ താങ്ങാനാണ് മദനിക്ക് കോടതി അനുവാദം നൽകിയിരിക്കുന്നത്. അർബുദ രോഗിയായ മാതാവിനെ കാണാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നൽകിയത്
ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരിയും പൊടിക്കാറ്റും;48 മണിക്കൂർ ജാഗ്രതാ നിർദേശം
ലക്‌നൗ:കനത്ത പൊടിക്കാറ്റിനെയും പേമാരിയെയും തുടർന്ന് ഉത്തരേന്ത്യയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.അടുത്ത 48 മണിക്കൂർ കൂടി സമാനമായ സാഹചര്യം നിലനിൽക്കാൻ സാധ്യത ഉണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. പൊടിക്കാറ്റിലും പേമാരിയിലും ഉത്തർപ്രദേശ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ 115 പേർ മരിച്ചു.ഇരുനൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഉത്തർപ്രദേശ്, രാജസ്ഥാൻ,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടം.പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു.ചൂട് മൂലമുള്ള മരണത്തിനു പുറമെയാണ് അപ്രതീക്ഷിതമായി എത്തിയ മഴയും പൊടിക്കാറ്റും മരണം വിതച്ചത്.ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 15 വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വഴിതിരിച്ചു വിട്ടു.വ്യാഴാഴ്ച രാവിലെയോടെ കാലാവസ്ഥ സാധാരണ നിലയിലായെങ്കിലും ഇനിയും മഴയും പൊടിക്കാറ്റും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കൻ പാക്കിസ്ഥാനിൽ ജമ്മു-കാഷ്മീരിനോടു ചേർന്നു രൂപംകൊണ്ട ന്യൂനമർദപാത്തിയാണ് പഞ്ചാബ്-ഹരിയാനയിലൂടെ വന്ന് ഉത്തരേന്ത്യയിൽ നാശംവിതച്ച ചുഴലിക്കൊടുങ്കാറ്റായത്.
കോഴിക്കോട് മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു
കോഴിക്കോട്:കോഴിക്കോട് റാം മനോഹർ റോഡിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.ബീഹാർ സ്വദേശി കിസ്മത്ത്,ഹരിയാന സ്വദേശി ജബ്ബാർ എന്നിവരാണ് മരിച്ചത്.ഏഴുപേരാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടിയാണ് അപകടം നടന്നത്.എതിർപ്പ് അവഗണിച്ച് മണ്ണെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് തൊഴിലാളികൾ പറഞ്ഞു.മഴയത്ത് നനഞ്ഞ മണ്ണ് ജെസിബി ഉപയോഗിച്ച് മാറ്റരുതെന്ന് തൊഴിലാളികൾ അറിയിച്ചിരുന്നു.
ബീഹാറിൽ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേർ മരിച്ചു
പാറ്റ്ന: ബിഹാറിലെ ഈസ്റ്റ് ചെമ്പാരൻ ജില്ലയിൽ ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ 27 യാത്രക്കാർ മരിച്ചു.വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് മോത്തിഹാരിയിലെ ബെൽവയിൽ ദേശീയ പാത 28 ൽ ആയിരുന്നു അപകടം. മുസാഫർപുരിൽനിന്നും ഡൽഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ്സിന് മുന്നിലേക്ക് കയറിവന്ന ബൈക്കിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റോഡിൽനിന്നും തെന്നിമാറിയ ബസ് കീഴ്‌മേല്‍മറിയുകയായിരുന്നു. ഉടൻതന്നെ തീപിടിച്ചു കത്തുകയും ചെയ്തു. ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം യാത്രക്കാരും മുസാഫർപുരിൽനിന്നുള്ളവരായിരുന്നു.പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലെത്തിച്ചു.ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മറിഞ്ഞ ഉടൻ തന്നെ ബസ്സിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി.
ശക്തമായ പൊടിക്കാറ്റിൽ രാജസ്ഥാനിൽ 27 പേരും യുപിയിൽ 45 പേരും മരിച്ചു
ജയ്‌പൂർ:രാജസ്ഥാനിൽ ഉണ്ടായ ശക്തമായ പൊടിക്കാറ്റിൽ 27 പേർ മരിച്ചു.100 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.അൽവാർ,ധോൽപൂർ,ഭരത്പൂർ എന്നെ ജില്ലകളിലാണ് കാറ്റ് വീശിയടിച്ചത്. ശക്തമായ പൊടിക്കാറ്റിന് തുടർന്ന് ഇവിടെ വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.മരങ്ങൾ കടപുഴകിവീണ് നിരവധി വീടുകൾ തകർന്നു.ഭരത്പൂരിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇവിടെ 11 പേർ മരിക്കുകയും ചെയ്തു.ഉത്തർപ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 45 പേർ മരിച്ചു.അപകടത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും ജില്ലകളിൽ എത്തിക്കാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് കൂടുതൽ പേർ മരിച്ചത്, 36 പേർ. ബിജ്നൂറിൽ മൂന്ന് പേരും സഹാരൻപുരിൽ രണ്ട് പേരും മരിച്ചു. ബറേലി, മോറാദാബാദ് എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.