കണ്ണൂർ:ഒരിടവേളയ്ക്ക് ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ.മാഹി പള്ളൂരിൽ ഒരു മണിക്കൂറിനിടെ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത് രണ്ടുപേർ.സിപിഎം പള്ളൂർ ലോക്കൽകമ്മിറ്റി അംഗവും മുൻ നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്.ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബാബുവിന് വെട്ടേറ്റത്.ഗുരുതരാവസ്ഥയിലായ ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.ഈ വാർത്ത പുറത്തു വന്ന ഒരുമണിക്കൂറിനുള്ളിലാണ് ആർഎസ്എസ് പ്രവർത്തകൻ ഷമോജിന് നേരെ ആക്രമണം ഉണ്ടായത്.രാത്രി പത്തുമണിയോട് കൂടി മാഹി പാലത്തിനു സമീപത്തുവെച്ചാണ് ഷമോജിന് വെട്ടേറ്റത്.മാരകമായി വെട്ടേറ്റ ഷമോജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.കൊലപാതകത്തിൽ ഇരു പാർട്ടിക്കാരും പരസ്പ്പരം പഴിചാരി. ആർഎസ്എസിന്റെ കൂത്തുപറമ്പിലെ ആയുധ പരിശീലന ക്യാമ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബാബുവിന് നേരെ ആക്രമണം ഉണ്ടായതെന്നും സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.ഷാമോജിന്റെ കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്ന് ബിജെപിയും ആരോപിച്ചു.രണ്ടു കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.എന്നാൽ രണ്ടും രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ഷമോജിന്റെ കൊലപാതകമെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കുറെ നാളുകളായി സമാധാനം നിലനിൽക്കുന്ന മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ ജനങ്ങൾ ആശങ്കയിലാണ്.സംഘർഷാവസ്ഥ കണക്കിലെടുത്ത് കണ്ണൂരിലും മാഹിയിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
മാഹിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു;കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ
മാഹി:മാഹി പള്ളൂരിൽ സിപിഐ(എം)പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.പള്ളൂർ സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവാണ് മരിച്ചത്.മാഹി മുൻ കൗൺസിലറുമായിരിന്നു ബാബു.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും നാളെ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി സിപിഎം നേതൃത്വം വ്യക്തമാക്കി.
ഇടുക്കി ജില്ലയിൽ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്
തൊടുപുഴ: ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്.തൊടുപുഴ, ഉടുമ്പൻചോല,ദേവികുളം,പീരുമേട് എന്നീ താലൂക്കുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താലൂക്ക് ഓഫീസുകളിൽ പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂമുകൾക്ക് അടിയന്തര സന്ദേശം കൈമാറി.കേരളമടക്കം 10 സംസ്‌ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെയാണിത്.
ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്;മാണിയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം:കെ എം മാണിയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ചാണ്ടി. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.ചെങ്ങന്നൂരിൽ വിജയകുമാറിന്റെ വിജയം സുനിശ്ചിതമാണ്.അക്കാര്യം നിയോജകമണ്ഡലം സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും.യുഡിഎഫ് സ്ഥാനാർത്ഥിക്ക് വ്യക്തിപരമായി ഒരു എതിരാളിയെ പോലും മണ്ഡലത്തിൽ കാണാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. അതിനിടെ ചെങ്ങന്നൂരിൽ യുഡിഎഫ്, ബിജെപി സ്ഥാനാർഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ രാവിലെ 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി സ്ഥാനാഥി പി.എസ്. ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക.
വരാപ്പുഴ കസ്റ്റഡി മരണം;യഥാർത്ഥ ശ്രീജിത്ത് കീഴടങ്ങി
കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ യഥാർത്ഥ പ്രതി ശ്രീജിത്ത് എന്ന തുളസീദാസ് കീഴടങ്ങി.വാരാപ്പുഴയിൽ വാസുദേവന്റെ വീടാക്രമിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ച ശ്രീജിത്തിന് യാതൊരു പങ്കുമില്ലെന്ന് കീഴടങ്ങിയ പ്രതികൾ പറഞ്ഞു.കേസിൽ തുളസീദാസടക്കം മൂന്നു പ്രതികൾ ഇന്നലെയാണ് കോടതിയിൽ കീഴടങ്ങിയത്.വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വീട്ടിൽ വിബിൻ,മദ്ദളക്കാരൻ തുളസീദാസ് എന്ന ശ്രീജിത്ത്,കുഞ്ഞാത്തുപറമ്പിൽ കെ.ബി അജിത്ത് എന്നിവരാണ് കീഴടങ്ങിയത്.ഇവർ വീടാക്രമണ കേസിലെ ഒന്നും മൂന്നും ആറും പ്രതികളാണ്.കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന പ്രതികളുടെ വെളിപ്പെടുത്തലോടെ ശ്രീജിത്തിന്റെ അറസ്റ്റിനെ ന്യായീകരിക്കാൻ ശ്രമിച്ച പോലീസ് വീണ്ടും വെട്ടിലായിരിക്കുകയാണ്.ഏപ്രിൽ ആറിനാണ് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീട് അക്രമിക്കപെടുന്നതും തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്യുന്നതും.സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്തടക്കം പതിനാലുപേരെ പ്രതികളാക്കി പോലീസ് കേസ് രെജിസ്റ്റർ ചെയ്തു. ഇതിൽ ശ്രീജിത്തടക്കം പത്തുപേരെ പോലീസ് സംഭവ ദിവസം തന്നെ കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതികളായ നാലുപേർ ഒളിവിൽ പോവുകയും ചെയ്തു.കേസിൽ മൂന്നാം പ്രതിയായ തുളസീദാസ് എന്ന ശ്രീജിത്തിന് പകരം ആളുമറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും തുടക്കം മുതൽ തന്നെ ആരോപിച്ചിരുന്നു. തുളസീദാസ് നാട്ടിൽ അറിയപ്പെട്ടിരുന്നത് ശ്രീജിത്ത് എന്ന വിളിപ്പേരിലാണ്.പോലീസിനെ പേടിച്ചാണ് ഇതുവരെ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് കീഴടങ്ങിയ പ്രതികൾ പറഞ്ഞു.ആദ്യം തൊടുപുഴയിലാണ് എത്തിയത്.അവിടെ സുഹൃത്തിന്റെ സഹായത്തോടെ കാട്ടിൽ ഒളിവിൽ കഴിഞ്ഞു.അവിടെ നിന്നും കുടകിലെത്തി.കേസിന്റെ ചൂട് കുറഞ്ഞതായി കണ്ടതോടെയാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ,പത്തനംതിട്ട സ്വദേശികൾ മരിച്ചു
മസ്കറ്റ്:ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളികൾ മരിച്ചു.കണ്ണൂർ സ്വദേശി സജീന്ദ്രൻ,പത്തനംതിട്ട സ്വദേശികളായ സുകുമാരൻ നായർ,രജീഷ് എന്നിവരാണ് മരിച്ചത്. സുകുമാരൻ നായരും രജീഷും ഇബ്രി ആരോഗ്യമന്ത്രാലയം ആശുപത്രിയിലെ ടെക്‌നീഷ്യന്മാരാണ്.ഇബ്രിയിൽ നിന്നും സോഹാറിലേക്ക് പുറപ്പെട്ട വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.സോഹാറിലെ അമ്പലത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ഇവർ സോഹാറിലേക്ക് പോയത്.
നീറ്റ് പരീക്ഷ ഇന്ന്
തിരുവനന്തപുരം:ഈ വർഷത്തെ മെഡിക്കൽ അനുബന്ധ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്) ഇന്ന് നടക്കും. രാജ്യത്താകെ 150 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്.രാവിലെ പത്തു മണിമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് പരീക്ഷ നടക്കുക.സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്. പരിശോധനകൾക്ക് ശേഷം രാവിലെ ഏഴരമണി മുതൽ വിദ്യാർത്ഥികളെ പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചു.9.30 വരെ മാത്രമേ വിദ്യാർത്ഥികളെ പരീക്ഷ ഹാളിനകത്ത് പ്രവേശിപ്പിക്കുകയുള്ളൂ.അതിനു ശേഷം എത്തുന്നവരെ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും മാത്രമേ ഹാളിനകത്തേക്ക് കൊണ്ടുപോകാൻ പാടുള്ളൂ.ഹാജർ പട്ടികയിൽ വിദ്യാർത്ഥികളുടെ വിരലടയാളവും പതിപ്പിക്കണം.പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ ധരിക്കേണ്ട ഡ്രസ്സ് കോഡ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.ഇളം നിറത്തിലുള്ള ഹാഫ് കൈ വസ്തങ്ങളാണ് ധരിക്കേണ്ടത്.വസ്ത്രത്തിൽ വലിയ ബട്ടൺ,ബാഡ്ജ്, ബ്രൂച്ച്,പൂവ് എന്നിവയൊന്നും പാടില്ല.ചെറിയ ഹീലുള്ള ചെരിപ്പുകളാണ് ധരിക്കേണ്ടത്.ഷൂസ് ഉപയോഗിക്കാൻ പാടില്ല.പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുമതിയുണ്ട്.എന്നാൽ ഇത്തരം വിദ്യാർഥികൾ പരിശോധനയ്ക്കായി ഒരു മണിക്കൂർ മുൻപെങ്കിലും പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.മൊബൈൽ ഫോൺ, വെള്ളക്കുപ്പി,ജോമെട്രി ബോക്സ്,പെൻസിൽ ബോക്സ്,ബെൽറ്റ്,തൊപ്പി,വാച്ച്,തുടങ്ങിയവയും പരീക്ഷ ഹാളിൽ അനുവദിക്കില്ല.ജൂൺ അഞ്ചിനകം പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിക്കും
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത;കേരളത്തിലെ ആറു ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിനെ തുടർന്ന് കേരളത്തിലെ ആറു ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കാറ്റിനൊപ്പം ശക്‌തമായ ഇടിമിന്നലോടെ വ്യാപകമഴയ്‌ക്കും സാധ്യതയുണ്ട്.ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെയാണിത്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുണ്ടെന്നും തീരദേശവാസികൾക്കാവശ്യമായ സുരക്ഷയൊരുക്കണമെന്നും ജില്ലാ ഭരണകൂടത്തോടും മറ്റ് അധികൃതരോടും നിർദേശിച്ചിട്ടുണ്ട്.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തയാറായിരിക്കാൻ വിവിധ വകുപ്പുകൾക്കും നിർദേശം നൽകി.
സ്കൂൾ പരിസരങ്ങൾ സിസിടിവി നിരീക്ഷണത്തിലാക്കാൻ ഒരുങ്ങി കണ്ണൂർ ടൌൺ പോലീസ്
കണ്ണൂര്‍: സ്‌കൂള്‍ പരിസരങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാക്കുന്ന പദ്ധതിയുമായി കണ്ണൂര്‍ ടൗണ്‍ പോലീസ്.സ്‌കൂള്‍ പരിസരങ്ങളിലെ സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കുക,ലഹരി വസ്തുക്കളുടെ വില്‍പന, ഉപയോഗം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രധാനമായും പദ്ധതി നടപ്പിലാക്കുന്നത്.ലൈസന്‍സില്ലാതെ ടു വീലര്‍ ഉപയോഗിക്കുക,അനാവശ്യമായി ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്നവിരുതന്മാരെയും ഇനി ക്യാമറ ഒപ്പിയെടുക്കും.സ്‌കൂള്‍ പരിസരങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അതിന്റെ ഒരു മോണിറ്റര്‍ സ്‌കൂള്‍ മേലധികാരിയുടെ മുറിയിലും ഒന്ന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലും ഘടിപ്പിച്ച് നിരീക്ഷികുന്ന സംവിധാനം ആവിഷ്‌കരിക്കുന്നതോടെ സ്‌കൂള്‍ പരിസരങ്ങള്‍ സുരക്ഷാ വലയത്തിലാവും.സ്റ്റേഷനതിര്‍ത്തിയിലെ സ്കൂളുകളിൽ ഭൂരിഭാഗം സ്‌കൂള്‍ അധികൃതരും പദ്ധതിയുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിഎച്ച്എം എളയാവൂര്‍, എസ് എന്‍ കോളേജ്, കോര്‍ജാന്‍ പുഴാതി പള്ളിക്കുന്ന്, എംടിഎം പയ്യാമ്പലം ഗേള്‍സ്, സെന്റ് മൈക്കിള്‍സ്,ക്യഷ്ണമേനോന്‍ വനിതാ കോളേജ്,ചാലാട് യു പി, എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുമ്പോഴേക്ക് ക്യാമറകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 8 ലക്ഷത്തോളം രൂപ ചെലവുവരുന്ന പദ്ധതിക്ക് ഒരു സ്‌കൂള്‍ ശരാശരി അറുപതിനായിരം രൂപയോളം സമാഹരിക്കേണ്ടി വരും.അത്രയും തുക സ്‌കൂള്‍ അധികൃതര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.പ്രസ്തുത സ്‌കൂളുകളില്‍ പഠിച്ച് ഉന്നത നിലയില്‍ എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളോ വിചാരിച്ചാല്‍ മാത്രമെ ഇത്രയും തുക സമാഹരിക്കാന്‍ സാധിക്കുകയുള്ളു.അതുകൊണ്ടുതന്നെ സ്‌കൂള്‍ അധിക്യതരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെയും ഒരു യോഗം അടുത്ത് തന്നെ ടൗണ്‍ സ്റ്റേഷനില്‍ ഇതിനായി വിളിച്ച് ചേര്‍ക്കുന്നുണ്ട്.
മൊറാഴയിൽ കുന്നിടിച്ചു നികത്തി സ്വകാര്യ കമ്പനി റിസോർട് നിർമിക്കുന്നത് ജിയോളജി വകുപ്പ് അന്വേഷിക്കും
കണ്ണൂർ:മൊറാഴ വെള്ളിക്കീലിൽ ഉടുപ്പകുന്ന് ഇടിച്ചു നികത്തി സ്വകാര്യ കമ്പനി റിസോർട് നിർമിക്കുന്നതിനെ കുറിച്ച് ജിയോളജി വകുപ്പ് അന്വേഷിക്കും. റിസോർട് നിർമാണം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് കാണിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബക്കളം യൂണിറ്റ് നൽകിയ പരാതിയിലാണ് അന്വേഷണം.ജില്ലാ കളക്റ്റർക്കാണ് പരാതി നൽകിയിരിക്കുന്നത്.ഉടുപ്പകുന്ന് പൂർണ്ണമായും ഇടിച്ചു നികത്തിക്കൊണ്ടുള്ള നിർമാണത്തിലെ പരിസ്ഥിതികാഘാതം പഠിക്കണമെന്നാണ് സാഹിത്യ പരിഷത്തിന്റെ ആവശ്യം.സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ മകൻ പി.കെ ജെയ്സൺ ചെയർമാനായ സ്വകാര്യ കമ്പനിയാണ് റിസോർട്ട് നിർമിക്കുന്നത്.2016 ഒക്ടോബറിലാണ് റിസോർട്ട് നിർമാണത്തിന് അധികൃതർ അനുമതി നൽകിയത്. ആന്തൂർ നഗരസഭയിലെ പത്തേക്കർ സ്ഥലത്താണ് കുന്നിടിച്ച് ആയുർവേദ റിസോർട്ടും ആശുപത്രിയും സ്ഥാപിക്കുന്നത്.കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് നിർമാണം.കണ്ണൂരിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കാദിരി ഗ്രൂപ്പും കമ്പനിയിൽ പങ്കാളികളാണ്.