പാപ്പിനിശ്ശേരി തുരുത്തി കോളനിയിൽ കുടിൽകെട്ടി സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി

keralanews police arrested the protesters in pappinisseri thuruthi colony

കണ്ണൂർ:ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കതിനെതിരെ പാപ്പിനിശ്ശേരി തുരുത്തി കോളനിയിൽ കുടിൽകെട്ടി സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇന്നലെ രാവിലെ പത്തരയോടെയാണ് വളപട്ടണം എഎസ്പി അരവിന്ദ് സുകുമാരന്‍റെ നേതൃത്വത്തിൽ സമരം നടത്തിയ സ്ത്രീകൾ ഉൾപ്പെടെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തു നീക്കിയത്. സമരപ്പന്തലിലെത്തിയ പോലീസ് ആദ്യം കർമസമിതി കൺവീനർ കെ.നിഷിൽ കുമാർ, കെ.ലീല,എ.സന്തോഷ് കുമാർ,കുഞ്ഞമ്പു കല്യാശ്ശേരി എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.തുടർന്ന് സർവ്വേ നടപടികൾ ആരംഭിച്ചു.തഹസിൽദാർ അടക്കമുള്ള സർവ്വേ ഉദ്യോഗസ്ഥർ വൻ പോലീസ് അകമ്പടിയോടെയാണ് സർവേക്കായി എത്തിയത്.പിന്നീട് സമരപ്പന്തലിലുണ്ടായിരുന്ന കോളനിനിവാസികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്യുന്നതിനിടയിൽ അല്പ സമയം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.പതിനൊന്നരയോടെ സമരക്കാരെ മുഴുവൻ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് സമരപന്തൽ കയ്യടക്കുകയും ചെയ്തു.വൈകുന്നേരം സർവ്വേ നടപടികൾ പൂർത്തിയാകുന്നത് വരെ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചു.വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്ത് കുട്ടികളെയും സ്ത്രീകളെയും സമരസമിതി പ്രവർത്തകരെയും പോലീസ് വിട്ടയച്ചു. ദേശീയപാത വികസനത്തിനായി അലൈൻമെന്റിൽ മാറ്റം വരുത്തിയതോടെ വീടുകൾ നഷ്ടപ്പെടുന്ന തുരുത്തി പട്ടികജാതി കോളനിവാസികൾ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലെത്തിയപ്പോഴാണ് അറസ്റ്റ്.

കണ്ണൂർ നഗരത്തിൽ പട്ടാപ്പകൽ കാട്ടുപന്നിയിറങ്ങി; എടിഎം കൗണ്ടറിനു കേടുവരുത്തി

keralanews wild boar in kannur city damaged atm counter

കണ്ണൂർ:നഗരത്തിൽ പട്ടാപകൽ കാട്ടുപന്നിയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.ഇന്നലെ രാവിലെ 10.30 ഓടെയാണ് പ്രഭാത് ജംഗ്ഷന് സമീപം കാട്ടുപന്നിയെ കണ്ടത്. നഗരത്തിരക്കിൽപ്പെട്ട് വെകിളി പിടിച്ച കാട്ടുപന്നി ഇവിടെയുള്ള സിറ്റി യൂണിയൻ ബാങ്കിന്‍റെ എടിഎം കൗണ്ടറിന്‍റെ ചില്ല് വാതിൽ കുത്തിത്തകർത്തു. ഈസമയം കൗണ്ടറിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി. സമീപത്തുള്ള മറ്റു കടകളുടെ ചില്ലുകളിൽ തലകൊണ്ടിടിച്ചെങ്കിലും കട്ടികൂടിയ ഗ്ലാസുകളായതിനാൽ തകർന്നില്ല. ജനങ്ങൾ ഒച്ചവെച്ചതോടെ പന്നി ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ കുറ്റിക്കാടുകളിൽ നിന്നാകാം പന്നിയെത്തിയതെന്ന് സംശയിക്കുന്നു.

ഇരിട്ടി പാലത്തിന്റെ ഇരുമ്പ് ഗർഡർ ബസ്സിന്‌ മുകളിലേക്ക് തകർന്നു വീണു

keralanews the iron girdar of iritty bridge collapsed on the top of the bus

ഇരിട്ടി:ഇരിട്ടി പാലത്തിന്റെ മുകൾ വശത്തെ ഇരുമ്പ് ഗർഡർ ബസ്സിന്‌ മുകളിലേക്ക് തകർന്നു വീണു.പാലത്തെ താങ്ങി നിർത്തുന്ന ഇരുമ്പ് ദണ്ഡാണ് ബസിനു മുകളിലേക്ക് പൊട്ടി വീണത്. ഇരിട്ടിയിൽ നിന്നും  മണിക്കടവിലേക്ക് പോവുകയായിരുന്ന നിർമാല്യം ബസിനുമുകളിലാണ് ഗർഡർ പൊട്ടിവീണത്.1933 ഇൽ ബ്രിട്ടീഷുകാർ നിർമിച്ച പാലമാണിത്.കരിങ്കൽ തൂണുകളിൽ ഉരുക്ക് ബീമുകൾ കൊണ്ട് നിർമിച്ച പാലത്തിന്റെ ഭാരം മുഴുവൻ ലഘൂകരിച്ച് താങ്ങി നിർത്തുന്നത് ബീമുകളെ പരസ്പ്പരം ബന്ധിപ്പിച്ച്  മുകൾത്തട്ടിൽ നിൽക്കുന്ന ഗാർഡറുകളാണ്. ഇവയുടെ ബലക്ഷയം പാലത്തിനെ മുഴുവനായും ബാധിക്കും.ഇരിട്ടി പഴയപാലത്തിനു സമാന്തരമായി പുതിയ പാലത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചിട്ടുണ്ട്.പുതിയ പാലം വരുന്നതിനാൽ കുറെ വർഷങ്ങളായി പഴയപാലത്തിനു വർഷാവർഷം നടത്തുന്ന അറ്റകുറ്റപ്പണികൾ നടത്താറില്ല.അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും ചരക്കുകയറ്റി വരുന്ന വാഹങ്ങൾ തട്ടി പാലത്തിന്റെ ഇരുമ്പു ദണ്ഡുകൾ പലതും അപകടാവസ്ഥയിലായിരിക്കുകയാണ്. അപകടത്തെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.ഇരിട്ടി അഗ്നിരക്ഷാസേന ഓഫീസർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാപ്രവർത്തകർ ഗ്യാസ് വെൽഡർമാരെ വരുത്തി ഇരുമ്പു ഗർഡർ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു;83.75 ശതമാനം വിജയം

keralanews higher secondary exam result announced 83.75 percentage success

തിരുവനന്തപുരം:ഹയർസെക്കണ്ടറി,വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു.വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.83.75 ശതമാനമാണ് വിജയം.4,42,434 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,09,065 വിദ്യാർഥികൾ വിജയിച്ചു.14,735 പേര്‍ എല്ലാ വിഷയത്തിനു എ പ്ലസ് നേടി.കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം (86.75 ശതമാനം).എറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയില്‍ ,77.16 ശതമാനം. പുനർമൂല്യ നിർണ്ണയം നടത്താനുള്ള അവസാന തീയതി മെയ് 15 ആണ്.ജൂൺ അഞ്ചു മുതൽ പന്ത്രണ്ട് വരെ സെ പരീക്ഷ നടക്കും.സെ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാനതീയതി മെയ് 16. പരീക്ഷാഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിൽ ലഭിക്കും.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും prdlive ആപ്പ് ഡൌൺലോഡ് ചെയ്യാം.www.prd.kerala.gov.in, www.results.kerala.inc.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും പരീക്ഷാഫലം ലഭിക്കും.

ഫ്ളിപ്പ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു

keralanews walmart taken off flipkart

മുംബൈ:ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ  വ്യാപാര കമ്പനിയായ ഫ്ലിപ്പ്കാർട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പന കമ്പനിയായ വാൾമാർട്ട് ഏറ്റെടുത്തു.ഫ്‌ളിപ്കാർട്ടിലെ 77 ശതമാനം ഓഹരികളും വാൾമാർട്ട് വാങ്ങി.1600 കോടി ഡോളറിനാണ്(ഏകദേശം 1.08 ലക്ഷം കോടി രൂപ) ഓഹരി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇത്രയും വലിയ തുകയ്ക്കു ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യമാണ്. ഫ്‌ളിപ്കാർട്ടിനെ ഏറ്റെടുത്ത വിവരം വാൾമാർട്ട് സിഇഒ ഡൗഗ് മാക് മില്യനും ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകനും സിഇഒയുമായ ബിന്നി ബെൻസാലും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.ഫ്‌ളിപ്കാർട്ടിലെ വലിയ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് അടക്കമുള്ള വിവിധ മുൻനിര കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് വാൾമാർട്ടിന് കൈമാറുക.നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. ഫ്ലിപ്പ്കാർട്ടിൽ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ലക്ഷ്യമിട്ടെത്തിയ ആമസോണിനെ പിന്തള്ളിയാണ് വാൾമാർട്ട് ഫ്ളിപ്പ്കാർട്ടിനെ ഏറ്റെടുത്തത്.  ബെംഗളൂരു കേന്ദ്രീകരിച്ച് 2007 ലാണ് ബിന്നി ബെൻസാലും സച്ചിൻ ബെൻസാലും ഫ്ലിപ്പ്കാർട്ട് ആരംഭിച്ചത്.ആമസോണിൽ നിന്നും പിരിഞ്ഞ ശേഷമാണ് ഇവർ ഫ്ലിപ്പ്കാർട്ടിന് തുടക്കമിട്ടത്. വൻതോതിൽ വിദേശമൂലധനമെത്തിയതോടെ ഇന്ത്യയിലെ മുൻനിര ഓൺലൈൻ കമ്പനിയായി ഫ്ലിപ്പ്കാർട്ട് മാറി.ഏറ്റെടുക്കൽ പൂർത്തിയായതോടെ സച്ചിൻ ബൻസാൽ കമ്പനിയിൽ നിന്നും പിന്മാറും.വാൾമാർട്ടിന്‍റെ നിക്ഷേപത്തിലൂടെ ഇരു കമ്പനികൾക്കും നേട്ടങ്ങളുണ്ടാകും. ഫ്ളിപ്കാർട്ടിന് കൂടുതൽ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാൾമാർട്ടിന് ഇന്ത്യൻ വിപണിയിൽ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും സാധിക്കും.

കർണാടക തിരഞ്ഞെടുപ്പ്;ഇന്ന് കൊട്ടിക്കലാശം

keralanews karnataka assembly election public advertising will end today

ബെംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്.തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങൾ ഇന്ന് അവസാനിക്കും.ശനിയാഴ്ചയാണ് കർണാടകത്തിലെ 223 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചാരണത്തിനാണ് കർണാടക ഇത്തവണ സാക്ഷ്യം വഹിച്ചത്.ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ നിലവിലെ ഭരണ കക്ഷിയായ കോൺഗ്രസ്സും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നിൽക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖരാണ് മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണത്തിനു കർണാടകയിൽ നേതൃത്വം നൽകിയത്. കോൺഗ്രസിൽനിന്നു അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 21 റാലികളെയാണ് കർണാടകയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥി തുടങ്ങി നിരവധി പ്രമുഖർ ബിജെപിക്കായി പ്രചാരണത്തിന് കർണാടകയിൽ എത്തിയിരുന്നു.ശക്തമായ പ്രചാരണ പരിപാടികളാണ് കോൺഗ്രസ്സും കർണാടകയിൽ സംഘടിപ്പിച്ചത്.രാഹുല്‍ഗാന്ധി 30 ദിവസമാണ് കർണാടകയിൽ പ്രചാരണത്തിനായി ചെലവിട്ടത്. രണ്ടുവര്‍ഷത്തിനുശേഷം സോണിയാഗാന്ധിയും കര്‍ണാടകയിലെത്തി പ്രചാരണറാലിയില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള പല പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രചാരണങ്ങൾക്കായി കർണാടകയിൽ എത്തി.

ഇരട്ടക്കൊലപാതകം;കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി സമാധാന ചർച്ച

keralanews murder in kannur peace talk will held today in kannur

കണ്ണൂർ:കണ്ണൂരിലും മാഹിയിലുമായി നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി സമാധാന യോഗം നടക്കും.ജില്ലാ കളക്റ്ററാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.വൈകുന്നേരം നാലുമണിക്ക് കണ്ണൂർ കളക്റ്ററേറ്റിലാണ് യോഗം നടക്കുക.ഇരുപാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച രാത്രിയാണ് പള്ളൂരില്‍ രണ്ടു കൊലപാതകങ്ങളും നടന്നത്. സിപിഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്.  കൊലപാതകങ്ങളിൽ മുഖ്യമന്ത്രിയോട് ഗവർണ്ണർ വിശദീകരണവും തേടിയിരുന്നു. അന്വേഷണം നടക്കുന്നതിനോടൊപ്പം കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമാധാന യോഗം നടത്തുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കൊച്ചിയിൽ നടുറോഡിൽ യുവതി കുത്തേറ്റ് മരിച്ചു;ഭർത്താവ് അറസ്റ്റിൽ

keralanews woman stabbed to death in kochi husband arrested

കൊച്ചി:കൊച്ചിയിൽ നടുറോഡിൽ യുവതി ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു.പുന്നപ്ര സ്വദേശിനി സുമയ്യ ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് സജീറിനെ പോലീസ് അറസ്റ്റ് ചെയ്തു.ദാമ്പത്യകലഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.സജീറുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന സുമയ്യ കൊച്ചിയിലെ ഒരു ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം.ഇന്ന് വൈകുന്നേരം ഹോസ്റ്റലിലെത്തിയ സജീർ സുമയ്യയെ ഹോസ്റ്റലിന് പുറത്തേക്ക് വിളിച്ചു വരുത്തി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.നാട്ടുകാർ സുമയ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവശേഷം കത്തി ഉപേക്ഷിച്ച് രക്ഷപ്പെട്ട സജീറിനെ പോലീസ് പിടികൂടി.

കണ്ണൂർ കൊലപാതകങ്ങൾ;ഗവർണ്ണർ സർക്കാരിനോട് റിപ്പോർട്ട് തേടി

keralanews kannur murder case governor seeks report from govt

കണ്ണൂർ:മാഹിയിലും കണ്ണൂരിലുമായി നടന്ന കൊലപാതകങ്ങളിൽ ഗവർണ്ണർ സർക്കാരിനോട് വിശദീകരണം തേടി.കൊലപാതകങ്ങളും അക്രമങ്ങളും തടയാനായി സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന്‌ വിശദീകരണം നല്‍കണം എന്നാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.തുടരെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതിലെ ആശങ്കയും ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേ സമയം കൊലപാതകങ്ങളില്‍ പുതുച്ചേരി പോലീസുമായി ചേര്‍ന്നുള്ള സംയുക്ത അന്വേഷണ സംഘം ഉണ്ടാവില്ലെന്ന് ഡി ജി പി ലോക്നാഥ് ബേഹ്‌റ വ്യക്തമാക്കി. സംഭവത്തില്‍ പുതുച്ചേരി പൊലീസുമായി സഹകരിച്ച്‌ കേരള പൊലീസിലെ പ്രത്യേക സംഘം അന്വേഷണം നടത്തും എന്നും ഡി ജി പി പറഞ്ഞു

മാഹി ഇരട്ട കൊലപാതകത്തിന് പിന്നിൽ വിദഗ്ദ്ധ പരിശീലനം നേടിയവർ

keralanews expert behind the double murder in mahe

മാഹി:സിപിഎം മാഹി ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബു,ആർഎസ്എസ് പ്രവർത്തകൻ ഷമേജ് എന്നിവരെ വീട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇരുവരുടെയും കൊലപാതകത്തിന് പിന്നിൽ വിദഗ്ദ്ധ പരിശീലനം നേടിയവരാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന.എട്ടംഗ ആർഎസ്എസ് പ്രവർത്തകർക്കെതിരേയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ കൃത്യമായതും ആഴത്തിലുള്ളതുമായ രണ്ട് വെട്ടുകൾ ബാബുവിന്‍റെ ശരീരത്തിലുള്ളതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആഴത്തിലുള്ള ഈ രണ്ട് മുറിവുകളാണ് വിദഗ്ധ പരിശീലനം നേടിയവരിലേക്ക് വിരൽചൂണ്ടുന്നത്.പുതുച്ചേരി ഡിജിപി സുനിൽ കുമാർ ഗൗതം, എസ്എസ്പി അപൂർവ ഗുപ്ത എന്നിവർ ഇന്ന് മാഹിയിൽ എത്തുന്നുണ്ട്. മാഹി സിഐ ഷൺമുഖത്തിനാണ് അന്വേഷണ ചുമതല. ആർഎസ്എസ് പ്രവർത്തകൻ ഷമേജ് (41) നെ കൊലപ്പെടുത്തിയത് ആറംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തലശേരി സിഐ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. പ്രതികളെ തിരിച്ചറിഞ്ഞതായും ചിലരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. ഷമേജിന്‍റെ ശരീരത്തിൽ ചെറുതും വലുതുമായ 30 മുറിവുകളുണ്ടായിരുന്നു. ശരീരത്തിൽ വെട്ടുകൾ മാത്രം ഒൻപതെണ്ണമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കുപിന്നിൽ വെട്ടേറ്റ് തലയോട്ടി പിളർന്നിട്ടുണ്ട്. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.