മാഹി:മാഹിയിൽ സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത് വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ്.പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷിനെയാണ് ഞായറാഴ്‌ച പുലർച്ചെ പോലീസ് കസ്റ്റഡിയിലെടുത്തത്.സുഹൃത്തുക്കൾക്കൊപ്പം തൊട്ടടുത്ത വീട്ടിൽ ഉറങ്ങിക്കിടക്കവെയാണ് പുലർച്ചെ ഒന്നരമണിയോടെ അന്വേഷണ സംഘം ജെറിൻ ഉൾപ്പെടെ പതിമൂന്നോളം പേരെ കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായിട്ടായിരുന്നു നടപടി.ജെറിന്റെ കൂടെ ഉറങ്ങിക്കിടന്നവർ പോലും സംഭവം അറിഞ്ഞിരുന്നില്ല.ഞായറാഴ്ച പകൽ 11.15 നായിരുന്നു ജെറിന്റെ വിവാഹം തീരുമാനിച്ചിരുന്നത്.മുഹൂർത്ത സമയത്ത് ബന്ധുക്കളും നാട്ടുകാരും പന്തലിലെത്തിയ ശേഷമാണ് വരനെ കാണാനില്ലെന്നറിയുന്നത്. തുടർന്നാണ് വരൻ പോലീസ് കസ്റ്റഡിയിലാണെന്ന സൂചന ലഭിക്കുന്നത്.മുഹൂർത്തത്തിന് മുൻപായി വരനെ പന്തലിലെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളെയും ശ്രമിച്ചെങ്കിലും കസ്റ്റഡിയിലാണെന്ന സൂചന പോലും പോലീസ് നൽകിയില്ല.ഇവർ പരാതിയുമായി പള്ളൂർ പോലീസ് സ്റ്റേഷനിലെത്തി. കസ്റ്റഡി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സിപിഎം നേതാക്കളും പോലീസ് സ്റ്റേഷനിലെത്തി.ആദ്യം നേതാക്കളോട് സംസാരിക്കാൻ വിസമ്മതിച്ച പോലീസ് പിന്നീട് സംസാരിക്കാൻ സമ്മതിച്ചു.കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാൽ ജെറിനെ വിട്ടയക്കാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു.തുടർന്ന് പോലീസ് സ്റ്റേഷന് മുൻപിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റവുമുണ്ടായി.വിവാഹ ചടങ്ങ് മുടങ്ങിയെങ്കിലും വൈകുന്നേരത്തോടെ വരന്റെ അച്ഛനും ബന്ധുക്കളും വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി വധുവിന്റെ വീട്ടിലെത്തി.വധുവിന്റെ വീട്ടുകാർക്കും ഇക്കാര്യത്തിൽ എതിർപ്പില്ലാതായതോടെ വരന്റെ വീട്ടുകാർക്കൊപ്പം വധുവും യാത്രയായി.
തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിൽ സോളാർ വൈദ്യുതി;പദ്ധതിക്ക് തുടക്കമായി
കണ്ണൂർ:ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിൽ സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയായ സോളാര്‍ ഗ്രിഡ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല പ്രവൃത്തിയുടെ ഉദ്ഘാടനം പാപ്പിനിശേരി ഇഎംഎസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ ഘടക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്കൂളുകളിലും സോളാര്‍ പാനല്‍ ഉപയോഗിച്ച് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിച്ച് ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 29 സ്കൂളുകളിലെ മേൽക്കൂരകളിൽ സ്ഥാപിക്കുന്ന സൗരോർജ പാനലിലൂടെ 670 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്‌ഷ്യം.രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി ഒൻപതി കോടിയോളം രൂപ ചെലവഴിക്കും.സ്കൂളുകളുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് കൈമാറും.
കനത്ത ഇടിയിലും മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം
കണ്ണൂർ:ഇന്നലെ വൈകുന്നേരം ഏഴുമണിയോടുകൂടിയുണ്ടായ കനത്ത ഇടിയിലും മഴയിലും കാറ്റിലും ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങൾക്കായി കണ്ണൂർ കളക്റ്ററേറ്റ് മൈതാനത്ത് സ്ഥാപിച്ച പന്തൽ കാറ്റിൽ നിലംപൊത്തി. വാർഷികാഘോഷത്തിൽ വിവിധ വകുപ്പുകളുടെ പ്രദർശനത്തിനായി ഒരുക്കിയ പന്തലാണ് തകർന്നത്.പണി പൂർത്തിയായ പന്തൽ മുഴുവനായും തകർന്നു.തകർന്നുവീണ പന്തലിനുള്ളിൽ ജോലിക്കാരുൾപ്പെട്ടിട്ടുണ്ടെന്ന സംശയം ആശങ്കയ്ക്കിടയാക്കി.ഫയർഫോഴ്‌സ് തിരച്ചിൽ നടത്തുന്നതിനിടെ പന്തലിനുള്ളിൽ അകപ്പെട്ട മൂന്നു അന്യസംസ്ഥാന തൊഴിലാളികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായി കണ്ടെത്തി. പന്തലിനുള്ളിൽ ഒരു ലോറിയും അകപ്പെട്ടിട്ടുണ്ട്.സ്‌കൗട്ട് ഭവന് മുൻപിൽ മരം കടപുഴകിവീണു.നഗരത്തിലെ പലകടകളുടെയും മേൽക്കൂരയിലെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നു.റയിൽവെ സ്റ്റേഷന്റെ മേൽക്കൂരയും കാറ്റിൽ തകർന്നു.കനത്ത മഴയിലും കാറ്റിലും തളിപ്പറമ്പ് റോഡിൽ മരം കടപുഴകി വീണു.വൈദ്യുത തൂണുകൾ തകർത്ത് ബൈക്കുകൾക്ക് മുകളിലേക്കാണ് മരം വീണത്.കണ്ണൂരിൽ നിന്നും അഗ്‌നിശമന സേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്.
പ്രശസ്ത നടൻ കാലാശാല ബാബു അന്തരിച്ചു
തൃശൂര്‍: നാടക വേദിയിലൂടെ സിനിമയിലേയ്‌ക്കെത്തി ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസായിരുന്നു.ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്ന ബാബു മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.അന്തഭദ്രം, ബാലേട്ടന്‍, ടു കണ്ട്രീസ്, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നാടകവേദിയിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്കെത്തിയത്. സീരിയലിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് അദ്ദേഹം സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമയിലും സീരിയലിലുമായി എന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
സ്കൂൾ തുറക്കൽ ജൂൺ 1 വെള്ളിയാഴ്ച;ജൂൺ 2 ശനിയാഴ്ചയും പ്രവൃത്തി ദിവസം
തിരുവനന്തപുരം:മധ്യവേനലവധിക്ക് ശേഷം ഇക്കുറി പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂണ്‍ ഒന്നിന് തന്നെ. തിങ്കളാഴ്ചയോ ബുഘനാഴ്ചയോ എന്ന പതിവ് തെറ്റിച്ചാണ് ഇക്കുറി ജൂണ്‍ ഒന്നാം തീയതിയായ വെള്ളിയാഴ്ച തന്നെ സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം ആയത്. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെ നടത്തും.പതിവനുസരിച്ച് തിങ്കളാഴ്ചയോ ബുധനാഴ്ചയോ ആണ് സ്‌കൂള്‍ തുറക്കുന്നത്. ആ പതിവനുസരിച്ച് ഇക്കൊല്ലം ജൂണ്‍ നാലിന് തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. അടുത്ത അധ്യയന വർഷം 220 പ്രവൃത്തി ദിവസം ഉണ്ടാകണമെന്നതിലാണ് ഈ തീരുമാനം.പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെങ്കില്‍ 220 പ്രവൃത്തിദിനം വേണം. ജൂണ്‍ നാലിന് സ്‌കൂള്‍ തുറക്കുമെന്നാണ് സംസ്ഥാനത്തെ മിക്ക സി.ബി.എസ്.ഇ. സ്‌കൂളുകളും അറിയിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല.
രാജ്യത്ത് കനത്ത മഴയും ഇടിമിന്നലും;42 മരണം
ന്യൂഡൽഹി:രാജ്യത്ത് കനത്ത മഴയിലും ഇടിമിന്നലിലും 42 പേർ മരിച്ചു.യു.പി,ഡൽഹി, തെലങ്കാന,ആന്ധ്രാപ്രദേശ്,ബംഗാൾ എന്നിവിടങ്ങളുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരണം.മരങ്ങളും വൈദ്യുതി തൂണുകളും മറിഞ്ഞുവീണാണു അപകടങ്ങള്‍ കൂടുതലും. മിക്കയിടത്തും റോഡ്, റെയില്‍,വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു.ശക്തമായ കാറ്റിനെ തുടർന്ന് ഉത്തർപ്രദേശിൽ പതിനെട്ടും ഡൽഹിയിൽ രണ്ടും പേർ മരിച്ചു.മിന്നലേറ്റ് ബംഗാളിൽ 12 പേരും ആന്ധ്രായിൽ ഒൻപതുപേരും തെലങ്കാനയിൽ മൂന്നുപേരും മരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.ഉത്തർപ്രദേശിലെ ഖാസ്ഗഞ്ച്, ആഗ്ര, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റും പേമാരിയും കൂടുതൽ നാശം വിതച്ചത്. തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും ഡൽഹിയിൽ മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.70 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി സർവീസുകൾ അനിശ്ചിതമായി വൈകുകയാണ്.50-70 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റു വീശിയത്. ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളായ ശ്രീകാകുളം, വിശാഖപട്ടണം,എന്നിവിടങ്ങളിലും അന്തപുരമു,ചിറ്റൂർ,കഡപ്പ,റായലസീമ എന്നിവിടങ്ങളിലും കനത്ത മിന്നലും മഴയുമുണ്ടായി.ശ്രീകാകുളത്ത് മിന്നലേറ്റ് ഏഴുപേരും കഡപ്പയിൽ രണ്ടുപേരും മരിച്ചു.ബംഗാളിൽ ശക്തമായ മിന്നലിലും മഴയിലും 12 പേർ മരിച്ചു.അടുത്ത 72 മണിക്കൂറിൽ ശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.ഈ മുന്നറിയിപ്പ് മേഖലയിൽ ഉള്ളവർ അടിയന്തിര സാഹചര്യം നേരിടാൻ ഇപ്പോഴും സജ്ജരായിരിക്കണം എന്നതാണ് ഓറഞ്ച് മുന്നറിയിപ്പ്കൊണ്ട് അർഥമാക്കുന്നത്.
ഭർത്താവ് മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അത് മനസ്സിലാകാതെ മൃതദേഹത്തിന് കാവലിരുന്ന് ഒരു ഭാര്യ
തളിപ്പറമ്പ്:ഭര്‍ത്താവ് മരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അത് മനസ്സിലാക്കാന്‍ കഴിയാതെ ഭാര്യ മൃതദേഹത്തിന് കാവലിരുന്നു.ഒരാഴ്ചയോളം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ മൃതദേഹത്തിനരികിൽ അന്തിയുറങ്ങുകയും ചെയ്തു.തുടർന്ന് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.തളിപ്പറമ്പ് പൂക്കോത്ത്‌തെരുവിലെ പുതിയോന്നന്‍ ബാലനാ(65)ണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന ഭാര്യ തോലന്‍ കമലാക്ഷി മൃതദേഹത്തോടൊപ്പം കഴിയുകയായിരുന്നു. ഇരുവര്‍ക്കും മക്കളില്ല. അയല്‍പക്കവുമായി വലിയ സഹകരണമില്ലാത്തതിനാല്‍ ആരും മരണ വിവരം അറിഞ്ഞതുമില്ല. ബാലന്‍ മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ എല്ലാ ദിവസവും കമലാക്ഷി സമീപത്തെ ക്ഷേത്രത്തില്‍ ഭക്ഷണം കഴിക്കാനും മറ്റുമായി എത്തിയിരുന്നു. സമീപത്തുള്ളവരുമായി ഇവര്‍ക്ക് അടുപ്പമില്ലാത്തതിനാല്‍ ആരും ബാലനെ പുറത്ത് കാണാത്തതില്‍ അന്വേഷിച്ചതുമില്ല.ദിവസവും അലക്കിയ തുണി മാറ്റി കമലാക്ഷി ഭര്‍ത്താവിനെ പുതപ്പിക്കുകയും ചെയ്തിരുന്നു. .കഴിഞ്ഞ ദിവസം അസഹ്യമായ ദുര്‍ഗന്ധം പരന്ന് തുടങ്ങിയതിനെ തുടര്‍ന്ന് ഉറവിടം അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ നിലത്ത് തുണികള്‍ കൊണ്ടു മൂടിവച്ച നിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിഐ കെ.ജെ.വിനോയി, എസ്‌ഐ കെ.ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. വീട് അടച്ചുപൂട്ടി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കമലാക്ഷിയെ ഇവിടെ നിന്ന് മാറ്റുവാന്‍ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചെങ്കിലും ഇവര്‍ പോകാതെ വീടിനു പുറത്ത് ഇരിക്കുകയാണ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മോറാഴ കൂളിച്ചാല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.
മലപ്പുറത്ത് തീയേറ്ററിൽ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്‌ഐക്ക് സസ്‌പെൻഷൻ
മലപ്പുറം:മലപ്പുറത്ത് തീയേറ്ററിനുള്ളിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന് ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ സസ്‌പെന്‍ഡ് ചെയ്‌തു.ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. എടപ്പാളിലെ തീയറ്ററില്‍ ഫസ്റ്റ് ഷോക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന‌് മധ്യവയസ്‌കന്‍ ബാലികയെ പീഡിപ്പിക്കുകയായിരുന്നു.തീയറ്റര്‍ ഉടമ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത‌്.തീയേറ്റർ ഉടമ വിവരം നൽകിയതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി സിസിടിവി ദൃശ്യം പരിശോധിച്ചു.തീയറ്ററിലേക്ക് ഇയാള്‍ വന്ന ബെന്‍സ് കാറിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. കാറിന്റെ നമ്ബറും അറിയിച്ചു. എന്നിട്ടും കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ് എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്.
മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ബാബുവിന്റെ വീട്ടിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി
കണ്ണൂർ:മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിന്റെ വീട്ടിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി.ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മുഖ്യമന്ത്രി എത്തിയത്. അഞ്ച്‌മിനിറ്റോളം ഇവിടെ ചിലവഴിച്ച മുഖ്യമന്ത്രി ബാബുവിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചശേഷമാണ് മടങ്ങിയത്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, മത്സ്യഫെഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, നേതാക്കളായ എം.സുരേന്ദ്രൻ, എം.സി. പവിത്രൻ, തലശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം ബാബുവിന്റെ വീട് സന്ദർശിച്ചിരുന്നു.
മലപ്പുറം എടപ്പാളിൽ തീയേറ്ററിൽ ബാലികയ്ക്ക് പീഡനം;പ്രതി അറസ്റ്റിൽ
മലപ്പുറം:എടപ്പാളിൽ തീയേറ്ററിൽ ബാലികയ്ക്ക് പീഡനം.അമ്മയുടെ മൗനാനുവാദത്തോടെ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിലായി.തൃത്താല സ്വദേശിയായ പ്രമുഖ വ്യാപാരി കൺകുന്നത്ത് മൊയിദീൻകുട്ടി(60) പിടിയിലായത്.തീയേറ്ററിലെ സിസിടിവിയിൽ പതിഞ്ഞ പീഡന ദൃശ്യങ്ങൾ ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തായത്.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കസ്റ്റഡിയിലായത്. ഏപ്രിൽ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തീയേറ്റർ ഉടമകൾ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ചൈൽഡ്‌ലൈൻ മുഖേന പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ല എന്നാരോപണമുണ്ട്.തുടർന്ന് ചാനൽ വാർത്തനല്കിയതിനെ തുടർന്നാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.ബെൻസ് കാറിൽ തീയേറ്ററിൽ എത്തിയ പ്രതി കുട്ടിയുടെ അമ്മയുടെ മൗനാനുവാദത്തോടെ കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.പതിനെട്ടാം തീയതി ഫസ്റ്റ് ഷോയ്ക്കാണ് യുവതിയും അവരുടെ പത്തുവയസ്സുകാരിയായ മകളും മൊയിദീൻകുട്ടിയോടൊപ്പം ബെൻസ് കാറിൽ തീയേറ്ററിൽ എത്തിയത്.സിനിമ തുടങ്ങിയപ്പോൾ മുതൽ ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. കുട്ടിയുടെ സമീപം തന്നെ അമ്മയിരിക്കുന്നുണ്ടെങ്കിലും ഇയാളുടെ ലൈംഗീക ചേഷ്ടകൾ തടയാൻ മാതാവ് ശ്രമിച്ചിട്ടില്ല എന്നുള്ളതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തീയേറ്ററിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടമകൾ വിവരം മലപ്പുറം ചൈൽഡ്‌ലൈനിൽ അറിയിച്ചു.ഏപ്രിൽ 26 ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ തെളിവുകൾ അടക്കം പോലീസിൽ പരാതി നൽകി.എന്നിട്ടും ഇത്ര ദിവസമായിട്ടും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ല.തുടർന്ന് ചൈൽഡ് ലൈൻ ദൃശ്യങ്ങൾ ചാനലിന് കൈമാറുകയായിരുന്നു.ചാനലിൽ വാർത്ത വന്ന് അരമണിക്കൂറിനുള്ളിൽ പോലീസ് കേസെടുത്തു.വാർത്ത വന്നതോടെ തൃത്താലയിൽ നിന്നും മുങ്ങിയ പ്രതിയെ വൈകുന്നേരത്തോടെ ഷൊർണൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്.ദുബായിയിലും ഷൊർണൂരിലും വെള്ളി ആഭരണ ജ്വല്ലറി നടത്തുകയാണ് ഇയാൾ.ഇയാളുടെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുമായി ഇയാൾക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു.പ്രതിയെ ചങ്ങരംകുളം പൊലീസിന് കൈമാറി.