ബെംഗളൂരു:കർണാടക നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.224 ല്‍ 222 നിയമസഭാ മണ്ഡലങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നറിയുക.ഇന്ന് രാവിലെ എട്ടുമുതല്‍ ഫലം അറിവായി തുടങ്ങും. വൈകിട്ടോടെ ഫലം പൂര്‍ണമായും പുറത്തുവിടും. സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഏറ്റവും പുതിയ ഫലസൂചന അനുസരിച്ച് കോൺഗ്രസ് 38 മണ്ഡലങ്ങളിലും ബിജെപി 35 മണ്ഡലങ്ങളിലും ജെ ഡി എസ് 18 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും ശക്തമായ പോരാട്ടം നടക്കുന്നത് കോൺഗ്രസ്സും ബിജെപിയും തമ്മിലാണ്. 1952 നു ശേഷം ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച കർണാടകയിൽ തൂക്കുസഭയാകുമെന്നാണു മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് നിര്യാതനായി
പത്തനംതിട്ട:ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് നിര്യാതനായി.92 വയസായിരുന്നു. താഴമണ്‍ മഠത്തിലെ മുതിര്‍ന്ന് അംഗമാണ്. ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു കണ്ഠരര് മഹേശ്വരര്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പലതവണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.വാർധക്യസഹജമായ അവശതകളെത്തുടര്‍ന്ന് ശബരിമലയിലെ താന്ത്രിക ജോലികള്‍ അവസാനിപ്പിച്ചിരുന്നു. എങ്കിലും ഉത്സവ സമയങ്ങളിലും മകരവിളക്ക്, മണ്ഡലപൂജ സമയങ്ങളിലും ശബരിമലയില്‍ എത്തുമായിരുന്നു.ഇദ്ദേഹത്തിന്റെ മകന്‍ കണ്ഠരര് മഹേഷാണ് നിലവില്‍ ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്യുന്നത്.
സുനന്ദ പുഷ്‌ക്കറിന്റെ മരണം;ശശി തരൂരിനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശി തരൂർ എംപിയെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നിവ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.സുനന്ദയുടേത് ആത്മഹത്യയാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തല്‍. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17നാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് സുനന്ദ മരിച്ചതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്കറിെന്‍റ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്. സുനന്ദയുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന ആരോപണം ബിജെപി ഉയർത്തിയിരുന്നു. സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ കേസിൽ ഇടപെടുകയും ചെയ്തിരുന്നു.
കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
കോഴിക്കോട്:കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.താനൂര്‍ മെയ്‌നകത്തൂര്‍ സ്വദേശികളായ നഫീസ, സൈനുദ്ദീന്‍, യുഫൈസി, സഫീറ എന്നിവരാണ് മരിച്ചത്. ബൈപ്പാസിനടുത്ത് രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം നടന്നത്.മലപ്പുറത്ത് നിന്നും കോഴിക്കോടേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.നഫീസ സംഭവ സ്ഥലത്ത് വച്ചും മറ്റുള്ള മൂന്ന് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ
ന്യൂഡൽഹി:കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ എണ്ണവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ.19 ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമോ എന്ന ബിജെപിയുടെ ആശങ്കയാണ് പ്രചാരണം ചൂടുപിടിച്ച വേളയില്‍ വില വര്‍ധിപ്പിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അത് ശരിവയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത പ്രവൃത്തിദിവസം വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി.ആഗോള വിപണിയിലെ വിലനിലവാരം പരിശോധിച്ച് ആഭ്യന്തര വിപണിയിലും വില നിശ്ചയിക്കുക എന്നാണ് കുറച്ചുകാലമായി തുടരുന്ന രീതി. വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയരുക തന്നെയാണ്. എന്നിട്ടും ആഭ്യന്തര വിപണിയില്‍ 19 ദിവസമായി വില കൂട്ടിയിരുന്നില്ല.ഇതോടെയാണ് കര്‍ണാടക തിരഞ്ഞെടുപ്പാണ് വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് തടസമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. കര്‍ണാടക നിയമസഭയിലേക്ക് വോട്ടെടുപ്പ് ശനിയാഴ്ചയായിരുന്നു. തൊട്ടടുത്ത ദിവസം ഞായര്‍ അവധി.തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍.
എറണാകുളം ആമ്പല്ലൂരിൽ എഴുപതുകാരൻ വില്ലേജ് ഓഫീസിനു തീയിട്ടു
എറണാകുളം:എറണാകുളം ആമ്പല്ലൂരിൽ എഴുപതുകാരൻ വില്ലജ് ഓഫീസിനു തീയിട്ടു.റീസർവ്വേ ആവശ്യങ്ങൾക്കായി മാസങ്ങളോളം വില്ലേജ് ഓഫീസിൽ കയറിയിറങ്ങിട്ടും നപടികൾ ഒന്നും എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇയാൾ വില്ലജ് ഓഫീസിൽ തീയിട്ടത്.വില്ലേജ് ഓഫീസറുടെ മുറിയിൽ കയറിയ ഇയാൾ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. ഉടൻതന്നെ ജീവനക്കാർ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഫയലുകൾ കത്തി നശിച്ചു.
പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം;സ്വതന്ത്ര സ്ഥാനാർത്ഥിയെ വെടിവെച്ചു കൊന്നു;ആറു മരണം
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം. കത്തിക്കുത്ത്, വെടിെവപ്പ്, േബാംബ് സ്ഫോടനം, വോെട്ടടുപ്പ് തടയല്‍, ബാലറ്റ് പേപ്പര്‍ നശിപ്പിക്കല്‍ തുടങ്ങി എല്ലാ വിധ സംഘര്‍ഷങ്ങളും തുടരുകയാണ്.ബംഗാറിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയെ വെടിവെച്ചുകൊന്നതായി റിപ്പോർട്ടുകളുണ്ട്.നോര്‍ത്ത് 24 പര്‍ഗാനയിലെ സന്ദന്‍പൂരില്‍ ബോംബ് സ്ഫോടനത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും 20 ഓളം േപര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുര്‍ഷിദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി – തൃണമൂല്‍ കോണ്‍ഗ്രസ് തര്‍ക്കമുണ്ടായി. ബാലറ്റ് പേപ്പറുകള്‍ കുളത്തിലെറിഞ്ഞു. തുടര്‍ന്ന് അവിടെയും വോട്ടിങ്ങ് നിര്‍ത്തിെവച്ചിരിക്കുകയാണ്. ഇവിടെ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. വോെട്ടടുപ്പ് തുടങ്ങും മുൻപ് നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു. ദിബു ദാസ് ഭാര്യ ഉഷദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. അസനോള്‍, സൗത്ത് 24 പര്‍ഗാന, കൂച്ച് ബെഹാര്‍, നോര്‍ത്ത് 24 പര്‍ഗാന എന്നിവടങ്ങളിലെല്ലാം വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. നിരവധിേപര്‍ക്ക് സംഭവങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ തമ്മിലാണ് ബംഗാളില്‍ പ്രധാനമത്സരം നടക്കുന്നത്.
മട്ടന്നൂർ ഷുഹൈബ് വധക്കേസ്;പോലീസ് കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.റിമാന്‍ഡില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കി386 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ എ.വി.ജോണ്‍ മട്ടന്നൂര്‍ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.8000 ത്തോളം പേജുള്ള അനുബന്ധ രേഖകളും കോടതിയില്‍ കുറ്റപത്രത്തിനൊപ്പം നല്‍കി.കഴിഞ്ഞ ഫെബ്രവരി 12 ന് രാത്രി 10.45 ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍ വച്ചാണ് ശുഹൈബ് വെട്ടേറ്റു മരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് 11 സിപിഎം പ്രവര്‍ത്തകരെ മട്ടന്നൂര്‍ സിഐ എ.വി. ജോണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിയമമുള്ളതുകൊണ്ടാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്.കൊലപാതകത്തിനുള്ള കാരണവും പ്രതികള്‍ക്കുള്ള പങ്കുകളും കുറ്റപത്രത്തിൽ വിവരിച്ചിട്ടുണ്ട്.
മട്ടന്നൂർ ചാവശ്ശേരിയിൽ മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി
മട്ടന്നൂർ:മട്ടന്നൂർ ചാവശ്ശേരിയിൽ മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി.ചാവശേരിയിലെ കരിയാചന്‍ പാര്‍വതിയമ്മ(86) അണ് കൊല്ലപ്പെട്ടത്.മാതൃദിനമായ ഞായറാഴ്ച്ചയാണ് പാര്‍വതിയമ്മയെ മകന്‍ ക്രൂരമായി മർദിച്ച് കൊല്ലപ്പെടുത്തിയത്.സംഭവത്തില്‍ മകന്‍ സതീശനെ(41) പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപിച്ചെത്തുന്ന സതീശന്‍ അമ്മയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.ഞായറാഴ്ചയും മദ്യപിച്ചെത്തിയ സതീശൻ അമ്മയെ മർദിക്കുകയായിരുന്നു.വീട്ടില്‍ നിന്ന് പാര്‍വതിയമ്മയുടെ നിലവിളി കേട്ടിരുന്നെങ്കിലും നിത്യ സംഭവമായതിനാല്‍ അയല്‍വാസികള്‍ ശ്രദ്ധിച്ചില്ല. എന്നാല്‍ പിന്നീട് സതീശന്‍ അടുത്തുള്ള ബന്ധുവീട്ടില്‍ ചെന്ന് താന്‍ അമ്മയെ കൊന്നെന്ന് പറയുകയായിരുന്നു. സതീശന്‍ പറഞ്ഞത് കേട്ട ബന്ധുക്കളും നാട്ടുക്കാരും വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചു കിടക്കുന്ന പാര്‍വതിയമ്മയെ കാണുന്നത്. തുടര്‍ന്ന് നാട്ടുക്കാര്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി സതീശനെ കസ്റ്റഡിയിലെടുത്തു. പാർവ്വതിയമ്മയുടെ ഏക മകനാണ് സതീശൻ.സതീശന്റെ ഭാര്യ നിഷ ഒരു വര്‍ഷം മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. സതീശന്റെ രണ്ടു മക്കളായ ആര്യയും സൂര്യയും നിഷയുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്.
മാഹിയിലെ സിപിഎം പ്രവർത്തകൻ ബാബുവിന്റെ കൊലപാതകം;മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂര്‍: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബു കൊല്ലപ്പെട്ട കേസില്‍ മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ.ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണിവര്‍. ഇതിൽ ജെറിൻ സുരേഷിനെ വിവാഹ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് സുരേഷിന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസുമായി ബന്ധമുണ്ടെന്നു കരുതുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് തയാറാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഐഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്.